കേരളം

'സ്ഥിതി ഗുരുതരമാണ്': സീറ്റുകള്‍ സംസ്ഥാന അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടത്; പ്രതിപക്ഷവാദം ഏറ്റെടുത്ത് കെ കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് മുന്‍മന്ത്രിയും ചീഫ് വിപ്പുമായ കെകെ ശൈലജ. പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാന അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടെന്ന് ശൈലജ ആവശ്യപ്പെട്ടു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് മുന്‍മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റുകള്‍ കുറവുണ്ട്. സ്ഥിതി ഗുരുതരമാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ, ജില്ലാ - സബ് ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണം. ഇങ്ങനെ അപര്യാപ്തത പരിഹരിക്കണം. 

സ്വാശ്രയ സ്ഥാപനങ്ങള്‍ അമിത ഫീസ് ഈടാക്കുന്ന സ്ഥിതിയുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലെ അമിത ഫീസ് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയോട് കെ കെ ശൈലജ എംഎല്‍എ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി നിയമസഭയെ അറിയിച്ചു. രണ്ടാം അലോട്ട്‌മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും, അധിക ബാച്ച് അനുവദിക്കാനാവില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വം നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ക്യാമ്പസ് കേന്ദ്രീകരിച്ച് യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം പുറത്തിറക്കിയ രേഖയില്‍ പരാമര്‍ശിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സിപിഎം റിപ്പോര്‍ട്ടിനെ തള്ളിയത്. 

സംസ്ഥാനത്ത് വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്, മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവില്‍ സംസ്ഥാനത്ത് സമാധാനാന്തരീക്ഷമാണുള്ളത്. ഇത്തരം നീക്കങ്ങള്‍ തടയാന്‍ വേണ്ടി ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നുണ്ട്. 

ഇതു തടയാനായി രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു