കേരളം

'ഇത് പ്രത്യേക മാനസികാവസ്ഥ'; ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെ കൈയില്‍ അല്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെ കൈയിലാണെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെയും കൈയില്‍ അല്ല. ശരിയായ രീതീയില്‍ തന്നെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരൻ എന്ന ചോദ്യം എന്തുകൊണ്ടാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം പരിശോധിച്ചാൽ സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് ചെയ്തു വരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്, അതിനെ പർവതീകരിച്ച് കേരളത്തിൽ ആകെ ഉണ്ടാകുന്നത് എന്ന നില ഉണ്ടാക്കേണ്ടതില്ല. ആഭ്യന്തരവകുപ്പിനെ നയിക്കുന്നത് ഗൂഢസംഘം എന്ന ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണ്, ഏത് ഗൂഢസംഘമാണ് നയിക്കുന്നത്- മുഖ്യമന്ത്രി ചോദിച്ചു. അവരവർക്കുള്ള രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി നാടിനെയാകെ അപഹസിക്കാനും അഭിമാനകരമായ അന്തരീക്ഷം നിലനിൽക്കുന്നതിനെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ്വമായ നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് പട്രോളിങ്ങിന് വേണ്ടി വാഹനത്തിൽ പെട്രോൾ അടിക്കാൻ പൈസ ഇല്ല എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്, സാമ്പത്തിക പ്രയാസമുണ്ട് എന്നത് ശരി തന്നെ, എന്നാൽ പെട്രോൾ അടിക്കാത്തതുകൊണ്ട് പട്രോളിങ് മുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുടെ കാര്യത്തിൽ രാജ്യത്ത് തന്നെ മികച്ച റെക്കോർഡ് ആണ് സംസ്ഥാനത്തിന്. ചില പ്രദേശങ്ങളിൽ ചില സംഭവങ്ങളുണ്ടാകുന്നു എന്നത് വസ്തുതയാണ്. ഇതിനെ മറികടക്കാനാകണം. അതിന് പൊതുപ്രസ്ഥാനങ്ങളുടെ ബോധപൂർവ്വ ഇടപെടൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലുവയില്‍ എട്ടുവയസുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതില്‍ നമ്മുടെ നാടാകെ വേദനിക്കുന്നതുമാണ്. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നൂകൂടാ എന്നാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ എന്നതാണ് ഏറ്റവും പ്രധാനം. ആലുവയില്‍ രണ്ടുസംഭവങ്ങള്‍ ഉണ്ടായത് പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിനു വേണ്ടതുണ്ട്.
 
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും  ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.  ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പൊലീസ് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി