കേരളം

മകന് പകരം ടെലിവിഷനില്‍ സീനിയര്‍ റോളില്‍ ആദ്യ അവസരം; അച്ഛനും അമ്മാവനും ചേട്ടനുമായി തിളങ്ങി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി വെള്ളിത്തിരയില്‍ തമാശകള്‍ വാരിവിതറിയ കോട്ടയം പ്രദീപിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കോമഡി റോള്‍ ആര് ചെയ്യണമെന്ന ചോദ്യം ഉയരുമ്പോള്‍ സംവിധായകരുടെ മനസില്‍ വരുന്ന വിരലിലെണ്ണാവുന്ന പേരുകളില്‍ ഒന്നായി കോട്ടയം പ്രദീപ് മാറിയിട്ട് അധികകാലമായിട്ടില്ല. കോമഡി റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. 

എല്‍ഐസി ജീവനക്കാരനായ പ്രദീപ്, ഐ വി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തുന്നത്. രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവമായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 

മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവന്‍ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി.

വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് സിനിമയില്‍ സജീവമായി. ആമേന്‍, ഒരു വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. 

എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്‍പത് വര്‍ഷമായി നാടകരംഗത്തും സജീവമായിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍