ലേഖനം

പ്രത്യാശയുടെ പുസ്തകം: സക്കറിയ എഴുതുന്നു

സക്കറിയ

തി എവിടെയും പ്രശ്‌നമാണ്-കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, പരിണാമശക്തികളിലൊന്നായ രതിയിലൊളിഞ്ഞിരിക്കുന്ന മാത്സര്യ സ്വാഭാവത്തിന്റേയും പുരുഷാധിപത്യ പ്രവണതയുടേയും അതോടനുബന്ധിച്ച സ്ത്രീയെ സ്വന്തമാക്കാനുള്ള ത്വരയുടേയും മനഃശാസ്ത്രം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഏത് സമൂഹത്തിലും ഒന്നുതന്നെയാണ്. പക്ഷേ, അതിന്റെ വാസ്തവം മനസ്സിലാക്കുന്നതിലും അതിനെ സാംസ്‌ക്കാരിക ബോധ ജ്ഞാനത്തോടേയും മാനവികവും ജനാധിപത്യപരവുമായ അവബോധത്തോടേയും മനുഷ്യാവകാശപരമായ ഭദ്രതയോടേയും കൈകാര്യം ചെയ്യുന്നതിലും സമൂഹങ്ങള്‍ പ്രകടിപ്പിക്കുന്ന ശേഷിയാണ് അവയെ സംസ്‌ക്കാര സമ്പന്നതയുടെ ശ്രേണിയില്‍ പ്രതിഷ്ഠിക്കുന്നത്. ഇന്ത്യയ്ക്ക് പൊതുവിലും മലയാളികള്‍ക്ക് പ്രത്യേകിച്ചും ആ ശേഷി വികസിച്ചില്ല എന്നതാണ് നമ്മുടെ സാംസ്‌ക്കാരിക തകര്‍ച്ചയുടെ ദയനീയമായ  അടയാളങ്ങളിലൊന്ന്. 
രതിയെ പ്രശ്‌നവല്‍ക്കരിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് മതങ്ങളും യാഥാസ്ഥിതിക പാരമ്പര്യങ്ങളും അവയോട് ചേര്‍ത്തിണക്കിയ പുരുഷാധിപത്യ സംവിധാനവും അവയില്‍നിന്ന് പിന്തുണയും ബലവും സമ്പാദിക്കുന്ന നീതിന്യായ വ്യവസ്ഥയുമാണ്. ഇവയ്ക്കെല്ലാം സുരക്ഷയും ന്യായീകരണവും നല്‍കുന്നതാവട്ടെ - കേരളം തന്നെ ഉദാഹരണം - രാഷ്ട്രീയപ്പാര്‍ട്ടികളും അതു രൂപം കൊടുക്കുന്ന ഭരണകൂടങ്ങളുമാണ്. ഈ ശക്തികളെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രതിനിധീകരിക്കുന്ന മാധ്യമങ്ങള്‍ - വീണ്ടും കേരളം തന്നെ ഉദാഹരണം - രതിയെ സമൂഹദൃഷ്ടിയില്‍ പ്രശ്‌നവല്‍ക്കരിക്കുന്നതിലും അശ്ലീലമായി ചിത്രീകരിക്കുന്നതിലും സദാചാര മനോവൈകൃതങ്ങള്‍ക്കിരയാക്കുന്നതിലും അതിപ്രധാന പങ്കു വഹിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് രതിയെ സംബന്ധിച്ച ജീര്‍ണ്ണങ്ങളായ സമീപനങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യതയും പ്രചാരവും ലഭിക്കുന്നത്. 
പ്രശ്‌നവല്‍ക്കരിക്കപ്പെട്ട രതിയുടെ കേന്ദ്രപ്രതീകമായി സാമൂഹിക മേല്‍ക്കോയ്മകള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് സ്ത്രീയെയാണ്. സ്ത്രീയാണ് ഒരേ സമയം പുരുഷ ലൈംഗികാഗ്രഹപൂര്‍ത്തിയുടെ ഉപകരണവും അവന് സദാചാരപരമായ പഴിചാരാനുള്ള 'സാധന'വും. എന്നു മാത്രമല്ല, രതിയെ ഉപയോഗിച്ച് ഒരു പുരുഷനെ യാഥാസ്ഥിതിക സാമൂഹ്യ ശക്തികള്‍ - പ്രത്യേകിച്ച് മാധ്യമങ്ങള്‍ - വേട്ടയാടുമ്പോള്‍ അതൊരു സ്ത്രീ വേട്ടയും കൂടിയായി പരിണമിക്കുന്നു. മലയാളികളുടെ ഇന്നത്തെ തലമുറ പൊതുവില്‍ രതിയുടെ ഈ തരംതാഴ്ത്തലിനും അവിശുദ്ധീകരണത്തിനും ജന്മനാ അടിമയാണ് (ഒരു നിശ്ശബ്ദ, നിസ്സഹായ സൂക്ഷ്മ ന്യൂനപക്ഷം മാത്രമാണ് ഇതിനപവാദം). രതിയെപ്പറ്റിയുള്ള മലയാളികളുടെ ധാരണകള്‍ ജന്മനാ വികൃതമാക്കപ്പെട്ടിരിക്കുന്നു - ബുദ്ധിജീവികളുടേയും സാംസ്‌ക്കാരിക നായികാനായകന്മാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയ നേതാക്കളുടേയുമടക്കം. ബാല്യകാലം മുതല്‍ രതി ഒരു വികാര വൈകൃതമായും മലിന കര്‍മ്മമായും പാപമായും പുരുഷന്റെ മേല്‍ക്കോയ്മയുടെ ചിഹ്നമായും ഉപബോധമനസ്സുകളില്‍ മുദ്രണം ചെയ്യപ്പെടുന്നു. അതില്‍നിന്ന് സ്ത്രീകളും വിമുക്തരല്ല. രതിയുടെ യഥാര്‍ത്ഥ സ്വഭാവവും ജൈവചോദനയും ശരീരശാസ്ത്രവും അതിന്‍മേലുള്ള ന്യായമായ സാമൂഹിക നിയന്ത്രണങ്ങളുടെ പിന്നിലുള്ള സാമാന്യ ബുദ്ധിയും യുക്തിയും തമസ്‌ക്കരിക്കപ്പെടുകയും രതി അശ്ലീലമായ ഒരു കെട്ടുകഥയായി പുനര്‍നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്നു. ഈ വ്യാജനിര്‍മ്മിതി കേരളത്തിലെ മത-ജാതി-രാഷ്ട്രീയ-മാധ്യമ മേല്‍ക്കോയ്മകളുടെ ദൃശ്യവും അദൃശ്യവുമായ അധികാര തന്ത്രങ്ങളുടെ ഭാഗമാണ്. പൗരന്റെ ഏറ്റവും സ്വകാര്യവും തീവ്രവുമായ ഒരു പ്രേരണയെ കരിതേച്ച് കുറ്റകരവും പാപകരവുമാക്കി മാറ്റുന്നു. വ്യവസ്ഥാപിത മേല്‍ക്കോയ്മകള്‍ പൗരനെ പൂട്ടാനുപയോഗിക്കുന്ന ചങ്ങലകളിലൊന്നാണ് രതിയുടെ ദുര്‍വ്യാഖ്യാനം. നൈസര്‍ഗ്ഗിക സര്‍ഗ്ഗ പ്രേരണയായ രതിയെ - സ്ത്രീ പുരുഷ സൗഹൃദങ്ങളെത്തന്നെ - അടിച്ചമര്‍ത്തുന്നതും അപമാനിക്കുന്നതും ആക്രമിക്കുന്നതും മലയാളിയുടെ സ്വാഭാവിക സാംസ്‌ക്കാരിക പെരുമാറ്റ ശൈലിയായിത്തീര്‍ന്നു. മതപരിശീലനത്തിലൂടെയും മാധ്യമ നിര്‍മ്മിതികളിലൂടെയും സാംസ്‌ക്കാരികാഭിപ്രായ കുത്തകകളുടെ പ്രബോധനങ്ങളിലൂടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും സാംസ്‌ക്കാരികാന്ധതകളിലൂടെയും മലയാളികളുടെ തലച്ചോര്‍ ലൈംഗികതയെ സംബന്ധിച്ച ഒരു നിഷ്ഠുരമായ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമായി. കേരളത്തിലെ മുഖ്യമതമായ ഹിന്ദുമതത്തിന്, അതിന്റെ സംഹിതകളില്‍ രതിവിരുദ്ധമായ സമീപനമുള്ളതായി അറിവില്ല. എന്നാല്‍ സ്ത്രീയെ തരംതാഴ്ത്തിക്കാണാനുള്ള പ്രവണത അതിലുണ്ട്. ക്രിസ്തുമതത്തിന്റേയും ഇസ്ലാമിന്റേയും            രതിവിരുദ്ധ - സ്ത്രീവിരുദ്ധ - വിശ്വാസ സംഹിതകളുമായുള്ള സഹവാസം മലയാളി ഹിന്ദുവിന്റെ രതിസമീപനത്തെ ബാധിച്ചോ എന്ന് സംശയിക്കണം. ഇതിനൊരുത്തരം നല്‍കാന്‍ വസ്തുതാപരമായ ഒരു സാമൂഹികശാസ്ത്ര പഠനത്തിനേ കഴിയൂ. ഒന്ന് വ്യക്തമാണ്: രതിയുടെ പരിണാമപ്രേരിതവും ജനിതകാധിഷ്ഠിതവും അടിച്ചമര്‍ത്തിയാലും വഴങ്ങാത്തതുമായ ജൈവശക്തി അമര്‍ത്തിവയ്പുകളില്‍നിന്ന് അബോധമായും അല്ലാതേയും കുതറിക്കൊണ്ടിരിക്കും. ആ പ്രക്രിയ വികൃതവും അസ്വാഭാവികവുമായ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നു. അതായിരിക്കാം മലയാളിയുടെ രതിവൈകൃതങ്ങളുടെ - ഒളിഞ്ഞുനോട്ടത്തിന്റേയും സദാചാര ഗുണ്ടായിസത്തിന്റേയും ഇണകളെ ആക്രമിക്കാനുള്ള വാസനയുടേയും ബലാല്‍സംഗ ത്വരയുടേയും - ഉറവിടം. മാനവിക മൂല്യങ്ങളിലും ശാസ്ത്രീയ വസ്തുതകളിലുമധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് അനായാസമായി തിരുത്താന്‍ കഴിയുന്ന ഒരു വികല മാനസികാവസ്ഥയെ, മലയാളികളുടെ സമൂഹത്തിന് ചുക്കാന്‍ പിടിക്കുന്ന കുറ്റവാളികളായ ശക്തികള്‍ തലമുറയില്‍നിന്ന് തലമുറയിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു. സംസ്‌ക്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ആണിക്കല്ലുകളിലൊന്നായിരിക്കേണ്ട രതി അങ്ങനെ മലയാളിക്ക് ചീഞ്ഞളിഞ്ഞ രഹസ്യവും വെറുമൊരു തെറിവാക്കുമായിത്തീര്‍ന്നു. 
ഈ അവസ്ഥയോട്, ഹൃദയത്തില്‍നിന്നുള്ള ഒരു സ്ത്രീ പ്രതികരണമാണ് സി.എസ്. ചന്ദ്രികയുടെ 'ആയിരം ഉമ്മകള്‍ : പ്രണയ കാമസൂത്രം.' മലയാളികള്‍ക്ക് നഷ്ടപ്പെട്ട മനുഷ്യപ്പറ്റുള്ള, സംസ്‌ക്കാര സമ്പന്നമായ ലൈംഗികതയെയാണ് ഈ ഗ്രന്ഥത്തില്‍ ചന്ദ്രിക തേടുന്നത് - പ്രണയത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും ഊര്‍ജ്ജം തുടിക്കുന്ന രതി. സ്ത്രീപക്ഷത്ത് ഉറച്ചു നില്‍ക്കുന്ന ചന്ദ്രികയുടെ ശബ്ദം സ്ത്രീപക്ഷത്തിനുവേണ്ടി മാത്രമുള്ളതല്ല എന്നത് ശ്രദ്ധേയമാണ്. രതിയുടെ സാമൂഹികവും സാംസ്‌ക്കാരികവും വ്യക്തി തലത്തിലുള്ളതുമായ തകര്‍ച്ചയില്‍നിന്ന് പുരുഷന്റെ വിമോചനം കൂടി ചന്ദ്രിക ആവശ്യപ്പെടുന്നു. സാമൂഹികാധികാര ശക്തികള്‍ രതിക്കു മേല്‍ സൃഷ്ടിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളുടെ ഉപകരണമായിത്തീര്‍ന്ന ശരാശരി പുരുഷന്റെ അവസ്ഥയും പരിതാപകരമാണെന്ന് ചന്ദ്രിക ചൂണ്ടിക്കാണിക്കുന്നു. 
''സ്ത്രീകളുടെ അനുഭവം ഇങ്ങനെയാണെങ്കില്‍ അവരുടെ പുരുഷന്‍മാരുടെ അനുഭവം എങ്ങനെയായിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. യഥാര്‍ത്ഥ സ്ത്രീ ലൈംഗികത എന്തെന്നറിയാതെ, സ്വയമറിയാതെ, പുരുഷ ലൈംഗികതയുടെ സമ്പൂര്‍ണ്ണമായ ആനന്ദമെന്തെന്നറിയാതെ കീഴടക്കിയും യാന്ത്രികമായും ഏകപക്ഷീയമായും ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീര്‍ക്കുന്നവരാണ് പുരുഷന്മാരില്‍ ഭൂരിഭാഗവും.''


എത്രതന്നെ അസാധ്യവും സാങ്കല്പികവുമായി തോന്നിയേക്കാമെങ്കിലും ചന്ദ്രിക മൗലികമായ രതിക്കൊരു പുനര്‍ജന്മമൊരുക്കാനായി സധൈര്യം വിരല്‍ചൂണ്ടുന്നത് പ്രണയത്തിലേക്കാണ്. അധികാര പ്രയോഗങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അന്യായങ്ങള്‍ക്കും പുറത്തേക്കുള്ള വഴി പ്രണയമാണ് - സ്ത്രീയും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലുമെല്ലാമുള്ള പ്രണയം. ഒരുപക്ഷേ, ഒരു സ്ത്രീയും പല പുരുഷന്‍മാരുമായുള്ള പ്രണയം. അല്ലെങ്കില്‍ ഒരു പുരുഷനും പല സ്ത്രീകളുമായുള്ള പ്രണയം. സ്‌നേഹവും പ്രണയവും ആത്മാര്‍ത്ഥതാ രഹിതമായ ഉപയോഗം കൊണ്ട് പാഴ്വാക്കുകളായി മാറിയിട്ടുണ്ടെങ്കിലും അവയുടെമേല്‍ കെട്ടി വയ്ക്കപ്പെട്ടിട്ടുള്ള വൈകാരികവും ഭൗതികവുമായ പരമ്പരാഗത ഭാരങ്ങള്‍ ദുസ്സഹമാണെങ്കിലും ജീവിതത്തെ പരിമിതികളില്ലാതെ തുറന്നുവിടാന്‍ ശേഷിയുള്ള ശക്തികള്‍ തന്നെയാണ് അവ. ചന്ദ്രിക പറയുന്നു:
''പുരുഷാധികാരത്തേയും അതിനെ സുഗമമായി നിലനിര്‍ത്തുന്ന മറ്റ് ഭരണകൂട, മത, ജാത്യാധികാര വ്യവസ്ഥകളേയും ഫാസിസത്തെത്തന്നെയും നേരിടാനുള്ള ഒരു സര്‍ഗ്ഗാത്മക ഉപാധിയായി മനുഷ്യന് കൂട്ടുപിടിക്കാവുന്നത് പ്രണയത്തെയാണ്.''
വിവിധ ദിശകളില്‍നിന്നും വ്യത്യസ്ത രചനാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുമാണ് ചന്ദ്രിക തന്റെ അപകടകരമായ ദൗത്യത്തെ സമീപിക്കുന്നത്. അപകടകരം എന്ന് പറയാന്‍ കാരണമുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലക്കപ്പെട്ടതും വെറുക്കപ്പെട്ടതും അപകടകാരിയായി കരുതപ്പെടുന്നതുമാണ് രതിയും അതേക്കുറിച്ചുള്ള സത്യസന്ധമായ ചര്‍ച്ചകളും. എന്നാല്‍, അവയ്ക്ക് കേരളത്തിന്റെ സൂര്യനു കീഴില്‍ വിചിത്രമായ ഒരു പ്രത്യേക ഇടം നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലാണ് ലൈംഗികതയെക്കുറിച്ചുള്ള ഏറ്റവും തുറന്ന കേരളീയ സംവേദനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കൗമാരക്കാരെ കോരിത്തരിപ്പിക്കുന്ന രതിസാഹിത്യത്തിന്റെ വക്കത്തെത്തി നില്‍ക്കും വിധമുള്ള ലൈംഗിക വിശകലനങ്ങള്‍പോലും അവ അവതരിപ്പിക്കുന്നു. സ്ത്രീപ്രസിദ്ധീകരണങ്ങള്‍ക്ക് വമ്പിച്ച തോതില്‍ പുരുഷവായനക്കാരുണ്ടാകുന്നതിന്റെ ഒരു കാരണം അമാന്യമെന്ന് യാഥാസ്ഥിതിക മുഖ്യധാര കുറ്റപ്പെടുത്താത്ത ഈ രതി സാന്നിദ്ധ്യത്തിന്റെ ആകര്‍ഷണമാണെന്ന് പറയപ്പെടുന്നു. യാഥാസ്ഥിതികത്വത്തിന്റേയും പ്രതിലോമ ചിന്താ പദ്ധതികളുടേയും സദാചാര കാപട്യത്തിന്റേയും ഉരുക്കു കോട്ടകളും മലയാളികളുടെ മേല്‍ക്കോയ്മാ ശക്തികളുടെ ഒന്നാം നിരയില്‍ നില്‍ക്കുന്നവയുമായ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് രതിയെ വിറ്റഴിക്കാന്‍ സ്ത്രീകളുടെ വായനക്കമ്പോളത്തെ തെരഞ്ഞെടുത്തത് എന്നത് വിശദമായ സാമൂഹികശാസ്ത്ര പഠനമര്‍ഹിക്കുന്ന വിഷയമാണ്. ഇതേ മാധ്യമങ്ങള്‍ തങ്ങളുടെ മുഖ്യപ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്താപരമായി സ്ത്രീകളോട് സ്വീകരിക്കുന്ന സമീപനങ്ങളാകട്ടെ, സദാചാര ഗുണ്ടായിസത്തിന്റെ വക്കത്തെത്തി നില്‍ക്കുന്നവയാണ്. ചുംബനസമരം പോലെയുള്ള ഒരു പ്രതീകാത്മക വിമോചന സംരംഭത്തെ, അവര്‍ പൊലീസിനോടും ഭരണകൂടത്തോടും ഫാസിസ്റ്റുകളോടും ചേര്‍ന്നുനിന്ന്, എന്നാല്‍ മാധ്യമ ഗൂഢതന്ത്രങ്ങളുടെ മുഖംമൂടിയണിഞ്ഞുകൊണ്ട് അടിച്ചു തകര്‍ത്തിട്ട് അധികകാലമായിട്ടില്ല. എന്റെ നോട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട രതിയുടെ, പുരുഷന്മാരുടേതിനെക്കാള്‍ വലിയ കമ്പോളം സ്ത്രീകളുടേതാണ് എന്ന തിരിച്ചറിവായിരിക്കാം സ്ത്രീ പ്രസിദ്ധീകരണങ്ങളെ ഒരു രതി വിപണന മേഖലയാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതെന്തായാലും ഈ വിധത്തിലെങ്കിലും രതി ഒരു ചര്‍ച്ചാ വിഷയമാകുന്നുവെന്നതും ലൈംഗികതയെക്കുറിച്ച് നിരവധി ശാസ്ത്രീയ വസ്തുതകള്‍ - ശാസ്ത്രത്തിന്റെ ചായം തേച്ച ധാരാളം കളവുകള്‍ക്കൊപ്പം - സ്ത്രീകളുടെ പക്കലെത്തുന്നുവെന്നതും ആശ്വാസ ജനകമാണ്. തീര്‍ച്ചയായുമത് കുറച്ച് സ്ത്രീകളുടെ രതിധാരണകളിലെങ്കിലും മാറ്റം വരുത്തിയിരിക്കണം. ആ മാറ്റം ഭര്‍ത്താവും കുടുംബവും സമൂഹവുമായുള്ള അവരുടെ സമവാക്യങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിഞ്ഞുകൂട. അതേസമയം, നാളെ, മാനവികമായ സാംസ്‌ക്കാരിക ബോധജ്ഞാനം ചിലരിലെങ്കിലും രേഖപ്പെടുത്തപ്പെട്ട ഒരു ഭരണകൂടം ഇവിടെ - അവിശ്വസനീയമായി - ഉണ്ടാവുകയും അത് ലൈംഗികതയേയും സ്ത്രീ പുരുഷ ബന്ധങ്ങളേയും പറ്റിയുള്ള അടിസ്ഥാന വസ്തുതകള്‍, അവയെപ്പറ്റിയുള്ള ആപല്‍ക്കരമായ കെട്ടുകഥകള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന ചെറുതലമുറയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലഭ്യമാക്കാന്‍ ഒരു നടപടി സ്വീകരിക്കുകയും ചെയ്താല്‍, ഈ മാധ്യമങ്ങള്‍ തന്നെ മറ്റ് പ്രതിലോമശക്തികള്‍ക്കൊപ്പം അതിനെ തകര്‍ത്തെറിയുമെന്നതും മറക്കേണ്ട. 
'എന്റെ പ്രണയ ജീവിതം' എന്ന ആത്മകഥാപരമായ അദ്ധ്യായത്തില്‍നിന്നാണ് ചന്ദ്രികയുടെ നവീന കാമസൂത്രം അതിന്റെ യാത്ര തുടങ്ങുന്നത്. ചന്ദ്രിക എഴുതുന്നു : 
''ഞാന്‍ സമ്പൂര്‍ണ്ണമായ പ്രണയം ആഗ്രഹിക്കുന്നവളാണ്. അതിതീവ്രമായ പ്രണയമില്ലാതെ ജീവിക്കാനാവാത്തവള്‍. എന്റെ മനസ്സിനെ ഉള്ളം കയ്യിലെടുത്ത് ഓമനിക്കുകയും എല്ലാത്തരം കരുതലുകള്‍ കൊണ്ടും സുരക്ഷിതമാക്കുകയും ചെയ്യുന്ന പ്രണയമാണെന്നില്‍ ജീവന്‍ നിറയ്ക്കുക.''
കേരളീയ രതിസാഹചര്യങ്ങളെപ്പറ്റി, പ്രത്യേകിച്ചും സ്ത്രീകള്‍ അനുഭവിക്കുന്ന രതി നിഷേധങ്ങളേയും രതി ചൂഷണങ്ങളേയും രതി നിര്‍ഭാഗ്യങ്ങളേയും പറ്റിയുള്ള ഹൃദയം തുറന്ന ആലോചനകളാണ് 'പ്രണയ കാമസൂത്രം' എന്ന അദ്ധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രിക എഴുതുന്നു: 
''മനസ്സിനെ കെട്ടിപ്പൂട്ടിയ വിലങ്ങുകള്‍ ശരീരത്തേയും അടക്കി വയ്ക്കുന്നതാണ് സ്ത്രീകള്‍ നേരിടുന്ന  ഏറ്റവും വലിയ സങ്കോചങ്ങള്‍ (Inhibitions സ്വയം നിയന്ത്രണം (Self censorship), അസ്വാതന്ത്ര്യം.''
''സ്ത്രീയുടെ ഭാഗത്തുനിന്നും ബൗദ്ധികമായി, മാനസികമായി വളരാനും ലൈംഗികാജ്ഞതകളില്‍നിന്ന് സ്വയം പുറത്തുകടക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. പുരുഷന്‍ തന്റെ ഏകപക്ഷീയമായ ലൈംഗിക ധാരണകളേയും ആണധികാരത്തിന്റെ ലൈംഗികാഹന്തകളേയും വിഡ്ഢിത്തങ്ങളേയും മറികടക്കാനും തിരുത്താനും യഥാര്‍ത്ഥത്തില്‍ അറിയാതെപോകുന്ന ലൈംഗികാനന്ദങ്ങളുടെ വലിയ ലോകമറിയാനും സ്ത്രീയോടൊപ്പം നിന്ന് വലിയ ശ്രമങ്ങള്‍ നടത്തണം.''
''സ്ത്രീശരീരത്തിന്റെ മേലുള്ള സാമൂഹ്യ നിയന്ത്രണങ്ങളേയും അതിന്റെ ഭാഗമായുള്ള സ്വയം നിയന്ത്രണങ്ങളേയും തകര്‍ത്തെറിയാന്‍ ശേഷിയുള്ള രാഷ്ട്രീയാവബോധ''ത്തെ ചന്ദ്രിക പരാമര്‍ശിക്കുന്നു. രാഷ്ട്രീയം എന്ന പദത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപകടകരമായ ജീര്‍ണ്ണതയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയാവബോധം എന്ന പ്രയോഗം ചിലരിലെങ്കിലും തെറ്റിദ്ധാരണയ്ക്ക് വഴിതെളിച്ചേക്കാം. ഒരു വ്യക്തിയുടെ രാഷ്ട്രീയാവബോധത്തെ കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയോടുള്ള കൂറ് പ്രഖ്യാപനമായി തെറ്റിദ്ധരിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീകളുടെ കേരളത്തിലെ അവസ്ഥയെ നേരിടുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയം ഈ പതിവ് രാഷ്ട്രീയമാകാന്‍ സാധ്യമല്ല. കാരണം കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നടങ്കം പുരുഷ പ്രാമാണിത്വത്തിന്റെ നിര്‍ലജ്ജരായ പരിപോഷകരും സമൂഹത്തിന്റെ ലൈംഗിക ബോധ ജ്ഞാനത്തിന്റെ കറതീര്‍ന്ന എതിരാളികളുമാണ്. സ്ത്രീകളുടെ ലൈംഗിക ചൂഷണത്തില്‍ കേരളത്തിലെ എല്ലാ മേല്‍ക്കോയ്മകള്‍ക്കുമൊപ്പം രാഷ്ട്രീയപ്പാര്‍ട്ടികളും പങ്കെടുക്കുന്നു. സ്ത്രീകള്‍ക്ക് അവര്‍ കല്പിച്ചുകൊടുത്തിരിക്കുന്ന രാഷ്ട്രീയാവബോധം പാര്‍ട്ടിയംഗത്വത്തിലേക്കുപോലും അവരെ നയിക്കുന്ന ഒന്നല്ല. സമ്മേളനങ്ങളിലെ പരിചരണ സംരംഭങ്ങളിലും തെരഞ്ഞെടുപ്പിലെ വോട്ടു ചെയ്യലിലും അത് ഒതുങ്ങുന്നു. സ്ത്രീശരീരത്തിന്റേയും സ്ത്രീമനസ്സിന്റേയും വിമോചന രാഷ്ട്രീയം അവര്‍ക്കജ്ഞാതമാണ് - നേതൃനിരയിലെത്തുന്ന വിരലിലെണ്ണാവുന്ന സ്ത്രീകള്‍ക്കുപോലും. അപ്രകാരം തന്നെ അവര്‍ക്ക് അടഞ്ഞവാതിലാണ് ലൈംഗികതയെപ്പറ്റിയുള്ള ആധുനികവും ശാസ്ത്രീയവുമായുള്ള തിരിച്ചറിവുകള്‍. സ്ത്രീകളുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഈ യാഥാസ്ഥിതിക രാഷ്ട്രീയത്തെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും അതിനെ വരുതിക്ക് നിര്‍ത്തുകയും ചെയ്യുന്ന ഒന്നായേ തീരൂ - പാര്‍ട്ടികളുടെ വാലുകളല്ല. ഒന്നാലോചിച്ചു നോക്കിയാല്‍, മലയാളികളായ നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ തിരഞ്ഞെടുക്കേണ്ടിവരുന്നത് ഇത്തരം പിന്തിരിപ്പന്‍ ശക്തികളെയാണെന്നിരിക്കെ, നമുക്കുണ്ടായിരിക്കുന്ന ലൈംഗിക സംസ്‌ക്കാരശൂന്യതയില്‍ അത്ഭുതപ്പെടാനെന്ത്? 
ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഏറ്റവും പേരുകേട്ട ഉല്‍പ്പന്നങ്ങളിലൊന്നായ 'കാമസൂത്ര'ത്തെപ്പറ്റിയുള്ള പഠനമാണ് 'ലൈംഗികാക്രമണ സംസ്‌ക്കാരത്തിന്റെ വേരുകള്‍ വാത്സ്യായന കാമസൂത്രത്തില്‍' എന്ന അദ്ധ്യായത്തില്‍ ചന്ദ്രിക അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ പരക്കെ ഇരയാക്കപ്പെടുന്ന, അവരുടെ കൊലയില്‍ വരെ ചെന്നെത്തുന്ന ലൈംഗികാക്രമണങ്ങളെപ്പറ്റിയുള്ള സാമൂഹിക ശാസ്ത്രപരവും സാംസ്‌ക്കാരികവുമായ ആഴമുള്ള ഉള്‍ക്കാഴ്ചകള്‍ ഈ പഠനത്തിലുണ്ട്. പ്രാകൃതമായ ഒരു സ്ത്രീവിരുദ്ധ ലൈംഗിക സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണതയില്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെപ്പോലും പിടിച്ചുനിര്‍ത്തുന്നതില്‍ 'കാമസൂത്രം' വഹിച്ച പങ്ക് ചന്ദ്രിക അന്വേഷിക്കുന്നു. ചന്ദ്രിക എഴുതുന്നു:
''കാലങ്ങള്‍ കടന്നിപ്പോഴും വളരുന്ന വാത്സ്യായന കാമസൂത്രത്തിന്റെ വേരും പടര്‍പ്പും അത് സ്ഥാപിച്ച സംസ്‌ക്കാരവും മുഴുവന്‍ സ്ത്രീകളോടും കാമസൂത്രത്തെ അനുസരിക്കാനും വിധേയപ്പെടാനുമാണ് ഇന്നും ആവശ്യപ്പെടുന്നത്.''
''...സ്ത്രീയെ 'നിലക്കു നിര്‍ത്താന്‍', 'നിന്റെ ചൊറിച്ചില്‍ ഞാന്‍ മാറ്റിത്തരാമെടി' എന്ന അഹന്ത നിറഞ്ഞ പുരുഷജല്പനങ്ങള്‍ ഇന്ത്യയില്‍ എല്ലാ സ്ഥലത്തും സ്ത്രീകള്‍ക്ക് ഇന്നും പരിചിതമാണ്. അധീശ ആണത്തത്തെ ആഘോഷിക്കുന്ന കച്ചവട സിനിമകളില്‍ സമാനമായ ജല്പനങ്ങള്‍ നിരവധിയായിരിക്കുന്നത് ഇതേ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. സ്ത്രീയെ എല്ലാ വിധത്തിലും അടക്കാന്‍, വ്യക്തിത്വത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍, എതിര്‍ക്കുന്നവളെ തകര്‍ക്കാന്‍ അവളുടെ 'കണ്ഡൂതി' ശമിപ്പിച്ചാല്‍ മതിയെന്നും അതിനായി അവളുടെ യോനിയില്‍ ബലാല്‍ക്കാരമായി പുരുഷലിംഗവും കൂര്‍ത്ത വടികളും മാരകായുധങ്ങളും വരെ കയറ്റാമെന്നും ധാരാളം പുരുഷന്മാര്‍ വിചാരിക്കുന്നു.''
കാമശാസ്ത്രത്തിന്റെ പാരമ്പര്യം സമ്മാനിച്ച പുരുഷലിംഗ വലിപ്പത്തെക്കുറിച്ചുള്ള ആകാംക്ഷകളേയും യോനിയെ പരീക്ഷണവസ്തുവാക്കുന്ന പുരുഷ മന:ശാസ്ത്രത്തേയും സ്ത്രീകള്‍ വിധേയരാകുന്ന രതിമര്‍ദ്ദനമുറകളേയും തെറിയുടെ കാമശാസ്ത്ര സംസ്‌ക്കാരത്തേയും ചന്ദ്രിക വിശകലനം ചെയ്യുന്നു. 
ഇതോടു ചേര്‍ത്തുവായിക്കേണ്ട ഒരു പ്രധാന പ്രശ്‌നം ചന്ദ്രിക സൂചിപ്പിക്കുന്നുണ്ട്. രതിയെപ്പറ്റി ആശയവിനിമയം നടത്താനുള്ള ഭാഷ എവിടെ? 
''ലൈംഗികാവയവങ്ങളെ നമ്മുടെ ഭാഷയില്‍ ഏറ്റവും മോശമായ തെറിവാക്കുകളായിട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ആ വാക്കുപയോഗിച്ച്, വിശേഷിച്ച് സ്ത്രീകള്‍ എങ്ങനെ ആശയ വിനിമയം നടത്തും എന്നതൊരു വലിയ പ്രതിസന്ധിയാണ്.''
സ്ത്രീകള്‍ക്കിടയില്‍ത്തന്നെയുള്ള വിവിധ യാഥാസ്ഥിതികത്വങ്ങളില്‍നിന്ന് ഒരുപക്ഷേ, എതിര്‍പ്പും അകലം പ്രഖ്യാപിക്കലും നേരിട്ടേക്കാവുന്ന ഈ മൗലിക രചനയെ ചന്ദ്രിക സങ്കോചങ്ങളും ഭീതികളും വെടിഞ്ഞ് അപ്രതീക്ഷിതങ്ങളും വിഭിന്നങ്ങളും ഹൃദ്യങ്ങളുമായ പാതകളിലൂടെ നയിക്കുന്നു. അവിടെ കവിതയും പ്രണയനാമാവലികളും സൂര്യന്റേയും നിലാവിന്റേയും സംവാദങ്ങളും പ്രത്യക്ഷപ്പെടുന്നു. 
ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍       ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാരവിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ധികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു      ഒറ്റയാള്‍പ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാള എഴുത്തില്‍ ചന്ദ്രികയുടെ രതിപ്പുസ്തകത്തിന് ഒരു മുന്നോടിയുള്ളതായി എനിക്കറിവില്ല. കെ. ആര്‍. ഇന്ദിരയുടെ 'സ്ത്രൈണകാമസൂത്രം' തീര്‍ച്ചയായും സ്ത്രീ എഴുത്തിലും രതിയെപ്പറ്റിയുള്ള എഴുത്തിലും ഒരു വഴിത്തിരിവായിരുന്നു. ചന്ദ്രിക ഇവിടെ സൃഷ്ടിക്കുന്നത് ഒരു അതീത ദര്‍ശനമാണ്. ചരിത്രവും തത്ത്വചിന്തയും മന:ശാസ്ത്രവും ഭാവനയും കാമനയും സ്ത്രീയും പുരുഷനും സ്വപ്നാടനവും സമൂഹവും രാഷ്ട്രീയവും അതിലുണ്ട്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമായ രതിസംസ്‌ക്കാരത്തില്‍നിന്ന് വിമോചനം സാധ്യമാണ് എന്ന സന്ദേശമാണ് ചന്ദ്രികയുടെ ഈ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹം മലയാളികള്‍ക്ക് സാധിക്കട്ടെ എന്ന പ്രത്യാശയാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ