കേരളം

നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം; നിയമത്തെ ഭയമില്ലാത്തതുകൊണ്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ജില്ലാ കലക്ടര്‍ ഈ മാസം 12 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ദുരന്തത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി രജിസ്ട്രിക്ക് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. മരിച്ചവരില്‍ ഏറെയും കുട്ടികള്‍ ആണെന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

താനൂര്‍ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കലക്ടര്‍, മലപ്പുറം എസ്പി, താനൂര്‍ നഗരസഭ സെക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ തുടങ്ങിയവര്‍ എതിര്‍ കക്ഷികളാകും. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിയമത്തെയും സംവിധാനങ്ങളെയും ഭയമില്ലാത്തതുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. 

അത്യധികമായ ദുഃഖഭാരത്താല്‍ ഹൃദയത്തില്‍ നിന്നും രക്തം പൊടിയുന്നു. മരിച്ച 22 പേരുടെ കുടുംബങ്ങളുടെ വിലാപം കോടതിയെ പൊള്ളിക്കുന്നു. താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ മാത്രമല്ല, ഉത്തരവാദികളായ ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. നൂറുകണക്കിന് ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന കേരളത്തില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകരുത്. അതിനാല്‍ ജുഡീഷ്യറിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 

അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമ്പോള്‍ മാത്രമാണ് നിയമലംഘനങ്ങള്‍ തടയപ്പെടുകയുള്ളൂ. താനൂര്‍ നഗരസഭയെയും കോടതി വിമര്‍ശിച്ചു. നിയമം നടപ്പിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം എവിടെയാണ്?. ഉത്തരവാദികളായ ഉദ്യോ​ഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.  ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുന്ന കാലം വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം