കേരളം

'പിണറായി സര്‍ക്കാര്‍ മനുഷ്യരെ വെടിവെച്ചിട്ടത് മുയലിനെ കൊല്ലുന്നതുപോലെ'; ഗ്രോ വാസു ജയില്‍ മോചിതനായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ കോടതി വെറുതേവിട്ടതിന് പിന്നാലെയാണ് 45 ദിവസത്തിന് ശേഷം ഗ്രോ വാസു ജയില്‍ മോചിതനായത്. ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗ്രോ വാസുവിനെ സ്വീകരിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് എട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് വധിച്ചതെന്ന വാദം ഗ്രോ വാസു ആവര്‍ത്തിച്ചു. കാട്ടുമുയലിനെ കൊല്ലുന്നത് പോലെയാണ് പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു. എട്ടുപേരെ കൊന്നതിനെ തമസ്‌ക്കരിക്കാന്‍ കഴിയില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് കേസില്‍ ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു കൂട്ടിച്ചേര്‍ത്തു. 

കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതേവിട്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. വാറണ്ടിനെതുടര്‍ന്ന് ജൂലൈ 29 നാണ് ഗ്രോ വാസുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

2016 ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ പൊലീസ് കേസെടുത്തത്.വാഹനങ്ങള്‍ തടഞ്ഞു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ നേരത്തെ വെറുതെ വിട്ടിരുന്നു.രണ്ടുപേര്‍ പിഴ അടയ്ക്കുകയും ചെയ്തു. ഗ്രോ വാസു മാത്രമാണ് കേസില്‍ അവശേഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ഗ്രോ വാസു പൊലീസിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍