കേരളം

വ്യാജ അഭിഭാഷകയായി ജോലി; മാസങ്ങളോളം ഒളിവിലായിരുന്ന സെസി സേവ്യര്‍ കീഴടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഒളിവില്‍ പോയ സെസി സേവ്യര്‍ മാസങ്ങള്‍ക്ക് ശേഷം കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയാണ് സെസി സേവ്യര്‍ കീഴടങ്ങിയത്. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കി എന്നതാണ് പരാതി. നേരത്തെ കോടതി കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.

ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. രണ്ടര വര്‍ഷത്തോളമായി ജില്ലാ കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.

2021ല്‍ സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എന്റോള്‍മെന്റ് നമ്പറില്‍ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗണ്‍സിലിന്റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബം​ഗളൂരുവിൽ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)