ലേഖനം

ആ മനുഷ്യന്‍ നീ തന്നെ: പ്രദീപ് പനങ്ങാട് എഴുതുന്നു 

പ്രദീപ് പനങ്ങാട്

ഴവിള രമേശന്‍ യാത്രയായി. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്കാണ് തിരശ്ശീല വീണത്. അരനൂറ്റാണ്ടിലേറെക്കാലത്തെ കേരളീയ സാംസ്‌കാരിക പരിണാമങ്ങള്‍ക്കൊപ്പമാണ് പഴവിള സഞ്ചരിച്ചത്. മലയാളിയുടെ മനസ്സിലൂടെ കടന്നുപോയ വ്യക്തിത്വങ്ങള്‍, അനുഭവിച്ച സാമൂഹികാവസ്ഥകള്‍, രൂപംകൊണ്ട സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാത്തിനും സാക്ഷിയും സാന്നിധ്യവുമായിരുന്നു. വീടിനകത്തല്ല, പുറത്തായിരുന്നു പഴവിള എന്നും ജീവിച്ചത്. അതുകൊണ്ട് വ്യത്യസ്ത സൗഹൃദങ്ങളുടെ അവസാനിക്കാത്ത നിര ഒടുക്കം വരെ സൂക്ഷിച്ചു സ്‌നേഹിക്കാനും കലഹിക്കാനും ചോദിക്കാനും പഴവിളയ്ക്ക് ഒരുപോലെ കഴിഞ്ഞു. സമാധാനിപ്പിക്കാനും സംരക്ഷിക്കാനും സ്‌നേഹിക്കാനും അറിയാമായിരുന്നു. പഴവിളയെ അറിയുന്തോറും അടുക്കുകയും അടുക്കുന്തോറും ആഴത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. പഴവിള ആദ്യവും അവസാനവും ഒരു മനുഷ്യനായിത്തന്നെ ജീവിക്കാന്‍ ആഗ്രഹിച്ചു, ശ്രമിച്ചു, സാക്ഷാല്‍ക്കരിച്ചു.

അന്‍പതുകളുടെ അവസാനത്തോടെയാണ് പഴവിള സാംസ്‌കാരിക ഭൂമിയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ അകവും പുറവും പ്രക്ഷുബ്ധമായിരുന്നു അപ്പോള്‍. കമ്യൂണിസ്റ്റ് ആശയങ്ങളും പാര്‍ട്ടിയും പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. വിമോചന സമരത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ പടര്‍ന്നിരുന്നു. കമ്യൂണിസത്തില്‍ അഗാധമായി വിശ്വസിച്ചിരുന്ന ചെറുപ്പക്കാര്‍ രാഷ്ട്രീയമായും ആശയപരമായും നിരവധി കാരണങ്ങളാല്‍ സന്നിഗ്ദ്ധരായി മാറി. അറുപതുകളുടെ തുടക്കത്തോടെ ആധുനികതാവാദത്തിന്റെ പ്രഭാതരശ്മികള്‍ കേരളീയ സമൂഹത്തിലേക്ക് പടരുകയും ചെയ്തു. എഴുത്തും സാംസ്‌കാരിക ചിന്തകളുമുള്ള ചെറുപ്പക്കാര്‍ ആധുനികതയുടെ ആശയപഥങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റായിരുന്നുകൊണ്ട് തന്നെ ആധുനികവാദിയാവാന്‍ ശ്രമിച്ച പഴവിള രമേശന്‍ അത്തരമൊരു കാലത്തിന്റെ പ്രതിനിധിയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ കമ്യൂണിസത്തോട് ആശയപരമായും വൈകാരികമായും ചേര്‍ന്നുനില്‍ക്കാന്‍ പഴവിള ശ്രമിച്ചിരുന്നു. പഴവിള രമേശന്‍ എഴുതിയിട്ടുണ്ട് ''കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് പെരിനാടുവച്ചാണ്. തികച്ചും യാദൃച്ഛികമെന്നു പറയാം. അന്നെനിക്ക് പത്ത് വയസ്സ് തികച്ചുണ്ടാവില്ല. കണചിറ എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ രണ്ട് പാര്‍ട്ടിക്കാരേ ഉണ്ടായിരുന്നുള്ളൂ. ആര്‍.എസ്.പിയും കോണ്‍ഗ്രസ്സും. എന്തോ അന്നേ എനിക്ക് രണ്ട് പ്രസ്ഥാനങ്ങളോടും വെറുപ്പുപോലെ എന്തോ ഒന്നാണ്. ഞാന്‍ താണജാതിക്കാരും പാവങ്ങളുമായ ചിലരോട് കൂടി നടക്കുന്നതില്‍ അസഹിഷ്ണുക്കളായിരുന്നു അവിടുത്തെ കോണ്‍ഗ്രസ്സുകാര്‍. ആര്‍.എസ്.പിക്കാര്‍ ചവറയിലെ മണല്‍ കമ്പനികളില്‍ കാട്ടിക്കൂട്ടുന്ന അഹങ്കാരം എനിക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. അതിന്റെയൊരു ദൃക്സാക്ഷിയായിരുന്നു ഞാന്‍. (കാലത്തിന്റെ കടവുകളില്‍) ഈ അനുഭവങ്ങളില്‍നിന്നാണ് ചെറുപ്പത്തില്‍ത്തന്നെ പഴവിള കമ്യൂണിസത്തിലേക്ക് എത്തിച്ചേരുന്നത്. പഴവിളയുടെ ഗ്രാമത്തില്‍ ഒളിവ് സങ്കേതം കണ്ടെത്തിയ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് നിരവധി തരത്തിലുള്ള സഹായം ചെയ്യുക എന്നതായിരുന്നു ഡ്യൂട്ടി. അത് പിന്നീട് അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള വലിയ സൗഹൃദത്തിലേക്ക് എത്തിച്ചേര്‍ന്നു. ചെറുപ്പത്തില്‍ തുടങ്ങിയ കമ്യൂണിസ്റ്റ് ആവേശം അവസാനം വരെ നിലനിര്‍ത്തി. വിവിധ കാലഘട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക മുന്നണികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. പക്ഷേ, സഹകരണത്തോടൊപ്പം കലഹവും സൂക്ഷിച്ചു. പ്രസ്ഥാനവും നേതാക്കളുമായും നിരവധി തവണ പോരടിച്ചു. സ്‌നേഹിക്കുകയും ചോദ്യം ചെയ്യുകയും ഒരുപോലെ നടത്തി. പ്രസ്ഥാനം ജീര്‍ണ്ണതകളിലേക്കും വ്യക്തികളിലേക്കും കേന്ദ്രീകരിക്കുന്നുണ്ടോ എന്ന സന്ദേഹമാണ് വിയോജിപ്പുകള്‍ക്ക് പ്രേരണ നല്‍കിയത്. സൗഹൃദ സദസ്സുകളിലും പൊതുവിടങ്ങളിലും അത് ഉന്നയിച്ചു. ശത്രുക്കളേയും സ്‌നേഹിതരേയും ഒരുപോലെ സമ്പാദിച്ചു. പക്ഷേ, ഒരു കമ്യൂണിസ്റ്റായിത്തന്നെയാണ് പഴവിള യാത്ര പറഞ്ഞത്. 

പഴവിള ജീവിതത്തെ അസാധാരണമായ ധീരതയോടെയാണ് നേരിട്ടത്. സുഹൃത്തുക്കള്‍ക്കും സമൂഹത്തിനുവേണ്ടിയും ആ ധീരത ഉപയോഗപ്പെടുത്തി. ഒരു ഭീരുവില്‍നിന്നും ധീരനിലേക്കുള്ള ആത്മപ്രയാണം അസാധാരണമായിരുന്നു. പഴവിള ബാല്യകാലത്തെക്കുറിച്ച് എഴുതി: ''ആകെക്കൂടി ഭയപ്പാടുകളുടെ ഒരു ബാല്യമാണ് എനിക്ക് നയിക്കേണ്ടിവന്നത്. ഭയം എന്തിന്റെ പേരിലുള്ളത് എന്ന് പറയാനാവില്ല. വലിയ നാലുകെട്ടുകള്‍ ചുറ്റുവട്ടത്തുമുണ്ടായിരുന്നു; ഓരോന്നിലേക്കും പോകാന്‍ ഇടവഴികളും. ഇടവഴികളുടെ വശങ്ങളില്‍ വാഴത്തോപ്പുകളായിരുന്നു. വാഴത്തോപ്പുകളില്‍ പല്ലിളിക്കുന്ന നരച്ച പ്രേതങ്ങളുണ്ടെന്ന തോന്നല്‍.'' ലോകത്തിന്റെ മധ്യത്തിലേക്കിറങ്ങുമ്പോള്‍ ഈ ഭീരുത്വം മാഞ്ഞുപോയി. പിന്നീട് ഒന്നിനേയും ആരേയും കൂസാതെ മുന്നോട്ടുപോയി. എത്രയോ സുഹൃത്തുക്കള്‍ക്ക് നിരവധി സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ സംരക്ഷണവും സുരക്ഷിതത്വവും നല്‍കിയത് പഴവിളയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സ്വന്തം ഓഫീസിലെ - ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അവരെ പുറത്തിറക്കാന്‍ പരിശ്രമിച്ചത് പഴവിളയായിരുന്നു. ടി.കെ. കൊച്ചുനാരായണന്‍, കെ.കെ. കൃഷ്ണകുമാര്‍ തുടങ്ങിയ സുഹൃത്തുക്കള്‍ പൊലീസ് ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ടത് പഴവിളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളിലൂടെയാണ്. വര്‍ഗീസ്, കെ. വേണു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നക്സലൈറ്റ് പ്രവര്‍ത്തകരൊക്കെ പഴവിളയുടെ അടുത്ത സ്‌നേഹിതരായിരുന്നു. രാഷ്ട്രീയാഭിമുഖ്യം ഇല്ലായിരുന്നുവെങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ അവരോടൊപ്പം നിന്ന് ധീരതയും കരുതുലുമായിരുന്നു പഴവിളയുടെ മൂലധനം. 
അന്‍പതുകള്‍ മുതല്‍ കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ലോകത്ത് വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് എല്ലാ വ്യക്തികളുമായി പഴവിള സഹവസിച്ചിരുന്നു. രാഷ്ട്രീയം, ജാതി, മതം, അധികാരം, സമ്പത്ത് ഒന്നും അവിടെ ബാധകമായിരുന്നില്ല. സി.ജെ. തോമസിനേയും തിരുനല്ലൂരിനേയും ഒരുപോലെ സ്‌നേഹിച്ചു. ടി.ജെ. ചന്ദ്രചൂഡന്‍, വയലാര്‍ രവിയും ഒരേപോലെ ആത്മമിത്രങ്ങളായി. രാമു കാര്യാട്ട്, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍, എം. ഗോവിന്ദന്‍, എം.വി. ദേവന്‍ തുടങ്ങി എത്രയോ ധിഷണാശാലികള്‍ക്കൊപ്പമാണ് പഴവിള ജീവിച്ചത്. അവരുടെയൊക്കെ ആശയങ്ങളോട് വിയോജിക്കുകയും വ്യക്തിത്വത്തെ സ്‌നേഹിക്കുകയും ചെയ്തു. എഴുത്തുകാരും കലാകാരന്മാരും പ്രതിസന്ധികളിലും ദുരിതങ്ങളിലും എത്തുമ്പോള്‍ പഴവിള സഹായത്തിന്റെ പ്രകാശവുമായി അവിടെ ഉണ്ടാവും. ഈ സവിശേഷ വ്യക്തിത്വങ്ങളെക്കുറിച്ച് നിരവധി സന്ദര്‍ഭങ്ങളിലായി ചെറിയ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. കാലത്തെ കണ്ടെത്താനുള്ള വഴികളിലൊന്നാണ് പഴവിളയുടെ ആ കുറിപ്പുകള്‍. ആ വ്യക്തികളെ അവതരിപ്പിക്കുമ്പോള്‍ അവരിലൂടെ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു നടന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. 

പഴവിളയും ഭാര്യ രാധയും

പഴവിള പത്രപ്രവര്‍ത്തന ജീവിതം തുടങ്ങുന്നത് കെ. ബാലകൃഷ്ണന്റെ കളരിയില്‍നിന്നാണ്. ബാലകൃഷ്ണനില്‍ പ്രസരിച്ചിരുന്ന ഊര്‍ജ്ജം പഴവിളയിലേക്കും പകര്‍ന്നുകിട്ടി. ആധുനികതയേയും പാരമ്പര്യത്തേയും ഒന്നുപോലെ പിന്തുടരുന്ന പത്രാധിപരായിരുന്നു കെ. ബാലകൃഷ്ണന്‍. സമകാലിക സാഹിത്യത്തേയും ചിന്തകളേയും പരിഗണിച്ചപോലെ, ആധുനികതയ്ക്കും കൗമുദിയുടെ വാതായനങ്ങള്‍ തുറന്നിട്ടുകൊടുത്തിരുന്നു. എഴുത്തിലും ചിന്തയിലും പ്രവര്‍ത്തനങ്ങളിലും കെ. ബാലകൃഷ്ണന്‍ കാണിച്ച ധീരതയും മാനവികതയും സ്വന്തം ജീവിതത്തിലും പിന്തുടരാന്‍ പഴവിള ശ്രമിച്ചു. കെ. ബാലകൃഷ്ണന്‍ രൂപപ്പെടുത്തിയെടുത്ത സാംസ്‌കാരിക ഭാവുകത്വവും രാഷ്ട്രീയ വിചിന്തനങ്ങളും പഴവിളയെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റായിരുന്നപ്പോള്‍ തന്നെ അതിന്റെ സാഹിത്യ സാംസ്‌കാരിക സമീക്ഷകളെ നിരാകരിച്ചതും എഴുത്തിലും ചിന്തയിലും പുതുവഴികള്‍ കണ്ടെത്തിയതും. അന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പൊരുതിയ കവികളുടെ മാതൃക പിന്തുടരാന്‍ പഴവിള ശ്രമിച്ചില്ല. കാല്പനിക അതിഭാവുകത്വത്തിന്റേയും മുദ്രാവാക്യ ആവിഷ്‌കാരത്തിന്റേയും കാവ്യധാര തുടക്കത്തില്‍ത്തന്നെ തിരസ്‌കരിച്ചു. രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റും കവിതയില്‍ ആധുനികനുമായിരുന്നു പഴവിള. 

കവിയായി ജീവിക്കാനായിരുന്നു പഴവിള എന്നും ആഗ്രഹിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ സവിശേഷമായ കാവ്യാനുശീലനത്തിനുള്ള അവസരം കിട്ടിയിരുന്നു. ആദര്‍ശങ്ങളില്‍ ശ്രീനാരായണ ഗുരുവും കവിതയില്‍ കുമാരനാശാനും പ്രകാശവീഥികളായി കണ്ടെത്തിയിരുന്നു. ആദ്യകാല മലയാള കവിതകള്‍ ഹൃദിസ്ഥമാക്കിക്കൊണ്ടാണ് കാവ്യരചനയിലേക്ക് പഴവിള എത്തിയത്. അതിന്റെ പാരമ്പര്യം വാക്കിലും വരിയിലും സൂക്ഷിക്കാന്‍ ശ്രമിച്ചു. അന്‍പതുകളുടെ അന്ത്യപാദങ്ങള്‍ മുതലാണ് പഴവിള കവിത എഴുതിത്തുടങ്ങുന്നത്. മലയാളിയുടെ രാഷ്ട്രീയബോധത്തിലും കാവ്യഭാവുകത്വത്തിലും വലിയ സംഘര്‍ഷങ്ങള്‍ ഉള്ള കാലമായിരുന്നു അത്. കാല്പനികത അതിന്റെ ഉള്ളടക്കംകൊണ്ടും ആവിഷ്‌കാരംകൊണ്ടും ജീര്‍ണ്ണതയിലേക്ക് വഴുതിവീണുകഴിഞ്ഞിരുന്നു. എന്നിട്ടും ചങ്ങമ്പുഴയും വയലാറുമൊക്കെ യുവകവികളെ ആവേശിച്ചിരുന്നു. പക്ഷേ, ഇടതു രാഷ്ട്രീയ ആശയങ്ങള്‍ പേറുന്ന പഴവിള വയലാറിന്റെ വഴിയെ പോയില്ല. പുതുവഴികള്‍ കണ്ടെത്താനായിരുന്നു ആഗ്രഹിച്ചത്. അറുപതുകളോടെ പഴവിളയുടെ കാവ്യജീവിതം തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. മലയാള കവിതയില്‍ സംഭവിച്ചിരുന്ന ഋതുഭേദങ്ങളെ മനസ്സിലാക്കാനും അതിന്റെ സാന്നിധ്യം കവിതയില്‍ സൃഷ്ടിക്കാനും ശ്രമിച്ചു. ഏകാകിയുടെ ആത്മാലാപനങ്ങളും സാമൂഹിക ജീവിയുടെ ചിന്താസമരങ്ങളും കവിതയില്‍ പടര്‍ന്നു. അറുപതുകളില്‍ മലയാളത്തില്‍ സജീവമായ കാവ്യജീവിതധാരയില്‍ ചേര്‍ന്നുനില്‍ക്കാന്‍ പഴവിള ശ്രമിച്ചു. പഴവിള എഴുതി: ''കാവ്യസപര്യ ഒരു സാമൂഹിക പ്രവര്‍ത്തനമല്ല. പക്ഷേ, കവിതയില്‍നിന്നുള്ള പ്രകാശം പൂര്‍ണ്ണമായും സമൂഹത്തിന്റെ സര്‍വ്വതല സ്പര്‍ശിയാകണം. സമൂഹം രൂപപ്പെടുത്തിയ മനുഷ്യന്‍ തന്നെയാണ് കവി. മാനവികത അന്തര്‍ധാരയാകേണ്ട സമൂഹത്തിന് അന്യമാകേണ്ട ബോധങ്ങള്‍ അവന്റെ തന്നെ അജ്ഞതയോ അന്ധകാരമോ ആണ്. ഈ അജ്ഞതയേയും അന്ധകാരത്തേയും ആവിഷ്‌കരിക്കുന്നതിന് സമൂഹത്തിന്റെ സ്വത്തായ വാക്കുകളെ അവന്‍ ദുര്‍വിനിയോഗം ചെയ്യുന്നത് തികഞ്ഞ പാപമാണ്.'' കവിതയെക്കുറിച്ചുള്ള പഴവിളയുടെ ഈ മാനിഫെസ്റ്റോ എന്നും പിന്തുടരുകയാണ് ചെയ്തത്. സമൂഹത്തിന്റെ അന്തര്‍ധാരകളില്‍ ജീവിക്കുന്ന ഒരാളുടെ സര്‍ഗ്ഗാത്മക പ്രതികരണങ്ങളായിരുന്നു പഴവിളയുടെ കവിതകള്‍. 

പഴവിളയുടെ കവിതകള്‍ ഓര്‍മ്മകളും അനുഭവങ്ങളും കൊണ്ട് മുദ്രിതമാണ്. ജീവിതത്തിന്റെ ഇരുണ്ട കാലങ്ങളും സന്ദിഗ്ദ്ധ സന്ദര്‍ഭങ്ങളും സമരഭരിതമായ മനസ്സും സമൃദ്ധമായ സൗഹൃദവും കവിതകളില്‍ പ്രകാശിക്കാറുണ്ട്. കവിത ചിലപ്പോഴൊക്കെ വ്യക്തിപരമായ ആകുലതകളുടെ അഭയകേന്ദ്രമായി മാറാറുണ്ട്. കടമ്മനിട്ട, ഒ.വി. വിജയന്‍, പത്മരാജന്‍, പി.എന്‍ തുടങ്ങിയവര്‍ പഴവിളയുടെ കവിതകളില്‍ എത്താറുണ്ട്. തിരുവനന്തപുരത്തെ നികുഞ്ജത്തിലെ രാത്രികളെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിമര്‍ശനവും വികാരവുമായി കവിത മാറിയിട്ടുണ്ട്. പുതിയ കവിതകള്‍ ധാരാളം പിറക്കുന്ന ഈ കാലത്തെക്കുറിച്ച് പഴവിള എഴുതി:
താന്നിരുന്നാടുന്ന
ഊഞ്ഞാല്‍ കാലം കഴിഞ്ഞെന്നും
മഹാ കാലത്തിന്റെ മുഴക്കങ്ങള്‍
പുതുയുഗ പിറവിയായി
കവിതയില്‍ കൊണ്ടുവരുന്നവനാണു 
കവിയെന്നും 
അറിയുമ്പോള്‍ 
നിരൂപകരുടെ വാക്കുകള്‍
വീണ്ടും നമുക്കോര്‍ക്കാം;

''എന്തിനാണു നമുക്കു 
ഇത്രയധികം 
കവികള്‍.''
പഴവിളയുടെ അവസാനകാല കവിതകള്‍ അടങ്ങിയ 'ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉടല്‍' (ചിന്ത പബ്ലിഷേഴ്സ്) ഈ അടുത്തകാലത്താണ് പ്രകാശനം ചെയ്തത്. കവിയുടെ സാന്നിധ്യത്തില്‍ തന്നെ അത് പ്രകാശം കൊണ്ടു. ആ കാവ്യജീവിതത്തിന്റെ സഫലമുഹൂര്‍ത്തമായിരുന്നു അത്. 
പഴവിള പല കാലങ്ങളിലായി സ്വന്തം ജീവിതത്തെക്കുറിച്ച് എന്നോട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. നേരിട്ടും ഫോണിലൂടെയും എത്രയോ അന്വേഷണങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ 16) ഓര്‍മ്മകളുടെ സാമ്രാജ്യം വീണ്ടും കാണാനായി, കേള്‍ക്കാനായി ഞാനും കഥാകൃത്തും എഴുത്തുകാരനുമായ അനന്തപത്മനാഭനുമായി പഴവിളയെ സന്ദര്‍ശിക്കാനിരുന്നതാണ്. പക്ഷേ, കാലം അതിന് അനുവദിച്ചില്ല. എല്ലാ സായാഹ്ന സന്ദര്‍ശനങ്ങളും കഴിയുമ്പോള്‍ ഞാന്‍ പറയും: ''ഇനി വൈകിക്കേണ്ട. ആത്മകഥ എഴുതിത്തുടങ്ങണം. എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കണം.''  അത് കേള്‍ക്കുമ്പോള്‍ കാണിക്കുന്ന ആവേശം പിന്നീട് ഇല്ലാതാവും. മലയാളിക്ക് നഷ്ടപ്പെട്ട ആത്മകഥയാണ് പഴവിളയുടേത്. പക്ഷേ, അത് ചെറിയ നഷ്ടമല്ലെന്ന് നമുക്ക് തിരിച്ചറിയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ