ലേഖനം

ഒരു നോവല്‍ ക്യാമ്പ്: പഴയൊരു സാഹിത്യ ക്യാമ്പിന്റെ രസകരമായ ഓര്‍മ്മകള്‍

എസ്.കെ. വസന്തന്‍

ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ സജീവമായിരുന്ന കാലം. ഇ.എം.എസ്, എം.എസ്. ദേവദാസ്, പി. ഗോവിന്ദപ്പിള്ള, തായാട്ട്. എം.ആര്‍.സി, ചെറുകാട്, വി. അരവിന്ദാക്ഷന്‍, ചാത്തുണ്ണിമാസ്റ്റര്‍ എം.എസ്. മേനോന്‍ തുടങ്ങിയവര്‍ നേതൃത്വനിരയില്‍. സാഹിത്യരചനകളെപ്പറ്റി ഉള്ള സംവാദങ്ങള്‍ ഊര്‍ജ്ജസ്വലങ്ങള്‍ ആയിരുന്നു. അക്കാലത്ത് പാലക്കാട് വച്ച് ഒരു നോവല്‍ ക്യാമ്പ് നടന്നു. മൂന്നു ദിവസം. റെയില്‍വേ പണിമുടക്ക് പരാജയപ്പെടുന്നതിനെ ആസ്പദമാക്കി. മനോജ് എന്ന ഒരു ചെറുപ്പക്കാരന്‍ എഴുതിയ നോവലാണ് ആ ക്യാമ്പില്‍ മികച്ച രചനയായി അംഗീകരിക്കപ്പെട്ടത് എന്നാണ് എന്റെ ഓര്‍മ്മ. 
ക്യാമ്പ് സംഘടിപ്പിച്ചവരില്‍ പ്രമുഖര്‍ ജയപാലമേനോനും ഇയ്യങ്കോടു ശ്രീധരനും. മേനോന്റെ സംഘടനാപാടവത്തിനും ഇയ്യങ്കോടിന്റെ കര്‍മ്മശേഷിക്കും എന്റെ സാക്ഷ്യപത്രം ഒന്നും വേണ്ട. കുറ്റമറ്റ ക്യാമ്പ്. 

ക്യാമ്പില്‍ ചര്‍ച്ച ചെയ്യാനുള്ള രചനകളുടെ കൈയെഴുത്തുപ്രതികള്‍ ചിലര്‍ക്കൊക്കെ മുന്‍കൂട്ടി അയച്ചുകൊടുത്തിരുന്നു. ഗ്രന്ഥകാരന്‍ സ്വന്തം രചന പരിചയപ്പെടുത്തുക; നോവല്‍ പഠിച്ചുവന്ന ആള്‍ അതിന്റെ ഗുണദോഷങ്ങള്‍ വിവരിക്കുക; സന്ദര്‍ഭാനുസാരിയായി നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ രീതിശാസ്ത്രം പരിചയപ്പെടുത്തുക എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍. നിരൂപണം നിര്‍ദ്ദാക്ഷിണ്യമായിരുന്നു- തീയില്‍ കുരുത്താലോ വെയിലില്‍ വാടാതെ നില്‍ക്കൂ എന്ന മട്ടില്‍. എനിക്ക് പഠിക്കാന്‍ കിട്ടിയ നോവലറ്റിന്റെ പേരു പോലും ഇപ്പോള്‍ ഓര്‍മ്മയില്ല. അത്ര മോശം സാധനം ആയിരുന്നു. അറുപതു പേജുള്ള ആ രചനയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയി എണ്‍പതിലധികം കഥാപാത്രങ്ങള്‍. ''ഇത് ഈ നാടിന്റെ യഥാര്‍ത്ഥ ചിത്രമാണ്. ഇവിടത്തെ പ്രധാന പ്രശ്‌നം ജനസംഖ്യാ പെരുപ്പമാണ്'' എന്നു പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. അതുമാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. 

കൂട്ടത്തില്‍ ഒരു സഖാവ് സാവേശം എഴുതിയ ഒരു കൃതി ഉണ്ടായിരുന്നു. ഇതിവൃത്തം പഴയതുതന്നെ. ജന്മിയുടെ തെമ്മാടിയായ മകന്‍ തൊഴിലാളിപ്പെണ്ണിനെ കിണറ്റിന്‍കരയില്‍ വച്ച് കടന്നുപിടിക്കുന്നു. പീഡനശ്രമം. സഖാവ് ചോര തുടിക്കുന്ന കൈകൊണ്ടാണ് എഴുതുന്നത് എന്നോര്‍ക്കണം. അയാള്‍ സാവേശം സ്വരചന പരിചയപ്പെടുത്തുന്നു.

സംഭവം നടക്കുന്നത് വൈകുന്നേരം. പരിസരം വിജനം. സൂര്യാസ്തമയം. ആകാശമാകെ ചെഞ്ചായം. കിണറ്റില്‍നിന്ന് വെള്ളം കോരുന്ന പെണ്‍കിടാവ് ചുവന്ന കരയുള്ള മുണ്ടാണ് ഉടുത്തിട്ടുള്ളത്; ചുവന്ന ചുട്ടിത്തോര്‍ത്ത്. ചുവപ്പു ബ്ലൗസ്. കൈകളില്‍ ചുവന്ന പ്ലാസ്റ്റിക് വള, കുങ്കുമപ്പൊട്ട്. മുടിയില്‍ ചൂടിയത് ചെത്തിപ്പൂവ്. ജന്മി യുവാവ് അവളെ കടന്നുപിടിക്കുന്നു. അവള്‍ ആദ്യത്തെ ഞെട്ടലിനുശേഷം, അരിവാളെടുത്ത് ജന്മി പുത്രന്റെ തല അറുത്തിടുന്നു. ചോരയില്‍ കിടന്നു പിടഞ്ഞ് ഉടല്‍ നിശ്ചലമായി പെണ്‍കുട്ടി ചോര പുരണ്ട കൈത്തലം ഉയര്‍ത്തി ഉറക്കെ വിളിച്ചു പറഞ്ഞു ''ജന്മിത്തം തുലയട്ടെ'' ചോരകൊണ്ടു കുറിവരച്ചു. തീര്‍ന്നില്ല. തളംകെട്ടിക്കിടക്കുന്ന ചോര കൈകൊണ്ടു കോരി ബക്കറ്റിലേക്ക് ഒഴിച്ചു. 

ഇത്രയും ആയപ്പോള്‍ എന്റെ അടുത്തിരുന്നിരുന്ന തായാട്ട് ഒരു ചോദ്യം: ''സഖാവേ ആ ബക്കറ്റിന്റെ നിറം ചുവപ്പായിരുന്നു അല്ലേ?'' നോവലിസ്റ്റ് വിളറി. അപ്പോള്‍ എജിയുടെ അസ്ത്രം. ''ഏതു നാട്ടിലാണ് സഖാവേ വെള്ളം കോരാന്‍ അരിവാളു കൊണ്ടുപോകുന്നത്.''
സദസ്സ് ആര്‍ത്തുചിരിച്ചു. നോവല്‍ ചര്‍ച്ച തീര്‍ന്നു. മലയാള ഭാഷയ്ക്ക് ചുവന്ന മഷിയില്‍ നോവല്‍ എഴുതുമായിരുന്ന ഒരു രക്തരക്ഷസ്സിനെ ഒഴിവായിക്കിട്ടി.

ആ ക്യാമ്പില്‍ മുപ്പതു ചെറുപ്പക്കാരാണ് പഠിതാക്കള്‍ ആയി എത്തിയിരുന്നത്. ഇമ്മാതിരി കാര്യങ്ങളില്‍ താല്പര്യം ഉള്ള പത്തിരുപതു പേര്‍ക്കുകൂടി പ്രവേശനം അനുവദിച്ചിരുന്നു. 'നിരീക്ഷകര്‍' എന്നാണ് അവരെ വിശേഷിപ്പിക്കുക. അവരില്‍നിന്ന് പ്രവേശന ഫീസായി ഓരോ രൂപ ഈടാക്കും- രണ്ടു നേരം അവര്‍ക്കും ചായ കൊടുക്കും. ഉച്ചഭക്ഷണം, താമസം, അത്താഴം, പ്രാതല്‍ എല്ലാം അവര്‍ സ്വയം ഏര്‍പ്പാടാക്കണം. ക്യാമ്പ് അംഗങ്ങളുടെ കാര്യം മാത്രമേ സംഘാടകസമിതി നോക്കൂ. 

ആദ്യ ദിവസത്തെ നോവല്‍ ചര്‍ച്ച ഉച്ചയ്ക്ക് അവസാനിച്ചു. ശ്രോതാക്കളില്‍ ക്യാമ്പ് അംഗങ്ങളും നിരീക്ഷകരും ഉണ്ട്. നിരീക്ഷകര്‍ക്ക് ക്യാമ്പില്‍ ഭക്ഷണമില്ല. കുറച്ചു പേര്‍ക്കു ഭക്ഷണം കിട്ടും. കുറച്ചു പേര്‍ക്ക് ഭക്ഷണം ഇല്ല - ഇതെങ്ങിനെ ഒരു സദസ്സില്‍ പ്രഖ്യാപിക്കും. ജയപാലമേനോന്‍ പറഞ്ഞു: ''എനിക്കു വയ്യ. ഉള്ളത് എല്ലാവര്‍ക്കും കൂടി കഴിക്കാം.''

ഇയ്യങ്കോട് ആ ഘട്ടം മനോഹരമായി, അതിമനോഹരം ആയി കൈകാര്യം ചെയ്തു. അദ്ദേഹം പറഞ്ഞു: ''കാലത്തെ സെഷന്‍ ഇവിടെ അവസാനിക്കുന്നു. ഇനി ഉച്ചഭക്ഷണത്തിനുശേഷം രണ്ടു മണിക്ക് വീണ്ടും ഇവിടെ കൂടാം. ക്യാമ്പ് അംഗങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും ഭക്ഷണം താഴെ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. അവര്‍ ദയവായി അങ്ങോട്ടു പോകുക. നിരീക്ഷകര്‍ നിരീക്ഷകരായി തുടരും.'' 
നിരീക്ഷകരുള്‍പ്പെട്ട സദസ്സ് സസന്തോഷം സഹകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ