കേരളം

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളജ് മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ ഗൂഢാലോചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. താന്‍ എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് വന്നതിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നടത്തിയ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

പ്രിന്‍സിപ്പലടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അഖില നന്ദകുമാര്‍ കേസില്‍ അഞ്ചാം പ്രതിയാണ്. കേസില്‍ ഒന്നാം പ്രതിയായ പ്രിന്‍സിപ്പലിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. ഗൂഢാലോചന നടന്നിട്ടില്ലെന്നും സാങ്കേതിക പിഴവാണ് ആര്‍ഷോയുടെ പേര് മാര്‍ക്ക് ലിസ്റ്റില്‍ വന്നതിന് കാരണം എന്നുമാണ് പ്രിന്‍സിപ്പല്‍ വിഎസ് ജോയ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. 

ഗൂഢാലോചനയുണ്ടെന്ന ആര്‍ഷോയുടെ പരാതി മഹാരാജാസ് കോളജ് ഗവേണിങ് കൗണ്‍സില്‍ തള്ളിയിരുന്നു. പിന്നാലെ ക്രൈം ബ്രാഞ്ച് ആര്‍ഷോയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും 'പാസ്ഡ്' എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്.

എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന ആരോപണത്തിന് പിന്നില്‍ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് ആര്‍ഷോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 'മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. മാധ്യമ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ട്. കോട്ടയം ജില്ലയിലെ അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം ഏറ്റെടുത്ത് എസ്എഫ്‌ഐ ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ആ സമരത്തെ പൊതു സമൂഹത്തില്‍ എത്തിക്കാത്ത മാധ്യമങ്ങള്‍ എസ്എഫ്‌ഐയ്ക്ക് പിന്നാലെ വരുന്നത്.

എസ്എഫ്‌ഐയെ മോശമായി ചിത്രീകരിച്ച് അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണം പൊതുസമൂഹത്തില്‍ എത്തിക്കാത്ത തരത്തില്‍ പണം പറ്റി ചില മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സംശയമുണ്ട്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഒരുദിവസം മൂന്നോനാലോ വട്ടം നിലപാട് മാറ്റി പറയുകയാണ്.'- ആര്‍ഷോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ബിജെപിക്ക് വോട്ടുചെയ്തത് ഒന്നും രണ്ടുമല്ല, എട്ടു തവണ; കള്ളവോട്ടു ചെയ്തയാള്‍ അറസ്റ്റില്‍ (വീഡിയോ)

ഇഷ്ടമുള്ള വിശ്വാസ രീതി പിന്തുടരാന്‍ ആര്‍ക്കും അവകാശം, സ്വകാര്യതാ അവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കും?, കാരണമിത്

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)