കേരളം

വി മുരളീധരന്‍ പിണറായിക്കും കേന്ദ്രത്തിനും ഇടയിലെ ഇടനിലക്കാരന്‍; കേസുകളില്‍ സംഘപരിവാറുമായി സെറ്റില്‍മെന്റ്:  വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനും ഇടയിലെ ഇടനിലക്കാരന്‍ കേന്ദ്രമന്ത്രി വി മുരളീധരനനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു. എല്ലാ കേസുകളിലും പിണറായി -സംഘപരിവാര്‍ സെറ്റില്‍മെന്റുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

വീണ വിജയനെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍ ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്. അത് അഴിമതി വിരുദ്ധ നിയമത്തിന്റെയും സാമ്പത്തിക തട്ടിപ്പിന്റേയും പരിധിയില്‍ വരുന്നതാണ്. സിബിഐയോ ഇഡിയോ അന്വേഷിക്കേണ്ട വളരെ ഗുരുതരമായ കേസാണ്. വിശദമായ അന്വേഷണമാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആവശ്യപ്പെടുന്നത്. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം എന്താണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. 

എക്‌സാലോജിക് കമ്പനിക്ക് അവരുടെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ലെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുന്നില്‍ അവരുടെ ഭാഗം പറയാന്‍ അവസരം കിട്ടിയിട്ടും ഒരു രേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിന് സാധിച്ചില്ല. രണ്ടു കമ്പനികളും തമ്മിലുള്ള കരാറും, ഇവര്‍ തമ്മിലുള്ള കറസ്‌പോണ്ടൻസും ഹാജരാക്കാന്‍ പറ്റിയില്ല. ആലുവയിലെ കമ്പനിക്ക് എന്തെങ്കിലും സര്‍വീസ് നല്‍കിയതായും ഹാജരാക്കാനായിട്ടില്ല.

ഒരു രേഖയും ഇവരുടെ പക്കലില്ല. ആകെയുള്ളത് പണം ഇടപാടിന്റെയും ടാക്‌സ് അടച്ചതിന്റെയും രേഖ മാത്രമാണ്. അതു കൊണ്ടാണ് കള്ളപ്പണം വെളുപ്പിച്ചതാണെന്ന് ആര്‍ഒസി കണ്ടെത്തിയത്. മുഖ്യമന്ത്രിയും ഇതിലുണ്ടല്ലോ. മുഖ്യമന്ത്രി ഇല്ലെങ്കില്‍ ഒരു കമ്പനി പണം അയച്ചുകൊടുക്കേണ്ടതില്ലല്ലോയെന്ന് വിഡി സതീശന്‍ പറഞ്ഞു. കെഎസ്‌ഐഡിസി ഇതിനകത്ത് പാര്‍ട്ണറാണ്, ആലുവയിലെ കമ്പനിയിലേക്ക്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനെപ്പോലും അറിയിച്ചില്ലെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍.

എക്‌സാലോജികും സിഎംആര്‍എല്ലും തമ്മിലുള്ള കരാറിനെപ്പറ്റി എകെ ബാലന് എന്തറിയാം. ഇതെല്ലാം സിപിഎമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ. ഇതിന്റെയെല്ലാം രേഖകള്‍ ഉണ്ടെങ്കില്‍ ബാലന്‍ പൊതു സമൂഹത്തിന് മുന്നില്‍ ഹാജരാക്കട്ടെ. അല്ലാതെ വെറുതെ വന്നു വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല. രണ്ടു സ്റ്റാറ്റ്യൂട്ടറി ഏജന്‍സികളുടെ കണ്ടെത്തലും തെറ്റാണെങ്കില്‍, അതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കി, സ്റ്റാറ്റ്യൂട്ടറി ഏജന്‍സികളുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ബാലന്‍ തെളിയിക്കട്ടെ. 

പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റേയും വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ആര്‍ഒസി കണ്ടെത്തല്‍. അതില്‍ കോണ്‍ഗ്രസ് എന്തു പിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സാമ്പത്തിക തട്ടിപ്പ് കേരളത്തിലും കര്‍ണാടകയിലുമായി നടന്നതാണ്. പിണറായിയും കേന്ദ്രമന്ത്രി മുരളീധരനും തമ്മില്‍ ഒരു സെറ്റില്‍മെന്റുണ്ട്. അതുകൊണ്ടാണ് ഇഡിയോ സിബിഐയോ അന്വേഷിക്കാതെ കോര്‍പ്പറേറ്റ് മന്ത്രാലയം തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 

സ്വര്‍ണ കള്ളക്കടത്തു കേസ്, ലൈഫ് മിഷന്‍ കോഴക്കേസ്, ലാവലിന്‍ കേസ് തുടങ്ങിയ കേസുകളിലെല്ലാം പിണറായി വിജയനും സംഘപരിവാറുമായി സെറ്റില്‍മെന്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഇടനിലക്കാരനാണ് വി മുരളീധരന്‍. അതിനു പകരമായിട്ടാണ് മുരളീധരന്റെ സ്വന്തക്കാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുഴല്‍പ്പണ ഇടപാടില്‍ നിന്നും മാറ്റിക്കൊടുത്തത്. പരസ്പര ധാരണയാണിത്. എന്നിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു, കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ ഡല്‍ഹിയില്‍ പോകുന്നു. മോദിയും പിണറായിയും കൈ ചേര്‍ത്തു പിടിച്ചു നിന്ന നില്‍പ്പുണ്ടല്ലോ എല്ലാത്തിനുമുള്ള മറുപടിയാണ് അതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍