കേരളം

മുല്ലപ്പെരിയാര്‍ മരംമുറി: കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി; മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റ്; പ്രസ്താവന തിരുത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കും മുന്‍പ് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയെന്ന് കണ്ടെത്തല്‍. തമിഴ്‌നാട് പി ഡബ്ലിയുഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥ തല പരിശോധന നടത്തിയില്ലെന്ന് ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ സംയുക്ത പരിശോധന നടന്നതായി വ്യക്തമായതോടെ, നിയമസഭയില്‍ പ്രസ്താവന തിരുത്തുന്നതിന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ സ്പീക്കര്‍ക്ക് നോട്ട് നല്‍കി. സാങ്കേതികമായ പിശക് മാത്രമാണ് സംഭവിച്ചതെന്നും മരംമുറിയുമായി ബന്ധപ്പെട്ടുള്ള പരിശോധനയല്ല നടന്നത്, പകരം പ്രളയവും അടിക്കടിയുള്ള വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്താനാണ് പരിശോധന നടത്തിയതെന്ന് പറഞ്ഞ് തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമം. 

എന്നാല്‍ സംയുക്ത പരിശോധന നടന്നുവെന്ന സര്‍ക്കാരിന്റെ തിരുത്ത് ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തുമെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. സംയുക്ത  പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു. 

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് നല്‍കിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. 

എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത് ?

അതേസമയം,  ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ലെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ സുപ്രധാനമായ തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. മുറിക്കേണ്ട മരങ്ങള്‍ പ്രത്യേകമായി നമ്പറിട്ട, വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍, എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ദുരൈമുരുകൻ ചോദിച്ചു. 

നവംബര്‍ 30 ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന്  മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ദുരൈമുരുകന്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് പ്രതികരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു