കേരളം

കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍; നിരവധി പേര്‍ കരുതല്‍ തടങ്കലില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുല്‍ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. 

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോഴായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നില്‍ കരിങ്കൊടി കാണിച്ച ആറു പേരും പൊലീസിന്റെ പിടിയിലായി. 

മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് കണ്ണൂരില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഏഴു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമായാണ് ഏഴുപേരെ കരുതല്‍ തടങ്കലിലാക്കിയത്. 

മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസിന്റെ നടപടി. കാസർകോട് യൂത്ത് കോൺ​ഗ്രസ് നേതാവ് ഉമേഷ് കാട്ടുകുളങ്ങരയെ പൊലീസ് കരുതൽ തടങ്കലിലാക്കി. കാസര്‍കോട് മുഖ്യമന്ത്രിക്ക് ഇന്ന് അഞ്ച് പൊതു പരിപാടിയാണുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് കാസര്‍കോടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാസർകോട് 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രി ഭീരു, ഓടിയൊളിക്കുന്നു: വിഡി സതീശൻ

കനത്ത സുരക്ഷയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി. മുഖ്യമന്ത്രി ഭീരുവാണ്. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന്‍ ചോദിച്ചു. 

ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ  വിളിക്കുന്നത്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍