കേരളം

'ഒരു പുസ്തകത്തെ പുറംചട്ട നോക്കി വിലയിരുത്തരുത്'; പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് ഷംസീര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ ആയി ചുമതലയേറ്റ എഎന്‍ ഷംസീര്‍. മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാവില്‍ നിന്നും മുന്‍ സ്പീക്കര്‍മാരായ ശ്രീരാമകൃഷ്ണന്‍, എം.ബി രാജേഷ്, സീനിയറായ ഭരണ  പ്രതിപക്ഷ സഹസാമാജികര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ഷംസീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

Don't judge a book by its cover, ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്
- Mary Ann Evans (George Eliot)

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഈ വാചകങ്ങള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുകയാണ്.
ബ്രണ്ണന്‍ കോളേജില്‍ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. കേരള നിയമസഭയുടെ സ്പീക്കര്‍ എന്ന നിലയിലുള്ള ഇനിയുള്ള നാളുകളിലെ പ്രവര്‍ത്തനം ഏറ്റവും മികവുറ്റതാക്കി തീര്‍ക്കുവാന്‍, മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതല്‍ തിളക്കമാര്‍ന്നതാക്കുവാന്‍ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കുന്നു.

ബഹുമാനപെട്ട മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാവില്‍ നിന്നും മുന്‍ സ്പീക്കര്‍മാരായ എന്റെ പ്രിയ സഖാക്കള്‍ ശ്രീരാമകൃഷ്ണനില്‍ നിന്നും എം.ബി രാജേഷില്‍ നിന്നും അതേപോലെ തന്നെ സീനിയറായ ഭരണ  പ്രതിപക്ഷ സഹസാമാജികരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും.
ഭരണപക്ഷത്തോടൊപ്പം നിയമനിര്‍മ്മാണ സഭയിലെ പ്രധാന ഫോഴ്‌സ് എന്ന നിലയില്‍ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കികൊണ്ട് സഭയെ മുന്നോട്ട് നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാര്‍ത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കും.

ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്‌നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്
എ.എന്‍ ഷംസീര്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ