കേരളം

സീറ്റ് കേരള കോൺ​ഗ്രസിന് തന്നെ; ജോസ് കെ മാണി വീണ്ടും മൽസരിക്കും? ; മുതിർന്ന നേതാക്കളും പരി​ഗണനയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് കേരളത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിന് തന്നെ നൽകിയേക്കും. യുഡിഎഫ് വിട്ടു വന്ന എൽജെഡിയോട് കാണിച്ച വീഴ്വഴക്കം ഇത്തവണയും തുടരാനാണ് ധാരണ. അന്തിമ തീരുമാനം ഇടതുമുന്നണി യോ​ഗം കൈക്കൊള്ളുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. 

രാജ്യസഭയിലേക്ക് വീണ്ടും മൽസരിക്കുമോ എന്ന കാര്യത്തിൽ ജോസ് കെ മാണി ഇതുവരെ  നിലപാട് വ്യക്തമാക്കിയിട്ടില്ല.  ജോസിന് പകരം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ആരെയെങ്കിലും മൽസരിപ്പിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്റ്റീഫൻ ജോർജ്ജിന്റെ അടക്കം പേരുകളാണ് ഉയർന്നു വന്നിട്ടുള്ളത്.  

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി  രാജ്യസഭാം​ഗത്വം രാജിവെച്ചത്. ഈ ഒഴിവിലേക്ക്  നവംബര്‍ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. നവംബര്‍ 16 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. നവംബര്‍ 17ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം.

തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. പാലയില്‍ മാണി സി കാപ്പനെതിരെ മത്സരിച്ച ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎമാരായ കെ.എൻ.ഉണ്ണികൃഷ്‌ണൻ, വി.ആർ.സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു