കേരളം

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണത്തിന് തയ്യാര്‍, പാഠപുസ്തകവിതരണം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2020-21 വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയനവര്‍ഷം അവസാനം എല്ലാ ഉപജില്ലകളിലും വിതരണകേന്ദ്രത്തില്‍ എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഈ അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 29ന് തിരുവനന്തപുരം മണക്കാട് ഗവ: സ്‌കൂളില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണകേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനായി സജ്ജമായത്. ഈവര്‍ഷം ബജറ്റില്‍ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം സ്‌കൂള്‍ തുറക്കാനായാല്‍ കൈത്തറി യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സായി 600 രൂപ നല്‍കും.

കൈത്തറി യൂണിഫോം നല്‍കുന്നത് ഒന്നുമുതല്‍ നാല്, ഒന്നുമുതല്‍ അഞ്ച്, ഒന്നുമുതല്‍ ഏഴ്്, അഞ്ചു മുതല്‍ ഏഴ് ക്ലാസുകള്‍ ഉള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഒന്നുമുതല്‍ നാല് വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണെന്ന് മന്ത്രി പറഞ്ഞു.
ഈ അധ്യയനവര്‍ഷം 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണം ആദ്യവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. 13064 സൊസൈറ്റികള്‍ വഴിയാണ് പുസ്തകവിതരണം. കേരള സിലബസ് ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് (അംഗീകൃത) സ്‌കൂളുകള്‍ക്കാണ് വിതരണം. അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല കെ.ബി.പി.എസിനാണ്.

കോവിഡ് മഹാമാരി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും പാഠപുസ്തക വിതരണത്തിന് പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ മെയ് 24 മുതല്‍ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 70 ശതമാനത്തോളം ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം സ്‌കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നിനകം അടിയന്തിരമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് ഉറപ്പുനല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെനിന്ന് ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്.
സ്‌കൂളുകളില്‍ എത്തിയ പുസ്തകങ്ങളുടെ വിതരണം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 29ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ: ടി.ടി.ഐയില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി