കേരളം

ന്യൂനമർദ്ദം അറബിക്കടലില്‍; ഇന്നും കനത്തമഴ; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ തീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം കന്യാകുമാരി ഭാഗത്തു നിന്ന് ഇന്നലെ രാവിലെയാണ് അറബിക്കടലില്‍ പ്രവേശിച്ചത്.

ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടു

ന്യുനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിച്ച് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ്ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

കടലില്‍ പോകരുത്

കേരള തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് അതിനാല്‍, കേരള തീരത്ത് നവംബര്‍ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബര്‍ 05 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 07 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ കര്‍ണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളല്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം