കേരളം

'പ്രതിപക്ഷ നേതാവെന്ന പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് ചേര്‍ന്നതല്ല'; വി ഡി സതീശന് എതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ്എഫ്‌ഐ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. 'വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങള്‍ തനിക്ക് അനിഷ്ടമാകുമ്പോള്‍ അസംബന്ധം പറയരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്നുമെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല'-കെയുഡബ്ല്യുജെ പ്രസ്താവനയില്‍ പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയ സംഭവത്തെയും പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോയ്ക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണം-കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. 

എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നു. ഇത് പിന്നീട് നിലത്തിട്ടതാണെന്നുള്ള ഇടതുനേതാക്കളുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്.

'ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു. ഇതുപോലത്തെ കാര്യങ്ങള്‍ കയ്യില്‍ വെച്ചാല്‍ മതി. തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ 25,000 വോട്ടിന് ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലത്തെ സാധനങ്ങള്‍ കയ്യിലു വെച്ചാല്‍ മതി. ഇങ്ങോട്ടു വേണ്ട..

മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇതുപോലുള്ള അസംബന്ധം കാണിച്ചിട്ട്.... ഇങ്ങോട്ടു വരണ്ട. കൈരളിയിലായാലും ദേശാഭിമാനിയിലായാലും കയ്യില് വെച്ചാ മതി. ഒരു അസംബന്ധവും പറയേണ്ട. എന്റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും.

അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ ഞങ്ങളുടെ വിഷയമാണ്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കി വിടുന്നത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്'. വൈകാരികമായ വിഷയത്തില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ അസംബന്ധം പറഞ്ഞാല്‍...അതു നിര്‍ത്തിക്കോ... കയ്യില്‍ വെച്ചാല്‍ മതി.' സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല