കേരളം

'കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍, അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്ക്‌ ഉണ്ടാകരുതേ'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നിര്‍ഗുണപ്രതിപക്ഷ നേതാവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആക്ഷേപത്തിന് മറുപടിയുമായി വി ഡി സതീശന്‍. കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്ക് ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയാണ് ഉള്ളതെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആലപ്പുഴയില്‍ പറഞ്ഞു. വായ പോയ കോടാലി പോലെ വായും തലയുമില്ലാതെ സുരേന്ദ്രന്‍ പറയുന്നത് ഏറ്റുപിടിക്കുന്ന മെഗാഫോണ്‍ അല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

കേരളത്തിലെ ബിജെപിയെ എടുക്കാചരക്കാക്കി മാറ്റിയ രണ്ടു നേതാക്കളാണ് കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും. പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുകയും രാത്രി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ നടത്തിയ അന്വേഷണവും കേരളത്തിലെ പൊലീസ് ബിജെപി നേതാക്കള്‍ക്കെതിരായി നടത്തിയ  അന്വേഷണവും തമ്മില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പിണറായിയോട് ചര്‍ച്ച ചെയ്ത ആളാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. 

സംസ്ഥാനത്ത് നടപ്പാക്കുന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുള്ള നിയമനിര്‍മ്മാണസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി, ഇപ്പോള്‍ നാട്ടിലെ വരേണ്യവര്‍ഗക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണ്. അതു തന്നെ പദ്ധതിയുടെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഈ പദ്ധതിയെക്കുറിച്ചുള്ള ഡിപിആര്‍ പോലും പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോയാല്‍ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും. 

ലാന്‍ഡ് അക്വിസിഷനുമായി ബന്ധപ്പെട്ട, കേന്ദ്ര നിയമപ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനപ്രതിനിധികളോടോ, രാഷ്ട്രീയപാര്‍ട്ടികളോടോ സംസാരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി, അദ്ദേഹത്തിന് ഇഷ്ടമുള്ള പ്രമുഖന്മാരെ വിളിച്ചുവരുത്തി വിശദീകരണം നടത്തിയാല്‍ അംഗീകരിക്കില്ല. അത് കേരളത്തിലെ ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. 

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായി പ്രതിപക്ഷം എടുക്കുകയാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു രണ്ട് കത്ത് ഗവര്‍ണര്‍ക്കെഴുതി. അതിനാലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. 

ആദ്യം കൂട്ടുനിന്ന ഗവര്‍ണര്‍ പിന്നീട് വിസി നിയമനം തെറ്റാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ തെറ്റായി നിയമിച്ച വിസിയുടെ രാജി ആവശ്യപ്പെടുകയോ പുറത്താക്കുകയോ ഗവര്‍ണര്‍ ചെയ്യണമായിരുന്നു. അതു ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറഞ്ഞത് നിയമവിരുദ്ധമാണ്. അതിനാലാണ് പ്രതിപക്ഷം ഗവര്‍ണറെ വിമര്‍ശിച്ചത്. അതിനെ സര്‍ക്കാരിന് അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കുന്നത് തലതിരിഞ്ഞ നേതാക്കന്മാരാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു