കേരളം

വിളിക്കാതെ വന്നു കയറി; ഇറങ്ങിപ്പോകാൻ കൂട്ടാക്കിയില്ല! 'അതിഥി'യെക്കൊണ്ട് പുലിവാലു പിടിച്ച് വീട്ടുകാർ; ഒടുവിൽ...

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് രാത്രി വീട്ടിൽ വന്നു കയറിയ മുന്തിയ ഇനം നായ്ക്കുട്ടിയെക്കൊണ്ടു പുലിവാലു പിടിച്ച് വീട്ടുകാർ. രണ്ടു രാത്രിയും ഒരു പകലും നീണ്ട അന്വേഷണത്തിനൊടുവിൽ സാമൂഹിക മാധ്യമം വഴി ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ചു. മുരിക്കുംപുഴ ഇടവിളാകത്ത് ഷാഹിദ് അലിയുടെ വീട്ടിലെത്തിയ നായ്ക്കുട്ടിയെയാണ് ഉടമയെ തിരിച്ചേൽപിച്ചത്. 

പുതുവർഷത്തെ വരവേൽക്കാനുള്ള ഷാഹിദ് അലിയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്കാണ് 31നു രാത്രി പതിനൊന്നരയോടെ നായ്ക്കുട്ടി എത്തിയത്. മുന്തിയ ഇനം നായ ആയതിനാൽ ആരുടേതെന്നും, എങ്ങനെ വീട്ടിൽ വന്നു കയറിയെന്നുമറിയാതെ ഷാഹിദ് അലി അമ്പരന്നു. എളുപ്പത്തിൽ ഇണങ്ങിയ നായ്ക്കുട്ടിയാകട്ടെ ഇറങ്ങിപ്പോയതുമില്ല. 

അടുത്ത പ്രദേശത്തെങ്ങും അങ്ങനെ ഒരു നായ്ക്കുട്ടിയുള്ളതായി അറിവില്ലായിരുന്നു. സുഹൃത്തുക്കളെ കാണിച്ചപ്പോൾ ടിബറ്റൻ ഇനമായ ടോയ് ഡോഗ് ഷീസുവാണെന്നും കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും വിലയുണ്ടെന്നുമറിഞ്ഞു. ഇത്രയും വിലയുള്ള നായ്ക്കുട്ടിയെ ആരും ഉപേക്ഷിക്കില്ലല്ലോ. പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ചു. 

പുതുവത്സര ദിവസം രാവിലെ തന്നെ ഷാഹിദ് അലി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. രണ്ട് ദിവസം ഉടമയെ നോക്കാമെന്നും വന്നില്ലെങ്കിൽ ആർക്കെങ്കിലും ദത്ത് നൽകാമെന്നുമായിരുന്നു പൊലീസിന്റെ ഉപദേശം. ഉടമയെ കാത്തിരുന്നു മടുത്ത് വൈകീട്ട് ഫെയ്സ്ബുക്ക് പേജിൽ ഷാഹിദ് അലി നായയുടെ ചിത്രം സഹിതം ഒരു പോസ്റ്റിട്ടു. പോസ്റ്റ് ശ്രദ്ധയിൽപെട്ട ഖത്തറിലെ ബന്ധു വിവരമറിയിച്ചതനുസരിച്ച് നായയുടെ ഉടമ ഫഹദ് ഇന്നലെ രാവിലെ ഷാഹിദ് അലിയെ തേടിയെത്തി.

നായക്കൊപ്പമുള്ള ഫഹദിന്റെ പഴയ ചിത്രങ്ങൾ കണ്ടപ്പോൾ യഥാർഥ ഉടമയെന്നു ബോധ്യപ്പെട്ടതോടെ പൊലീസിന്റെ അനുമതിയോടെ നായയെ കൈമാറി. രണ്ടര കിലോമീറ്റർ അകലെ വരിക്കുമുക്കിലെ ഫഹദിന്റെ വീട്ടിൽ നിന്നാണു നായ രാത്രിയിൽ ഷാഹിദ് അലിയുടെ വീട്ടിൽ വന്നു കയറിയത്. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തു ചാടുകയായിരുന്നു. പൊല്ലാപ്പായെങ്കിലും നായയെ ഉടമസ്ഥനെ തിരിച്ചേൽപിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണു ഷാഹിദ് അലിയും കുടുംബവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം