ലേഖനം

ചിറകടിക്കുന്ന ഗാനങ്ങള്‍: രവി മേനോന്റെ പുസ്തകത്തെക്കുറിച്ച് ജി വേണുഗോപാല്‍ എഴുതുന്നു

ജി. വേണുഗോപാല്‍ 

നപ്രിയ ഗാനങ്ങള്‍ക്കു പിന്നിലെ രസകരവും ഹൃദയാവര്‍ജ്ജകവും ദുഃഖഭരിതവും ഒക്കെയായ കഥകള്‍ അതിശയോക്തി കലരാതെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ 'പാട്ടെഴുത്തുകാരന്‍' എന്ന ലേബലില്‍ ഇന്നറിയപ്പെടുന്ന രവിമേനോന്‍ ഒരു സ്‌പോര്‍ട്‌സ് എഴുത്തുകാരന്‍ കൂടിയാണെന്ന സത്യം പലര്‍ക്കും ഒരുപക്ഷേ, അറിയില്ലായിരിക്കാം. സ്‌പോര്‍ട്‌സ് ലേഖകന്റെ റിപ്പോര്‍ട്ടിംഗിലെ ഒരു ബാലന്‍സ്, മിതത്വം, കളിക്കാരന്റെ വീക്ഷണകോണിലൂടെ കളിയെക്കുറിച്ചെഴുതുക എന്ന ഒരു ശൈലി രവി പാട്ടെഴുത്തിലും കൊണ്ടുവന്നതായി കാണാന്‍ സാധിക്കുന്നു. പൊതുവെ മിതത്വവും അതിഭാവുകത്വമില്ലായ്മയുമാണ് രവിയുടെ എഴുത്തിന്റെ മുഖമുദ്രകള്‍. മലയാളി എഴുത്തുകാരുടെ സ്വതസിദ്ധമായ 'സ്വം', 'താന്‍' അല്ലെങ്കില്‍ 'സ്വയം', ഈ ലേഖനങ്ങളിലൊരിടത്തും ദര്‍ശിക്കാനാകില്ല. തന്നെ മറന്ന് പാട്ടുകളെ മാത്രം പുല്‍കിയാണ് എഴുത്തുകാരന്റെ മുന്നോട്ടുള്ള യാത്ര. ഏതോ അജ്ഞാതവും എന്നാല്‍, കൃത്യമായ നിരീക്ഷണത്തിനുതകുന്നതുമായ ഒരു 'വാന്റ്റേജ് പോയിന്റി'ല്‍നിന്നും പാട്ടുകളുടെ കെട്ടഴിക്കുന്നു എഴുത്തുകാരന്‍. ചിലപ്പോള്‍ ഗാനവും ഗാനസന്ദര്‍ഭവും ജീവിതാനുഭവങ്ങളും ഒക്കെ ''അതിഗൂഢസുസ്മിതം ഉള്ളിലൊതുക്കി ഹൃദയമുരുകി കരയാതെ കദനം നിറയുമൊരു കഥ'' പറഞ്ഞുതരുന്ന ഒരു മനുഷ്യകഥാനുഗായിയെ രവിമേനോന്റെ എഴുത്തിലുടനീളം കാണാന്‍ സാധിക്കും.

ഓരോ ഗാനത്തിനും ഓരോ തലവിധിയാണുള്ളത്. 'മന്നനി'ലെ 'അമ്മായെന്ററഴയ്ക്കാത്' എന്ന ഗാനം രജനിയുടെ വീരോചിതമായ ഇമേജിനു വിരുദ്ധമാകും എന്ന ചിന്തയില്‍ അത് സിനിമയില്‍നിന്ന് മുറിച്ചു മാറ്റപ്പെട്ടതും ഇളയരാജയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആ ഗാനം ഉള്‍പ്പെടുത്തുന്നതും പില്‍ക്കാലത്ത് തമിഴകത്തെ അമ്മയുടെ സിഗ്‌നേച്ചര്‍ ഗാനമായി മാറിയതും ചാരുതയോടെ ''എല്ലാ അമ്മമാര്‍ക്കും ഒരു രാജഗീതം'' എന്ന ആദ്യ ലേഖനത്തില്‍ രവി വിവരിക്കുന്നു.

മലയാള സിനിമാ സംഗീതരംഗത്തെ മഹര്‍ഷിവര്യനാണ് എം.കെ. അര്‍ജ്ജുനന്‍. കാമക്രോധ മദലോഭാദികള്‍ ലവലേശം പോറലേല്പിക്കാത്ത വ്യക്തിത്വമാണ് മാസ്റ്ററുടെ. മാഷിന്റെ മഹത്വവും സംഗീതവൈഭവവും എടുത്തുകാണിക്കുന്നു: 'പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍' എന്ന ലേഖനം. രഘുകുമാറും കമലഹാസനും എസ്.പി.ബിയും ശ്രീകുമാരന്‍തമ്പിയും പല മുഹൂര്‍ത്തങ്ങളിലായി ഈ ലേഖനത്തില്‍ വന്നു നിറയുന്നുണ്ട്. രവീന്ദ്രന്റെ പ്രമദവനം അങ്ങ് വടക്കേ ഇന്ത്യവരെ കത്തിക്കയറിയ കഥയാണ് 'സര്‍ദാര്‍ജിയുടെ പ്രമദവനം' പറയുന്നത്.
മധുമതിയിലെ 'ആജാരേ പര്‍ദേശി' എന്ന ഗാനത്തിനു പിറകിലെ ഉദ്വേഗം നിറഞ്ഞ കഥ ഏറെ ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്.
ജയേട്ടന്റെ യുവത്വം നിറഞ്ഞുനില്‍ക്കുന്ന ശബ്ദത്തെക്കുറിച്ചെഴുതുമ്പോള്‍ ഒരു കേള്‍വിക്കാരനും കാഴ്ചക്കാരനുമായി ഞാനും കടന്നുവരുന്നുണ്ട്. ചിത്രയുടെ 'ഗുരുവായൂരോമന കണ്ണനാം ഉണ്ണിക്ക്' നെഞ്ചേറ്റിയ ഇന്തൊനേഷ്യക്കാരന്‍ ആബിദ്, പ്രമദവനം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുന്ന സര്‍ദാര്‍ജി, ഇവരൊക്കെ പാട്ടെഴുത്തിലേയും ഒപ്പം നമ്മുടെ മനസ്സിലേയും അവിസ്മരണീയരായ കഥാപാത്രങ്ങളാകുന്നു.

ഇന്‍ഡിപോപ്പ് യുഗത്തിന്റെ ആരാധ്യ രാജകുമാരിയായ നാസിയ ഹസന്റെ ജൈത്രയാത്രയും ഒരു സാംസ്‌കാരിക കലാപം തന്നെ സൃഷ്ടിച്ച് 'ആപ്പ് ജൈസാ കോയി' എന്ന ഗാനവും നാസിയയുടെ വേദനാജനകമായ അന്ത്യവുമെല്ലാം നമ്മുടെ, വായനക്കാരന്റെ ഹൃദയവേദന കൂടിയായി മാറുന്നു.
'കീബോര്‍ഡിനോടും തോല്‍ക്കാതെ ഹാര്‍മോണിയം' എന്ന കഥയില്‍ ആകാശവാണി എന്ന ഒരുകാലത്ത് അത്യുന്നതങ്ങളില്‍ വിരാജിച്ചിരുന്ന സ്ഥാപനത്തിന്റെ തകര്‍ച്ച ഒരു ഹാര്‍മോണിയം കഥയിലൂടെ വരച്ചുകാട്ടുന്നുണ്ട് രവി. സംഗീതവ്യവസായം ലോകമെങ്ങും വളര്‍ന്നു പന്തലിച്ചപ്പോഴും സുഗമസംഗീതത്തിന്റെ അടിസ്ഥാന ഉപകരണമായ ഹാര്‍മോണിയവും കീബോര്‍ഡും ആകാശവാണിയുടെ പടിക്കു പുറത്തുതന്നെ നില്‍ക്കേണ്ടിവന്ന കഥ.
എസ്. ജാനകിയുമായുള്ള ഹൃദയബന്ധത്തില്‍നിന്നാണ്  'ഈശ്വരനായി വന്ന ഡ്രൈവര്‍' എഴുതപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്തിന്റെ ഗാനമേളക്കാലത്തെ ഒളിമങ്ങാത്ത ഓര്‍മ്മകളുമായി തണ്ടര്‍ബേര്‍ഡ്‌സ് ബാബുവും യേശുദാസിന്റെ സംഗീതജീവിതത്തിന്റെ തുടക്കം രേഖപ്പെടുത്തുന്ന റെക്‌സ് ഐസക്ക്, എമില്‍ ഐസക്ക് സഹോദരരുടെ ജീവിതങ്ങളും അങ്ങേയറ്റം ശ്രദ്ധേയമാണ്.

'പാട്ടു ചെമ്പകം പൂത്തുലയുമ്പോള്‍' എന്ന ഈ പുസ്തകം ഒരു എ.എം. രാജ ഗാനത്തിന്റെ ആദ്യവരികളിലെ ഒരക്ഷരം മാത്രം മാറ്റിയാണ് നാമകരണം ചെയ്തിരിക്കുന്നത്. എത്രമാത്രം സംഗീതസുരഭിലമായിരിക്കും ഈ വായന എന്നൊരു സൂചികയാണ് പുസ്തകത്തിന്റെ ടൈറ്റില്‍. രവിമേനോന്റെ എഴുത്ത് എന്നെ എം.ബി. ശ്രീനിവാസിന്റെ സംഗീതസംവിധാനത്തെ ഓര്‍മ്മിപ്പിക്കുന്നു. സിനിമയുടെ ആവശ്യവും സന്ദര്‍ഭവും ഗാനരചനയുമാണ് എക്കാലവും എം.ബി.എസ്സിനെ നയിച്ചിരുന്നത്. പ്രകടനാത്മകത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗാനങ്ങള്‍. എന്നാല്‍, ആ സിനിമകളില്‍നിന്ന് ഗാനങ്ങള്‍ മാറ്റിനോക്കൂ. അസ്ഥികൂടം നഷ്ടപ്പെട്ട ശരീരം പോലെയാകുമത്. രവിയുടെ പാട്ടെഴുത്ത് വായിച്ചിട്ട് ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കഥയിലെ ഓരോ സന്ദര്‍ഭങ്ങളും ജീവന്‍ വയ്ക്കുംപോലെ! ഈ ഗാനങ്ങളുടെ പിറകിലുള്ള സംഭവവികാസങ്ങള്‍ ഒക്കെ ഓരോ ഗാനത്തിന്റേയും നിശ്വാസമായും മാറിയപോല്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു