കേരളം

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും; തീരുമാനം മറ്റന്നാള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തലസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാള്‍ പോസിറ്റീവ് ആവുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള ജില്ല തിരുവനന്തപുരമാണ്. 48 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയണം. 

ജില്ലയില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. വിവാഹങ്ങള്‍ 50 പേര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കും.

നിയന്ത്രണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണം. മാളുകള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്. മാളുകളിലെ തിരക്കുകള്‍ നിയന്ത്രിക്കണം. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്. അപ്പോഴും ചില സംഘടനകള്‍ അവര്‍ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. തിരുവനന്തപുരത്തെ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയും ഉന്നതാധികാര സമിതിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ടിപിആര്‍ നിരക്ക് 48 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു.  ആശുപത്രികളും കോളേജുകളും ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. 7 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ കോവിഡ്  ബാധിതരാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് അനുവദിക്കില്ല. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു