കേരളം

അറസ്റ്റ് അറിയിച്ചത് 12: 29ന്; രേഖകളില്‍ ഒപ്പുവച്ചത് 12: 30ന്; പൊലീസിന്റേത് കള്ളക്കളിയെന്ന് ഷാഫി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വലിയതുറ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. വ്യാജരേഖകളുണ്ടാക്കിയാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എമാര്‍ അടക്കമുള്ള  നേതാക്കള്‍ അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് പുറത്താക്കിയത്.

ശബരിനാഥന്റെ അറസ്റ്റിലൂടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് അറസ്റ്റിലൂടെ ഇവര്‍ ചെയ്തത്. കരിങ്കൊടി കാണിക്കാന്‍  സംഘടന ആഹ്വാനം ചെയ്തതിന്റെ പേരില്‍ എന്തുനടപടി സ്വീകരിച്ചാലും അതിനെ യൂത്ത് കോണ്‍ഗ്രസ് ചെറുക്കും. തന്നെയും അറസ്റ്റ് ചെയ്യട്ടെ. ആരെയും പേടിച്ചിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു.

അറസ്റ്റിലായെന്ന് ശബരിനാഥനെ പൊലിസ് അറിയിച്ചത് 12: 29നാണെന്നും രേഖകളില്‍ ശബരിനാഥന്‍ ഒപ്പിട്ടത് 12. 30നാണെന്നും ഷാഫി പറഞ്ഞു. പന്ത്രണ്ടരയ്ക്കാണ് ശബരിനാഥനെ അറസ്്റ്റ് ചെയ്ത വിവരം ജില്ലാപ്രസിഡന്റിനെ കോണ്‍ഗ്രസ് അറിയിച്ചതെന്നും ഷാഫി പറഞ്ഞു.

ശബരിനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയതുറ സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇത് കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം സ്്‌റ്റേഷന്‍ വളപ്പില്‍ ഉണ്ടായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശബരിനാഥനെ അറസ്്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.35ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഉടന്‍ പരിഗണിക്കേണ്ടതാണോയെന്നു കോടതി ചോദിച്ചു. അറസ്റ്റിനു സാധ്യതയുണ്ടെന്ന് ശബരീനാഥന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. എന്നാല്‍ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി 11.10ന് പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.ഇതിനുപിന്നാലെ അറസ്റ്റ് ചെയ്ത സമയം അറിയിക്കണമെന്നും മെമ്മോ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 10.50നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസിപി പറഞ്ഞു. ഗൂഢാലോചനയ്ക്കുള്ള തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നെന്നും എസിപി പറഞ്ഞു. 

ഗ്രൂപ്പുതലത്തിലെ പോരിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ് ചാറ്റ് ചോര്‍ന്നതാണു വിവാദമായത്. ഇതില്‍ വിമാനത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തില്‍ ശബരീനാഥന്‍ ആശയം പങ്കുവച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കം ചോര്‍ന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. പ്രതിഷേധത്തെ കുറിച്ച്‌ േനതൃത്വത്തിന് അറിവില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അന്നു പറഞ്ഞത്. ചാറ്റ് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച നേതൃത്വം അന്വേഷണവും തുടങ്ങി.ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്