കേരളം

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും ; ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന് പാലാ രൂപത. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗം ഉപയോഗിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്ന് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് പറഞ്ഞു. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ എട്ടാം  ദിനത്തില്‍ നല്‍കിയ വചന സന്ദേശത്തിലാണ് പാലാ ബിഷപ്പിന്റെ പരാമർശം. 

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ബിഷപ്പ് ആരോപിച്ചു. പെണ്‍കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമമുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും ബിഷപ്പ് പറഞ്ഞു. 

കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലും മറ്റൊരു കാലത്തിലും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്. അതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകളാകുന്നു എന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്. 

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നും ബെഹ്‌റ പറഞ്ഞിരുന്നു. ലോകത്തിലെ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. 

നമ്മുടെ കൊച്ചു കേരളത്തിലും ഇതുണ്ട്. നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍, ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ ( മുസ്ലിങ്ങളല്ലാത്തവര്‍) നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലീങ്ങളുടെ നാശവുമാകുമ്പോള്‍, അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പലതാണെന്ന് ബിഷപ്പ് പറഞ്ഞു. 

ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക മുതലായ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റു മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാര്‍ഗങ്ങളിലൂടെയോ ജിഹാദികള്‍ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ  അറിവോ സമ്മതമോ ഇല്ലാതെ 18 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ തന്നെ നടത്തപ്പെടുന്ന പ്രണയ വിവാഹങ്ങളുടെ എണ്ണവും, തട്ടിക്കൊണ്ടു പോകലുകളും, വിവാഹം കഴിച്ചു കുറേക്കഴിയുമ്പോള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങളും വര്‍ധിച്ചു വരുന്നതായി പാലാ ബിഷപ്പ് പറഞ്ഞു. 

ഹിന്ദു വിശ്വാസിയായിരുന്ന നിമിഷ, ക്രിസ്ത്യാനിയായ സോണിയ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ മതപരിവര്‍ത്തനം നടത്തി തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നത് ബിഷപ്പ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഹിന്ദു, ക്രിസ്ത്യന്‍ മത വിശ്വാസികളായിരുന്ന പെണ്‍കുട്ടികള്‍ എങ്ങനെ  തീവ്രവാദ ക്യാമ്പുകളിലെത്തി എന്ന് ഗൗരവകരമായി പഠിക്കേണ്ട വിഷയമാണ്. എങ്ങനെ ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികളെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു