കേരളം

ലോകായുക്ത ഓര്‍ഡിനന്‍സ്: കോടിയേരി കാനവുമായി ചര്‍ച്ച നടത്തും; ഭേദഗതി എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സിപിഐ മന്ത്രിമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ ഉള്ള എതിര്‍പ്പ് കാനം കോടിയേരിയെ അറിയിക്കും. അടുത്ത മാസം നിയമ സഭ ചേരാനിരിക്കെ തിടുക്കത്തില്‍ ഓര്‍ഡിനേന്‍സ് ഇറക്കുന്നതിനെ കാനം പരസ്യമായി വിമര്‍ശിച്ചിരുന്നു. 

ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ്  ഭരണഘടനയെ മറികടക്കുമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടു വന്നതെന്നാണ് സിപിഎം വിശദീകരണം. എന്നാല്‍ ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ സിപിഐ എതിര്‍ക്കുന്നു. പകരം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ് സിപിഐ ചോദിക്കുന്നത്. 

സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ലോകായുക്ത നിയമത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ വാദത്തെയും കാനം എതിര്‍ത്തു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള നിയമങ്ങളെ ഭേദഗതി ചെയ്യുകയല്ല, ജനങ്ങളെ അണിനിരത്തി അതിനെ ചെറുക്കാനാണ് ശ്രമിക്കേണ്ടത്. അതിന് നിയമം മാറ്റുകയല്ല വേണ്ടതെന്നും കാനം പറഞ്ഞു. 

ഭേദഗതി എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സിപിഐ മന്ത്രിമാര്‍

അതിനിടെ നിയമത്തില്‍ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരും ഓര്‍ഡിനന്‍സിനെ എതിര്‍ത്തില്ലല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അവരോട് ചോദിക്കണമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ