ലേഖനം

'അത്രത്തോളം തന്നെ അനഭിലഷണീയവും വര്‍ജ്ജ്യവുമാണ് ലാ ഇലാഹ ഇല്ലല്ലാഹ്'- ഹമീദ് ചേന്നമംഗലൂര്‍ 

ഹമീദ് ചേന്ദമംഗലൂര്‍

ര്‍ഗ്ഗീയതയ്ക്ക് ആഴത്തില്‍ വേരുകളുള്ള സമൂഹങ്ങളില്‍ പൊതു ആവശ്യം മുന്‍നിര്‍ത്തി നടത്തപ്പെടുന്ന മതേതര പ്രക്ഷോഭങ്ങളില്‍പ്പോലും വര്‍ഗ്ഗീയതയുടേയും മതമൗലികവാദത്തിന്റേയും വിഷാണുക്കള്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഏറെയാണ്. താന്താങ്ങളുടെ രാഷ്ട്രീയസ്ഥലി വികസിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായി അത്തരം പ്രക്ഷോഭങ്ങളെ ദുരുപയോഗം ചെയ്യാന്‍ മതമൗലിക ശക്തികള്‍ക്ക്  അത്രയൊന്നും ആയാസമില്ലാതെ സാധിക്കും. നമ്മുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്ന മതേതര മൂല്യങ്ങള്‍ക്കു വിരുദ്ധമായ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ വര്‍ഗ്ഗീയ, മതമൗലിക ചേരിക്കാര്‍ അമ്മട്ടിലുള്ള ദുരുപയോഗത്തിനു മുതിരുകയുണ്ടായി.

അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം തന്നെയാണ് അതിന്റെ മുഖ്യതെളിവ്. മതവ്യത്യാസം മാറ്റിവെച്ച് മതേതര ചിന്താഗതിക്കാര്‍ ഒന്നടങ്കം നടത്തുന്ന ഒരു പ്രക്ഷോഭത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മതാത്മക മുദ്രാവാക്യത്തിനു യാതൊരു പ്രസക്തിയുമില്ല. നടന്നുവരുന്ന പ്രക്ഷോഭം ഏതെങ്കിലും മതത്തിനുവേണ്ടിയുള്ളതല്ല, മതേതര ബഹുസ്വര ഇന്ത്യ എന്ന മഹത്തായ ആശയത്തിനുവേണ്ടിയുള്ളതാണ്. അത്തരമൊരു സമരത്തില്‍ 'ജയ് ശ്രീറാം' എന്നോ 'ക്രിസ്തുദേവന്‍ ജയിക്കട്ടെ, ക്രിസ്തുരാജ്യം പരക്കട്ടെ' എന്നോ ഉള്ള മുദ്രാവാക്യങ്ങള്‍ എത്രത്തോളം അനഭിലഷണീയവും വര്‍ജ്ജ്യവുമാണോ അത്രത്തോളം തന്നെ അനഭിലഷണീയവും വര്‍ജ്ജ്യവുമാണ്  'ലാ ഇലാഹ ഇല്ലല്ലാഹ്' പോലുള്ള മുദ്രാവാക്യങ്ങളും.

മേല്‍ച്ചൊന്ന തരത്തിലുള്ള ഒരു നിരീക്ഷണം നടത്തുകയാണ് ശശി തരൂര്‍ വാസ്തവത്തില്‍ ചെയ്തത്. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലും മറ്റു ചിലയിടങ്ങളിലും നവപൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം 'ലാ ഇലാഹ ഇല്ലല്ലാഹ്', 'അല്ലാഹു അക്ബര്‍' എന്നിങ്ങനെയുള്ള മതാത്മക മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ശരിയല്ല എന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. അത്തരം മുദ്രാവാക്യങ്ങള്‍ പ്രക്ഷോഭത്തിന്റെ മതേതര സ്വഭാവത്തിനു ക്ഷതമേല്പിക്കുമെന്നും ആത്യന്തികമായി അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്. മതാത്മക സ്വത്വരാഷ്ട്രീയത്തിനുള്ള വേദിയായി പ്രക്ഷോഭത്തെ മാറ്റിക്കൂടെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു. മതാധിപത്യമല്ല, മതേതര ജനാധിപത്യമാണ് വേണ്ടത് എന്ന നിലപാടെടുക്കുന്നവര്‍ തരൂരിന്റെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിയാണെന്നേ പറയൂ.

ഇസ്ലാമിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരും ജമാഅത്തെ ഇസ്ലാമിയുടെ പരമാചാര്യനായ മൗദൂദിയുടെ വാക്കുകള്‍ ഗുണദോഷ വിചിന്തനത്തിനു വിധേയമാക്കാതെ വിഴുങ്ങുന്നവരുമായ വിഭാഗം പക്ഷേ, ശശി തരൂരിനെതിരെ രോഷാഗ്‌നിയുമായി രംഗത്തിറങ്ങി. ജാമിയ മില്ലിയയില്‍ അദ്ദേഹത്തിനു നേരെ  അവര്‍ ആക്രാമകശൈലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സര്‍വ്വോപരി, അറിയപ്പെടുന്ന എഴുത്തുകാരനും എം.പിയുമായ അദ്ദേഹത്തിനു അക്കൂട്ടര്‍ രായ്ക്കുരാമാനം ഇസ്ലാം വിരുദ്ധന്‍, മുസ്ലിം വിരുദ്ധന്‍ എന്നീ പട്ടങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

ഈ ചുറ്റുപാടില്‍, വിവാദവിധേയമായ മുദ്രാവാക്യം (ലാ ഇലാഹ ഇല്ലല്ലാഹ്) എന്തുകൊണ്ട് അനഭിലഷണീയമാകുന്നു എന്നു പരിശോധിക്കേണ്ടതുണ്ട് - വിശേഷിച്ച് ആ മുദ്രാവാക്യം മുഴക്കിയവരും അതിനെ ന്യായീകരിക്കുന്നവരും ഇസ്ലാം മതത്തിന്റെ മൗദൂദിയന്‍ വ്യാഖ്യാനം പിന്തുടരുന്നവരായതിനാല്‍. ബന്ധപ്പെട്ട  മുദ്രാവാക്യത്തില്‍ വരുന്ന 'ഇലാഹ്' എന്ന പദത്തിനു മറ്റു മുസ്ലിം മതപണ്ഡിതരില്‍നിന്നു വ്യത്യസ്തമായ അര്‍ത്ഥകല്പന നല്‍കിയ ആളാണ് മൗദൂദി. അദ്ദേഹം 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു കൃതിയുണ്ട്. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നിവയത്രേ ആ സാങ്കേതിക ശബ്ദങ്ങള്‍. ഇസ്ലാമിന്റെ ആരംഭഘട്ടത്തിനുശേഷം ജീവിച്ച മുസ്ലിം പണ്ഡിതര്‍ ആ പദങ്ങള്‍ക്കു നല്‍കിയ അര്‍ത്ഥകല്പന പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിയല്ലെന്നും അവയുടെ മൗലിക വിവക്ഷ താന്‍ വീണ്ടെടുത്തിരിക്കുന്നു എന്നും അവകാശപ്പെട്ട ജമാഅത്ത് ഗുരു പ്രസ്തുത പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ അല്ലാഹുവിനെ (ഇസ്ലാമിലെ ദൈവത്തെ) ആധ്യാത്മിക തലത്തില്‍നിന്നു ഭൗതികതലത്തിലേയ്ക്ക് ഇറക്കിക്കൊണ്ടുവന്നു.

മുസ്ലിം സ്വത്വം ഇന്ത്യയുടേത്

മൗദൂദിയുടെ വ്യാഖ്യാന പ്രകാരം ഇലാഹ് (ആരാധനാര്‍ഹന്‍) ആയ അല്ലാഹു അഥവാ റബ്ബ് ആധ്യാത്മിക ലോകത്തിന്റെ മാത്രമല്ല, രാഷ്ട്രീയം ഉള്‍പ്പെടുന്ന ഭൗതിക ലോകത്തിന്റേയും പരമാധികാരിയും നിയമനിര്‍മ്മാതാവുമാണ്. ആത്മീയാര്‍ത്ഥത്തിലുള്ള റബ്ബിനെ (അല്ലാഹുവിനെ) മാത്രമല്ല, രാഷ്ട്രീയാര്‍ത്ഥത്തിലുള്ള റബ്ബി(Political God)നെക്കൂടി അദ്ദേഹം അവതരിപ്പിക്കുന്നു. രാഷ്ട്രീയമായ പരമാധികാരം അല്ലാഹുവെന്ന റബ്ബിന് അവകാശപ്പെട്ടതാണെന്നിരിക്കെ, പരമാധികാരം മനുഷ്യര്‍ക്കു നല്‍കുന്ന വ്യവസ്ഥ (ജനാധിപത്യ വ്യവസ്ഥ) ഇസ്ലാമുമായി ഒരളവിലും പൊരുത്തപ്പെടാത്തതാണ്; അതിനാല്‍ത്തന്നെ മുസ്ലിങ്ങള്‍ നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ മുഴുകിയാല്‍ മാത്രം പോരാ, മറിച്ച് അവര്‍ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്തില്‍ അധിഷ്ഠിതമായ രാഷ്ട്രം (സ്റ്റേറ്റ്) സ്ഥാപിക്കുകയും ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ വ്യവസ്ഥ തകര്‍ത്തെറിയുകയും ചെയ്യേണ്ടതുണ്ട്.

മേല്‍വിവരണത്തില്‍നിന്നു ഗ്രഹിക്കാവുന്നത് ഇതാണ്: മൗദൂദിയന്‍ ആശയങ്ങള്‍ പിന്തുടരുന്ന ഇസ്ലാമിസ്റ്റുകളുടെ ദൃഷ്ടിയില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് വെറുമൊരു ആത്മീയ മുദ്രാവാക്യമല്ല, അതു കരുത്തുറ്റ ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. ഒരേയൊരു രാഷ്ട്രീയ വ്യവസ്ഥയേ മുസ്ലിങ്ങള്‍ക്കു സ്വീകാര്യമാകൂ എന്നും അത് ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ മാത്രമാണ് എന്നും ധ്വനിപ്പിക്കുകയാണ് ആ വാക്യം ചെയ്യുന്നത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും വേണ്ടത് ഇസ്ലാമിക ഭരണവ്യവസ്ഥയാണ് എന്നതത്രേ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മുദ്രാവാക്യത്തിലൂടെ ഇസ്ലാമിസ്റ്റുകള്‍ പ്രക്ഷേപിക്കുന്ന ആശയം. അടിമുടി ജനാധിപത്യവിരുദ്ധമായ ഈ ആശയത്തില്‍നിന്നു നിര്‍ഗളിക്കുന്നത് കൊടും വര്‍ഗ്ഗീയത മാത്രമല്ല, ഫാഷിസ്റ്റ് സമഗ്രാധിപത്യപരത കൂടിയാണ്.

ശശി തരൂരിനെ 'മുസ്ലിം വിരുദ്ധന്‍' എന്നു ചാപ്പകുത്തിയവര്‍, വിവാദ മുദ്രാവാക്യം തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ ഭാഗമാണെന്നും അതെങ്ങനെ അനഭിലഷണീയമായിത്തീരുമെന്നുമുള്ള ചോദ്യം ഉന്നയിക്കുന്നുണ്ട്. സ്വത്വം എന്നത് ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതി(ideological construct)യാണ്. ജനങ്ങളെ മതം, ജാതി, വര്‍ണ്ണം, ഭാഷ, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ തല്പരകക്ഷികള്‍ അതുപയോഗപ്പെടുത്തുന്നു. മതമൗലികവാദികള്‍ മതസ്വത്വത്തേയും സമുദായ സ്വത്വത്തേയും കൂട്ടുപിടിച്ചാണ് തങ്ങളുടെ രാഷ്ട്രീയസഞ്ചാരം നിര്‍വ്വഹിക്കുന്നത്. ആ സഞ്ചാരം വര്‍ഗ്ഗീയതയുടേയും മതസങ്കുചിതത്വത്തിന്റേയും ഇരുട്ടിന്റെ നിര്‍മ്മാണത്തില്‍ കലാശിക്കുന്നു. സാമൂഹികമായും സാംസ്‌കാരികമായും അന്യഥാ അടുത്തുനില്‍ക്കുന്ന ഭിന്നമതസ്ഥരായ ജനങ്ങളെ അകറ്റുന്നതിനുള്ള രാസത്വരകമായി പ്രവര്‍ത്തിക്കുന്നു സ്വത്വരാഷ്ട്രീയം.

മതപരമായ സ്വത്വത്തെ ആസ്പദമാക്കി രാഷ്ട്രീയ ഗോദയിലിറങ്ങുന്നവര്‍ ജനവിഭാഗങ്ങളുടെ സ്വത്വബഹുത്വത്തെ തമസ്‌കരിക്കുന്നവരാണ്. മുസ്ലിമിന് ഇസ്ലാമിക സ്വത്വമോ ഹിന്ദുവിനു ഹൈന്ദവസ്വത്വമോ മാത്രമേയുള്ളൂ എന്നോ, അതല്ലെങ്കില്‍ അതാണ് പ്രധാനമെന്നോ പ്രചരിപ്പിക്കുന്നവരാണ് മതസ്വത്വ രാഷ്ട്രീയവാദികള്‍. 2014-ല്‍ രംഗപ്രവേശം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന സുന്നി മുസ്ലിം ഭീകരപ്രസ്ഥാനം ഊന്നിയത് സുന്നി മുസ്ലിം സ്വത്വത്തിലാണെന്നും ശിയ മുസ്ലിം സ്വത്വത്തെ അവര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയെന്നുമുള്ള വസ്തുത മുസ്ലിം സ്വത്വവാദികള്‍ മറക്കരുത്. വരേണ്യ മുസ്ലിങ്ങളുടെ സ്വത്വമല്ല അവരേണ്യ മുസ്ലിങ്ങളുടെ സ്വത്വമെന്ന യാഥാര്‍ത്ഥ്യവും അവര്‍ മനസ്സില്‍ വെയ്ക്കണം. ഒരേ മതത്തിനകത്തുതന്നെ വിശ്വാസപരമായ വിഭാഗീയതയുടേയും സാമ്പത്തിക ശ്രേണിയുടേയും ദേശ-ഭാഷാ വ്യത്യാസങ്ങളുടേയും ഉള്‍പ്പെടെ ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അനേകം സ്വത്വങ്ങള്‍ നിലവിലിരിക്കെ, 'മുസ്ലിം സ്വത്വം' എന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെയുള്ള കണ്ണുചിമ്മലാണ്.

മുസ്ലിങ്ങള്‍ക്ക് തങ്ങളെത്തന്നെ തിരിച്ചറിയാനുള്ള ഒരു മുദ്രാവാക്യം ആവശ്യമാണെന്നതു കൊണ്ടാണ് ഡല്‍ഹിയിലും മറ്റും ഇസ്ലാമിസ്റ്റുകള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മതാത്മക മുദ്രാവാക്യം ഉപയോഗിച്ചത് എന്ന വിശദീകരണവും മുസ്ലിം മതമൗലികപക്ഷത്തുനിന്നു ഉയരുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുക്കളടക്കമുള്ള അമുസ്ലിങ്ങളുടെയെന്നപോലെ ഇന്ത്യയിലെ മുസ്ലിങ്ങളുടേയും പ്രാഥമികവും പരമപ്രധാനവുമായ സ്വത്വം ഇന്ത്യക്കാരന്‍ (ഭാരതീയന്‍) എന്ന സ്വത്വമാണ്. മഹാത്മാ ഗാന്ധിയും മൗലാനാ ആസാദും രണ്ടു ഭിന്നമതങ്ങളില്‍പ്പെട്ടവരായിരിക്കെത്തന്നെ ഇരുവരും ഉയര്‍ത്തിപ്പിടിച്ചത് യഥാക്രമം ഹിന്ദു സ്വത്വമോ മുസ്ലിം സ്വത്വമോ ആയിരുന്നില്ല; മറിച്ച് ഇന്ത്യന്‍ സ്വത്വമായിരുന്നു. അതേസമയം ആ രണ്ടു മഹത്തുക്കളുടേയും സമകാലികനും അവിഭജിത ഇന്ത്യയില്‍ ജനിച്ചവനുമായ മൗദൂദി പൊക്കിപ്പിടിച്ചതാവട്ടെ, മുസ്ലിം സ്വത്വവും. മതനിരപേക്ഷവാദികളായ ഗാന്ധിയും ആസാദും മതപരമായ ഇടുക്കങ്ങളെ ഭേദിക്കുന്ന ഇന്ത്യന്‍ എന്ന മതേതര സ്വത്വത്തിന്റെ കൊടിക്കൂറയ്ക്ക് കീഴില്‍ നിന്നപ്പോള്‍ മതമൗലികവാദിയായ മൗദൂദി ഇസ്ലാമിക സ്വത്വത്തിന്റെ പതാകവാഹകനായി. ഇസ്ലാം മതത്തെ ആമൂലാഗ്രം രാഷ്ട്രീയവല്‍ക്കരിച്ച ആ മൗദൂദിയെ അനുഗമിക്കുന്നവരുടെ കണ്ഠങ്ങളില്‍നിന്നാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മുദ്രാവാക്യം പുറപ്പെട്ടത്. പണ്ട് സിമിക്കാര്‍ വിളിച്ച 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്