കേരളം

അമല്‍ജ്യോതിയിലെ പ്രതിഷേധം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു; ശ്രദ്ധയുടെ കുറിപ്പ് പഴയതെന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചീഫ് വിപ്പ് എന്‍ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്. 

ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐ കെ വി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്നുകാണിച്ച് പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ തന്നെ തടഞ്ഞിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവിധേയയായ ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കോളജിലെത്തി വിദ്യാര്‍ത്ഥികളുടേയും കോളജ് ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കും. ഡിവൈഎസ്പി ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റല്‍ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

അതേസമയം, മരിച്ച ശ്രദ്ധ സതീഷ് എഴുതിയെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് കുടുംബം പറഞ്ഞു. സുഹൃത്തുക്കൾക്ക് സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 

വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി