കേരളം

മദ്യശാലകളിലെ ക്യൂ ഒഴിവാക്കും; സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; കപ്പയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ പരീക്ഷണം; എക്‌സൈസ് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യവിതരണ ഔട്ട്‌ലെറ്റുകളിലെ ക്യൂ പരമാവധി ഒഴിവാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും പുതിയ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക. ഐടി പാര്‍ക്കുകളില്‍ പബ് തുടങ്ങാന്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍ മദ്യം ലഭ്യമാക്കാന്‍ നടപടി ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

കാര്‍ഷിക വിളകളില്‍ നിന്ന് വൈനും ലഹരി കുറഞ്ഞ മദ്യവും ഉല്‍പാദിപ്പിക്കും. കപ്പയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കാനാകുമോയെന്ന പരീക്ഷണം നടത്തും. അങ്ങനെയെങ്കില്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ മദ്യ ഉപഭോഗം കുറവാണ്. നിലവില്‍ 78 മദ്യവിതരണ കേന്ദ്രങ്ങളുടെ കുറവുണ്ട്. മദ്യ ലഭ്യത ഘട്ടംഘട്ടമായി കുറക്കുമെന്ന എല്‍ഡിഎഫ് നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിരുന്നു. ഐടി മേഖലയില്‍ ബാര്‍ റെസ്‌റ്റോറന്റുകള്‍ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം വ്യവസ്ഥചെയ്യുന്നു.

നൂറില്‍പരം വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി തുറക്കാനാണ് നിര്‍ദ്ദേശം. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിയിരിക്കും ഇവ തുറക്കുക.

ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബാര്‍  റെസ്‌റ്റോറന്റുകള്‍ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്.വിനോദ സഞ്ചാര മേഖലകള്‍ക്കുള്ള പരാതികളും കൂടി കണക്കിലെടുത്താണ് നയത്തില്‍ മാറ്റം വരുത്തുന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഉത്തരവാദിത്വത്തോടു കൂടിയുള്ള വിനോദ സഞ്ചാരവികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലകളില്‍ മയക്കു മരുന്ന് ഉപയോഗം ഒരു തരത്തിലും അനുവദിക്കില്ല. എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചു കൂടാന്‍ കഴിയാത്ത കാര്യമാണ്. മദ്യപിക്കാന്‍ വേണ്ടിയല്ല വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് എത്തുന്നതെങ്കിലും മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലകളില്‍ ഗുണകരമല്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഐടി പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിന് ശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഐടി പാര്‍ക്കുകളില്‍ ഇതിനായി നീക്കിവെക്കുന്ന പ്രത്യേകമായ സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിത്തീര്‍ക്കുന്നതിന് ഇത്തരത്തിലുള്ള നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായി ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 202324 വര്‍ഷം മുതല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിലും മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഗ്ലാസ്സ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ്സ് ബോട്ടിലുകളിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/ സംഭരണം/ ഉപയോഗം എന്നിവ സംബന്ധിച്ച് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിനായി വെബ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ' People's eye'' എന്ന പേരിലായിരിക്കും ആപ്പ്. ഇത് വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി