ഇരുചക്രവാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
ഇരുചക്രവാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്  പ്രതീകാത്മക ചിത്രം
കേരളം

ഇരുചക്രവാഹന യാത്രയില്‍ കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പാദങ്ങള്‍ക്കും വരെ റോള്‍ ഉണ്ട്!; മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.ചെറുതോ വലുതോ എന്തുതന്നെയായാലും വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. വാഹന യാത്രയില്‍ ഏറ്റവുമധികം അപകട സാധ്യത ഉള്ളത് ഇരുചക്രവാഹനയാത്രയ്ക്കാണ്. ഇരുചക്രവാഹന യാത്രയില്‍ ശരിയായ രീതിയില്‍ ഇരുന്ന് യാത്ര ചെയ്യുക എന്നത് പ്രധാനമാണ്. അല്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. സുരക്ഷാ ബെല്‍റ്റോ മറ്റു സ്ഥാന ക്രമീകരണ സംവിധാനങ്ങളോ ഒന്നുമില്ല. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണുകള്‍, തോളുകള്‍, കൈമുട്ടുകള്‍, കൈകള്‍, ഇടുപ്പ്, കാല്‍മുട്ടുകള്‍, പാദങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുണ്ടെന്നും ഇവയുടെ സ്ഥാനം ഏങ്ങനെയായിരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും...7.O

വാഹനങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ യാത്രകള്‍ ഒഴിച്ചു കൂടാനാവത്തതുമായി. ചെറുതോ വലുതോ ഹ്രസ്വമോ ദീര്‍ഘമോ ആകട്ടെ വാഹനങ്ങളില്ലാത്ത ഒരു യാത്ര ഇന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. നാം വാഹനങ്ങളായി, നാമാണ് വാഹനങ്ങളല്ല യാത്ര ചെയ്യുന്നത് എന്ന ബോധ്യത്തിലേയ്ക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇരുചക്രവാഹനയാത്രയിലെ മറ്റൊരു അനിശ്ചിതത്വമാണ് വാഹനത്തിന് മുകളില്‍ നമ്മെ എങ്ങിനെ ഇരുത്തണം എന്നത്. നമ്മുടെ ശരീരത്തെ, സീറ്റിന് മുകളില്‍ ശരിയായ രീതിയില്‍ യഥാസ്ഥാനത്ത് യഥാവിധി 'പ്രതിഷ്ഠിക്കേ'ണ്ടത് ഇരുചക്രവാഹനസുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമായ സംഗതിയാണ്. ബാലന്‍സിംഗിനേയും ഡ്രൈവിംഗിനേയും സ്ഥിരതയേയും ബ്രേക്കിംഗിനേയും ഒക്കെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് നിസ്സാരമെന്ന് നാം കരുതുന്ന ഈ 'ശകടാസനം'

ഇരുമെയ്യായ ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ആദ്യഭാഗത്ത് സൂചിപ്പിച്ച പോലെ മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്, പ്രത്യേകിച്ചും ഇരുചക്രവാഹനഡ്രൈവിംഗ്

മറ്റു വാഹനങ്ങളില്‍ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വിഭിന്നമാണ് ഇരുചക്രവാഹനസീറ്റുകള്‍. പുറംതാങ്ങിയും കൈത്താങ്ങിയും ബെല്‍റ്റും സ്ഥാനക്രമീകരണസംവിധാനങ്ങളുമില്ല. മാത്രമല്ല, ഇതരവാഹനങ്ങളില്‍ സ്വശരീരത്തെ വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തുക എന്നതാണെങ്കില്‍ ഇവിടെ വാഹനത്തെ ശരീരത്തോട് ഇറുകേ ചേര്‍ത്ത് പിടിച്ചുള്ള ഒരു 'യോഗവിദ്യാ'പ്രയാണമാണ് ഇരുചക്രവാഹനത്തിന് മുകളിലെ ഇരുപ്പ് എന്നത്. അതൊരു ഒന്നൊന്നര ഇരിപ്പാണ്. ആ ഇരിപ്പ് ശരിയല്ലെങ്കില്‍ പരിപ്പിളകും ചിലപ്പോള്‍ വിരിപ്പിടേണ്ടി വരും കിടപ്പ് ശരിയാക്കാന്‍....

വാഹനങ്ങള്‍ ജീവിതത്തിന്റെ മാത്രമല്ല ശരീരത്തിന്റെ തന്നെ ഭാഗമായി മാറേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാല്‍ നമ്മുടെ ദൈനംദിനോപയോഗത്തിന് ഒരു വാഹനം തിരഞ്ഞെടുക്കുമ്പോള്‍, ഒരു ചെരുപ്പ് വാങ്ങുന്ന ജാഗ്രത ഇവിടേയും പ്രസക്തമാണ്.

സ്വകാര്യാവശ്യങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവര്‍ത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍പായി ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ergonomics ഓരോരുത്തരിലും വ്യത്യസ്തവുമായിരിക്കും എന്നത് മറക്കാതിരിക്കുക.

ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ :

ശകടാസനം വികടാസനമായാല്‍ അപകടാസനമാകും.....

അപകടം ആസന്നവുമാകും.

_____________________________

എര്‍ഗണോമിക്‌സ്

1) കണ്ണുകള്‍ :-

റോഡിന്റെ വിശാലമായ കാഴ്ച തടസ്സപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക

2) തോളുകള്‍ :-

ആയാസരഹിതമായി വച്ച് നടു നിവര്‍ത്തി ഇരിക്കുക

3) കൈമുട്ടുകള്‍ :-

ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക

4) കൈകള്‍ :-

പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധം പിടിയ്ക്കുക

5) ഇടുപ്പ് :-

സ്റ്റിയറിംഗ് ഹാന്‍ഡിലും പെഡലുകളും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ ആയാസരഹിതമായി വയ്ക്കുക

6) കാല്‍മുട്ടുകള്‍ :-

വാഹനത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍, ഫ്യുവല്‍ ടാങ്കിനോട് ചേര്‍ത്ത് വയ്ക്കുക

7) പാദങ്ങള്‍ :-

പാദത്തിന്റെ/പാദരക്ഷയുടെ മദ്ധ്യഭാഗം ഫൂട്ട് റെസ്റ്റില്‍ അത്യാവശ്യം അമര്‍ത്തി കാല്‍പ്പാദം മുന്‍പിലേയ്ക്കായി മുന്‍അഗ്രങ്ങള്‍ (Toes) ബ്രേക്ക്, ഗിയര്‍ പെഡലുകളില്‍ ലഘുവായി അമര്‍ത്തി വയ്ക്കുക.

NB : മറ്റുതരം വാഹനങ്ങളിലും ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍ ശരീരഭാഗങ്ങള്‍ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുന്‍പിലേയ്‌ക്കോ പുറകിലേയ്‌ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)