ലേഖനം

മൂന്നാമത് ഒരു ഇടപ്പള്ളിക്കവി: എസ്‌കെ വസന്തന്‍ എഴുതുന്നു

എസ്.കെ. വസന്തന്‍

ന്നത്തെ ഇടപ്പള്ളിക്കാരില്‍ മഹാഭൂരിപക്ഷവും ഒരുപക്ഷേ, കേട്ടിട്ടുപോലും ഉണ്ടാവില്ല ശ്രാമ്പിക്കല്‍ പത്മനാഭമേനോന്‍ എന്ന പേര്. അദ്ദേഹത്തിന്റെ ജനനത്തീയതിയോ മരണത്തീയതിയോ ഒന്നും എനിക്കു നിശ്ചയമില്ല. എന്നാല്‍, അദ്ദേഹത്തെ ഞാന്‍ ഒരുപാടു തവണ കണ്ടിട്ടുണ്ട്. അദ്ദേഹം പലതവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഖദര്‍ധാരിയായ ഒരു സാധുമനുഷ്യന്‍. അദ്ദേഹത്തെ ചിലര്‍ 'ഉസ്താദ് മേനോന്‍' എന്നു വിളിക്കാറുണ്ട്. കാരണം സ്‌കൂള്‍കുട്ടികളെ ഹിന്ദി പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. മിക്കപ്പോഴും കുട്ടികളുടെ വീടുകളില്‍ പോയി പഠിപ്പിക്കും. പത്മകുമാര്‍ എന്നൊരു ഹിന്ദി അദ്ധ്യാപകനും അക്കാലത്ത് ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നു. പത്മകുമാര്‍ സാര്‍, ദേവന്‍കുളങ്ങര ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ അന്നുണ്ടായിരുന്ന ഒരു ഇരുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ തളത്തില്‍വച്ചാണ് ക്ലാസ്സുകള്‍ നടത്തുക ഏതാനും മാസം ഞാനും ആ ക്ലാസ്സുകളില്‍ പോയി പഠിച്ചിട്ടുണ്ട്. ആ മാളികയുടെ ഒരു ചെറിയ മുറിയിലാണ് സഖാവ് പോട്ടയില്‍ എന്‍.ജി. നായര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച ജനയുഗം വായനശാല പ്രവര്‍ത്തിച്ചിരുന്നത്. പത്മനാഭമേനോന്‍ പിന്നീട് ഇടപ്പള്ളിയില്‍ എളമക്കരയില്‍ പുന്നയ്ക്കല്‍ ക്ഷേത്രത്തിനടുത്ത് ഒരു ഹിന്ദിവിദ്യാലയം തുടങ്ങി എങ്കിലും അത് അല്പായുസ്സായി. 

ശ്രാമ്പിക്കല്‍ തറവാട്, ഞാന്‍ പഠിച്ച ഗവണ്‍മെന്റ് ഇംഗ്ലീഷ് ഹൈസ്‌ക്കൂളിന്റെ പിന്നില്‍ പടിഞ്ഞാറു ഭാഗത്താണ്. സാമാന്യം വലിയ ഒരു എട്ടുകെട്ടായിരുന്നു എന്നാണ് ഓര്‍മ്മ. സ്‌കൂള്‍ പരിസരത്ത് കൊല്ലംപറമ്പ്, ശ്രാമ്പിക്കല്‍ എന്നിവയായിരുന്നു എട്ടുകെട്ടുകള്‍. ശ്രാമ്പിക്കലിന് ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ അവര്‍ക്ക് ഊരാഴ്മയോ അതുപോലുള്ള മറ്റ് അവകാശങ്ങളോ ഉണ്ടായിരുന്നതായി തോന്നുന്നില്ല; എനിക്കറിയില്ല. ശ്രാമ്പിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം എന്നാണ് അതറിയപ്പെട്ടിരുന്നത്. ഒരു തിരക്കും ഇല്ലാത്ത ഒരമ്പലം. ചങ്ങമ്പുഴ പാര്‍ക്കിന്റെ സമീപത്തുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കു പോകുന്ന ബി.ടി.എസ്. റോഡില്‍ കുറച്ചു ദൂരം പോയാല്‍ റോഡിന്റെ വലതുഭാഗത്ത് ഇന്നും ആ ക്ഷേത്രം ഉണ്ട്. ശ്രാമ്പിക്കല്‍ക്കാരുടെ പരദേവതാക്ഷേത്രമായിരുന്നിരിക്കാം. ഭക്തിവ്യവസായവും പരിഷ്‌ക്കാരവും ആയതോടെ ആ അമ്പലവും നവീകരിക്കപ്പെട്ടു; ഇന്ന് മണ്ഡലകാലത്ത് അവിടെ വലിയ തിരക്കാണത്രെ. ബി.ടി.എസ്. റോഡ് അന്ന് ഒരു തോട് ആയിരുന്നു. 
ശ്രാമ്പിക്കല്‍ പത്മനാഭമേനോന്‍ എന്ന വ്യക്തിയെപ്പറ്റി എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ കൂടി ഉണ്ട്. അദ്ദേഹത്തിന് അവിവാഹിതനായ ഒരു ജ്യേഷ്ഠന്‍ ഉണ്ടായിരുന്നു- ഗുസ്തിമുറകള്‍ ഒക്കെ പഠിച്ച ഒരാള്‍. പത്മനാഭമേനോന്‍ കുറെ വൈകിയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് മക്കള്‍ ഉണ്ടായില്ല. ഭാര്യ മരിച്ചതോടെ ആ കുടുംബത്തില്‍ ആരും ഇല്ലാതായി. അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു ബന്ധു എളമക്കരയില്‍ വിദ്യാഭവനില്‍ അദ്ധ്യാപികയാണ്- ശ്രീമതി സതീദേവി. ചില കവിതകളും പാട്ടുകളും അവര്‍ എഴുതിയിട്ടുണ്ട്. പത്മനാഭമേനോനെക്കുറിച്ചുള്ള എന്റെ അന്വേഷണം ഒരു ഘട്ടത്തില്‍ അവരില്‍ ചെന്നെത്തി. മേനോന്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിവച്ചിരുന്ന ചില കവിതകള്‍ അവര്‍ എനിക്കു തന്നു. 

മേനോന്‍ എന്നു ജനിച്ചു, എന്നു മരിച്ചു എന്നൊന്നും എനിക്ക് കണ്ടെത്താനായില്ല. ശ്രാമ്പിക്കല്‍ തറവാടിന്റെ ഭാഗപത്രമോ വില്പനാപത്രമോ കണ്ടെത്തിയാല്‍ അതില്‍ പ്രായത്തെക്കുറിച്ചു സൂചന കണ്ടേക്കാം എന്നതുകൊണ്ട് ആ വഴിക്കും ഒരന്വേഷണം നടത്തി. ഇടപ്പള്ളിയിലെ ചില ആധാരം എഴുത്തുകാരെ സമീപിച്ചു എങ്കിലും അവര്‍ ഒരു താല്പര്യവും കാണിച്ചില്ല. അതുകൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. 

ശ്രാമ്പിക്കല്‍ പത്മനാഭമേനോന്‍ കുറേ കവിതകള്‍ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയുടേയും രാഘവന്‍ പിള്ളയുടേയും സമകാലികന്‍ ആയിരുന്ന ഈ കവി, രാഘവന്‍പിള്ളയുടെ കവിതകള്‍ക്കൊപ്പം നില്‍ക്കാവുന്ന കവിതകള്‍ തന്നെയാണ് എഴുതിയത്. മാതൃഭൂമി, കേരളം, സദ്ഗുരു, ഗുരുനാഥന്‍ എന്നീ ആനുകാലികങ്ങളിലാണ് അവ ചിതറിക്കിടക്കുന്നത്. 1925 മുതല്‍ ഉള്ള കുറേ കവിതകള്‍ എനിക്ക് കണ്ടെത്താനായി. സതീദേവി ടീച്ചര്‍ തന്നത് ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം കവിതകള്‍. അക്കാലത്തെ 'മലയാളരാജ്യം വാരിക'യിലും ചില കവിതകള്‍ വന്നിട്ടുണ്ടാവാം. (തിരുവനന്തപുരത്തോ കൊല്ലത്തോ അന്വേഷിച്ചാല്‍ കിട്ടാം). ചങ്ങമ്പുഴയും രാഘവന്‍പിള്ളയും മലയാളരാജ്യത്തില്‍ എഴുതിയിട്ടുണ്ട്. അപ്രധാന വാരികകളും മാസികകളും പരതിയാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കവിതകള്‍ കൂടി കിട്ടി എന്നു വരാം. രാഘവന്‍പിള്ളയെപ്പോലെ തൂവലുകള്‍ക്ക് നിറപ്പകിട്ടു കുറഞ്ഞ കാല്പനിക കവി ആയിരുന്നു ശ്രാമ്പിക്കല്‍ പത്മനാഭമേനോന്‍. 
എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ കവിതകളുടെ ഒരു പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നത് ഒരു പ്രതീക്ഷയോടെ ആണ്. ശ്രാമ്പിക്കല്‍ പത്മനാഭമേനോന്റെ കവിതകള്‍ എന്ന പേരില്‍ ഒരു പുസ്തകം, ഒരു പ്രസാധകനും മുന്‍കൈ എടുത്ത് പ്രസിദ്ധീകരിക്കും ഇന്ന്, എന്നെനിക്കു തോന്നുന്നില്ല. കാരണം അവ വിറ്റുപോവില്ല എന്നതുതന്നെ. എന്നാല്‍, ഇടപ്പള്ളിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങമ്പുഴ സാംസ്‌ക്കാരിക നിലയത്തിനോ ചങ്ങമ്പുഴ വായനശാലക്കോ താല്പര്യം ഉണ്ടെങ്കില്‍ നൂറുപേജിനടുത്തുവരുന്ന പുസ്തകമായി ഈ കവിതകള്‍ പ്രസിദ്ധീകരിക്കാം. ഈ സ്ഥാപനങ്ങളുടെ സാരഥികള്‍ നല്ല ജനസ്വാധീനം ഉള്ളവരാണ് എന്നാണ് ഞാന്‍ ധരിച്ചിട്ടുള്ളത്. അവര്‍ വിചാരിച്ചാല്‍ ഇരുന്നൂറു മുന്നൂറു പുസ്തകങ്ങള്‍, 'കെട്ടി ഏല്പിക്കാന്‍' പറ്റും. അഞ്ഞൂറു കോപ്പികള്‍ അച്ചടിച്ചാല്‍ മതി. ഇടപ്പള്ളിക്കവികള്‍ എന്ന സംജ്ഞയില്‍ ഉള്‍പ്പെടേണ്ട ഒരാള്‍ തീരെ വിസ്മൃതനാകാതിരിക്കും എന്നതാണ് നേട്ടം. 

പത്മനാഭമേനോന്റെ കവിതയെപ്പറ്റിയുള്ള വിലയിരുത്തലിനൊന്നും ഇപ്പോള്‍ ഒരുമ്പെടുന്നില്ല. പുസ്തകരൂപത്തില്‍ ആവുകയാണെങ്കില്‍, അപ്പോള്‍ ഒരു ആമുഖപഠനത്തിലൂടെ ആര്‍ക്കെങ്കിലും അത് നിര്‍വ്വഹിക്കുവാനാവും താനും. കവിയുടെ കൈയക്ഷരത്തിന്റെ മാതൃകയും കവിതകള്‍ എവിടെ ലഭ്യമാണ് എന്ന വിവരവും മാത്രമേ ഈ കുറിപ്പില്‍ ഉള്ളൂ. ചില കവിതകള്‍ സൂക്ഷിച്ചുവയ്ക്കാനും അവ കൈമാറാനും സൗമനസ്യം കാട്ടിയ സതീദേവി ടീച്ചറോടുള്ള നന്ദി രേഖപ്പെടുത്തുന്നു. 

ശ്രാമ്പിക്കല്‍ പത്മനാഭമേനോന്റെ കവിതകള്‍

1. മാതൃഭൂമി വാരിക 
1.നീര്‍പ്പോള    1932    ആഗസ്റ്റ് 1
2.ശ്മശാനസന്ദേശം    1933    ഫെബ്രുവരി 6
3.തടില്ലത    1933 ഫെബ്രുവരി 27
4.അനുകമ്പ    1933    ഏപ്രില്‍ 24
5.മാപ്പ്    1933 നവംബര്‍ 6
6.ഉഷസ്സില്‍    1934    ഫെബ്രുവരി 5
7.സന്ധ്യാസൗന്ദര്യം    1934    മെയ്    14
8.രാപ്പാടി    1934    സെപ്റ്റംബര്‍ 10
9.സുപ്തിഗീതം    1934    ഒക്ടോബര്‍ 1
10.നെടുവീര്‍പ്പ്    1934    ഒക്ടോബര്‍ 22
11.ത്യാഗം    1934    ഡിസംബര്‍ 31
12.ആനന്ദലഹരി    1935    ജനുവരി 7
13.പൈങ്കിളി    1935    ഫെബ്രുവരി 4
14.പ്രപഞ്ചലീല    1935    മാര്‍ച്ച് 4
15.അനര്‍ഘരാഗം    1935    ഏപ്രില്‍ 1
16.അപൂര്‍ണ്ണഗാനം    1935    ഏപ്രില്‍ 22
17.മഹാകവി    1936    മാര്‍ച്ച് 30
18.പ്രേമലഹരി    1936 മെയ് 18
19.ഗ്രാമലക്ഷ്മി    1936    ജൂലൈ 27
20.ആരാധകന്‍    1936    ഡിസംബര്‍ 21
21.ചിത്രകാരന്‍    1937    ജനുവരി 18
22.ആഹ്വാനം    1937    മാര്‍ച്ച് 1
23.വഴിമലര്‍    1937    ഏപ്രില്‍ 26
24.സ്വേദകണങ്ങള്‍    1937    മെയ് 31

2. സദ്ഗുരു
1.എന്റെ ജീവിതഭാരം    1106 ചിങ്ങം പു 10. ല. 1
2.സന്ധ്യാഗീതം    1106 വൃശ്ചികം പു 10. ല. 4
3.ഈശ്വരപ്രാര്‍ത്ഥന    1106 മേടം പു 10 ല. 9
4.പിച്ചക്കാരന്റെ പാഴ്ക്കുമ്പിള്‍    1106 മിഥുനം പു 10. ല. 11
5.മാതൃസന്ദേശം 1107 മകരം പു 11. ല. 6
6.ആത്മഗീതി    1107 മീനം പു 11. ല. 8
7.മറശ്ശീലയില്‍    1108 കന്നി പു 12. ല. 3
8.ആശാങ്കുരം    1108 മകരം പു 12. ല. 6
9.ശൂന്യഗൃഹം    1108 കുംഭം പു 12. ല. 7
10.നിമ്‌നഗയുടെ വിളി    1108 എടവം പു 12. ല. 10
11.കേരളം    1108 എടവം
12.സുജാത    1109 ചിങ്ങം പു 13. ല. 1
13.ദേവിയോട്    1109
14.അണയാറായ ദീപനാളം    1109 വൃശ്ചികം
15.പ്രതീക്ഷ    1109 എടവം, മിഥുനം പു 13. ല. 10, 11
16.പിച്ചക്കാരന്‍    1100 മീനം, മേടം പു 14. ല. 8, 9

3. കേരളം
1.ഭാവിയോട്

4. കൈയെഴുത്ത്
1.ഭ്രമരത്തിന്റെ പ്രേമഗാനം
2.തകര്‍ന്ന വീണ
3.വസന്തവിലാസം
4.ഇരുളിലെ വെളിച്ചം
5.നര്‍ത്തകി
6.നെടുവീര്‍പ്പ്
(ഈ കവിതകള്‍ ദ്രാവിഡ വൃത്തങ്ങളിലുള്ളവയും ശ്ലോകത്തില്‍ ഉള്ളവയും ഫോട്ടോക്കോപ്പി എടുത്ത് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ