കേരളം

കണ്‍മുന്നില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹം ഒന്നുമാറ്റാമോ?; ആ അമ്മയുടെ നിലവിളി കേള്‍ക്കാതെ 21 മണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അമ്മയുടെ കണ്‍മുന്നില്‍ നിന്നു ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം മാറ്റിയത് 21 മണിക്കൂറുകള്‍ കഴിഞ്ഞ്.  തന്റെ മുന്നില്‍നിന്നു കുഞ്ഞിന്റെ മൃതദേഹം മാറ്റാമോ എന്ന അതിഥിത്തൊഴിലാളിയായ അമ്മയുടെ നിലവിളി ആരും കേട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ് സംഭവം.

പ്രസവ വേദനയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരിയായ അഫ്‌സാനയെ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെനിന്നു മെഡിക്കല്‍ കോളജിലേക്ക് അയച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ ആംബുലന്‍സില്‍  പ്രസവിച്ചു. 

വൈകിട്ട് മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ കുഞ്ഞിനു ജീവനില്ലായിരുന്നു. പരിശോധനയില്‍ അഫ്‌സാന കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. അഫ്‌സാനയെ കോവിഡ് പ്രസവ വാര്‍ഡിലേക്കു മാറ്റിയെങ്കിലും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞു വാര്‍ഡിനു പുറത്തു സ്ട്രച്ചറില്‍ കിടത്തി. ബുധനാഴ്ച വൈകിട്ട് 2.30ന് ആണ് കുഞ്ഞിന്റെ മൃതദേഹം മാറ്റിയതെന്ന് അഫ്‌സാന പറഞ്ഞു.

തനിക്കു കാണാവുന്ന അകലത്തിലാണ് കുഞ്ഞിനെ കിടത്തിയത്. മുഖം മറച്ചിരുന്നില്ല. നഴ്‌സിനോട് കുഞ്ഞിനെ മാറ്റാമോ എന്നു പലവട്ടം ചോദിച്ചു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, അവര്‍ ഉടന്‍ വന്ന് മാറ്റുമെന്നു പറഞ്ഞു. ആ രാത്രിയും പകലും കുഞ്ഞിന്റെ മുഖം കണ്ട് കരഞ്ഞു. കുഞ്ഞിന്റെ മൃതദേഹം എന്തു ചെയ്തുവെന്നും പറഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിന് പരാതി നല്‍കും. വിവരം പുറത്തു പറഞ്ഞതിന് ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അഫ്‌സാന പറഞ്ഞു. നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയതായി അധികൃതര്‍ പറഞ്ഞു. അസം സ്വദേശിയായ അംജദ് ഹുസൈനാണ് അഫ്‌സാനയുടെ ഭര്‍ത്താവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു