കേരളം

അബ്ദുള്‍ കലാമിനെ തിരുത്തിയെന്നത് നുണ; ക്രയോജനിക് സാങ്കേതികവിദ്യ ടീമില്‍ നമ്പി ഇല്ലായിരുന്നു: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയില്‍ നമ്പി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞര്‍. ഐഎസ്ആര്‍ഒയിലെ എല്ലാകാര്യങ്ങളുടേയും പിതാവ് താനാണെന്ന നമ്പി നാരായണന്റെ അവകാശവാദം ശുദ്ധഭോഷ്‌കും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഡോ.എ ഇ മുത്തുനായകം, ഡി. ശശികുമാരന്‍, പ്രൊഫ. ഇവിഎസ് നമ്പൂതിരി തുടങ്ങിയവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

1968-ല്‍ ഐഎസ്ആര്‍ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച നമ്പി നാരായണന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പിന്നീട് രാഷ്ട്രപതിയായ എപിജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ ജോലിചെയ്തത്. എന്നാല്‍ അബ്ദുള്‍ കലാമിനെപ്പോലും താന്‍ തിരുത്തിയിട്ടുണ്ടെന്ന നമ്പിയുടെ സിനിമയിലെ വാദം കളവാണെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍ ആരോപിച്ചു.

വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റണ്‍ സര്‍വകലാശാലയില്‍ പിജിക്ക് അയച്ചതെന്ന നമ്പിയുടെ വാദം തെറ്റാണ്. വാസ്തവത്തില്‍ എല്‍പിഎസ് ഡയറക്ടറായിരുന്ന മുത്തുനായകമാണ് അത് ചെയ്തത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തതുകൊണ്ട് ക്രയോജനിക് എന്‍ജിന്‍ ഉണ്ടാക്കാന്‍ വൈകുകയും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്‌തെന്ന വാദവും തെറ്റാണ്. ഐഎസ്ആര്‍ഒയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഒരു ടീമിലും നമ്പി അംഗമായിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

1990ല്‍ ക്രയോജനിക് സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചചെയ്യാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചു. അതിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു നമ്പി നാരായണന്‍. 1993ല്‍ സാങ്കേതിക വിദ്യയും രണ്ട് എഞ്ചിനും കൈമാറാന്‍ കരാറായി. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയത് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിലുള്ള ടീമാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സാങ്കേതിക വിദ്യാ കൈമാറ്റം ഒഴിവാക്കി എഞ്ചിന്‍ മാത്രമായി കരാര്‍ പുതുക്കി. 1994 നവംബറില്‍ നമ്പി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ആ മാസം തന്നെ അദ്ദേഹം അറസ്റ്റിലായി. കേസ് കഴിഞ്ഞ് തിരികെ എത്തിയ അദ്ദേഹത്തിന് പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

വികാസ് എഞ്ചിന്‍ വികസിപ്പിച്ചതും നമ്പിയാണെന്നാണ് പ്രചരിപ്പിക്കുന്നത്, അതും തെറ്റാണ്. വാസ്തവത്തില്‍ ഫ്രാന്‍സിന്റെ വൈക്കിങ് എഞ്ചിനാണ് വികാസ് ആയി വികസിപ്പിച്ചെടുത്തത്. 1974-ലാണ് ഇതിനായി ഫ്രാന്‍സിലെ എസ്ഇപിയുമായി കരാറൊപ്പിട്ടത്. നമ്പിയല്ല മുത്തുനായകമായിരുന്നു പ്രോജക്ട് ഡയറക്ടര്‍. ഫ്രാന്‍സിലെ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി നാരായണന്‍.

റോക്കട്രി ദി നമ്പി എഫക്ട് എന്ന സിനിമ 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്തകാര്യങ്ങളാണ് പറയുന്നത്. സിനിമയില്‍ കാണിച്ച കാര്യങ്ങളെല്ലാം സത്യമാണെന്നാണ് നമ്പി ചാനലുകളിലും പറഞ്ഞത്. മാത്രമല്ല നമ്പിക്ക് പദ്മഭൂഷണ്‍ കിട്ടിയത് ഐഎസ്ആര്‍ഒയിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ശാസ്ത്രജ്ജര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍