കേരളം

മകന്‍ മരിച്ചത് അറിഞ്ഞില്ല, അമ്മയും സഹോദരങ്ങളും മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം

സമകാലിക മലയാളം ഡെസ്ക്


കുറുപ്പന്തറ: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരങ്ങളും. വീട്ടിലെത്തിയ പഞ്ചായത്തംഗമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറയുന്നു.

കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജി (50)ആണ് മരിച്ചത്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.  മൂന്ന് പേരും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് മാഞ്ഞൂർ പഞ്ചായത്തംഗം സാലിമോൾ ജോസഫ് പറഞ്ഞു. 

മൃതദേഹം കണ്ടെത്തിയത് പഞ്ചായത്തംഗം

ചൊവ്വാഴ്ച ഉച്ചയോടെ സാലിമോൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ ദുർ​ഗന്ധം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുറിക്കുള്ളിൽ കയറി നോക്കിയത്. ചെല്ലമ്മയുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫിസിൽ നിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതാണ് പഞ്ചായത്തം​ഗം. മുറിക്കുള്ളിൽ കയറി നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിൽ അജിയുടെ മൃതദേഹം കണ്ടു. 

ഈ സമയം ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും ഇപ്പോൾ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി പഞ്ചായത്തം​ഗം പറഞ്ഞു. പൊലീസ് എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. തനിച്ചു കിടക്കാൻ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. മരിച്ചതറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്. 

അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചിരുന്നത്.  മൃതദേഹ പരിശോധനയിൽ അജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍