ലേഖനം

സമാനതയുടെ കാലോചിത വിളംബരം: സ്ത്രീപ്രവേശം ഭരണഘടനാ ധാര്‍മ്മികതയും ബാധ്യതയുമാണ്

എസ്.പി. നമ്പൂതിരി

ലങ്കാദര്‍ശനമെന്ന പുസ്തകത്തിന്റെ പ്രകാശനം ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു. സുപ്രീംകോര്‍ട്ടിന്റെ എതിര്‍വശത്തുള്ള ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു പ്രകാശന സമ്മേളനം. ശ്രീലങ്കന്‍ ഹൈക്കമ്മിഷണര്‍ പ്രസാദ് കാര്യവാസമായിരുന്നു മുഖ്യാതിഥി. ജസ്റ്റിസ് സിറിയക് ജോസഫായിരുന്നു പുസ്തകപ്രകാശനം നടത്തിയത്. പുസ്തകം ഏറ്റുവാങ്ങിയത് റ്റി.കെ. ജോസ് ഐ.എ.എസ് ആയിരുന്നു. എം.ജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറായിരുന്ന ഡോ. സിറിയക് തോമസിനെപ്പോലുള്ള സാംസ്‌കാരിക നായകര്‍ പുസ്തകത്തെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു. അവിടെ എന്റെ മറ്റു പുസ്തകങ്ങള്‍ വില്‍പ്പനക്കായി വെച്ചിരുന്നു. 'മഹാക്ഷേത്രങ്ങളിലൂടെ' എന്ന എന്റെ പുസ്തകവും അക്കൂട്ടത്തിലുണ്ടായിരുന്നു. യംഗ് ലോയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികളിലൊരാള്‍ ഈ പുസ്തകം വാങ്ങാനും വായിക്കാനുമിടയായി. ആ പുസ്തകത്തിലെ ശബരിമലയെന്ന അദ്ധ്യായം അവരുടെ ചര്‍ച്ചകള്‍ക്ക് വിധേയമായി. ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ കേസ് നടത്തുന്നത് അവരാണെന്ന് അപ്പോഴാണറിയുന്നത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരിലൊരാളായ അഡ്വ. വില്‍സ് മാത്യൂസാണ് പുസ്തകപ്രകാശനത്തിലെന്നപോലെ അസോസിയേഷനുമായുള്ള ബന്ധത്തിലും എന്റെ പ്രതിനിധിയും മാര്‍ഗ്ഗദര്‍ശിയുമായിത്തീര്‍ന്നത്. ഈ ലേഖനത്തെക്കുറിച്ച് അവര്‍ നടത്തിയ ചര്‍ച്ചകളുടേയും ഞാനവരുമായി നടത്തിയ ആശയവിനിമയങ്ങളുടേയും ഫലമായി ഈ കേസില്‍ ഞാന്‍ കക്ഷിചേരാനിടയായി. വിചാരണയുടെ പ്രാരംഭഘട്ടത്തില്‍ ഈ കേസില്‍ വ്യക്തികളെ കക്ഷിചേരാന്‍ അനുവദിക്കുകയില്ലെന്നും വ്യക്തികളെ കക്ഷിചേരാന്‍ അനുവദിച്ചാല്‍ കേസ് നമ്മുടെ ആയുസ്സില്‍ തീര്‍ക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍, എന്റെ സത്യവാങ്മൂലം പരിശോധനയ്‌ക്കെടുത്തപ്പോള്‍ ഈ ക്ഷേത്രത്തിന്റെ ബുദ്ധമതപശ്ചാത്തലം ഇദ്ദേഹം വിശദീകരിക്കുന്നുണ്ടെന്നും ആ പഠനം പ്രശ്‌നപരിഹാരത്തിന് സഹായകമായേക്കാമെന്നും അതുകൊണ്ട് ഈ ഗ്രന്ഥകാരനെ കക്ഷിചേരാന്‍ അനുവദിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗസമത്വത്തിനെതിരാണ് ഇപ്പോഴത്തെ സ്ത്രീ പ്രവേശനനിരോധനമെന്ന് ഒരുകൂട്ടരും കാലാകാലമായിത്തുടരുന്ന സ്ത്രീ പ്രവേശനനിരോധനം അലംഘനീയമാണെന്ന് എതിര്‍പക്ഷവും വാദിക്കുന്നു. സ്ത്രീ പ്രവേശനത്തിനുവേണ്ടി വാദിക്കുമ്പോള്‍ത്തന്നെ വ്യത്യസ്തമായ ചില വാദ മുഖങ്ങള്‍ എന്റെ സത്യവാങ്മൂലത്തിലുണ്ടെന്നു കോടതി കണ്ടെത്തി. പാതിയോളം വരുന്ന സ്ത്രീജനങ്ങളെ ബാധിക്കുന്ന ഒരു വിഷയമെന്ന നിലയ്ക്ക് ഈ കേസ് വാദംകേള്‍ക്കുന്ന ഭരണഘടനാബെഞ്ചില്‍ ആനുപാതികമായി വനിതാപ്രാതിനിധ്യം വേണമെന്നും എന്റെ അപേക്ഷയിലുണ്ടായിരുന്നു. കോടതി ഈ ആവശ്യം ഭാഗികമായി അംഗീകരിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെന്ന ഒരു വനിതാജഡ്ജിയെ ബെഞ്ചിലുള്‍പ്പെടുത്തി. ഞാന്‍ ഉന്നയിച്ച വാദഗതി ഇങ്ങനെ സംഗ്രഹിക്കാം. 

ഈ കേസില്‍ കക്ഷിചേര്‍ന്നവരില്‍ ക്ഷേത്രത്തിന്റെ ബുദ്ധമതപശ്ചാത്തലം ചൂണ്ടിക്കാണിച്ചത് ഞാന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് ഹര്‍ജി പരിഗണിക്കാനിടയായത്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തിലുള്ള ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സ്ത്രീപ്രവേശനത്തെ എതിര്‍ത്തവരുടെ വാദമുഖങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാനാഗ്രഹിക്കുന്നു. 

ശബരിമല ബുദ്ധവിഹാരത്തിന്റെ രൂപാന്തരം
ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനുമെത്രയോ മുന്‍പുതന്നെ ശബരിമലയില്‍ ജാതിമതാതീതമായി ഭക്തജനങ്ങള്‍ക്കു പ്രവേശനം നല്‍കിയിരുന്നു. ഇതു രാജാവിന്റേയോ തന്ത്രികുടുംബത്തിന്റേയോ ഹൃദയവിശാലതകൊണ്ടാണോ? ബ്രാഹ്മണ്യവും രാജാധികാരവും ഒരിക്കലും ഒരിടത്തും ഇത്തരം ഹൃദയവിശാലത കാണിച്ചിട്ടില്ല. ശബരിമലയുടെ ബുദ്ധമത പാരമ്പര്യമാണ് ഇതിനു കാരണമെന്നു വ്യക്തം. ബുദ്ധമതത്തില്‍ ജാതിഭേദങ്ങളുണ്ടായിരുന്നില്ല. ഒരു ബുദ്ധവിഹാരത്തിന്റെ രൂപാന്തരമാണ് ശബരിമലയെന്നതിന്റെ പല തെളിവുകളിലൊന്നാണിത്. ഇതോടനുബന്ധിച്ചു മറ്റു ചില വസ്തുതകള്‍കൂടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഒന്ന്: സംസ്‌കൃതത്തിലെ ആധികാരിക നിഘണ്ടുവായ അമരകോശത്തില്‍ ശാസ്താവിനും ബുദ്ധനും പര്യായങ്ങള്‍ ഒന്നുതന്നെ, ഇതെങ്ങനെ വന്നു?
(മുനീന്ദ്ര: ശ്രീഘന: ശാസതാ
മുനി: ശാക്യമുനിസ്തു യ: 
എന്നിങ്ങനെ 24 പര്യായങ്ങളുള്ളതില്‍ തഥാഗതനും സുഗതനും സിദ്ധാര്‍ത്ഥനും ശാസ്താവും ഒക്കെ വരുന്നുണ്ട്.)
രണ്ട്: ബുദ്ധം ശരണം ഗച്ഛാമി-സംഘം ശരണം ഗച്ഛാമി- ധര്‍മ്മം ശരണം ഗച്ഛാമി എന്നീ ശരണത്രയത്തിന്റെ ഒരനുകരണമല്ലേ, ശബരിമലയിലെ ശരണം വിളി?

മൂന്ന്: ശബരിഗിരീശസ്തവം എന്നൊരു പ്രസിദ്ധമായ സ്‌തോത്രകാവ്യമുണ്ട്. മഹാകവി ഉള്ളൂരിന്റേയും വള്ളത്തോളിന്റേയും മറ്റും പ്രശംസ ഏറ്റുവാങ്ങിയ ഒരു കാവ്യമാണിത്. മഠം ശ്രീധരന്‍ നമ്പൂതിരിയാണ് ഈ സ്‌തോത്രകാവ്യത്തിന്റെ രചയിതാവ്. സാഹിത്യപരിഷത് ത്രൈമാസികത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും പില്‍ക്കാലത്ത് കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതുമായ അംബികാഷ്ടപ്രാസമെന്ന സ്‌തോത്രസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ഈ കൃതി. അതില്‍
''തഥാഗതാത്ഭുതകഥന്‍ ശാസ്താവു നീതന്നെയാം''
എന്നൊരു ഭാഗമുണ്ട്. 

നാല്: ഇന്ത്യയിലെ മതജീര്‍ണ്ണതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഒരു നവോത്ഥാന പ്രസ്ഥാനമാണ് ബുദ്ധമതം. ഹൈന്ദവ യാഥാസ്ഥിതികത്വത്തിന് അതു സഹിക്കാന്‍ കഴിഞ്ഞില്ല. ബുദ്ധമതത്തെ അവര്‍ നാടുകടത്തി. നളന്ദപോലുള്ള വിശ്വവിഖ്യാത വിജ്ഞാനകേന്ദ്രങ്ങള്‍പോലും നശിപ്പിക്കപ്പെട്ടു. പല ബുദ്ധവിഹാരങ്ങളേയും ക്ഷേത്രങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്തു. ഈ പരിണാമ പരമ്പരയുടെ ഭാഗമായി ക്ഷേത്രമായി രൂപാന്തരപ്പെട്ട ഒരു ബുദ്ധവിഹാരമാണ് ശബരിമല. നിത്യബ്രഹ്മചാരികളായ ബുദ്ധഭിക്ഷുക്കളുടെ സങ്കേതമെന്ന നിലയ്ക്ക് അവിടെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. ആ സമ്പ്രദായം ക്ഷേത്രമായപ്പോഴും പിന്തുടര്‍ന്നുപോന്നു. എന്നാല്‍, ക്ഷേത്രത്തിന്റെ ആചാരങ്ങളും ചിട്ടവട്ടങ്ങളും ആകൃതിപ്പെട്ടു വന്നപ്പോള്‍ സ്ത്രീപ്രവേശനവും അനുവദിക്കാനിടയായി. തിരക്കൊഴിഞ്ഞ പ്രതിമാസ ദര്‍ശനവേളകളില്‍ ചോറൂണും മറ്റും അവിടെ നടത്താറുമുണ്ട്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന റ്റി.കെ.എ. നായരുടെ ചോറൂണ് അവിടെവച്ചായിരുന്നു എന്നും അമ്മയുടെ മടിയില്‍ വച്ചാണ് ചോറുകൊടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 1991-ലെ ഒരു ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ഇവിടെ സ്ത്രീപ്രവേശന നിരോധനം വന്നത്. ഇതു കലാകാലമായുള്ള ഒരാചാരമായിരുന്നില്ലെന്നു വ്യക്തം. ബുദ്ധമതപശ്ചാത്തലവും സമീപകാല വസ്തുതകളും മനസ്സിലാക്കുന്നത് ഇപ്പോഴത്തെ സ്ത്രീപ്രവേശന വിഷയത്തിന്റെ കുരുക്കഴിക്കാന്‍ സഹായകമാവും. 

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര


അഞ്ച്: നൈഷ്ഠിക ബ്രഹ്മചാരിയെന്ന സങ്കല്‍പ്പത്തിലാണ് ശബരിമലയിലെ വിഗ്രഹപ്രതിഷ്ഠയെന്നാണ് തന്ത്രിയും മറ്റും പറയുന്നത്. അതുകൊണ്ടാണ് ആര്‍ത്തവകാലം നിഷിദ്ധമായതത്രേ. ഈ പ്രായത്തിലുള്ള സ്ത്രീകളുടെ ദര്‍ശനമാത്രയില്‍ ദേവന്‍ പ്രലോഭിപ്പിക്കപ്പെടുമെന്നാണോ വിവക്ഷ? എത്രമാത്രം പരിഹാസ്യമാണീ വാദഗതി. ഏതൊരീശ്വരസങ്കല്‍പ്പവും ഇത്തരം മദമോഹമാത്സര്യചിന്തകള്‍ക്കപ്പുറം വിരാജിക്കുന്ന ഒരു പരാശക്തിയല്ലേ? ക്ഷേത്രസങ്കല്പത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു ഗീതാശ്ലോകമുണ്ട്:
''ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ''
(അല്ലയോ അര്‍ജ്ജുനാ, ഈ ശരീരം തന്നെയാണ് ക്ഷേത്രം)

ശരീരം തന്നെയാണ് ക്ഷേത്രമെങ്കില്‍ അതില്‍ കുടികൊള്ളുന്ന അന്തരാത്മാവാണ് ഈശ്വരനെന്നുമാണിതിനര്‍ത്ഥം-ഇതു ശബരിമലയിലെഴുതിവച്ചിട്ടുമുണ്ട്-തത്ത്വമസി. ആര്‍ത്തവകാലമെന്നത് സ്ത്രീയുടെ പ്രത്യുല്പാദനശേഷിയുടെ കാലമാണ്. മഹത്തായ വംശസംരക്ഷണകര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന കാലഘട്ടം. അത് അശുദ്ധിയാവുമെങ്കില്‍ പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയുള്ള ജീവിതകാലവും അശുദ്ധിയാവേണ്ടതല്ലേ? കാമസൂത്രമെഴുതിയ വാത്സ്യായനന്‍ നമുക്ക് മഹര്‍ഷിയാണെന്നതും വിസ്മരിക്കരുത്. ശാസ്താവിന്റെ അഷ്ടോത്തരശതകപ്രകാരം ശാസ്താവിന് രണ്ടു പത്‌നിമാരുണ്ട്. പിന്നെങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയായി ശാസ്താവിനെ സങ്കല്‍പ്പിക്കാന്‍ കഴിയും?

ആറ്: ആത്മജ്ഞാനം തേടിയുള്ള ജീവിതയാത്രയില്‍ ക്ഷേത്രവും വിഗ്രഹാരാധനയുമൊക്കെ നഴ്സറി സ്‌കൂളുകള്‍ മാത്രമാണ്. ഇതാണ് വിവേകാനന്ദനെപ്പോലുള്ളവരുടെ അഭിപ്രായം. ഗീതയെ വ്യാഖ്യാനിച്ച പല പണ്ഡിതശ്രേഷ്ഠന്മാരും ഇക്കാര്യം പലതരത്തില്‍ പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ, പൗരോഹിത്യം പൊതുവേ തന്നെ ഈ നഴ്സറി സ്‌കൂളില്‍നിന്നു ഭക്തജനങ്ങളെ മുകളിലേയ്ക്കു പോകാന്‍ അനുവദിക്കുകയില്ല. ഈ വിഷയത്തില്‍ അവരുടെ ആയുധമായ വിശ്വാസം പലപ്പോഴും അന്ധവിശ്വാസമായി മാറുന്നു-അല്ലെങ്കില്‍ മാറ്റുന്നു. വിഗ്രഹമാണ് ഈശ്വരനെന്നു പ്രചരിപ്പിക്കുന്നു. മനുഷ്യസഹജമായ വിചാരവികാരങ്ങള്‍ക്കടിമയാവുന്ന ഒരു ശക്തിയാണ് ഈശ്വരനെന്നു സ്ഥാപിച്ചെടുക്കുന്നു. വിവേകാനന്ദന്റെ പ്രപഞ്ചപരമാത്മാവെന്ന ഈശ്വരദര്‍ശനം ഉള്‍ക്കൊള്ളാന്‍ ക്ഷേത്രഭാരവാഹികള്‍ തയ്യാറായാല്‍ സ്ത്രീ വിവേചനവും ശുദ്ധാശുദ്ധ പ്രശ്‌നവുമൊക്കെ അവസാനിച്ചുകിട്ടും.     

സംഘട്ടനങ്ങളും തുടര്‍ന്നു സമന്വയങ്ങളും ഏതൊരു മഹാനാഗരികതയുടേയും സവിശേഷതയാണ്. ബുദ്ധമതത്തെ നഖശിഖാന്തം എതിര്‍ത്ത ശങ്കരന്‍തന്നെ ബുദ്ധനെ ദശാവതാരങ്ങളിലൊന്നായി വാഴ്ത്തിയിട്ടുമുണ്ട്. വേദകാലഘട്ടത്തില്‍ ശാസ്താവെന്നൊരു ദൈവം നമുക്കുണ്ടായിരുന്നില്ല. ഋഗ്വേദഭാഷ്യം മലയാളത്തിലാക്കിയ യശ:ശരീരനായ ഒ.എം.സി. നമ്പൂതിരിപ്പാടാണ് ഇക്കാര്യം ഈ ലേഖകനെ ബോദ്ധ്യപ്പെടുത്തിയത്. 

വേദകാലഘട്ടത്തില്‍ മഹാവിഷ്ണുവിനുതന്നെ പ്രാധാന്യം കുറവായിരുന്നു. ഇപ്പോള്‍ ശാസ്താവിന്റെ അമ്മയായി നാം കൊണ്ടാടുന്ന വിഷ്ണുവിന് ഉപേന്ദ്രസ്ഥാനം മാത്രമാണുണ്ടായിരുന്നത്. ദേവേന്ദ്രനായിരുന്നു ഒന്നാംസ്ഥാനം. തന്നെയല്ല, വാവര്‍ ശാസ്താവിന്റെ സഖാവാണെങ്കില്‍ ഇസ്ലാം കേരളത്തിലെത്തിയശേഷമാണ് അയ്യപ്പന്റെ കാലമെന്നു സമ്മതിക്കേണ്ടിവരും. മലയാളത്തിലോ സംസ്‌കൃതത്തിലോ എണ്ണപ്പെട്ട സാഹിത്യകൃതികള്‍ അയ്യപ്പനെ കേന്ദ്രീകരിച്ച് കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിട്ടില്ല. പുരാണപ്രസിദ്ധിയുള്ള ഒരംശാവതാരമാണെങ്കില്‍ മഹാകാവ്യങ്ങളോ ചമ്പുക്കളോ നാടകങ്ങളോ ഉണ്ടാവേണ്ടതല്ലേ? ഈ വിഷയത്തില്‍ മലയാളത്തിലൊരു മഹാകാവ്യമുണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ്-മഠം പരമേശ്വരന്‍ നമ്പൂതിരിയുടെ ആര്യാമൃതം. ഡോ. എസ്.കെ. നായര്‍ അയ്യപ്പനെന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. ഇവയൊക്കെ അയ്യപ്പന്റെ അമാനുഷ സിദ്ധികള്‍ വര്‍ണ്ണിക്കുന്ന ഉല്‍കൃഷ്ട കൃതികളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യകഥകളാണ്. ശൈവവൈഷ്ണവ ശക്തികളുടെ സംയോഗഫലമായുണ്ടായ ഒരംശാവതാരമെന്ന നിലയിലല്ല അവതരണം. ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചതിനുശേഷം ഉണ്ടായതാണീ രണ്ടുകൃതികളും. വിഷ്ണുവിനെക്കുറിച്ചും ശിവനെക്കുറിച്ചുമുള്ള ആദ്യകാല കൃതികളിലൊന്നിലും ശാസ്താവിനെക്കുറിച്ചു പറയുന്നില്ല. മോഹിനിവേഷം പൂണ്ട വിഷ്ണുവില്‍ ശിവന്‍ കാമാതുരനായെന്നും ശിവന്‍ മോഹിനിയെ പ്രാപിച്ചെന്നും അങ്ങനെയുണ്ടായ സന്താനമാണ് അയ്യപ്പനെന്നും മറ്റുമുള്ള കഥകള്‍ പില്‍ക്കാലത്തുണ്ടായതാണ്. ഒരു ഹിന്ദുമനസ്സില്‍ ശാസ്താവിനെ പ്രതിഷ്ഠിക്കാന്‍ ഇതൊരാവശ്യമായി തീര്‍ന്നിരിക്കാം. 

ജസ്റ്റിസ് ചന്ദ്രചൂഡ്


ശൈവരും വൈഷ്ണവരും രണ്ടു മതങ്ങളെന്നപോലെ പോരടിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ഒരൊത്തുതീര്‍പ്പെന്നപോലെ ആകൃതിപ്പെട്ടുവന്ന ഒരു ദൈവസങ്കല്പമാണ് ശാസ്താവ്. ബുദ്ധന്റെ ജന്മദേശമായ ഇന്ത്യയില്‍ ഇന്ന് ബുദ്ധമതാനുയായികള്‍ കുറവാണ്. ഇന്ത്യയ്ക്കു വെളിയിലാണ് ഏറ്റവുമധികം ബുദ്ധമതാനുയായികള്‍ ഉള്ളത്. ബുദ്ധമതത്തെ നാടുകടത്തുന്നതിനുവേണ്ടി ഈ ശാസ്ത്രസങ്കല്പത്തെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടാവാം. ഈ സംഘട്ടനങ്ങളുടേയും സമന്വയങ്ങളുടേയും ഭാഗമായുണ്ടായ ഒരാധുനിക ദൈവമാണ് അയ്യപ്പന്‍. കലികാലദൈവമെന്നാണല്ലോ പറയപ്പെടുന്നത്. മറ്റു യുഗങ്ങളില്‍ ഇങ്ങനെയൊരു ദൈവസങ്കല്പം ഉണ്ടായിരുന്നില്ലെന്ന് അര്‍ത്ഥം. ബുദ്ധവിഹാരങ്ങള്‍ കയ്യേറിയപ്പോള്‍ ഈ ശാസ്തൃസങ്കല്പത്തെ ആവാഹിച്ച് അവിടങ്ങളില്‍ കുടിയിരുത്തി ക്ഷേത്രങ്ങളാക്കി മാറ്റിയതാവാം. എരുമേലിയില്‍ ഒരു മുസ്ലിം ദേവാലയത്തില്‍ വാവരെന്ന ഒരു സിദ്ധനെ ആരാധിച്ചിട്ടാണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നത്. ഇസ്ലാം ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് അയ്യപ്പന് വാവരെന്നൊരു സുഹൃത്തുണ്ടാവാന്‍ വഴിയില്ലല്ലോ. ഈ കഥയും ഈ ദേവസങ്കല്പത്തിന്റെ ആധുനികതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

ഈ കേസിന്റെ വിചാരണയില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ നടത്തിയ താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ വിഷയത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് പ്രകാശം പരത്തുമെന്നു തോന്നുന്നു. 
''ഈശ്വരാരാധനയ്ക്കുവേണ്ടിയുള്ള ഒരു പൊതുസ്ഥലത്ത് പുരുഷനു പ്രവേശിക്കാമെങ്കില്‍ അതേ അവകാശബോധത്തോടെ സ്ത്രീക്കും പ്രവേശിക്കാം. പുരുഷനു ബാധകമാവുന്നതെല്ലാം സ്ത്രീക്കും ബാധകമാണ്.''
                                    -ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
(ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാബഞ്ചിന്റെ തലവന്‍)
''സ്ത്രീകളുടെ ആര്‍ത്തവകാലമെന്ന ഒരു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി അവരെ ജോലിയില്‍നിന്നോ ഈശ്വരസന്നിധിയില്‍നിന്നോ മാറ്റിനിര്‍ത്തുന്നത് ശരിക്കും സ്ത്രീവിവേചനമാണ്. 

സ്ത്രീകളും അവരുടെ സഹജമായ ശാരീരിക പ്രവര്‍ത്തനങ്ങളും ദൈവസൃഷ്ടിയാണ്-അല്ലെങ്കില്‍ പ്രകൃതിനിയമമാണ്. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതത്തെ പിന്തുടരാനും ആചരിക്കാനും പ്രചരിപ്പിക്കാനമുള്ള അവകാശം-ഇതെല്ലാം ഭരണഘടനാദത്തമാണ് (ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-1) ഇതിനര്‍ത്ഥം സ്ത്രീകളുടെ ഈ അവകാശസംരക്ഷണാര്‍ത്ഥം ഒരു നിയമനിര്‍മ്മാണംപോലും ആവശ്യമില്ലെന്നതാണ്. ക്ഷേത്രപ്രവേശനവിഷയത്തില്‍ പുരുഷന്മാര്‍ക്കു മാത്രമായി പ്രത്യേകാവകാശമൊന്നുമില്ല.''                                                                    -ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
                    (ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്ജി)
''നിങ്ങളും ദൈവവും അല്ലെങ്കില്‍ നിങ്ങളും വിശ്വപ്രകൃതിയും തമ്മിലുള്ള ബന്ധമാണ് മതം. മതമനുശാസിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ ആരോഗ്യത്തിനോ സദാചാരസംഹിതകള്‍ക്കോ ശാരീരിക പ്രതിഭാസങ്ങള്‍ക്കോ കഴിയില്ല.''
                            -ഇന്ദിര ജയ്സിംഗ്
                            (ഈ കേസിലെ വാദിഭാഗം അഡ്വക്കേറ്റ്)
''ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ പരിരക്ഷയുണ്ട്. സ്ത്രീക്കും പുരുഷനുമൊരുപോലെ ഈ ഭരണഘടനാസംരക്ഷണം ബാധകമാണ്.''
                                -ജസ്റ്റീസ് രോഹിംഗ്ടണ്‍ നരിമാന്‍
                                (ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്ജി)
സ്ത്രീകള്‍ക്കു പ്രവേശനാനുവാദമുള്ള പരശതം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടല്ലോ. സ്ത്രീകള്‍ക്കവിടെ പോയാല്‍ പോരേ? ശബരിമലയില്‍ത്തന്നെ പോകണമെന്ന് എന്താണൊരു വാശി? വിചാരണവേളയില്‍ സ്ത്രീവിരുദ്ധപക്ഷത്തുനിന്നും ഉയര്‍ന്നുവന്ന ഒരു വാദമുഖമാണിത്. അതേക്കുറിച്ച് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രതികരണം: 

''ജഗന്നാഥ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ധാരാളമുണ്ടാവും, എന്നാല്‍ പുരിയില്‍ത്തന്നെ പോകണമെന്നത് ഒരു ഭക്തന്റെയോ ഭക്തയുടേയോ വിശ്വാസമാണ്. ആ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതല്ലേ? വിശ്വാസത്തിന്റെ പേരില്‍ ആണയിട്ടുകൊണ്ട് സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെങ്ങനെ ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ കഴിയും?''
കാര്യകാരണങ്ങള്‍ അപഗ്രഥിച്ച് സത്യം കണ്ടെത്താന്‍ കഴിവുള്ള തന്ത്രിമുഖ്യനോടും രാജകുടുംബാംഗങ്ങളോടും എന്റെ ഒരപേക്ഷ ഇത്രമാത്രം:
ഗീതയിലെ സ്ഥിതപ്രജ്ഞപ്രകരണം വായിച്ചിട്ടുണ്ടാവുമല്ലോ. വികാരങ്ങള്‍ക്കടിമപ്പെടാതെ ശാന്തമായി അവധാനപൂര്‍വ്വം പ്രശ്‌നത്തെ സമീപിക്കുക. 

ചുടലയില്‍ ചാടാനും പ്രക്ഷോഭം

സതിയെന്ന ദുരാചാരം അവസാനിപ്പിച്ചു. സതി തുടരാനനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്നു സ്ത്രീജനങ്ങള്‍ തന്നെ ആവേശപൂര്‍വ്വം രംഗത്തെത്തിയിരുന്നു. ഈ അനാചാരത്തിനെതിരായി രാജാറാം മോഹന്റോയിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മവരുന്നത്. അനുവദനീയമായ എല്ലാ രീതിയിലും പ്രതിഷേധത്തിന്റെ സമരജ്വാലകള്‍ ആളിപ്പടര്‍ന്നുകൊണ്ടിരുന്നു, ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഭരിക്കുന്ന കാലമാണ്. അവരുടെ ഭരണസിരാകേന്ദ്രം കല്‍ക്കട്ടയാണ്. ഈ പ്രക്ഷോഭമോ പ്രക്ഷോഭത്തിലുയര്‍ന്നുവന്ന ആവശ്യങ്ങളോ പരിഗണിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായില്ല. എങ്കിലും പ്രക്ഷോഭം ശക്തിയായിത്തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. അന്നത്തെ വൈസ്രോയി വില്യം ബെന്റിക്കാണ്. ദിവസവും അദ്ദേഹം പ്രഭാതനടത്തത്തിനുവേണ്ടി പോകുന്നത് കുതിരവണ്ടിയിലാണ്. മുന്‍പിലും പുറകിലും പൊലീസ് അകമ്പടിയുണ്ടാവും. ദൂരെയൊരു മൈതാനത്തിലാണ് പ്രഭാതനടത്തമെന്ന വ്യായാമം. ഒരു ദിവസം അങ്ങനെ പോകുമ്പോള്‍ ഒരിടത്തൊരു അഗ്‌നികുണ്ഡം കാണാനിടായി. ചിലര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ആ അഗ്‌നികുണ്ഡത്തിലേയ്ക്ക് പിടച്ചുകൊണ്ടുപോകുന്നു. വൈസ്രോയി വണ്ടിനിര്‍ത്താന്‍ കുതിരവണ്ടിക്കാരനോടു പറഞ്ഞു. 
വൈസ്രോയി: ''എന്താണത്?''
വണ്ടിക്കാരന്റെ ശാന്തമായ മറുപടി: 
''അതൊരു ശ്മശാനമാണ്. അവിടെ ഒരു ശവദാഹം നടക്കുകയാണ്. ഇവിടെ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ജീവനൊടുക്കുന്ന ഒരാചാരമുണ്ട്. ചില സ്ത്രീകള്‍ അതിന് പൂര്‍ണ്ണസമ്മതം നല്‍കിയെന്നുവരില്ല. അപ്പോള്‍ ചെറിയ ഒരു ബലപ്രയോഗം വേണ്ടിവരും. ഇതൊക്കെ സര്‍വ്വസാധാരണമാണ്.''

അന്നു വൈസ്രോയി ഓഫീസിലെത്തി ആദ്യം ചെയ്തത് രാജാറാം മോഹന്റോയിയുടെ ഫയല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയെന്നതായിരുന്നു. ഫയല്‍ അദ്ദേഹം സനിഷ്‌കര്‍ഷം പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിയമോപദേശകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അന്നു വൈകുന്നേരംതന്നെ സതി നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വൈസ്രോയി പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സിനെതിരെ വലിയൊരു പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്. ഹൈന്ദവാചാരങ്ങളെ തകര്‍ക്കാന്‍ പാശ്ചാത്യര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു പ്രധാന ആക്ഷേപം. സ്ത്രീജനങ്ങളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചത്. ഒരു ലക്ഷം പേര്‍ വീതമൊപ്പിട്ട രണ്ട് നിവേദനങ്ങളാണ് വൈസ്രോയിയുടെ മുന്നിലെത്തിയത്. ഓര്‍ഡിനന്‍സ് ഇറക്കുകമാത്രമല്ല വൈസ്രോയി ചെയ്തത്. ഓര്‍ഡിനന്‍സിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം, പ്രത്യേകിച്ചും സ്ത്രീജനങ്ങളുടെ പ്രതികരണം ശേഖരിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തോട് വൈസ്രോയി ആവശ്യപ്പെട്ടു. ഉള്‍നാടുകളില്‍ പോയി ഔദ്യോഗികപദവി വെളിപ്പെടുത്താതെ സ്ത്രീകളോട് സംസാരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്, തുടര്‍ന്നൊരു വിശദമായ റിപ്പോര്‍ട്ടും വേണം. ഒരാഴ്ചയ്ക്കകം വൈസ്രോയി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. പല സ്ത്രീജനങ്ങളുടേയും പ്രതികരണങ്ങളുടെ സാരാംശം ഇങ്ങനെ:

''സര്‍ക്കാര്‍ നിരോധിച്ചാലും ഞങ്ങള്‍ സതി അനുഷ്ഠിക്കും. കാലാകാലമായുള്ള ആചാരമാണ്. അതിന്റെ പിന്നിലൊരു ഉദ്ദേശ്യമുണ്ടാവും. ചുടലയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഗംഗയില്‍ ചാടി ജീവനൊടുക്കും.''
അതെന്താണെന്നു ചോദിച്ചപ്പോള്‍ അവരുടെ മറുപടിയിങ്ങനെ:
''ഭര്‍ത്താവില്ലാതെയുള്ള ഒരു ജീവിതം ഞങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല. തന്നെയല്ല, പിന്നെ ഞങ്ങള്‍ക്കാരാണുള്ളത്? ഞങ്ങള്‍ അനാഥരാവില്ലേ? വീടിനും നാടിനുമൊരു ഭാരമാവില്ലേ? അവസാനമിങ്ങനെയൊരു വാചകം കൂടി ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും സ്വാശ്രയത്വവുമാണ് പ്രശ്‌നം. ആ നിലയില്‍ സ്ത്രീശാക്തീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണം. അപ്പോള്‍ മാത്രമേ ഓര്‍ഡിനന്‍സ് ഫലപ്രദമാവുകയുള്ളൂ.''

ആചാരങ്ങളുടെ അലംഘനീയതയെക്കാള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും മഹത്വത്തിനുമാണ് വില്യം ബെന്റിക്ക് പ്രാധാന്യം കൊടുത്തത്. അതില്‍ സുപ്രസിദ്ധമായ ബ്രിട്ടീഷ് ലിബറലിസത്തിന്റെ സ്വാധീനമുണ്ടായിരുന്നു. 
  

 വിധി
മഗ്നാകാര്‍ട്ട

ഇവിടെ ഇപ്പോള്‍ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ ആചാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ അല്ല പ്രാധാന്യം കൊടുത്തത്, സ്ത്രീപുരുഷസമത്വത്തിനാണ്. ആചാര ധാര്‍മ്മികതയെ അവര്‍ പരിഗണിച്ചില്ല, ഭരണഘടനാ ധാര്‍മ്മികതയെ ആണ് അവരുയര്‍ത്തിപ്പിടിച്ചത്. പ്രായഭേദമെന്യേയുള്ള സ്ത്രീപ്രവേശം ഭരണഘടനാ ധാര്‍മ്മികതയും ഭരണഘടനാ ബാധ്യതയുമാണ്. ആ നിലയില്‍ ഇന്ത്യക്കാകെ ബാധകമായ ഒരു വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഐതിഹാസിക വിധിയുടെ അലയൊലികള്‍ സ്ത്രീവിവേചനമനുഭവിക്കുന്ന മറ്റു മതവിഭാഗങ്ങളിലും അനുരണനങ്ങള്‍ സൃഷ്ടിക്കും. ഈ നാട്ടിലെ സ്ത്രീ വിമോചനചരിത്രത്തില്‍ ഈ വിധിപ്രഖ്യാപനം ഒരു മാഗ്‌നാക്കാര്‍ട്ടയായി ചരിത്രം രേഖപ്പെടുത്തും. ഈ കേസിന്റെ വിചാരണവേളയില്‍ റിസര്‍വ്വ് ബാങ്കിന്റെ ഉപദേശകസമിതിയില്‍ കേന്ദ്രഗവണ്‍മെന്റ് പ്രതിനിധിയും ഒരു ധനകാര്യലേഖകനുമായ എസ്. ഗുരുമൂര്‍ത്തി പ്രകടിപ്പിച്ച അഭിപ്രായം മാധ്യമശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍:

''കേരളത്തിലുണ്ടായ പ്രളയം അയ്യപ്പന്റെ കോപം മൂലമാണ്, അയ്യപ്പന്റെ ശാപമാണ്. ഈ കേസില്‍ വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും.''

പ്രതിഷേധങ്ങള്‍ക്കിടയില്‍ ദര്‍ശനം നടത്തുന്ന സ്ത്രീകള്‍


ഒരുതരത്തില്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണിത്. സമാനമായൊരു അനുഭവം എനിക്കും നേരിടേണ്ടിവന്നു. ഇവിടെ ഒരു പന്തംകൊളുത്തി പ്രകടനം ഉണ്ടായിരുന്നു. യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രകടനമെന്നറിയുന്നു. എനിക്കെതിരെയും പീപ്പിള്‍സ് ലൈബ്രറിക്കെതിരെയും ആയിരുന്നു മുദ്രാവാക്യങ്ങളിലേറെയും. ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കലുമുണ്ടായി. ഞാനീ കേസില്‍ കക്ഷിചേരാനിടയായപ്പോള്‍ ഈ വിഷയത്തില്‍ ഈ ലൈബ്രറി ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അന്നും മാതൃമണ്ഡലമെന്ന ഒരു വലതുപക്ഷ ഹൈന്ദവസംഘടന യോഗത്തില്‍ അവരുടെ അസഹിഷ്ണുത സംഘടിതമായി പ്രകടിപ്പിക്കുകയുണ്ടായി. അതുവരെ വായനശാലയില്‍ വരാത്തവര്‍പോലും അന്നു യോഗത്തിനെത്തിയിരുന്നു. എനിക്കെതിരെ ഇന്നലെ മുഴക്കിയ പല മുദ്രാവാക്യങ്ങളും എഴുതാന്‍ പറ്റാത്തതാണെന്ന് കേട്ടവര്‍ പറയുന്നു. അതില്‍ താരതമ്യേന മാന്യമെന്നു പറയാവുന്ന ഒരു മുദ്രാവാക്യം താഴെ കൊടുക്കുന്നു.
''കേസില്‍ കക്ഷിചേര്‍ന്നവന്റെ കൈവെട്ടും''

ഒരു നവമാധ്യമത്തില്‍ വന്ന പ്രതികരണം അതിലും വേദനാജനകമായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതി എന്റെ സഹധര്‍മ്മിണി ശാന്ത അന്തരിച്ചു. നാലു പതിറ്റാണ്ട് നീണ്ട ഹൃദ്രോഗ പ്രതിരോധസമരത്തിനൊടുവില്‍ 73-ാം വയസ്സിലാണ് ശാന്ത മരിക്കുന്നത്. ഈ കേസില്‍ കക്ഷിചേര്‍ന്നത് അയ്യപ്പന് ഇഷ്ടപ്പെട്ടിട്ടില്ല. ശാസ്താവിന്റെ കോപമാണ് മരണകാരണമെന്നായിരുന്നു ആ നവമാധ്യമ പ്രതികരണം. ദൈവനാമത്തില്‍ വരുന്ന ഈ വാക്കുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഷേക്സ്പിയറിന്റെ ഈ വാക്കുകളില്‍ അഭയം തേടുന്നു:

''വാക്കുകള്‍ ഉയര്‍ന്നു പറക്കുന്നു. ചിന്തകള്‍ ഭൂമിയുടെ ഏതോ അഗാധതലത്തിലും. ചിന്തയുടെ പിന്‍ബലമില്ലാത്ത ആ വാക്കുകള്‍ എത്ര ഉയരത്തില്‍ പറന്നാലും ഈശ്വരസമക്ഷമെത്തുകയില്ല.''    ചിന്താദാരിദ്ര്യത്തിന്റെ ചിലമ്പിച്ച ചിറകടിയൊച്ചകള്‍ അല്പായുസ്സായി അലയടിച്ചൊടുങ്ങും. 

ആചാരക്കോട്ടകള്‍ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണസമുദായത്തില്‍ വിധവാവിവാഹം നടപ്പിലായത്. മഹാരാഷ്ട്രയിലെ ശനീശ്വരന്‍ കോവിലില്‍ കാലാകാലങ്ങളായി സ്ത്രീകളെ ക്ഷേത്രമതിലിനുള്ളില്‍ കടക്കാനനുവദിച്ചിരുന്നില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രഭാരവാഹികളുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് അവിടെ സ്ത്രീജനങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോഴവിടെ ഒരു പ്രശ്‌നവുമില്ല. സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് അവിടെ ഒരു വാര്‍ത്തയുമല്ല. അജ്മീറിലെ പ്രസിദ്ധമായ ഒരു മുസ്ലിം ദര്‍ഗയില്‍ കോടതിവിധിയുടെ പിന്‍ബലത്തില്‍ പൊലീസ് സഹായത്തോടെ മുസ്ലിം സഹോദരിമാര്‍ പള്ളിയില്‍ പ്രവേശിച്ചു. മരണാനന്തരം ശവശരീരമായി മാത്രമേ അവിടെ മുസ്ലിം സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നുള്ളു. ഈ രണ്ടു സ്ഥലങ്ങളിലും കേസ് നടത്തി വിജയിച്ച യംഗ് ലോയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ശബരിമലയിലേയും വാദികള്‍. ശബരിമലയിലും ആര്‍പ്പും കുരവയും പഞ്ചവാദ്യവുമായി സ്ത്രീജനങ്ങളെ സ്വീകരിച്ചെതിരേല്‍ക്കുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിച്ചുകൂടേ? ശ്രമിക്കുകയല്ലേ വേണ്ടത്. മറ്റൊരു കേരളമാതൃക നമുക്കു സൃഷ്ടിച്ചെടുക്കാം? ശബരിമലയെ മറ്റൊരു തിരുപ്പതിയായി നമുക്കു വളര്‍ത്തിയെടുക്കാം. 

സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ സന്നിധാനത്ത് കുട്ടികളെ മുന്‍നിര്‍ത്തി നടന്ന സമരം


ഒരു പഴയ സംഭവം ഓര്‍മ്മവരുന്നു. അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കട്ടെ. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് മഹാത്മജി വൈക്കത്തു വന്നിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള പൊതുനിരത്തിലൂടെ ഹരിജനങ്ങള്‍ക്ക് വഴി നടക്കാനനുവാദമില്ലായിരുന്നു. അന്ന് വൈക്കം ബോട്ട്ജെട്ടിയില്‍ ഗാന്ധിജി പ്രസംഗിക്കാമെന്നു സമ്മതിച്ചിരുന്നു. സമയനിഷ്ഠ വ്രതശുദ്ധിയോടെ പാലിച്ചിരുന്ന ഗാന്ധിജി ഒരു മണിക്കൂര്‍ വൈകിയാണ് യോഗസ്ഥലത്തെത്തിയത്. താമസിച്ച് എത്തിയതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് ഗാന്ധിജി പ്രസംഗം ആരംഭിച്ചത്. ക്ഷേത്രസംബന്ധമായ കാര്യങ്ങളെക്കുറിച്ച് ഇണ്ടംതുരുത്തി നമ്പൂതിരിയുമായുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതുകൊണ്ടാണ് സമയത്ത് എത്താന്‍ കഴിയാതെ പോയതെന്ന് ഗാന്ധിജി യോഗത്തെ അറിയിച്ചു. ചാതുര്‍വര്‍ണ്ണ്യത്തിന്റെ മഹത്വത്തെക്കുറിച്ചും അലംഘനീയതയെക്കുറിച്ചും വാചാലനായ ഇണ്ടംതുരുത്തിയുടെ തര്‍ക്കങ്ങള്‍ക്കും കുതര്‍ക്കങ്ങള്‍ക്കും ഗാന്ധിജി അക്ഷോഭ്യനായും ശാന്തനായും തൃപ്തികരമായും മറുപടി നല്‍കിക്കൊണ്ടിരുന്നു. ഹരിജനങ്ങളെ തീണ്ടല്‍പ്പാടകലെ നിര്‍ത്തണമെന്നു വാദിച്ച ബ്രാഹ്മണന്റെ മാനസാന്തരത്തിനുവേണ്ടി ശ്രമിച്ച ഗാന്ധിജിയുടെ കഥ ഇന്നു ചരിത്രഭാഗമാണ്. ആ ക്ഷേത്രപാലകന്റെ ബ്രഹ്മരക്ഷസ്സ് ദേവസ്വം അധികാരികളിലും തന്ത്രിയിലും മേല്‍ശാന്തിയിലും ആവേശിച്ചിരുന്നുവെന്നു നാളത്തെ ചരിത്രവിദ്യാര്‍ത്ഥികള്‍ പറയാന്‍ ഇടയാകാതിരിക്കട്ടെ. നല്ലപാതിയെന്നു നാമൊക്കെ വിശേഷിപ്പിക്കുന്ന സ്ത്രീജനങ്ങള്‍ക്ക് പ്രവേശനമനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നിരിക്കുന്നു. 1937-ലെ ക്ഷേത്രപ്രവേശനവിളംബരം പോലെ ഐതിഹാസിക മാനങ്ങളുള്ള ഒരു ചരിത്രസംഭവമാണിത്. 

ധര്‍മ്മശാസ്താവിന്റെ അനുഗ്രഹമാണ് ഈ കോടതിവിധി. ഋഗ്വേദം ഉദ്‌ഘോഷിച്ച സമാനതയുടെ കാലോചിതവിളംബരമാണ് ഈ വിധിപ്രഖ്യാപനം. പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ പടിക്കുപുറത്ത് നിര്‍ത്തിയ ഭക്തജനകോടികളെ ബുദ്ധകാരുണ്യം കൈനീട്ടി സ്വീകരിച്ചതിന്റെ പ്രഖ്യാപനമാവും ഈ കോടതിവിധി. സ്ത്രീജനപ്രവാഹത്തോടെ സന്നിധാനം കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമാവുമെന്നതിനു സംശയമില്ല. ലേഖനാരംഭത്തില്‍ ഉദ്ധരിച്ചിട്ടുള്ള മഹദ്വാക്യങ്ങളുടെ അന്തസ്സത്ത അങ്ങനെ സാക്ഷാല്‍ക്കരിക്കുമാറാകട്ടെ. 
 നീതിന്യായവിചാരത്തി-
ലുണ്ടാവേണം സമന്വയം
നീതിപാലനമാവട്ടേ
നിയമത്തിന്‍ പ്രയോഗവും


പാതിയോളം വരും നല്ല-
പാതിയാം സ്ത്രീജനങ്ങളെ
പുറത്തുനിര്‍ത്തുമാചാര-
മെന്തു ബീഭത്സനീതിയാം?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍