കേരളം

യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനും പ്രത്യേക വാഹനങ്ങള്‍, സുരക്ഷയ്ക്ക് ഐടി അധിഷ്ഠിത സംവിധാനം; കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാന്‍ കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 
പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍ മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി

 പ്രധാനമായും സ്വകാര്യമേഖലയെ കാരവനുകള്‍ വാങ്ങാനും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കും. അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയും തയ്യാറാക്കും. ടൂറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിര്‍മ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സന്ദര്‍ശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് രാത്രിയോ പകലോ ദീര്‍ഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവന്‍ പാര്‍ക്കുകളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യൂബിക്കിള്‍, ഡവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും. മലിനീകരണ വാതക ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക.

അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കണം.

ചുറ്റുമതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിംഗ്, നിരീ ക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യ ങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാര്‍ക്കിന് കുറഞ്ഞത് 30 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകല്‍പ്പന സ്വകാര്യത, പച്ച, കാറ്റ്, പൊടി ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും പാര്‍ക്കുകളില്‍ പ്രാദേശിക പൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉള്‍പ്പെടുത്തണം.

പാര്‍ക്കുകളില്‍ ജലസംഭരണികള്‍ വിനോദത്തിനുള്ള തുറന്ന ഇടങ്ങള്‍ വിശാലമായ മുന്‍ഭാഗം, വാഹനങ്ങള്‍ തിരിക്കുന്ന ഇടങ്ങള്‍ എന്നിവയും ഉണ്ടായിരിക്കണം. സന്ദര്‍ശകരെ കാര്യങ്ങള്‍ അറിയിക്കാന്‍ പാര്‍ക്കുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഉണ്ടാകും. ഗതാഗത മന്ത്രിയുമായി പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി