കേരളം

കുതിരാൻ തുരങ്കത്തിലെ ചോർച്ച അപകടകരം; കല്ല് അടർന്ന് താഴേക്കു വീഴാൻ സാധ്യത; നിർമാണ കമ്പനി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച അപകടകരമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത്‌ തുരങ്കത്തിലാണ് ചോർച്ചയുണ്ടായത്. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

തുരങ്കത്തിനുള്ളിൽ നേരിയകനത്തിൽ സിമന്റ് മിശ്രിതം സ്‌പ്രേചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺക്രീറ്റിങ്ങാണ് തുരങ്കത്തിനുള്ളിൽ ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പിആർഒ വി. ശിവാനന്ദൻ പറഞ്ഞു. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യ കരാർകമ്പനിയായ കെ.എം.സി. പല ഭാഗങ്ങളിലും ഗ്യാൻട്രി കോൺക്രീറ്റിങ് ഒഴിവാക്കുകയായിരുന്നു.

പേടിക്കാനില്ലെന്ന് കെഎംസി

എന്നാൽ ചോർച്ചയിൽ ആശങ്കവേണ്ടെന്നാണ് കെഎംസി അധികൃതർ പറയുന്നത്. വലതുതുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം ഇടതുതുരങ്കത്തിൽ പൂർണമായി ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തും. ചോർച്ചയുള്ള ഭാഗങ്ങൾ പരിശോധിച്ചശേഷം അപകടസാധ്യതയുണ്ടെങ്കിൽ ഇവിടങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് കെഎംസി വ്യക്തമാക്കി. 

തുരങ്കം ഗതഗാതത്തിന് തുറന്നു കൊടുക്കുന്നതിനു മുൻപുതന്നെ പലസ്ഥലങ്ങളിലും ചോർച്ചയുണ്ടായിരുന്നു. എന്നാൽ ഇവിടങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ ദ്വാരങ്ങളിട്ട സ്ഥലങ്ങൾക്കുപുറമേ പലഭാഗങ്ങളിൽനിന്നും വെള്ളം കിനിഞ്ഞിറങ്ങുകയാണ്. ചോർന്നിറങ്ങുന്ന വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലേക്കും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നുണ്ട്. ഇത് വൈദ്യുത തകരാറുകൾക്കും വഴിവെച്ചേക്കും.

മണ്ണിടിച്ചിലിന് സാധ്യത

തുരങ്കത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും പ്രഗതികമ്പനി അധികൃതർ പറയുന്നു. കിഴക്കുഭാഗത്ത് തുരങ്കത്തിനുമുകളിൽ മണ്ണിടിച്ചിൽ തടയാനായി ചെയ്തിട്ടുള്ള കോൺക്രീറ്റിങ് സുരക്ഷിതമല്ലെന്ന് പ്രഗതി ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായുള്ള മഴയിൽ മണ്ണ് തള്ളിയാൽ ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പതിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു