മദാലസ ഋതധ്വജനെ കാണുന്ന രംഗം- രാജാ രവിവര്‍മ്മയുടെ ഭാവനയില്‍
മദാലസ ഋതധ്വജനെ കാണുന്ന രംഗം- രാജാ രവിവര്‍മ്മയുടെ ഭാവനയില്‍  
മലയാളം വാരിക

രാജ്ഞി മദാലസയുടെ താരാട്ട്

ദേശമംഗലം രാമകൃഷ്ണന്‍

മാര്‍ക്കാണ്ഡേയപുരാണത്തില്‍, വിശ്വാവസു എന്നൊരു ഗന്ധര്‍വ്വ രാജാവിന്റെ മകളാണ് മദാലസ. രാജ്ഞിയായും പത്‌നിയായും അമ്മയായും അവള്‍ ആദര്‍ശധര്‍മ്മങ്ങള്‍ പുലര്‍ത്തിപ്പോന്നു. ദാര്‍ശനിക ചിന്തകളാലും ഉല്‍കൃഷ്ട കര്‍മ്മങ്ങളാലും പ്രശസ്തമാണ് ആ മഹതിയുടെ ജീവിതം.

പാതാള കേതു എന്നൊരു രാക്ഷസന്‍ മദാലസയെ തട്ടിക്കൊണ്ടുപോയി പാതാള ദുര്‍ഗ്ഗത്തില്‍ പാര്‍പ്പിച്ചു. അവളെ വിവാഹം ചെയ്യാനായിരുന്നു കേതു ആഗ്രഹിച്ചത്. പക്ഷേ, സ്ഥിതി മാറി മറിഞ്ഞു: ഗോമതീ നദിയുടെ തീരത്തെ ഒരു

ചെറുരാജ്യത്തിലെ രാജാവാണ് ശത്രുജിത്ത്. അദ്ദേഹത്തിന്റെ പുത്രനാണ് ഋതധ്വജന്‍. അദ്ദേഹം പാതാള കേതുവുമായി ഏറ്റുമുട്ടി. അശ്വാരൂഢനായി വന്ന് നടത്തിയ യുദ്ധത്തില്‍ പാതാള കേതുവിനെ ഗാലവാശ്രമത്തിനടുത്ത് വെച്ച് ഋതധ്വജന്‍ കൊന്നു. മദാലസയെ മോചിപ്പിച്ചു. അവര്‍ വിവാഹിതരായി രാജ്യതലസ്ഥാനത്ത് തിരിച്ചെത്തി. ശത്രുജിത്തിന്റെ മരണശേഷം മകന്‍ രാജാവായി, മദാലസ രാജ്ഞിയായി. അവര്‍ക്ക് ഒരു പുത്രന്‍ പിറന്നു. അവന് വിക്രാന്തന്‍ എന്നാണ് രാജാവ് പേരിട്ടത്. ആ പേരു കേട്ട് രാജ്ഞിക്കു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ ചിരി രാജാവിനെ അമ്പരപ്പിച്ചു.

വിക്രാന്തനെ ഉറക്കാന്‍ സാധാരണ താരാട്ടുപാട്ടല്ല രാജ്ഞി പാടിയിരുന്നത്, വേദാന്തസാരങ്ങള്‍ ഈണപ്പെടുത്തി ആലപിക്കുകയായിരുന്നു. ഉറക്കുപാട്ടാണെങ്കിലും ഉറക്കത്തോടൊപ്പം ആത്മീയ ഉണര്‍വു പകരുന്നതുകൂടിയായിരുന്നു അത്. വിക്രാന്തന്‍ വളര്‍ന്നുവന്നതോടെ വേദാന്ത കാര്യങ്ങള്‍ കൂടുതലായി പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ജനിച്ച സുബാഹു, ശത്രു മര്‍ദ്ദനന്‍ എന്നീ പുത്രന്‍മാരെയും ഈ വിധമാണ് ആ അമ്മ വളര്‍ത്തിയത്. ആ മൂന്നു പുത്രരും വേദാന്തികളായി ലൗകികതയോട് നിസ്സംഗരായിത്തീര്‍ന്നു.

നാലാമതും ഒരു പുത്രന്‍ പിറന്നു. അവന് പേരിടാന്‍ രാജാവ് ആലോചിച്ചു. അപ്പോള്‍ രാജ്ഞിയോട്, ''മറ്റു മൂന്നു കുട്ടികള്‍ക്കും പേരിട്ട സമയത്ത് അമ്മയായ നീ എന്തിനാണ് പരിഹസിച്ചു ചിരിച്ചത്?'' എന്ന് ചോദിച്ചു. പേരുകള്‍ ലൗകിക സൂചകങ്ങളാണെന്നും സ്വത്വത്തെ സംബന്ധിച്ചിടത്തോളം അവയ്ക്ക് അര്‍ത്ഥമൊന്നും ഇല്ലെന്നുമാണ് രാജ്ഞി പ്രതികരിച്ചത്. അലര്‍ക്കന്‍ എന്ന് നാലാമത്തെ പുത്രന് പേരിട്ടത് മദാലസയാണ്. എട്ടടി മാന്‍, വെളുത്ത എരുക്ക്, ഒരുതരം പുഴു, പേപ്പട്ടി എന്നിങ്ങനെ പേരിന്റെ അര്‍ത്ഥം എന്തുമാകട്ടെ, മകനെ ലൗകിക വിരക്തനാക്കാതെ, കര്‍മ്മയോഗിയായി വളര്‍ത്താനുള്ള ഭര്‍ത്താവിന്റെ നിര്‍ദേശം മദാലസ അംഗീകരിക്കുകയാണുണ്ടായത്. ധീരതയും സത്യവും വിളങ്ങുന്ന താരാട്ടുകളാണ് അവനു വേണ്ടി അമ്മ പാടിയത്.

ഉപദേശ മോതിരം

പിന്നെ, മദാലസയും ഋതധ്വജനും അലര്‍ക്കനെ രാജാവായി വാഴിച്ച് വാനപ്രസ്ഥം പൂകി. വനത്തിലേയ്ക്കു പോകും മുന്‍പ്, അമ്മ അലര്‍ക്കന് ഒരു സ്വര്‍ണമോതിരം കൊടുത്തിരുന്നു: ''പ്രതിസന്ധിയില്‍, വിപത്ഘട്ടത്തില്‍ നീ ഈ മോതിരം തുറന്ന് അതിലെ കുറിപ്പുകള്‍ വായിച്ച്, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക'' - മോതിരത്തിനകത്ത് ചെറിയൊരു തുണിത്തുണ്ടില്‍ അവനു വേണ്ടുന്ന ഉപദേശം കുറിച്ചിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അലര്‍ക്കന്‍ ഏറെക്കാലം ഭരിച്ചു. നേട്ടങ്ങള്‍ പെരുകുന്തോറും ലൗകിക മോഹങ്ങള്‍ പെരുകി. അങ്ങനെയിരിക്കെ, സഹോദരന്‍ സുബാഹു കാശിയിലെ രാജാവിനെക്കൊണ്ട് അലര്‍ക്കന്റെ രാജ്യത്തെ ആക്രമിപ്പിച്ചു. ഈ വിപത്ഘട്ടത്തില്‍ അലര്‍ക്കന്‍ അമ്മയുടെ മോതിരം തുറന്നു നോക്കി. അമ്മ സംസ്‌കൃതത്തില്‍ ഒരു ഉപദേശ കവിത കുറിച്ചിട്ടിരിക്കയാണ്. അധികാര ദുരാഗ്രഹങ്ങള്‍ വെടിയാനും സ്വത്വശുദ്ധിക്കായി തപസ്സനുഷ്ഠിക്കാനുമാണ് നിര്‍ദേശം. ഭരണാധികാരികള്‍ സ്വന്തം ഉള്ളിലേയ്ക്കു നോക്കണമെന്നും അധികാരം തങ്ങളെ എത്രത്തോളം ദുഷിപ്പിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയണമെന്നും ആത്മീയമായ സ്വത്വബോധം പുലര്‍ത്തണമെന്നുമാണ് മാതാ മദാലസയുടെ ഉണര്‍ത്തു താരാട്ട് ധ്വനിപ്പിക്കുന്നത്.

ഉണര്‍ത്തു താരാട്ട്

(സംസ്‌കൃതത്തില്‍നിന്ന് വിവര്‍ത്തനം: ദേശമംഗലം രാമകൃഷ്ണന്‍)

പറയുന്നു മകനേ നിന്നോടു ഞാനും

നീ നിഷ്‌കളങ്കന്‍ ബുദ്ധരൂപന്‍

മകനേ വെടിയൂ ലോകമായ

ഉണരുക മോഹനിദ്ര വെടിയൂ

അറിയൂ നീ നിത്യ വിശുദ്ധന്‍

പേരിനാലല്ല പ്രശസ്തി

മേനിയില്‍ ചാര്‍ത്തിയിടുന്ന

പേരൊരു സങ്കല്പം മാത്രം.

പഞ്ചഭൂത ശരീരവുമല്ല നീ

ഇല്ലയടുപ്പം നിനക്കവയോടും

ഈയൊരകല മടുപ്പം നിന്നെ

കരയിക്കയാവാം മകനേ.

പറയുന്നു നിന്നോടു ഞാനും

കരയുന്നതല്ല വിശ്വജന്മം

പറയുന്നേന്‍ രാജകുമാരകാ, വാക്കിന്റെ

മായയാണായതുമെല്ലാം.

കണ്ണാല്‍ കാണുന്നതൊക്കെ

ഭാവനാനിര്‍മ്മിതി മാത്രം.

ഇന്ദ്രിയങ്ങള്‍ മെനയും മൂലക-

വിദ്യയാണെല്ലാം മകനേ.

വായുവും വെള്ളവും മണ്ണും

തീയുമാകാശവും കാണ്‍ക

അവയാല്‍ വിനിര്‍മ്മിതം ദേഹം

പലതും നേടി വളരാം അഥവാ

പലതുമുടല്‍ വിട്ടുപോകാം

മെലിയില്ല നീ തടിക്കില്ല, ചീഞ്ഞു

പോകയുമില്ല മകനേ.

അറിയുക കഞ്ചുകം പോലെയുടല്‍

അതു പിഞ്ഞും നാള്‍ക്കു നാള്‍ മകനേ

ഉടലാണു നീയെന്ന മിഥ്യാ -

ധാരണ വെടിയൂ മകനേ.

ഉടലൊരു നിമിത്തം നന്മ-

തിന്മയ്ക്കു പോരിനു വേദി.

ചിലര്‍ വാഴ്ത്തും താതനായ് നിന്നെ

ചിലര്‍ വാഴ്ത്തും തനയനായ്, പിന്നെ

നിന്നെക്കണ്ടമ്മയെ വാഴ്ത്താം, പിന്നെ

നിന്നിലൂടെ നിന്റെ പെണ്ണിനെ വാഴ്ത്താം.

പറയാം ചിലര്‍ നിന്നെ 'നീയെന്റേതല്ലോ'

പറയാം ചിലര്‍ നിന്നെ 'നീയെനിക്കൊന്നുമല്ല'-

അറിയുക ഇതെല്ലാം പഞ്ച -

ഭൂതങ്ങളൊത്തുള്ള കേളി.

അവയാണു നീയെന്നു കരുതാതിരിക്കുക

ഇന്നവ രസകരമാകാം, നാളെ

കൊടിയ നിരാശകളാവാം.

ഓടുമീ വാഹനം വേറെ, യതി-

ലേറിയിരിപ്പവന്‍ വേറെ

കാണുമീ ദേഹം വേറെ, യതി-

ലേറിയിരിപ്പവന്‍ വേറെ

ഉടലൊന്നു വേറെ, ഉടലിന്റെ

ഉടമസ്ഥന്‍ വേറെയാകുന്നു

അഹം ദേഹമെന്നു

കരുതുവോന്‍ മൂഢനാകുന്നു

അറിയുകെന്‍ വാക്യങ്ങളുണ്ണീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍