ലേഖനം

ഗ്രന്ഥ നശീകരണം നൊമ്പരമാര്‍ന്ന ചരിത്രത്താളുകള്‍

പി. കൃഷ്ണനുണ്ണി

നശീകരണത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദുരന്തമേറ്റുവാങ്ങിയത് പുസ്തകങ്ങളായിരിക്കും. ഓരോ കൃതിയും ഒരു നവസൃഷ്ടിയാണെന്ന് വിശ്വസിച്ചുപോരുമ്പോഴും മനുഷ്യഭാവനകളെ ഉല്ലംഘിച്ചുകൊണ്ട് അതിനുള്ളില്‍ നിറഞ്ഞിരിക്കുന്നത് ദ്വേഷത്തിന്റെ മരുന്നാണെന്നും വിഷവിത്തുകളാണെന്നുമെല്ലാം ചിന്തിച്ചുകൊണ്ട് ഒടുവില്‍ സംഹാരത്തിന്റെ കോട്ടകളില്‍ അതിനെ എത്തിക്കുകയാണ് നാമിന്നേവരെ ചെയ്തിട്ടുള്ളത്. സൃഷ്ടിയും സംഹാരവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതില്‍ നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. 

നൂറ്റാണ്ടുകളായി നാഗരികതയുടെ ഓരോ പടവുകളിലും എത്രയോ ഗ്രന്ഥങ്ങള്‍ നമുക്ക് വഴികാട്ടികളായിരുന്നു. ഇന്നുള്ള എല്ലാ വൈജ്ഞാനിക ശാഖകളും ഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ് ഉടലെടുത്തതും. പ്രാഗ്  സംസ്‌കൃതികളില്‍ കൃതികളുടെ പ്രഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്യമായില്ലെങ്കിലും ആധുനിക നരവംശാധിഷ്ഠിത പഠനങ്ങളില്‍നിന്നും മനുഷ്യന്റെ ഓര്‍മ്മകള്‍ കൊണ്ടുനടന്നിരുന്ന ശീലുകളും കഥനങ്ങളും എന്തെല്ലാമായിരുന്നെന്ന് നമുക്കറിയാം. അനേകം ഓര്‍മ്മകള്‍ രൂപപ്പെട്ടുതന്നെ വികാസം പ്രാപിച്ചതാണല്ലോ ക്ലാസ്സിക്കുകളെല്ലാം. ഒരു കൃതി അതായിത്തീരുന്നതിനു മുന്‍പുണ്ടായിരുന്ന യാത്രകള്‍ പരിശോധിച്ചാലറിയാം അതിനുള്ളില്‍ നിറഞ്ഞിരിക്കുന്ന സംഘര്‍ഷങ്ങളുടേയും സംഘാതങ്ങളുടേയും ഉറവിടങ്ങള്‍. അച്ചടിമഷി പടരുന്നതിനും മുന്‍പുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ - അവ ആലേഖനം ചെയ്യപ്പെട്ടിരുന്ന മാര്‍ഗ്ഗങ്ങള്‍, താവളങ്ങള്‍, സൂക്ഷിച്ചുവെച്ചിരുന്ന 'ഇടങ്ങള്‍' എന്നിവയെല്ലാം വിളിച്ചോതിയിരുന്നത് പൗരാണികതയെ മാത്രമായിരുന്നില്ല; അനേക കാലങ്ങളുടെ സമ്പത്തായി അവകാശപ്പെടാവുന്ന യാത്രകളും വാണിജ്യവും വിവരശേഖരണവുമെല്ലാമായിരുന്നു. ഇപ്പറഞ്ഞ കാര്യം വെറും ക്ലാസ്സിക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യസംസ്‌കാരത്തിന്റെ ആധാരശിലകളിലൊന്നായ വിവരങ്ങളുടെ അനുസ്യൂത ശേഖരണങ്ങളില്‍ അവ നിറയുന്നുണ്ട്. എന്നാല്‍, കാലം കഴിയുന്നതോടെ, ഒരു കൂട്ടമാളുകള്‍ അവ എന്നേയ്ക്കുമായി നശിപ്പിക്കുന്നു. മറ്റെന്തോ പുനര്‍സ്ഥാപിക്കുവാനായോ എന്തോ ഭയന്നിട്ടോ. വിനാശത്തിന്റെ ഇത്തരമൊരു ചരിത്രത്തിന്റെ മനഃശാസ്ത്രമെന്തെന്ന് ഇനിയും അറിവായിട്ടില്ല. 

എന്നാല്‍,  ഒന്നറിയാം. സൃഷ്ടിച്ചതെന്തും സംഹരിക്കുന്നവരില്‍ മുന്‍പന്തിയില്‍ മനുഷ്യകുലം തന്നെ. ബോധത്തിന്റെ അറിയപ്പെടാത്ത അടരുകളുമായി ഈ നാശബോധം ബന്ധിതമായിരിക്കുന്നു. വിജ്ഞാനശാഖയില്‍ പുസ്തകങ്ങള്‍ തന്നെയായിരുന്നു എക്കാലത്തും അതിനു വിധേയമായിരുന്നതും.

സമകാലികതയ്ക്കുള്ളിലെ പൗരാണികത
ഫെര്‍നാണ്‍ഡോ  ബായെസ്  (Fernando Baez) അദ്ദേഹത്തിന്റേ ശ്രദ്ധേയമായ 'പുസ്തക നശീകരണത്തിന്റെ ആഗോളചരിത്രം' (A Universal History of the Destruction of Books) എന്ന കൃതി ആരംഭിക്കുന്നത് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായ അമേരിക്കയുടെ ഇറാഖ് ആക്രമണ പശ്ചാത്തലത്തിലാണ്. ഇറാഖിനെ വെറുതെ തകര്‍ക്കുകയല്ല അമേരിക്ക ചെയ്തത്. ഇറാഖിലെ സകല സ്മൃതിരേഖകളും നശിപ്പിക്കുകയെന്നത് അമേരിക്കയുടെ ആവശ്യമായിരുന്നു. അനേക നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുറങ്ങുന്ന ഭൂതലത്തിലെ മ്യൂസിയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, സംഘങ്ങള്‍ ഒത്തൊരുമിച്ചിരുന്ന ഇടങ്ങള്‍ എന്നിങ്ങനെ തകര്‍ത്തെറിയുന്നതിലൂടെ മാത്രമേ ആന്തരികമായി അമേരിക്ക ആഗ്രഹിച്ചിരുന്ന 'കുലങ്ങളെ തകര്‍ക്കുന്ന മാരകായുധങ്ങള്‍' വെച്ചിരുന്നുവെന്ന് മുദ്രകുത്തപ്പെട്ട സ്റ്റേറ്റിനെ നിര്‍വീര്യമാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഫെര്‍ണാണ്‍ഡോ ബായെസ് 

അതിനായി അമേരിക്ക സൃഷ്ടിച്ചത് ആരുമറിയാത്ത മാരകായുധങ്ങള്‍ കൊണ്ടുതന്നെയുള്ള വിനാശമായിരുന്നു. ഒപ്പം അതിസമര്‍ത്ഥമായ കൊള്ളയടിയും. സദ്ദാമിനെ തിരയുന്നുണ്ടെന്ന മട്ടില്‍ ഇറാഖ് മുഴുവന്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ഇസ്ലാമിനെ മനുഷ്യവംശത്തിന്റെ അന്യരായി നിറുത്തുന്നതോടൊപ്പം ഗതകാലങ്ങളുടെ അനന്തവും അനുസ്യൂതവുമായ ഓര്‍മ്മകളെ വല്ല്യേട്ടന്‍ നശിപ്പിക്കുകയുണ്ടായി. നശീകരണം നടന്നിടത്തുനിന്നെല്ലാം അമേരിക്കന്‍ ഭടന്മാര്‍ കൊണ്ടുപോയിട്ടുള്ള സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും അതു കണ്ടുനിന്ന നിര്‍ഭാഗ്യരായ ജനങ്ങളുടേയും ചില ഫോട്ടോ ജേര്‍ണലിസ്റ്റുകളുടേയും മുറിയാത്ത ഓര്‍മ്മകളില്‍ അവ തളംകെട്ടി നില്‍ക്കുന്നുണ്ട്. ''ഞങ്ങളുടെ ഓര്‍മ്മകളൊന്നും ഇനി അവശേഷിക്കുന്നില്ല. നാഗരികതയുടെ മടിത്തട്ടായിരുന്ന ഇടവും എഴുത്തും നിയമവും ഒന്നും. എല്ലാം ചുട്ടുചാമ്പലാക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നത് ചാരം മാത്ര''മെന്നാണ് ബാഗ്ദാദിന്റെ അവസ്ഥയില്‍ ദുഃഖിതനായ കലാനിരൂപകന്‍ കൂടിയായ ഒരു പ്രൊഫസര്‍ മൊഴിഞ്ഞത്. 

മുകളില്‍ പ്രതിപാദിച്ച കാഴ്ച നമ്മെ വേറൊരിടത്തേക്ക് കൊണ്ടുചെല്ലുന്നുണ്ടെന്നത് തീര്‍ച്ച. മെക്സിക്കോവിലെ അസ്റ്റെക്ക് പാരമ്പര്യത്തിലേക്ക്. ഹെര്‍നാണ്‍ഡോ കോര്‍ത്തെസി (Fernando Cortes)ന്റെ നേതൃത്വത്തില്‍ ഒരൊറ്റ പീരങ്കി ഉപയോഗിച്ചാണ് അനന്തരാശികളിലേക്ക് നീണ്ടുകിടന്നിരുന്ന അസ്റ്റെക്കുകളുടെ അമ്പലങ്ങളേയും അവരുടെ ലിഖിതങ്ങളേയും സ്പാനിഷുകാര്‍ ചുട്ടുകരിച്ചത്. തദ്ദേശിയ വംശജര്‍ ഒരിക്കലും പരിഷ്‌കാരികളല്ലെന്നും അവരുടെയുള്ളില്‍ നിറഞ്ഞിരിക്കുന്ന മന്ത്രവാദവും ഗണിതവുമെല്ലാം തങ്ങള്‍ക്കെതിരാണെന്നുമുള്ള വിശ്വാസമായിരുന്നു സ്പാനിഷുകാര്‍ക്കുണ്ടായിരുന്നത്. തദ്ദേശീയരെ നവീകരിക്കണമെങ്കില്‍ അവരുടെ ഭാഷയുടെ വേരുകളായിരിക്കണം ആദ്യം പിഴുതെറിയേണ്ടതെന്നും അവര്‍ വിശ്വസിച്ചു. ലോകത്തെക്കാലവുമുണ്ടായിരുന്ന അധിനിവേശ പടകളില്‍നിന്നും വ്യത്യസ്തരായിരുന്നെങ്കിലും സ്പാനിഷുകാര്‍ വിതച്ച നാശം പോലെ മറ്റൊന്ന് അധിനിവേശ ചരിത്രത്തിലൊരിടത്തും നാം കണ്ടെന്നിരിക്കില്ല. 

തദ്ദേശിയ സംസ്‌കൃതികള്‍ ഒന്നൊന്നായി നശിപ്പിക്കപ്പെട്ട ലാറ്റിനമേരിക്കയുടെ ദുരന്തം അതിദാരുണമായിരുന്നു. അറിവിന്റെ അറിയപ്പെടാത്ത മേഖലകളില്‍ സ്വമേധയാ വിഹരിച്ചിരുന്ന ചെറുകൂട്ടങ്ങള്‍ അതോടെ ചിന്നിച്ചിതറി പല നാടുകളിലുമായൊതുങ്ങിക്കൂടി. അവശേഷിച്ചിരുന്ന ചിലരാകട്ടെ, അവരുടെ ശിഷ്ട സ്മൃതികളില്‍ വേരറ്റുപോയ സംസ്‌കൃതികളെ തുന്നിക്കൂട്ടാനും ശ്രമിച്ചുകൊണ്ടിരുന്നു. അധികാരത്തിന്റെ കറുത്ത അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു. 

ചൈനയില്‍ ബുദ്ധപ്രതിമകള്‍ അഗ്നിക്കിരയാക്കുന്നു

പാപ്പിറെസെ(Papyrus)ന്ന മാധ്യമത്തിലാണ് ആദ്യകാല ഗ്രന്ഥരചനകള്‍ നടന്നിരുന്നത്. ഈജിപ്റ്റിലും ഗ്രീസിലും അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ഈജിപ്റ്റിലെ പൗരാണിക ദേവാലയത്തിലുണ്ടായിരുന്ന ഗ്രന്ഥാലയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നെങ്കിലും അവയിലുണ്ടായിരുന്നവ ദൈവനിഷേധാത്മക ഗ്രന്ഥങ്ങളാണെന്ന തിരിച്ചറിവിലാണ് ചരിത്രത്തില്‍ ഇന്നറിയപ്പെടുന്ന ആദ്യ ഗ്രന്ഥനശീകരണം ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്നാണ് അലക്സാണ്‍ഡ്രിയ ഗ്രന്ഥശാല നശിപ്പിക്കപ്പെടുന്നത്.

ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരുമെല്ലാം അലക്സാണ്‍ഡ്രിയയിലെ ഗ്രന്ഥശേഖരങ്ങളുടെ നശീകരണത്തിന് ഒട്ടനവധി കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും പ്രബലമായ കാരണമെന്തായിരുന്നെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികളാണ് അതു നശിപ്പിച്ചതെന്ന വാദം ചരിത്രകാരനായ ഗിബ്ബണ്‍ പോലും പറയുന്നുണ്ടെങ്കിലും അത്തരം വാദങ്ങള്‍ക്ക് വലിയ സാധ്യതകള്‍ കാണുന്നില്ല. തിയോഫൈലസ് (Theophilus) ദേവാലയം പിടിച്ചടക്കിയപ്പോള്‍, അലക്സാണ്‍ഡ്രിയന്‍ ഗ്രന്ഥാലയം നശിപ്പിക്കാന്‍ ഉത്തരവിറക്കിയെന്ന് ഈ ഈജിപ്റ്റുകാര്‍ ഇപ്പോഴും വിശ്വസിച്ചുപോരുന്നു. ഈജിപ്റ്റിലേക്ക് ആറാം നൂറ്റാണ്ടില്‍ കടന്നുവന്ന അറബികളുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ഗ്രന്ഥങ്ങളുടെ നശീകരണം ആവശ്യമായിരുന്നെന്ന് അവര്‍ തന്നെ ഇപ്പോഴും വിശ്വസിച്ചുപോരുന്നു. വാസ്തവത്തിലിത്, ക്രൈസ്തവ - അറബ് ബന്ധങ്ങളിലൂന്നി നില്‍ക്കുന്ന വിശ്വാസം മാത്രമാണ്. ഇത്തരമൊരു വിശ്വാസമാണ് പിന്നീട് ചരിത്രത്തിലെ പ്രസ്താവനയാകുന്നതും. 

ദേശവിരുദ്ധമെന്ന് മുദ്രകുത്തി പുസ്തകങ്ങള്‍ നാസികള്‍ തീയിടുന്നു

ഗ്രീസിലാകട്ടെ, പുസ്തക ശേഖരണവും നശീകരണവും സമാന്തരമായി നടന്നിരുന്നുവെന്ന് ബായെസ് തെളിയിക്കുന്നു. അരിസ്റ്റോട്ടിലിന്റെ ഇന്നു ലഭ്യമായ കൃതികള്‍ അദ്ദേഹം ജീവിതത്തില്‍ എഴുതിയതിന്റെ ഒരംശം പോലും ഇല്ലെന്നതാണ് വാസ്തവം. അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥാലയത്തില്‍ ദിവസവും അനേകം പുസ്തകങ്ങള്‍ എത്തിക്കൊണ്ടിരുന്നു. അതുപോലെ ഒട്ടനവധി കൃതികള്‍ അവിടെനിന്നും കാണാതാവുകയും ഉണ്ടായിട്ടുണ്ട്. അനേക ദിനരാത്രങ്ങള്‍ ഗഹനമായ പഠനങ്ങള്‍ക്ക് ഉഴിഞ്ഞുവെച്ചുകൊണ്ടാണ് അദ്ദേഹം നാടകസിദ്ധാന്തങ്ങളും വസ്തുവിവരക്കണക്കുകളും ഊര്‍ജ്ജതന്ത്രവുമെല്ലാം എഴുതിയതും പ്രചരിപ്പിച്ചതും. ബി.സി. 323-ല്‍ അലക്സാണ്ടറിന്റെ മരണശേഷമാണ് അയാളുടെ ഗുരു കൂടിയായിരുന്ന അരിസ്റ്റോട്ടിലിന്റെ ജീവിതത്തില്‍ ഉലച്ചിലുകളുണ്ടാകുന്നത്. ഏഥന്‍സിലെ പുരോഹിതന്‍ അരിസ്റ്റോട്ടിലിനെ ദൈവനിഷേധിയെന്ന് മുദ്രകുത്തി.

നാസികളുടെ പുസ്തകനശീകരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടുമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കയില്‍ കാംപെയ്‌നും നടന്നു. 

എന്നാല്‍, അരിസ്റ്റോട്ടിലാകട്ടെ, സോക്രട്ടീസിനെപ്പോലെ വിഷം കഴിച്ചു മരിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, ഏഥന്‍സ് വിട്ട് അദ്ദേഹം ചാല്‍സിസി (Chalcis)ലേക്ക് പോവുകയും അവിടെവച്ച് മരിക്കുകയും ചെയ്തു. ഒടുവില്‍ ശിഷ്യനായ നെലിയൂസാ (Neleus)യിരുന്നു  ഗുരുവിന്റെ ഗ്രന്ഥാലയം അലക്സാണ്‍ഡ്രിയയിലേക്ക് കൈമാറിയത്. അറിയപ്പെടാത്ത ഒട്ടനവധി ഗ്രന്ഥങ്ങള്‍ അരിസ്റ്റോട്ടില്‍ രചിച്ചതായി അറിവുണ്ടെങ്കിലും അവയൊന്നും ഇന്ന് ലഭ്യമല്ല. അരിസ്റ്റോട്ടിലിന്റെ മരണത്തിനും ഇരുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം അപെലികോണ്‍ (Apelicon of Telos) എന്ന ധനികന്‍ അവയില്‍ പലതും അലക്സാണ്‍ഡ്രിയയില്‍നിന്നും വാങ്ങി ഏഥന്‍സിലെത്തിച്ചുവെന്നും കഥയുണ്ട്. ഇന്ന് നിലനില്‍ക്കുന്ന കഥകളിലൊന്നാണിത്. അതുപോലെ അരിസ്റ്റോട്ടിലിന്റെ എഴുത്തുകളില്‍ പലതും റോമിലേക്കും കടത്തപ്പെട്ടു. ഗ്രെക്കോ-റോമന്‍ ബന്ധത്തിന്റെ അടിത്തറയായിത്തന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു. 

മതങ്ങളും ഗ്രന്ഥശേഖരങ്ങളും
മതങ്ങളുടെ ആവിര്‍ഭാവവും ഇതര ദേശങ്ങളിലേക്കുള്ള കടന്നുകയറ്റവും ഗ്രന്ഥനശീകരണത്തിന് ആക്കം കൂട്ടിയിട്ടേയുള്ളൂ. 
ചൈനയിലേക്ക് കടന്നുചെന്ന ബുദ്ധമതം വലിയൊരു തെറ്റായിരുന്നുന്നെന്ന് ബായെസ് പ്രസ്താവിക്കുമ്പോള്‍ അതില്‍ ചില പൊരുത്തക്കേടുകളില്ലേയെന്ന് നാം ശങ്കിച്ചുപോകുന്നു. കണ്‍ഫ്യൂഷ്യസ് ചിന്തയുടെ അനന്തരാവകാശികള്‍ക്ക് ബുദ്ധമതത്തെ ഉള്‍ക്കൊള്ളാനായില്ല. അവര്‍ നിരന്തരം ബുദ്ധഭിക്ഷുക്കളെ ആക്രമിച്ചുകൊണ്ടിരുന്നു. പുതിയ മതത്തിന്റെ അനുയായികള്‍ക്കോ, കണ്‍ഫ്യൂഷ്യസിന്റെ പിന്‍ഗാമികളെ ചെറുത്തുനില്‍ക്കാനുമായില്ല. എന്നാല്‍ ഒന്നാം നൂറ്റാണ്ടോടെ  ബുദ്ധമതം ചൈനയില്‍ തഴച്ചുവളരാന്‍ ആരംഭിച്ചു. ഈ കാലങ്ങളില്‍ത്തന്നെ ഒട്ടനേകം ബുദ്ധഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെടുകയുമുണ്ടായി. 
ചൈനയുടെ മാത്രം ചരിത്രത്തില്‍ ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല ബുദ്ധഗ്രന്ഥങ്ങളുടെ നശീകരണം. അതു പിന്നീട് ജപ്പാനിലേക്കും ഇന്തോനേഷ്യയിലേക്കുമെല്ലാം വ്യാപിക്കുകയുണ്ടായി.

അനേകം ബുദ്ധന്മാര്‍ നിരുപാധികമായി വേട്ടയാടപ്പെട്ടുകൊണ്ടിരുന്നു. അവരുടെ കഥകളിനിയും അറിയാന്‍ പോകുന്നതേയുള്ളൂ. നേപ്പാളില്‍നിന്നുമാത്രം പ്രത്യേക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചരിത്രസാധ്യതകള്‍ അത്തരം അവസ്ഥകള്‍ അവിടെ ഉണ്ടായിക്കാണാമെന്നാണ് രേഖപ്പെടുത്തുന്നത്. അതിനാലാകാം ലോകത്തിലെ ഏക ഹിന്ദുരാജ്യമായി നേപ്പാള്‍ മാറിത്തീര്‍ന്നതും. 
ക്രിസ്തുമതാരംഭത്തില്‍ത്തന്നെ നശീകരണത്തിന്റെ വലിയ അദ്ധ്യായങ്ങളുടെ ആരംഭമുണ്ട്. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ വെസ്പാസിയന്‍ (Vespasian) സ്ഥാപിച്ച ഗ്രന്ഥാലയം തീയ്യിന്നിരയാക്കി. ഭിഷഗ്വര ശ്രേഷ്ഠനായി അറിയപ്പെട്ടിരുന്ന ഗാലന്റെ (Galen of Perganum) നിരവധി കൃതികള്‍ അതില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. പോള്‍ പുണ്യാളന്‍ തന്നെ മാന്ത്രിക കൃതികളെന്ന് അറിയപ്പെട്ടിരുന്നവ ചുട്ടുചാമ്പലാക്കാന്‍ ആഹ്വാനം ചെയ്തിരുന്നത്രെ.

പോളിന്റെ  അനുയായികളുടെ ആക്രമണം ഭയന്ന് മാന്ത്രിക ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നവര്‍ തന്നെ അവരുടെ കൃതികള്‍ നശിപ്പിക്കുകയുണ്ടായി. ക്രിസ്തുമതാരംഭത്തില്‍ നാശങ്ങളുടെ വലിയൊരു ചരിത്രമുണ്ട്. മതാനുയായികള്‍ കടന്നുചെന്ന നാടുകളിലെ പുരാതന ഗ്രന്ഥാലയങ്ങള്‍ മതപ്രചരണത്തിന്റെ ഭാഗമായി നിര്‍ബന്ധിതമായും പൂട്ടിയിടപ്പെട്ടു. ഈ ചരിത്രം പിന്നീട് ഉജ്ജ്വല മതപ്രചാരകരുടെ ധ്വംസനയുഗം (Times of Inquisition) വരെ നീളുന്നുണ്ട്. പേഗന്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ് ക്രിസ്തുമത പ്രവാചകര്‍ ആദ്യമായി തകര്‍ത്തെറിഞ്ഞത്. എന്നാല്‍, അത്ഭുതങ്ങളും സംഭവിക്കുമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടുതന്നെ മെക്‌സിക്കോവില്‍ തദ്ദേശിയരും സ്പെയിന്‍കാരും തമ്മിലുള്ള ബാന്ധവത്തില്‍ ചിരകാല സന്തതികളുണ്ടാകാന്‍ ആരംഭിച്ചു. പേഗനിസത്തെ പാടെ തൂത്തെറിയാന്‍ ക്രിസ്തുമതത്തിന് ഒരിക്കലും സാധിച്ചിരുന്നില്ല. സംഘടിത മതമായി തീര്‍ന്നതിനുശേഷം പേഗന്‍ വിശ്വാസങ്ങളേയും അവരുടെ ഒറ്റപ്പെട്ട കൃതികളേയും നശിപ്പിക്കാന്‍ മതാനുയായികള്‍ക്ക് സാധിച്ചിരുന്നുമില്ല.
ഓരോ മതത്തിന്റേയും വളര്‍ച്ചയിലുള്ള ഇത്തരം നാശങ്ങളുടെ/നശീകരണങ്ങളുടെ സാമൂഹിക മനഃശാസ്ത്രം മനസ്സിലാക്കുകയാണെങ്കില്‍, മനുഷ്യാവബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന നശീകരണ പ്രവണത എന്താണെന്ന് എളുപ്പം അറിയാനാകും. 

ജോ ഡണ്‍

ഹഷാഷാസിനെ(Hashashashin)ന്ന് അറിയപ്പെട്ടിരുന്ന ഇസ്ലാമിക പാരമ്പര്യമുള്ള 'കൊലയാളി'(Assassin)കളെന്ന് വിളിച്ചുപോന്നിരുന്നവരുടെ ഗ്രന്ഥപാരമ്പര്യത്തെക്കുറിച്ചും ബായെസ് വാചാലനാകുന്നുണ്ട്. വാസ്തവത്തില്‍, എവിടെനിന്നാണ് അസ്സാസിനുകള്‍ ഉണ്ടായതെന്ന ചോദ്യം ചരിത്രതര്‍ക്കിതമാണ്. 1054-നോട് അടുത്ത് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഹസന്‍ ഇബ്ന് - അല്‍ സാബ (HassaN ibn al-Sabbah)യാണ് അസ്സാസിനുകളുടെ ആദ്യകാല നേതാവായി പരിഗണിക്കപ്പെട്ടു പോരുന്നത്. അദ്ദേഹം ഒമര്‍ ഖയ്യാമി (Omar Khayyam)ന്റെ സുഹൃത്തുകൂടിയായിരുന്നു. ഇറാന്റെ ആധിപത്യവും അദ്ദേഹത്തിനായിരുന്നു. വിശിഷ്ട ഗ്രന്ഥങ്ങളുടെ വലിയൊരു കൂമ്പാരമായിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥാലയം 1356-ലെ മംഗോള്‍ ആക്രമണത്തില്‍ നശിക്കുകയുണ്ടായി. 'അലാമുത്ത് ഗ്രന്ഥാലയ'(Alamut Library)മെന്ന് അറിയപ്പെട്ടിരുന്ന അസ്സാസിനുകളുടെ ശേഖരത്തില്‍ മന്ത്രവാദം മുതല്‍ ബഹിരാകാശ ഗവേഷണമുള്‍പ്പെടുന്ന ഗ്രന്ഥങ്ങളുണ്ടായിരുന്നെന്ന് വിശ്വസിച്ചുപോരുന്നു. 

അസ്സാസിനുകള്‍ക്കു പിന്നാലെ ജെങ്കിസ് ഖാന്റെ (Genghis Khan) അനുയായിയായ താമെര്‍ലിന്‍ (Thamerlane) 1393-ല്‍ ബാഗ്ദാദ് ആക്രമിക്കുകയും അവിടെ അവശേഷിച്ച പുസ്തകത്തിന്റെ അവസാന താളുകൂടി പിച്ചിച്ചീന്തുകയും ചെയ്യുന്നതോടെ മതാധിഷ്ഠിത ഗ്രന്ഥാലയ നാശത്തിന്റെ വലിയൊരു അദ്ധ്യായമാണ് അവസാനിച്ചത്. 

വളരെക്കാലങ്ങള്‍ക്കുശേഷം 20-ാം നൂറ്റാണ്ടില്‍ ഇത്തരം നാശങ്ങളെക്കുറിച്ച് അവബോധിതനായി ഗുഖങ്ങ്ര് (Ernst Junjer) ആധുനിക രാഷ്ട്ര രൂപീകരണത്തേയും ഭരണാധികാരികളേയും മതശിക്ഷകരായി ഉപമിക്കുന്നുണ്ട്. മതങ്ങള്‍ തിരസ്‌കരിച്ച മാര്‍ഗ്ഗം തന്നെയാണത്രേ നാട്‌സികളും അവരുടെ 'ദേശീയ സോഷ്യലിസ'(National Socialism)ത്തിലൂടെ നടപ്പാക്കിയതെന്നായിരുന്നു ഗുഖങ്ങ്‌റുടെ വാദം. 

നവോദയ കാലങ്ങളും അപ്രത്യക്ഷ ശേഖരങ്ങളും
യൂറോപ്പിലെ നവോദയ കാലങ്ങളില്‍ ഗ്രന്ഥങ്ങള്‍ പെരുത്തുകൂടിയെന്ന വിശ്വാസം തെറ്റാണെന്ന് ബായെസ് സമര്‍ത്ഥിക്കുന്നു. ഇറ്റലിയില്‍ ജീവിച്ചിരുന്ന ഡൊമിനിക്കന്‍ പാതിരിയായിരുന്ന സവാനറോല(Savanarola)യുടെ ജീവിതമൊന്നു മതി അതിനു സാക്ഷ്യം വഹിക്കാന്‍. മതഭ്രാന്തിന്റെ പാരമ്യത്തില്‍ സവാനറോല ദാന്തെ (Dante)യുടെ കൃതികള്‍ വരെ തീയ്യിന്നിരയാക്കി. ഒടുവില്‍ സവാനറോലയെ അദ്ദേഹം പുസ്തകങ്ങള്‍ ചുട്ടുകരിച്ചിടത്തുതന്നെ പിഡിപ്പിക്കുകയും നിര്‍ദ്ദയമായി വധിക്കുകയും ചെയ്തു. നവോദയ കാലങ്ങളിലെ തത്ത്വചിന്തയുടെ അദ്വിതീയനെന്നറിയപ്പെട്ടിരുന്ന മിറാന്‍ ഡോള(Pico de Mirandola)യുടെ  ഗ്രന്ഥാലയത്തില്‍ തത്ത്വചിന്ത, മന്ത്രവാദം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ പതിനായിരത്തിലേറെയുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം 1687 വരെ മറ്റൊരു ഗ്രന്ഥാലയത്തിലുണ്ടായിരുന്നതായും പിന്നീടത് പെട്ടെന്നുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചതായും ചരിത്രമുണ്ട്. പിന്നീടുണ്ടായ ഇന്‍ക്വിസിഷന്റെ ചരിത്രം കുപ്രസിദ്ധമാണല്ലോ. മെക്സിക്കോവിലെ ഇന്ത്യന്‍ വംശജരുടെ കൃതികള്‍ മാത്രമല്ല, അവരുടേതെന്ന് കരുതപ്പെടുന്ന നാണയങ്ങള്‍, ഇതര സാമഗ്രികള്‍ എല്ലാം ഇന്‍ക്വിസിഷന്റെ കാലങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ഒപ്പം ബൈബിളിന്റെ വേറിട്ട പരിഭാഷകളും നശിപ്പിക്കാന്‍ അവര്‍ തയ്യാറായി. 
ചില പുസ്തകശേഖരക്കാര്‍ അതിമാനുഷ്യരാണെന്ന ധാരണ ജനങ്ങളിലുളവാക്കുകയുണ്ടായി. എലിസബത്ത് രാജ്ഞിയുടെ കാലത്തു ജീവിച്ചിരുന്ന ജോണ്‍ ഡി (John Dee)യുടെ ജീവിതമങ്ങനെയായിരുന്നു. ഡീയുടെ അദൃശ്യശക്തികളുമായുള്ള ആശയവിനിമയത്തില്‍ വാസ്തവമെന്തെന്നറിയാതെ ആകൃഷ്ടയായ എലിസബത്ത് രാജ്ഞി അവരുടെ ഓരോ രാഷ്ട്രീയ ചുവടുനീക്കത്തിലും ഡീയുടെ സഹായം ആരാഞ്ഞുകൊണ്ടിരുന്നു. ഇംഗ്ലണ്ടിനെ അതുല്യ ശക്തിയാക്കാന്‍ ഡീയുടെ വിചാരങ്ങള്‍ക്കും അതീതശക്തികളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവങ്ങള്‍ക്കും കഴിയുമെന്നവര്‍ വിശ്വസിച്ചു. മദ്ധ്യകാല യൂറോപ്പിലെ ചികിത്സാരീതികളെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഇതര ശാസ്ത്രങ്ങളെക്കുറിച്ചുമെല്ലാമുണ്ടായിരുന്ന ഡീയുടെ അപൂര്‍വ്വ ശേഖരം 1666-ലെ ലണ്ടന്‍ അഗ്‌നിപാതത്തില്‍ നശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 
എക്കാലത്തേയും നശീകരണത്തിന് ഒന്നുകില്‍ മനുഷ്യന്‍ തീയ്യിനെ തന്നെയായിരിക്കും ആശ്രയിച്ചിട്ടുണ്ടാവുകയെന്നത് വ്യക്തമാക്കുന്നു. (സമീപകാലങ്ങള്‍ കാട്ടിത്തരുന്ന ചരിത്രവും മറ്റൊന്നല്ല. ഒരു പ്രത്യേക 'ഇസ'ത്തിനുതകാത്തതെന്തോ ആയിക്കോട്ടെ, അവയെ പരസ്യമായി തീയ്യിലേക്കു വലിച്ചെറിയുന്നത് നമുക്ക് സുപരിചിതമാണല്ലോ).

1933-ല്‍ ജര്‍മന്‍ നഗരങ്ങളില്‍ ദേശവിരുദ്ധമെന്നാരോപിച്ച് പുസ്തകങ്ങള്‍ കത്തിക്കുന്നു


നവോദയ കാലങ്ങളിലെ പുസ്തകങ്ങളുടെ അപ്രത്യക്ഷപ്പെടലിന് ഒന്നിലധികം കാരണങ്ങളുള്ളതായി നമ്മള്‍ കണ്ടു. എന്നാല്‍, ഇക്കാലങ്ങളില്‍ത്തന്നെ ആരംഭിച്ച മറ്റൊരു പ്രവണതയായിരുന്നു സ്വയം നശീകരണമെന്നതും സ്വയം നിരോധനമെന്നതും. മെറ്റാഫിസിക്കല്‍ കവികളിലെ അഗ്രഗണ്യനായിരുന്ന ഡണ്‍ (Joho Donne) മുതല്‍ 19-ാം നൂറ്റാണ്ടിലെ ജെയിംസ് തോംപ്സണ്‍ വരെ അവരുടെ കൃതികളുടെ പ്രസിദ്ധീകരണവും പ്രചരണവും സ്വയം വിലക്കിയിരുന്നു. എഴുത്തും പ്രസാധനവും തമ്മിലുള്ള പ്രത്യേക വ്യവഹാരങ്ങളും സ്വകാര്യതയുടെ പുതിയ തുറസ്സുകളും രൂപംകൊള്ളുന്നതിവിടെയാണ്. ഗ്രന്ഥകര്‍ത്താവ് അവളുടെ/അയാളുടെ ഇച്ഛയെ മെരുക്കുന്നതോടെയാണ് പൂര്‍ത്തീകരിച്ച കൃതി പൊതുവിടത്തിലെത്തണമോ വേണ്ടയോ എന്നുള്ള ഉദ്വിഗ്‌നതകള്‍ ആരംഭിക്കുന്നത്. പൊതുവിടത്തില്‍ എത്തേണ്ട എന്ന് ആന്തരികമായി ഗ്രന്ഥകര്‍ത്താവിനോട് സംസാരിക്കുന്ന കൃതി തീര്‍ച്ചയായും പൊതുവിടത്തില്‍നിന്നുമാണ് സ്വകാര്യതയുടെ മറ്റൊരു വലയത്തിലൊതുങ്ങാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ചരിത്രത്തില്‍ ഒട്ടനവധി ഇത്തരം സ്വനിരോധനങ്ങളുണ്ടെങ്കിലും കൃതിയും സ്വകാര്യതയും തമ്മിലുള്ള ബന്ധത്തെ ഇന്നും ആഴത്തില്‍ പഠനവിഷയമാക്കിയിട്ടില്ല. കൃതിയുടെ ഉള്ളില്‍നിന്നും വിടുതി നേടാത്ത ഗ്രന്ഥകര്‍ത്താക്കളേയും ഇവിടെ കാണാം. നവോദയ കാലങ്ങളില്‍ത്തന്നെ ഇത്തരമാളുകള്‍ ഉണ്ടായിരുന്നുവെന്നത് അതിശയമായി തോന്നാനും ഇടയുണ്ട്. 

വര്‍ത്തമാനത്തിന്റെ
ഗ്രന്ഥനശീകരണം

ഹിറ്റ്‌ലറിന്റെ നാട്‌സികള്‍ പരസ്യമായി ജൂതഗ്രന്ഥങ്ങളും ഇതര വിഷയാധിഷ്ഠിത പഠനങ്ങളും നശിപ്പിച്ചപ്പോള്‍, ആര്യരുടെ സാമ്രാജ്യമോഹമായി ചരിത്രമതിനെ വിലയിരുത്തുകയുണ്ടായി. എന്നാല്‍, ഒരു ഗ്രന്ഥാലയ സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്ന മാവോ സേതുങ്ങ് ചെയ്തതോ? സാംസ്‌കാരിക വിപ്ലവത്തിനു നാന്ദി കുറിക്കാനായി അപമാനവീകരണത്തിന് ഉതകുന്നുവെന്ന് കരുതിയ ലക്ഷക്കണക്കിനു കൃതികളാണ് ചൈനയില്‍ അന്‍പതുകളുടെ അവസാനത്തിലും അന്‍പതുകളുടെ തുടക്കങ്ങളിലുമായി നശിപ്പിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് വിരുദ്ധമെന്നു തോന്നുന്നവ മാത്രമായിരുന്നില്ല ഇതിലൂടെ നശിപ്പിക്കപ്പെട്ടത്. ഒരിക്കലും ചൈനയുടെ വര്‍ത്തമാനത്തിന് ഉതകാത്തതെന്നു തീര്‍പ്പുകല്‍പ്പിക്കപ്പെട്ട ഒട്ടനവധി പാരമ്പര്യത്തിന്റെ കൃതികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഹര്‍ഷന്റെ കാലത്ത് ഇന്ത്യയില്‍നിന്നും ചൈനയിലേക്ക് കടത്തപ്പെട്ടുവെന്ന് കരുതുന്ന ശേഖരങ്ങളും ഇതില്‍ ഉണ്ടായിരുന്നു. മാവോ തന്നെ നേതൃത്വമെടുത്ത് ചെയ്തതിനാലാകണം ഈ നശീകരണത്തിന് പരസ്യമായ അംഗീകാരം ലഭിക്കുകയുണ്ടായി. ഒടുവില്‍ സാംസ്‌കാരിക വിപ്ലവമുണ്ടാക്കിയ ഫലമോ? ഇന്നും പേരുകള്‍ നഷ്ടമായ വലിയൊരു ജനതയുടെ പ്രേതങ്ങള്‍ അതിന്റെ തിരുശേഷിപ്പാണ്. ചൈനയില്‍ മാത്രമാണ് ആസൂത്രിതമായ സെന്‍സര്‍ഷിപ്പ് നിലവിലുള്ളത്. അധികാരവും ഗ്രന്ഥരചനയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണിവിടെ ഇന്നും നിലനില്‍ക്കുന്നത്. 
കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഗ്രന്ഥങ്ങളെ കെട്ടുകെട്ടിക്കയാണ് ചെയ്തത്. അവയെങ്ങോട്ട് കടത്തപ്പെട്ടൂ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും ലഭ്യമല്ല. സ്റ്റാലിന്റെ റഷ്യയിലും ഉണ്ടായത് ഇതാണ്. കമ്യൂണിസ്റ്റേതര കൃതികള്‍ പൊതുസമൂഹത്തിന്റെ നിലനില്‍പ്പിന് അപകടമാണെന്നും അവയെ കണ്ടുകെട്ടണമെന്നുമുള്ള വ്യവസ്ഥകള്‍ നിലവില്‍ വന്നു. സാഹിത്യകാരന്‍മാരെക്കാളും ക്രൂശിതരായവര്‍ സോവിയറ്റ് റഷ്യയില്‍ ശാസ്ത്രജ്ഞരായിരുന്നു. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനോ കൃതികളുടെ വിശകലനങ്ങള്‍ക്കോ റഷ്യയിലൊരിക്കലും സ്ഥാനമുണ്ടായിരുന്നില്ല. കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളായ റുമാനിയയിലും പോളണ്ടിലും പഴയ ചെക്കോസ്ലാവിയയിലുമെല്ലാം ഇതിന്റെ അനുരണനങ്ങള്‍ തുടര്‍ന്നു. കൃതികളും സ്ഥലവും ഭരണകൂടങ്ങളും തമ്മിലുള്ള അറിയപ്പെടാത്ത ബന്ധങ്ങളെന്താണെന്നിത് ചൂണ്ടിക്കാണിക്കുന്നു. 
20-ാം നൂറ്റാണ്ടില്‍ നടമാടിയ ഗ്രന്ഥനശീകരണത്തിന്റെ തുടര്‍ച്ചയാണ് ആഗോളീകരണ കാലങ്ങളിലും നടക്കുന്നതെന്ന് കാണാന്‍ കഴിയും. ഡിജിറ്റല്‍ യുഗത്തില്‍ ഗ്രന്ഥസൂക്ഷിപ്പിന്റെ നവമേഖലകള്‍ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലും അതീവ രഹസ്യമുള്ള സ്മൃതിശേഖരങ്ങള്‍ മൈക്രോ ചിപ്പുകളെ നിര്‍വീര്യമാക്കുന്നതോടെ ഇല്ലാതായിത്തീരുന്നുണ്ട്. ഗ്ലോബല്‍ കാപ്പിറ്റലിസം തന്നെയാണ് ഇതിനെ സഹായിക്കുന്നതും. അമേരിക്കന്‍ മേധാവിത്വം തന്നെ ഇക്കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ ചെയ്തുവെച്ച വിനാശമെന്തായിരുന്നെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുസ്തകങ്ങളുടെ നശീകരണത്തില്‍ മനുഷ്യന്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് തീയ്യിനെയായിരുന്നു. 
ഒറ്റതിരിഞ്ഞ ചില പ്രതിഭാസങ്ങളുണ്ട്. തന്റെ കാലത്തോടൊപ്പം ലോകവിജ്ഞാനവും അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍. ജാക്കോബ് ഫ്രാങ്കെ(Jacob Frank)ന്ന യഹുദ പണ്ഡിതന്റെ ജീവിതം അത്തരമൊന്നായിരുന്നു. തന്റെ അനുയായികളോട് കടലാസ്സു ചെരിപ്പുകള്‍ ധരിക്കാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നത്രെ. മരണശയ്യയില്‍ കിടന്നുകൊണ്ട് അതിവിപുലമായ പുസ്തകശേഖരം കത്തിച്ചുകളയാന്‍ അദ്ദേഹം ആജ്ഞാപിച്ചു. 'സത്യം എന്നോടൊപ്പം മരിക്കണ'മെന്നും അദ്ദേഹം പറയുകയുണ്ടായി. മാക്സ് ബ്രോഡ് കഫ്ക്കയുടെ ആഗ്രഹം പാലിച്ചിരുന്നെങ്കില്‍ വിശ്വസാഹിത്യത്തിലെ അതുല്യ ക്രാന്തദര്‍ശിയെ നമുക്ക് നഷ്ടപ്പെടുമായിരുന്നു. കാനെറ്റി(Elias Canetti)യുടെ പീറ്റര്‍ കിയന്‍ (Peter Kien) പുസ്തകശേഖരത്തിനു തീകൊളുത്തിയ ശേഷം ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. അയാളുടെ ആത്മാഹുതിയായിരുന്നു അത്. ജാക്കോബ് ഫ്രാങ്കിന്റെ മറ്റൊരു പിന്‍ഗാമിയായിരുന്നു വിജ്ഞാനമേഖലകളെ അമ്മാനമാടിയ ആ കഥാപാത്രം. 
ബായെസിന്റെ കൃതി അത്യപൂര്‍വമായൊരു മുതല്‍ക്കൂട്ടാണ്. കാലങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം കാലത്തിനു കുറുകെ സഞ്ചരിക്കുകയും അത് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു