കേരളം

ആശ്രിത നിയമനത്തില്‍ നിയന്ത്രണം?; സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു; നാലാം ശനിയാഴ്ച അവധി നല്‍കുന്നതും പരിഗണനയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിപി ജോയി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാനാകുന്നവര്‍ക്ക് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. 

നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. സര്‍വീസിലിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക്, ആശ്രിത നിയമന പ്രകാരം അര്‍ഹതപ്പെട്ടവര്‍ ജോലിയില്‍ കയറാനുള്ള  കാലപരിധി ഒരു വര്‍ഷമായി ചുരുക്കാനാണ് ആലോചന. ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാനാകാത്തവര്‍ക്ക് 10 ലക്ഷം രൂപ ആശ്രിത ധനം കൈപ്പറ്റാം.

പിന്നീട് ഇവര്‍ക്ക് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്. 

ഇതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അതും തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ മാസം 10 ന് ഓണ്‍ലൈനായി ചീഫ് സെക്രട്ടറി യോഗം വിളിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും.

പരിഗണിക്കുന്നത് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ

ആശ്രിത നിയമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ആശ്രിത നിയമനം പൂര്‍ണമായി നിര്‍ത്തണമെന്ന് 11-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശമ്പള കമ്മീഷന്റെ ഈ നിര്‍ദേശം പഠിച്ചശേഷമാണ് സമിതി നിര്‍ദേശം മുന്നോട്ടു വെച്ചത്. 

സംസ്ഥാനത്ത് 1970 മുതലാണ് ആശ്രിത നിയമനം ആരംഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കേ മരിച്ചാൽ ജീവിത പങ്കാളിയ്ക്കോ മക്കള്‍ക്കോ മരിച്ചയാള്‍ വിവാഹിതനല്ലെങ്കിൽ അടുത്ത ബന്ധുക്കള്‍ക്കോ സര്‍ക്കാര്‍ സര്‍വീസിൽ ജോലി നല്‍കുന്ന രീതിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ