കേരളം

ചാന്‍സലറെ ക്യാമ്പസില്‍ കയറ്റില്ല, കാറിന് മുന്നില്‍ ചാടിയിട്ടില്ല; സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെനറ്റിലേക്ക് ആര്‍എസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരെ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എസ്എഫ്‌ഐ. ഇത്തരത്തില്‍ യോഗ്യതകള്‍ മറികടന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയിട്ടുള്ള സെനറ്റ് നോമിനേഷനില്‍ അംഗങ്ങളുടെ ലിസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വെളിപ്പെടുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആവശ്യപ്പെട്ടു. ചാന്‍സലറെ ക്യാമ്പസുകളില്‍ കയറാന്‍ പോലും അനുവദിക്കില്ല. കരിങ്കൊടി പ്രതിഷേധം അടക്കം വരും ദിവസങ്ങളിലും തുടരുമെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചാടിയിട്ടില്ല. അക്രമം നടത്തിയിട്ടുമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിയോഗിച്ചതിനെതിരെയാണ് സമരം നടത്തിയത്. കേരളത്തില്‍ സര്‍വകലാശാലകളെ സംഘപരിവാറിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനെതിരെയും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനെതിരെയുമാണ് സമരം.സര്‍വകലാശാല ഭരണസമിതികളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റുന്ന സമീപനം തുടര്‍ന്നാല്‍ സമരം തുടരുമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ വെങ്കല മെഡല്‍ നേടിയ വിദ്യാര്‍ഥിയെ ഒഴിവാക്കിയാണ് സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. അക്കാദമിക പ്രാവീണ്യം യോഗ്യതയായിട്ടുള്ള സെനറ്റ് അംഗങ്ങളില്‍ ഒരാളുടെ റിസല്‍റ്റ് ഇതുവരെ വന്നിട്ടില്ല. രണ്ടാമത്തെയാളെ സംബന്ധിച്ച് ഇതുവരെ വന്നത് ബി ഗ്രേഡും സി ഗ്രേഡുമാണ്.കലാമേഖലയുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നതാണ് ഗവര്‍ണര്‍ നിര്‍ദേശിച്ച സെനറ്റ് അംഗത്തിന്റെ യോഗ്യത.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ബോഡി ബില്‍ഡര്‍ ആണ് എന്നതാണ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത മറ്റൊരു സെനറ്റ് അംഗത്തിന്റെ യോഗ്യത. ഇങ്ങനെ എല്ലാതരത്തിലും യോഗ്യതകള്‍ മറികടന്നാണ് ചാന്‍സലര്‍ സെനറ്റ് നോമിനേഷന്‍ നടത്തിയിരിക്കുന്നത്.  ഈ ആളുകളുടെ വിവരം ചാന്‍സലര്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് വെളിപ്പെടുത്താന്‍ തയ്യാറാകണം.കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഎംഎസ് നേതാവിന്റെ ഭാര്യ ഗവര്‍ണറുടെ പ്രതിനിധിയായി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 18 അംഗങ്ങളെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ 16 പേരെയും ഗവര്‍ണറാണ് നോമിനേറ്റ് ചെയ്തത്. സര്‍വകലാശാല നല്‍കിയ പട്ടികയില്‍ നിന്ന് രണ്ടുപേരെ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതില്‍ രണ്ടുപേര്‍ ലീഗ് നേതാക്കളാണ്. മറ്റു രണ്ടുപേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. കേരളയില്‍ 17ല്‍ രണ്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. സംഘപരിവാറിന്റെ ഏജന്റ് ആയ ചാന്‍സലര്‍ ഇട്ടുകൊടുക്കുന്ന അപ്പകഷണം ഭക്ഷിച്ചിട്ട് അദ്ദേഹത്തിനും ആര്‍എസ്എസിനും പാദസേവ ചെയ്യുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചെന്നും ആര്‍ഷോ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്

ഒരു കോടി പിടിച്ചെടുത്ത സംഭവം; വീഴ്ച ബാങ്കിനെന്ന് സിപിഎം; രേഖകള്‍ പുറത്തുവിട്ടു