കേരളം

വീണ്ടും ചരിത്ര മണ്ടത്തരം? കെകെ ശൈലജയെ മഗ്‌സസെ പുരസ്കാരത്തിന് പരി​ഗണിച്ചു; പാർട്ടി എതിർത്തപ്പോൾ നിരസിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2022ലെ മഗ്‌സസെ പുരസ്കാരത്തിന് മുൻ ആരോ​ഗ്യ മന്ത്രി കെകെ ശൈലജയെ പരി​ഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ. സിപിഎമ്മിന്റെ എതിർപ്പിനെ തുടർന്ന് അവർ പുരസ്കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ റിപ്പോർട്ടർ അനിൽ എസ് ആണ് എക്‌സ്‌ക്ലൂസീവ്‌ വാർത്ത പുറത്തുവിട്ടത്. 

പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയ്ക്കും സേവനത്തിനുമാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ പുരസ്കാരത്തിനായി പരി​ഗണിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ അവാർഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് നിപ, കോവിഡ് ഭീഷണികൾ ഉയർന്നപ്പോൾ അതിനെതിരെ മുന്നിൽ നിന്ന് ഫലപ്രദമായി നേതൃത്വം നൽകാൻ ആരോ​ഗ്യ മന്ത്രി എന്ന നിലയിൽ കെകെ ശൈലജയ്ക്ക് സാധിച്ചു. സംസ്ഥാനത്തിന്റെ നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആ​ഗോള തലത്തിൽ തന്നെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയിൽ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തു കാണിച്ച് വിവിധ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്തു.

ശൈലജയെ അവാർഡിന് പരി​ഗണിക്കുന്ന കാര്യം ജൂലൈ മാസത്തിൽ തന്നെ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു കൊണ്ട് മുൻ മന്ത്രിക്ക് അയച്ച ഇ മെയിലിൽ, അവാർഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കാനും ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ അവർ ഇക്കാര്യം പാർട്ടിയെ അറിയിച്ചു. പിന്നീട് വിഷയം പാർട്ടി നേതൃത്വവുമായി ചർച്ചയും ചെയ്തു. പിന്നാലെയാണ് അവാർഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. 

അവാർഡിന്റെ വിവിധ വശങ്ങൾ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആരോഗ്യ മന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചത് എന്നാണ് വിലയിരുത്തൽ. നിപ, കോവിഡ് മഹാമാരികൾക്കെതിരായ പോരാട്ടം ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ വ്യക്തി​ഗത മികവിന് നൽകുന്ന അവാർഡ് സ്വീകരിക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. പിന്നാലെ അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. 

ഏഷ്യയുടെ നോബൽ സമ്മാനമായി പരക്കെ കണക്കാക്കപ്പെടുന്ന മഗ്‌സസെ അവാർഡ് അന്തരിച്ച ഫിലിപ്പൈൻസ് ഭരണാധികാരി ആയിരുന്ന രമൺ മഗ്‌സസെയുടെ പേരിലുള്ള അന്തർദേശീയ ബഹുമതിയാണ്. കമ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരി ആയിരുന്നു മഗ്‌സസെ എന്നതും അവാർഡ് നിരസിക്കാനുള്ള മറ്റൊരു തീരുമാനമാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്നും സിപിഎം വിലയിരുത്തുന്നു. 

അവാർഡ് ശൈലജ സ്വീകരിച്ചിരുന്നെങ്കിൽ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളി വനിതയായി അവർ മാറുമായിരുന്നു. വർഗീസ് കുര്യൻ, എംഎസ് സ്വാമിനാഥൻ, ബി ജി വർഗീസ്, ടിഎൻ ശേഷൻ എന്നിവർക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായും അവർ മാറുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍