കേരളം

പൊലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല; ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണം; വിമര്‍ശനവുമായി എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളില്‍ ആഭ്യന്തരവകുപ്പിന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. പൊലീസ് വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്നു. ആഭ്യന്തവകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണം. പൊലീസ് വീഴ്ച ഒറ്റപ്പെട്ട സംഭവമല്ലെന്നും ജിസ്‌മോന്‍ പറഞ്ഞു. കണ്ണൂരില്‍ മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ പൊലീസ് മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എഐവൈഎഫിന്റെ പ്രതികരണം.

'ആഭ്യന്തര വകുപ്പ് അറിണയമെന്നില്ല': കാനം

അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെ ലഘൂകരിക്കുന്ന തരത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. സമൂഹത്തെ ഒറ്റയടിക്ക് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. എല്ലാക്കാലത്തും പൊലീസിന് എതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. ആഭ്യന്തര വകുപ്പോ മന്ത്രിയോ ഇത്തരം കാര്യങ്ങള്‍ അറിയണമെന്നില്ല. തെറ്റുകണ്ടാല്‍ ശിക്ഷിക്കുകയും തിരുത്തുകയുമാണ് വേണ്ടത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

അതേസമയം, പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് ക്ലിഫ് ഹൗസിലാണ് യോഗം. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.

ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ടിടിഇക്കൊപ്പം പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്.

തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തെന്നും യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞദിവസം കോവളത്ത് വിദേശപൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു.

ഇതില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്