എ കെ ആന്റണിയും ഭാര്യ എലിസബത്തും വോട്ട് രേഖപ്പെടുത്തിയപ്പോൾ
എ കെ ആന്റണിയും ഭാര്യ എലിസബത്തും വോട്ട് രേഖപ്പെടുത്തിയപ്പോൾ  പിടിഐ
കേരളം

വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്; പോളിങ് 60 ശതമാനം കടന്നു; വോട്ടര്‍മാരുടെ നീണ്ട നിര

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പത്തുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 60.23 ശതമാനം. ഇതുവരെയുള്ള കണക്കനുസരിച്ച് കണ്ണൂരിലാണ് ഏറ്റവുമധികം പോളിങ്. 63.72 ശതമാനം. കുറവ് പോളിങ് പൊന്നാനിയിലാണ്. 55.69 ശതമാനം. വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നതോടെ മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 58.24 ശതമാനം, ആറ്റിങ്ങല്‍ 61.24, കൊല്ലം 58.46, പത്തനംതിട്ട 56.90, മാവേലിക്കര 58.33, ആലപ്പുഴ 63.35, കോട്ടയം 58.48, ഇടുക്കി 58.33, എറണാകുളം 59.08, ചാലക്കുടി 62.32, തൃശൂര്‍ 61.34, പാലക്കാട് 61.91, ആലത്തൂര്‍ 61.08, പൊന്നാനി 55.69, മലപ്പുറം 59.12, കോഴിക്കോട് 60.88, വയനാട് 62.14, വടകര 61.13, കണ്ണൂര്‍ 63.72, കാസര്‍കോട് 62.68 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വൈകീട്ട് ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് നീളും.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ആറുമരണം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചതാണ് രണ്ടാമത്തെ സംഭവം. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു.

ആലപ്പുഴ കാക്കാഴം എസ്എന്‍ വി ടിടിഐ സ്‌ക്കൂളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) ആണ് കുഴഞ്ഞു വീണ് മരിച്ചത്. 138 നമ്പര്‍ ബൂത്തിലെ വോട്ടറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം