കേരളം

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍, മാപ്പ് പറയാത്ത ഉശിര്; ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, ശങ്കരനാരായണന്റെ രാഷ്ട്രീയ ജീവിതം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന ഏക മലയാളിയാണ് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും അദ്ദേഹം നിര്‍വഹിച്ചു. 

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് വേരോട്ടത്തിനായി അക്ഷീണം യത്‌നിച്ച നേതാവാണ് ശങ്കരനാരായണന്‍. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തിയ ശങ്കരനാരായണന്‍ കോണ്‍ഗ്രസില്‍ പടിപടിയായി ഉയരുന്നതാണ് പിന്നീട് കണ്ടത്.  ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായാണ് തുടക്കം. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടര്‍ന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം 1964ല്‍ പാലക്കാട് ഡിസിസി പ്രസിഡന്റുമായി. 

1968ല്‍ 36-ാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പദത്തിലെത്തി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോള്‍ അതുല്യഘോഷ്, എസ് കെ പാട്ടീല്‍, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയംഗമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോണ്‍ഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന ശങ്കരനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൂജപ്പുര ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അന്ന് കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്‌കാരചടങ്ങിന് ജയിലില്‍ നിന്നാണ് ശങ്കരനാരായണന്‍ പോയത്.1976ല്‍ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ്, കോണ്‍ഗ്രസില്‍ ലയിച്ചു. 1986 മുതല്‍ 2001 വരെയുള്ള ദീര്‍ഘകാലയളവില്‍ യുഡിഎഫ് കണ്‍വീനറായിരുന്നു. 

കേരളത്തില്‍ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ്, തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയായിരുന്നു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലെത്തി.1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്ന് വിജയിച്ചു. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പു മന്ത്രിയായി. 16ദിവസം മാത്രമേ സ്ഥാനത്ത് തുടര്‍ന്നുള്ളു.രാജന്‍കേസിനെത്തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ രാജിവെച്ചു. തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി . 2001ല്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എ കെ ആന്റണി മന്ത്രിസഭയില്‍ ധനകാര്യ, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു.

2007ല്‍ നാഗലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. 2009ല്‍ ജാര്‍ഖണ്ഡിലും 2010ല്‍ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ല്‍ മഹാരാഷ്ട്രയില്‍ രണ്ടാമതും നിയമിക്കപ്പെട്ടു. 2014ല്‍ മീസോറാമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവെച്ചു. ഷൊര്‍ണൂര്‍ അണിയത്ത് ശങ്കരന്‍ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15നാണ് ജനനം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ