കേരളം

ബഫര്‍സോണ്‍; തെറ്റായ പ്രചാരണങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ താത്പര്യങ്ങള്‍ തിരിച്ചറിയണം: സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും ബഫര്‍സോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വ്വെയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ സര്‍ക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താത്പര്യങ്ങള്‍ തിരിച്ചറിയണം. തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ കുടങ്ങിപ്പോകരുത്.
    
കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫര്‍സോണ്‍ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടത് എന്നും സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ബഫര്‍സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. സര്‍വേ നടത്തിയത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ്. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക.ജനവാസമേഖലയെ ബഫര്‍സോണായി പ്രഖ്യാപിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിഷപ്പ് തെറ്റിദ്ധരിച്ചു. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തും. ബോധപൂര്‍വ്വം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  

അവ്യക്തമായ മാപ്പു നോക്കി സാധാരണക്കാരന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. തികച്ചും ന്യായമായ കാര്യമാണത്. അതു മനസ്സില്‍ കണ്ടുകൊണ്ടാണ് ബിഷപ്പ് ആവശ്യപ്പെട്ടതുപോലെ പഞ്ചായത്തുകളുടെ സഹകരണം തേടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തുകളില്‍ വരുന്ന പരാതികളെല്ലാം പ്രാഥമികമായി പഞ്ചായത്തുകളെക്കൊണ്ടു തന്നെ പരിശോധിപ്പിക്കാം. അത്തരത്തില്‍ പരിശോധിച്ച ശേഷം കമ്മീഷന് തീരുമാനമെടുക്കാം. ചിലര്‍ ആവശ്യപ്പെട്ടത് റവന്യൂ വകുപ്പിന്റെ സഹായം സ്വീകരിക്കണമെന്നാണ്. റവന്യൂ വകുപ്പിന്റെ സഹായം തേടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ റവന്യൂ വകുപ്പിന് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 

വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കല്‍ ആണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ചൂണ്ടിക്കാണിയ്ക്കാന്‍ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം കൂടി നീട്ടി. പരാതി സമര്‍പ്പിക്കാന്‍ ഉള്ള തീയതിയും നീട്ടും. ഇതില്‍ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് അബദ്ധജഡിലമാണെന്നും, പിന്‍വലിക്കണമെന്നും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍