ലേഖനം

'തടങ്കല്‍ പാളയങ്ങളിലേയ്ക്കു തള്ളിവിടപ്പെടുന്നവരില്‍ ഒരു മനുവാദിയും സവര്‍ണ്ണ ഹിന്ദുവും ഉണ്ടായിരിക്കില്ല'

അമീറ അയിഷാബീഗം

''ഈ പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ളതാണ്. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ളത്. ഈ യുദ്ധം ബഹുജന്‍ വിഭാഗത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്.''
-ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

പൗരത്വ നിയമവും ദളിത്, ആദിവാസി സമൂഹങ്ങളും തമ്മില്‍ എന്താണ് ബന്ധം? പൗരത്വ നിയമം ആവിഷ്‌കരിച്ചത് ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടിയാണോ? രാജ്യമാകെ ഇളകിമറിഞ്ഞ ഈ നിയമഭേദഗതിയുടെ ഗുണേഭാക്താക്കള്‍ ദളിത് സമുദായ അംഗങ്ങളാണോ? നിയമത്തിന് എതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ ദളിത് വിരുദ്ധമാണോ?

ഒറ്റനോട്ടത്തില്‍ ഈ ചോദ്യങ്ങള്‍ അസംബന്ധമെന്നു തോന്നാം. എന്നാല്‍, അതിപ്പോള്‍ അങ്ങനെയല്ല. ഈ ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് പൗരത്വ നിയമം കൊണ്ടു വന്ന നരേന്ദ്ര മോദി സര്‍ക്കാറും സംഘപരിവാറും. പൗരത്വ നിയമം ആവിഷ്‌കരിച്ചത് തങ്ങള്‍ക്കാര്‍ക്കും വേണ്ടിയല്ല, ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കു വേണ്ടിയാണ് എന്നാണ് ഭരണകക്ഷിയായ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത്. രാജ്യമാകെ ഇളകി മറിഞ്ഞ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാന്‍ ഉപയോഗിക്കപ്പെടുന്ന ആഖ്യാനങ്ങളെല്ലാം ഇപ്പോള്‍ ഈ വഴിക്കാണ്. ദളിതരും ഗോത്രവര്‍ഗ്ഗങ്ങളും ഈ നിയമത്തിന്റെ കൂടെ നില്‍ക്കണമെന്നും അതിനെതിരായ പ്രക്ഷോഭങ്ങളില്‍നിന്നു മാറി നില്‍ക്കണമെന്നും ദളിതര്‍ക്കു ഗുണം കിട്ടുന്ന നിയമത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കള്‍ പാകിസ്താനില്‍നിന്നുള്ള ദളിതരാണെന്നാണ് പ്രക്ഷോഭങ്ങള്‍ കനത്തതിനിടെ രാംലീല മൈതാനിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിശ്വാസപരമായ കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട ഇവര്‍ രക്ഷപ്പെട്ട് ഇന്ത്യയിലേയ്ക്ക് വരികയാണ്. അത്തരക്കാര്‍ക്കു വേണ്ടിയാണ് ഈ നിയമം. എന്തുകൊണ്ടാണ് ഈ ദളിതരുടെ പ്രശ്‌നം ദളിത് സംഘടനകള്‍ കാണാതിരുന്നത്? അവര്‍ക്കുവേണ്ടി നിര്‍മ്മിച്ച ഈ നിയമത്തെ എതിര്‍ക്കുന്നതില്‍നിന്നും വിട്ടുനിന്ന് ദളിത് സമൂഹം സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗാന്ധി കുടുംബവും ദളിത് വിരുദ്ധരാണെന്നാണ് ഡല്‍ഹിയില്‍ ബി.ജെ.പി പ്രവര്‍ത്തക യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. പൗരത്വ നിയമത്തിന്റെ ഗുണഭോക്താക്കള്‍ പ്രധാനമായും ദരിദ്രരും ദളിതുകളുമാണ്. അതിനാല്‍, നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ദളിത് വിരുദ്ധരും ദരിദ്ര വിരുദ്ധരുമാണെന്നും ഷാ പറയുന്നു.

ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ പിന്നോക്ക, ദളിത് വിരുദ്ധരായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ് റായി ആവശ്യപ്പെട്ടത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു വരുന്ന മുസ്ലിം ഇതര അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളോ ദളിതരോ ആണ്. അവര്‍ക്കു ബഹുമാനം നല്‍കുന്നതിനാണ് പ്രധനമന്ത്രി പൗരത്വ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.

ദളിത് നേതാക്കളോടാണ് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടെ അഭ്യര്‍ത്ഥന. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ദളിത് നേതാക്കള്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കണമെന്നാണ് നദ്ദ ആവശ്യപ്പെടുന്നത്. പുതുതായി പൗരത്വം നല്‍കുന്ന അഭയാര്‍ത്ഥികളില്‍ 70-80 ശതമാനം പേരും ദളിതുകളായിരിക്കുമെന്നും നദ്ദ ഉറപ്പുനല്‍കുന്നു.

സത്യത്തില്‍ ഈ നിയമം ദളിതര്‍ക്കുവേണ്ടി പിറന്നതാണോ? ഇല്ലെങ്കില്‍ എന്തിനാണ്, ഇപ്പോള്‍ ഇതിലേയ്ക്ക് ദളിത് ആംഗിള്‍ കൊണ്ടുവരുന്നത്? ദളിത്, ഗോത്രവിഭാഗങ്ങളെ പൗരത്വ നിയമം ഏതു വിധത്തിലാണ് ബാധിക്കുന്നത്? ഇക്കാര്യം അന്വേഷിക്കുമ്പോള്‍ നാമെത്തിച്ചേരുന്നത്, സര്‍ക്കാറും സംഘപരിവാറും പ്രചരിപ്പിക്കുന്ന വാദങ്ങള്‍ക്കു നേരെ എതിര്‍ഭാഗത്താണ് യാഥാര്‍ത്ഥ്യം എന്ന നിഗമനത്തിലാണ്. ഹിന്ദു ഏകീകരണം എന്ന സംഘപരിവാര്‍ അജന്‍ഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ജാതി. ഹിന്ദു എന്ന സ്വത്വത്തെ ആന്തരികമായി തന്നെ നിഷേധിക്കുന്ന യാഥാര്‍ത്ഥ്യമാണ് ജാതി. ജാതിപോലുള്ള വൈരുദ്ധ്യങ്ങളെ മറച്ചുവെച്ച് ഹിന്ദു ഏകീകരണം നടത്താനുള്ള മാര്‍ഗ്ഗം ആലോചിക്കുമ്പോള്‍ ആരും എത്തിപ്പെടാവുന്ന എളുപ്പവഴിയാണ് ഈ ദളിത് ആംഗിള്‍. ഒപ്പം, മുസ്ലിം-ബഹുജന്‍ കൂട്ടായ്മയെ ഇല്ലാതാക്കാനുള്ള തന്ത്രവും. പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ മുസ്ലിം സമുദായത്തിനൊപ്പം ഒന്നിച്ചു രംഗത്തുവന്ന ദളിത് ഗ്രൂപ്പുകള്‍ ഹിന്ദു ഏകീകരണത്തിന് ആന്തരികമായി ഉയര്‍ത്തുന്ന ഭീഷണി നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം കൂടിയാണ് ഇത്. മോദിയുടേയും അമിത് ഷായുടേയും ബി.ജെ.പി നേതാക്കളുടേയും വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്ന ദളിത് പ്രേമത്തിനു പിന്നില്‍, അംബേദ്ക്കറെ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന മുന്നേറ്റങ്ങളെ ഇല്ലാതാക്കുക മാത്രമാണ് എന്നുവേണം കരുതാന്‍.

ദളിത് വീക്ഷണകോണ്‍ ഉയര്‍ന്നുവന്ന വഴി

ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ പിന്തുടരുന്നൊരു രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാന്‍ കാലങ്ങളായി ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗതലത്തിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പൗരത്വത്തെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍. ഇന്ത്യന്‍ പൗരന്‍ ആവാനുള്ള യോഗ്യത മതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും. എല്ലാ അര്‍ത്ഥത്തിലും പരാജയമായ നരേന്ദ്ര മോദി സര്‍ക്കാര്‍ മതത്തിന്റെ പേരിലുള്ള ധ്രുവീകരണങ്ങള്‍ക്ക് ആക്കം കൂട്ടിയും അപരത്വം മുന്നോട്ട് വെച്ചു ഭൂരിപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിക്കാനും അതു വഴി സ്വന്തം ഇടര്‍ച്ചകള്‍ മറച്ചു വെക്കാനുമാണ് ശ്രമിക്കുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം ചാര്‍ത്തിക്കൊടുക്കുന്ന അത്യന്തം വിവേചനപൂര്‍ണ്ണമായ നിയമം പാസാക്കിയെടുത്തുകൊണ്ട് മതേതര മൂല്യങ്ങളെ പരസ്യമായി തൂക്കുമരത്തിലേറ്റിയ മോദി സര്‍ക്കാര്‍ എന്നാല്‍, അതിനെതിരായ ചെറുത്തുനില്‍പ്പുകള്‍ കണ്ട് അന്തംവിട്ടിരിക്കയാണ്. ഹിന്ദുരാഷ്ട്രം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതില്‍ സ്വാഭാവികമായി ഉയര്‍ന്നേക്കാവുന്ന വെല്ലുവിളികള്‍ ആയല്ല അവരിതിനെ കാണുന്നത്. സംഘപരിവാരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും വിധത്തില്‍, വിഭാഗീയ ധ്രുവീകരണങ്ങളില്‍നിന്നും ഇന്ത്യക്കാര്‍ എന്ന ഏകത്വത്തിലേയ്ക്ക് ജനം അതിവേഗം ചെന്നെത്തുന്നതിലെ അപകടമാണ് അവര്‍ മുന്നില്‍ കാണുന്നത്. ഏതു വിധത്തിലും പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഈ തിരിച്ചറിവിലാണ് ഉണ്ടാവുന്നത്.

എന്നാല്‍, ഈ പ്രകടമായ വംശീയ വെറിക്കെതിരെ ജാതിമതഭേദമില്ലാതെ അലയടിക്കുന്ന പ്രക്ഷോഭ തിരകള്‍ സര്‍ക്കാറിന് ഉയര്‍ത്തിയ നടുക്കം ചില്ലറ ആയിരുന്നില്ല. മുസ്ലിം സമുദായത്തിന്റെ മാത്രം ഒറ്റപ്പെട്ട എതിര്‍പ്പുകളില്‍ ഒതുങ്ങി നില്‍ക്കുമെന്നു വ്യാമോഹിച്ചുകൊണ്ട് അമിത് ഷാ ഇറക്കി വിട്ട ഭൂതം ഫ്രാങ്കെന്‍സ്റ്റെയ്നെ പോലെ സ്രഷ്ടാവിനെ പിന്തുടരുന്ന അവസ്ഥയാണുള്ളത്. അപായമണി അടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തുനിന്നു ശ്രദ്ധതിരിക്കാന്‍ പതിവുപോലെ ഇറക്കിയ വര്‍ഗ്ഗീയ കാര്‍ഡ് ബി.ജെ.പിക്കു വിനയായി തീര്‍ന്നിരിക്കുന്നു. ഇത്രയും എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചില്ല എന്ന ബി.ജെ.പി നേതാക്കളുടെ പോലും തുറന്നു പറച്ചില്‍, അനുകൂലമായി വോട്ട് ചെയ്ത സഖ്യകക്ഷികളുടെ മലക്കംമറിച്ചില്‍, എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന സംസ്ഥാനങ്ങളുടെ പ്രഖ്യാപനം... വേട്ടപ്പട്ടികളെ രാജ്യമെങ്ങും അഴിച്ചുവിട്ടു ഭയത്തിന്റെ റിപ്പബ്ലിക്കിന്റെ അധിപന്മാരായി വാഴാമെന്നു മനക്കോട്ട കെട്ടിയ മോദി - ഷാ ദ്വന്ദ്വത്തിന്റെ വാട്ടര്‍ലൂ ആയേക്കും ഈ വിഭജനബില്‍ എന്ന പ്രത്യാശ മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സിലുണ്ടാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലിമിനെ ബാധിക്കുന്നതല്ല എന്ന പ്രഖ്യാപനത്തോടെ പ്രതിഷേധക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച ഡല്‍ഹി ഇമാമിനെ ഒറ്റുകാരനായി കണ്ട്, നിര്‍ഭയം ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രക്ഷോഭകരുടെ ഇടയിലെ ജ്വലിക്കുന്ന സാന്നിധ്യമായി മാറിയ ഭീം ആര്‍മി നേതാവ്  ചന്ദ്രശേഖര്‍ ആസാദിനെ, വേട്ടയാടപ്പെടുന്നവരുടെ ഇമാമായി അവരോധിച്ചപ്പോള്‍, മതമല്ല തങ്ങളുടെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഏക ഘടകമെന്ന് ഉറക്കെ വിളംബരം ചെയ്യുന്ന ഒരു ജനതയെ ലോകം കണ്ടു. വസ്ത്രം നോക്കി പ്രക്ഷോഭകരെ തിരിച്ചറിയാന്‍ പറഞ്ഞു വര്‍ഗ്ഗീയതയുടെ കനലുകളെ ഊതി ജ്വലിപ്പിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയെ ഇളിഭ്യനാക്കികൊണ്ട് ഇസ്ലാം മത ചിഹ്നങ്ങള്‍ അണിഞ്ഞു, നാനാമതസ്ഥര്‍. ഭരണകൂടം കീ തിരിച്ചുവിട്ട കാക്കിയണിഞ്ഞ മര്‍ദ്ദന ഉപകരണങ്ങള്‍ക്കു മുന്നില്‍ മതം ഭിന്നിപ്പിക്കലിനുള്ള ആയുധമാക്കരുതെന്ന ഉറച്ചബോധ്യത്തോടെയാണ് അവര്‍ സധൈര്യം നിലകൊള്ളുന്നത്. അതെ... ജഡാവസ്ഥയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണവര്‍. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശപ്പോരാട്ടത്തിന്റെ  കളത്തിലാണ് ഇന്ത്യ ഇന്ന്.

മത, ജാതി, വംശ വിദ്വേഷത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തികൊണ്ട് പ്രതിഷേധമുന്നേറ്റങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്നു പൊരുതുന്ന പാര്‍ശ്വവല്‍ക്കൃത, ന്യൂനപക്ഷ വിഭാഗങ്ങളെ വിഘടിപ്പിക്കാനുള്ള തിരക്കഥകള്‍ ബി.ജെ.പി അണിയറയില്‍ ഒരുങ്ങുന്നത്. മുസ്ലിമിനെ പൊതുശത്രുപക്ഷത്തു സ്ഥാപിച്ചുകൊണ്ട് ദളിതരെ ഹിന്ദുത്വ അണിയിലേയ്ക്കു പിടിച്ചുകയറ്റി അവരെ മുസ്ലിമിനെതിരെ ഉപയോഗിക്കാനുള്ള സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ കുരുട്ടുബുദ്ധി ഗുജറാത്തിലും അയോധ്യയിലും മറ്റും പലതവണ കണ്ടതാണ്.

ഹിന്ദു ഏകീകരണവും അവബോധവും

പിന്നാക്ക വിഭാഗ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചുകൊണ്ട് പുതിയ പൗരത്വ ഭേദഗതി ബില്ല് പാകിസ്താനിലെ മതപീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്കു വന്ന ദളിത് സമൂഹത്തിനു ഗുണകരമായി ഭവിക്കും എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുകളില്‍ പറഞ്ഞ സാഹചര്യത്തിലാണ് ശക്തിപ്രാപിക്കുന്നത്. മുസ്ലിങ്ങളാണ് പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസ്സും അര്‍ബന്‍ നക്‌സലുകളുമാണെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ഈ പ്രകരണത്തില്‍ വേണം കാണാന്‍. ദളിത് വിഭാഗത്തില്‍പ്പെട്ട ബുദ്ധിജീവികള്‍, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ  വിചക്ഷണര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പൗരത്വ ഭേദഗതി ബില്ലിന്റെ മേന്മകളെക്കുറിച്ചു ബോധവല്‍ക്കരിക്കാനുള്ള പദ്ധതികളാണ് ബി.ജെ.പി നേതാക്കള്‍ ആവിഷ്‌കരിക്കുന്നത്. ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദ്, വഞ്ചിത് ബഹുജന്‍ അഗദി (വി.ബി.എ) നേതാവ് പ്രകാശ് അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഒരു പുതിയ മാനം രചിക്കുന്നത് തടയുക എന്ന ലക്ഷ്യം മാത്രമല്ല ഇതിനു പിറകില്‍. മുസ്ലിങ്ങള്‍ ഒഴികെ മറ്റാരെയും ഇതു ബാധിക്കില്ല, ഹിന്ദുരാഷ്ട്രത്തില്‍ ജാതികള്‍ക്ക് അതീതമായ ഹിന്ദു ഏകീകരണം ഉണ്ടാവും എന്ന അവബോധം ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ വളര്‍ത്തുക എന്നത് കൂടിയാണ്.

വിഭജനത്തെ തുടര്‍ന്ന് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ തുടര്‍ന്ന ഹിന്ദു മതസ്ഥരില്‍ ബഹുഭൂരിപക്ഷവും ദളിത് വിഭാഗക്കാരായിരുന്നു എന്നാണ് ബി.ജെ.പി ഇപ്പോള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആഖ്യാനം. ബി.ജെ.പി വക്താവ് ബിസായി ശങ്കര്‍ ശാസ്ത്രിയുടെ വാക്കുകളില്‍: ''ഈ രാജ്യങ്ങളില്‍നിന്നു മടങ്ങിവരുന്ന ഹിന്ദുക്കളില്‍ 66 ശതമാനവും ദളിത് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. അവര്‍ നിരാലംബരും ദരിദ്രരും ആ രാജ്യങ്ങളില്‍ തോട്ടിപ്പണി ചെയ്യാനായി ബലമായി പിടിച്ചു നിര്‍ത്തപ്പെട്ടവരുമാണ്.'' നരേന്ദ്ര മോദിയുടെ ഈ ചുവടുവെയ്പ് അവിടങ്ങളിലെ നിരാലംബരായ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യും, അവരെ ഇന്ത്യയിലെ മാന്യരായ പൗരന്മാരാക്കും. എന്നിങ്ങനെയാണ് ബി.ജെ.പി വാഗ്ദാനം.

പൗരത്വ ഭേദഗതി ബില്‍ ദളിത് വിരുദ്ധമാണ് എന്ന വാദഗതികളെ പൊളിച്ചടുക്കുക അങ്ങനെ പ്രതിഷേധ മുന്നേറ്റങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. വാദമുഖങ്ങള്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. പ്രതിഷേധിക്കുന്നവര്‍ മുസ്ലിങ്ങളാണെന്ന ആഖ്യാനങ്ങളില്‍നിന്ന് ഒരുപടി കൂടെ കടന്നുകൊണ്ട് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞത് പൗരത്വ ബില്ലിനെതിരെ സമരത്തിനിറങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ദളിത് വിരുദ്ധരാണ് എന്നാണ്. കാരണം ഈ നിയമ ഭേദഗതിയിലൂടെ ഏറെ പ്രയോജനം ലഭിച്ചവരില്‍ 70-80 ശതമാനവും ദളിത് വിഭാഗങ്ങളാണ്, നരേന്ദ്ര മോദി ദളിത് സമുദായത്തിന്റെ ഏറ്റവും വലിയ രക്ഷകനാണ് എന്നൊക്കെയാണ്.

പൗരത്വനിയമവും ദളിതരും  

എന്നാല്‍ ബി.ജെ.പിയുടേയും സര്‍ക്കാറിന്റേയും ഈ ദളിത് പ്രേമവും ദളിതര്‍ക്കുവേണ്ടിയുള്ള മുതലക്കണ്ണീരും കൊണ്ട് ഒഴുക്കി കളയാവുന്നതാണോ പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ദളിത് സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്കകള്‍ എന്ന ചോദ്യം ഇവിടെ പ്രബലമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തോളം വരുന്ന ദളിതര്‍, ആദിവാസികള്‍, ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും കാലങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ജീവിതം നയിക്കുന്നവരാണ്. അന്നന്നത്തെ നിലനില്‍പ്പാണ് അവരുടെ മുഖ്യ വിഷയം. പട്ടിണിയോടാണ് അവരുടെ യുദ്ധം. സര്‍ക്കാര്‍ കാര്യങ്ങളിലും സാമൂഹിക ജീവിതത്തിലും ജാതീയമായ വിവേചനം നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന നിസ്വജന്മങ്ങള്‍. അടച്ചുറപ്പുള്ള വീടോ അടിസ്ഥാന ജീവിത സൗകര്യങ്ങളോ ഇല്ലാത്ത, ബ്യൂറോക്രസിയുടെ പുച്ഛവും അവഗണനയും നിരന്തരം ഏറ്റുവാങ്ങുന്ന അവരില്‍ ബഹുഭൂരിപക്ഷത്തിനും പൗരത്വം തെളിയിക്കാനുള്ള എണ്ണമറ്റ രേഖകള്‍ ഉണ്ടാക്കുക എന്നത് ഏറെക്കൂറെ അസാധ്യമാണ്. ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയത് ദളിത് രാഷ്ട്രീയം തന്നെയാണ്.

അതിനാലാണ്, ആര്‍.എസ്.എസും ഗോള്‍വാള്‍ക്കറും വിഭാവനം ചെയ്യുന്ന പൗരത്വവും ഇന്ത്യന്‍ ഭരണഘടന നിര്‍വചിക്കുന്ന പൗരത്വവും തമ്മിലുള്ള വടംവലിയാകും ഈ പൗരത്വ പ്രശ്‌നം എന്ന് ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയ പൗരത്വ പട്ടിക ദളിതര്‍ക്കു വേണ്ടിയാണെന്നും അവരെ ഒരിക്കലും അത് പ്രതികൂലമായി ബാധിക്കില്ലെന്നു പറയുമ്പോഴും ആഴത്തില്‍ വിലയിരുത്താന്‍ കഴിയുന്നതിനും അപ്പുറമാണ് അത് ദളിത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍. ഇക്കണോമിക് സര്‍വ്വേ 2018-2019 അനുസരിച്ചു ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ 93 ശതമാനം അസംഘടിത മേഖലയിലാണ് വര്‍ത്തിക്കുന്നത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ചു 400 ദശലക്ഷം ജനങ്ങള്‍ അസംഘടിത മേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. ചെറുകിടകര്‍ഷകരും, ബീഡി തെറുപ്പുകാരും, കള്ളുചെത്തുകാരും, മീന്‍പിടുത്തക്കാരും തുടങ്ങി വീട്ടുവേലക്കാരും തോട്ടിപ്പണി ചെയ്യുന്നവരും വരെ ഇതില്‍ ഉള്‍പ്പെടും. ഈ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. ബഹുഭൂരിഭാഗം പേര്‍ക്കും സ്ഥിരമായ മേല്‍വിലാസമോ ജനന സര്‍ട്ടിഫിക്കറ്റുകളോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളോ ഇല്ല. പലര്‍ക്കും വോട്ടര്‍ ഐഡി പോലുമില്ല. പൗരത്വം തെളിയിക്കാനുതകുന്ന രേഖകള്‍ ഒന്നും തന്നെ ഉള്ളവര്‍ അല്ല ഇവര്‍.

തലമുറകളായി ജന്മികള്‍ക്കു അടിമപ്പണി ചെയ്തു ജീവിക്കുന്ന ഭൂരഹിതരായ പിന്നാക്കക്കാര്‍, ഉപജീവനത്തിനായി തൊഴില്‍ തെണ്ടി നഗരങ്ങളില്‍നിന്നു നഗരങ്ങളിലേയ്ക്കു പാലായനം ചെയ്യുന്നവര്‍, ചേരി നിവാസികള്‍. അസമിലും ബീഹാറിലും പതിവുള്ള വെള്ളപൊക്കംപോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ഒലിച്ചുപോയ തങ്ങളുടെ ചെറു ചാളകളില്‍നിന്നു സ്വന്തം ജീവന്‍ മാത്രം കരയ്ക്കു കയറ്റിയവര്‍. അതെ, ഈ പൗരത്വ പരീക്ഷയില്‍ തോല്‍ക്കുന്നവര്‍, ഇവര്‍ കൂടെയാണ്.

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടപ്പോള്‍ പുറംതള്ളപ്പെട്ട 40 ലക്ഷത്തില്‍ 10 ലക്ഷത്തോളം ബംഗാളില്‍നിന്നുള്ള നാമശൂദ്ര വിഭാഗങ്ങളായിരുന്നു. അവര്‍ ഇതിനെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ഈ വര്‍ഷം വന്ന പുതുക്കിയ എന്‍.ആര്‍.സി പട്ടിക അനുസരിച്ച് പൗരത്വത്തില്‍നിന്നു പുറത്താക്കപ്പെട്ട് 19 ലക്ഷത്തിലധികം ആളുകളില്‍ 14 ലക്ഷവും ഹിന്ദുക്കളാണെന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. (ഇതു സര്‍ക്കാര്‍ വിവരമല്ല. മതം തിരിച്ചുള്ള കണക്കുകള്‍ ഭരണകൂടം ഇതുവരെ പുറത്തു വിട്ടിട്ടില്ല). ഈ പതിനാലു ലക്ഷത്തില്‍ അധികവും അസമില്‍ തോട്ടം തൊഴിലാളികളായി എത്തിയ ജാര്‍ഖണ്ഡില്‍നിന്നുള്ള തോട്ടം തൊഴിലാളികളും ബിഹാറില്‍നിന്നുള്ള ദളിത് വിഭാഗങ്ങളും അസമില്‍ തന്നെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളുമാണെന്നു പറയപ്പെടുന്നു.

2011-ലെ സെന്‍സസ് പ്രകാരം 17 ലക്ഷം ഇന്ത്യക്കാര്‍ വീടില്ലാത്തവരാണ്. ഇന്‍ഡോ ഗ്ലോബല്‍ സോഷ്യല്‍ സര്‍വ്വീസസ് സൊസൈറ്റി ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലായി 15 നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനമനുസരിച്ചു വീടില്ലാത്തവരില്‍ 36 ശതമാനം പട്ടികജാതിക്കാരും 23 ശതമാനം പട്ടികവര്‍ഗ്ഗക്കാരുമാണ്. വീടില്ലാത്തവരില്‍ 30 ശതമാനം പേര്‍ക്കും യാതൊരുതരത്തിലുമുള്ള തിരിച്ചറിയല്‍ രേഖകളുമില്ല. ഈ പശ്ചാത്തലത്തിലാണ് നിരക്ഷരരും ഭൂമിയില്ലാത്തവരുമായ ദളിതരും ആദിവാസികളും എവിടെ നിന്നു രേഖകള്‍ ഹാജരാക്കും എന്ന ചോദ്യം ഉയരുന്നത്.

ഗോത്രവര്‍ഗ്ഗങ്ങളുടെ അവസ്ഥയും സമാനമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ എട്ടര ശതമാനമാണ് ഗോത്രവര്‍ഗ്ഗക്കാര്‍. തദ്ദേശീയരും വനവാസികളുമായ ജനത വികസന പ്രവര്‍ത്തനങ്ങളുടെ എക്കാലത്തേയും ഇരകളാണ്. വികസനത്തിനുവേണ്ടി നടന്ന കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി കാടിന്റെ ഉള്‍ഭാഗങ്ങളിലേക്കോ മറ്റേതെങ്കിലും ഇടങ്ങളിലേയ്‌ക്കോ ചിതറിത്തെറിച്ചു പോയവര്‍. പൗരത്വംപോലുള്ള ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കു പുറത്താണ് അവരുടെ തനത് ജീവിതം. അതിനാല്‍ത്തന്നെ, പൗരത്വം തെളിയിക്കാനുതകുന്ന രേഖകള്‍ കാണിച്ച് പൗരത്വം ഉറപ്പാക്കുക അവര്‍ക്ക് അസാധ്യമാണ്.

ഇന്ത്യയില്‍ ഇപ്പോഴും അനേകം  ഗോത്രവര്‍ഗ്ഗക്കാര്‍ നാടോടികളെപ്പോലെയാണ് ജീവിക്കുന്നത്. ഒരു തരത്തിലുള്ള തിരിച്ചറിയല്‍ രേഖകളും അവരുടെ പക്കല്‍ ഇല്ല. ഉള്‍ക്കാടുകളില്‍ വസിക്കുന്നവര്‍ പലരും നിയമത്തെക്കുറിച്ചു തന്നെ കേട്ടിട്ടില്ലാത്തവരും ഭരണകൂടത്തിന്റെ ഒരു തരത്തിലുമുള്ള കണക്കെടുപ്പുകളിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരുമാണെന്നു നാഗ പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് നേതാവ് ക്രോമേ പറയുന്നു.

ഗോത്രവര്‍ഗ്ഗകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു പതിനെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സവിശേഷനിലയില്‍ ദുര്‍ബ്ബലരായ ഗോത്രവിഭാഗങ്ങള്‍ (Particularly Vulnerable Tribal Group-PVTG) ഗണത്തില്‍പ്പെടുന്ന 75 ആദിവാസി ഗ്രൂപ്പുകളുണ്ട്. വളരെ താഴ്ന്ന സാക്ഷരതയുള്ളവര്‍, ഉപജീവനത്തിനായിപ്പോലും കഷ്ടപ്പെടുന്നവര്‍, ദുര്‍ഘടവും വിദൂരവുമായ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍. പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ ഒന്നുമില്ലാത്ത ഇവര്‍ എന്തുചെയ്യും എന്ന ചോദ്യം ബാക്കിയാവുന്നു.

ജാര്‍ഖണ്ഡ് ആദിവാസി അവകാശ പ്രവര്‍ത്തകനായ അലോക കുജുര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത് കാണുക: 'പട്ടികവര്‍ഗ്ഗ/ആദിവാസി പ്രദേശം' ആയ ജാര്‍ഖണ്ഡ് ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള പദ്ധതികളും കല്‍ക്കരി, യുറേനിയം, ബോക്സൈറ്റ് എന്നിവയുടെ ഖനനവും കാരണം നാടുകടത്തലിന്റെ ഒരു നീണ്ട ചരിത്രത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ആളുകള്‍ നിരന്തരം ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു കുടിയേറുകയാണ്. അവരുടെ പിതാവിന്റേയോ മുത്തച്ഛന്റേയോ രേഖകള്‍ നല്‍കാന്‍ നിങ്ങള്‍ അവരോട് പറഞ്ഞാല്‍, അല്ലെങ്കില്‍ അവര്‍ എവിടെയാണ് ജനിച്ചതെന്ന് അവരോട് ചോദിച്ചാല്‍, അവര്‍ നിങ്ങളോട് എങ്ങനെ പറയും? കാരണം അവരുടെ ഗ്രാമത്തിന്റെ പേര് പോലും അപ്രത്യക്ഷമായി. അതിപ്പോള്‍ ഇല്ല. അവര്‍ ഗ്രാമത്തിന്റെ പേര് പറഞ്ഞാലും അത് എവിടെയാണ്? ഏത് ജില്ല? ഇതൊരു പ്രധാന പ്രശ്‌നമാണ്.''

ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടൽ ബിഹാരി വാജ്പേയിയുടെ ജന്മ വാർഷികച്ചടങ്ങിൽ

മോദി ദളിതരോട് ചെയ്യുന്നത്

ഇതെല്ലാം ഊഹാപോഹങ്ങളാണെന്നും പാകിസ്ഥാനില്‍നിന്നു വരുന്ന ദളിതനോടുള്ള മോദി സ്‌നേഹം സത്യമാണെന്നും കരുതുന്ന നിഷ്‌കളങ്കര്‍ കാണേണ്ട ചില കണക്കുകള്‍ വേറെ ഉണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട ക്രൈം ഇന്‍ ഇന്ത്യ-2016 റിപ്പോര്‍ട്ട് അനുസരിച്ചു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആണ് ദളിതര്‍ക്കു നേരെ ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നത്. മോദിയുടെ ഭരണം സത്യത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ക്കു ദളിതരോട് അവര്‍ക്കുള്ള ജാതിപരമായ പുച്ഛവും വിദ്വേഷവും ആസൂത്രിതമായ അക്രമങ്ങളിലൂടെ പ്രകടിപ്പിക്കാനുള്ള ധൈര്യവും ഊര്‍ജ്ജവും നല്‍കുകയാണുണ്ടായതെന്നു പറയാം. പശു സംരക്ഷണത്തിന്റെ മറവില്‍, ബീഫ് കഴിച്ചെന്നും കാലികളെ കടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിമിനേയും ദളിതനേയും തല്ലിക്കൊല്ലുന്നത് അതിസാധാരണമായ സംഭവം ആയി മാറി. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ചു ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഓരോ 12 മിനിറ്റിലും ഒരു ദളിതന്‍ അതിക്രമത്തിന് ഇരയാകുന്നുണ്ട്. ശരാശരി ആറ് ദളിത് സ്ത്രീകള്‍ ഒരു ദിവസം ബലാത്സംഗത്തിനു ഇരയാകുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ ശ്രമം ദളിതരെ ശാക്തീകരിക്കുകയാണോ, മറിച്ച് അവര്‍ക്കു മുന്‍പുണ്ടായിരുന്നതെല്ലാം തട്ടിയെടുക്കുക എന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തില്‍, പശുവിന്റെ പേര് പറഞ്ഞു ദളിതരുടെ ഭക്ഷണവും ഉപജീവനവും ഇല്ലാതാക്കുകയായിരുന്നു. 2018-2019ലെ ബജറ്റില്‍ മൊത്തം ജനസംഖ്യയില്‍ അവരുടെ വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ദളിത് സബ് പ്ലാനിനുള്ള അലോട്ട്‌മെന്റ് ഉണ്ടായിരിക്കേണ്ടതിന്റെ 80 ശതമാനം കുറവായിരുന്നു. 56,617 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ദളിത് അധികര്‍ ആന്ദോളന്‍ നടത്തിയ പഠനമനുസരിച്ചു അതില്‍ 1,14,717 കോടി രൂപയുടെ കുറവ്. തീര്‍ത്തും അപര്യാപ്തമായ ഈ വിഹിതത്തില്‍പോലും 28,698 കോടി രൂപ മാത്രമാണ് ദളിതരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പദ്ധതികള്‍ക്കായി ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും സമാനമായ അവസ്ഥയുണ്ട്. സര്‍വ്വകലാശാലകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതും അവര്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുന്നതും മോദി ഭരണകാലത്ത് പതിവാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് കുടിശ്ശിക അടയ്ക്കുന്നതിന് 2017-2018 വര്‍ഷം 8,000 കോടി രൂപ ആവശ്യമായിരുന്നു. എന്നാല്‍ 3347.8 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 2018-2019ല്‍ ഇതു പിന്നെയും കുറയ്ക്കുകയും നൂറുകണക്കിനു കോടി കുടിശ്ശിക അടയ്ക്കാതെ തുടരുകയും ചെയ്തു. രോഹിത് വെമുലയുടെയും പായല്‍ തദ്വിയുടേയും ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകങ്ങളും ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായിവരുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനങ്ങളെ ഭരണകൂടം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്നതിന്റെ ഉദാഹരണമാണ്.

കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛഭാരത് ക്യാമ്പയിന്റെ പേരില്‍ ഉള്ള ഗിമ്മിക്കുകള്‍ നടന്നു പോകുമ്പോഴും ശുചീകരണ ജോലിക്കിടയില്‍ ജീവന്‍ നഷ്ടപെടുന്ന തൊഴിലാളികളുടെ എണ്ണം കൂടിവരികയാണ്. ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ കണക്കനുസരിച്ചു ഓരോ മൂന്നു ദിവസത്തിലൊരിക്കലും ഒരു ശുചീകരണ തൊഴിലാളിയെങ്കിലും ഓടയില്‍ വീണു മരണപ്പെടുന്നുണ്ട്. 2017 ജനുവരി മുതല്‍ 2018 സെപ്തംബര്‍ വരെ മാത്രം 212 പേരാണ് മരണപ്പെട്ടത്. അവര്‍ തൊഴിലെടുക്കുന്ന ശോചനീയമായ അവസ്ഥ പരിഹരിക്കാനുള്ള ഒരു തരത്തിലുള്ള ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ആരാണ്, കൈകള്‍കൊണ്ട് മലം കോരാന്‍ വിധിക്കപ്പെട്ട ഈ ശുചീകരണ ജോലിക്കാര്‍? ദളിതര്‍ അല്ലാതെ മറ്റാര്?

ദളിതരുടെ സംവരണവും വോട്ടവകാശവും നിഷേധിക്കാനുള്ള ശ്രമങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പിന്നാലെയാണ് പുതിയ ദളിത് പ്രേമവുമായി ബി.ജെ.പി വരുന്നത് എന്ന കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. സംവരണത്തിന് എന്നും എതിരാണ് സംഘപരിവാരം. മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്കെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ സംഘപരിവാരം സവര്‍ണ്ണ താല്പര്യങ്ങള്‍ക്കനുസൃതമായി സംവരണം മാറണമെന്ന നിലപാടാണ് ഇക്കാലമത്രയും പുലര്‍ത്തിയത്. കാലങ്ങളായി മുഖ്യധാരാ സാമൂഹ്യ ജീവിതത്തിനു അരികിലേയ്ക്കു വലിച്ചെറിയപ്പെട്ട ദളിത്, ഗോത്ര സമൂഹങ്ങള്‍ ഏകാശ്രയമായി കരുതുന്ന സംവരണം എടുത്തുകളയാന്‍ താല്പര്യപ്പെടുന്നവരാണ് ആ നിലപാട് മറച്ചുവെച്ച് ഇപ്പോള്‍ ദളിത് പ്രേമം പറയുന്നത്.

രേഖകള്‍ ഇല്ലെന്ന കാരണം പറഞ്ഞും സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും വോട്ടേഴ്സ് ലിസ്റ്റില്‍നിന്നു നിരന്തരം പുറത്തുപോവുന്ന വിഭാഗങ്ങള്‍ കൂടിയാണ് ദളിത്, ഗോത്രവര്‍ഗങ്ങള്‍. 2019-ല്‍ കോടി ദളിതരാണ് വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തുപോയതെന്നാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റേ ലാബ്സ് നടത്തിയ പഠനം തെളിയിക്കുന്നത്. ഇത്രയും പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് വന്‍ വിജയം നേടി മോദി ഭരണകൂടം അധികാരത്തിലേറിയത്.

പ്രത്യക്ഷത്തില്‍ മുസ്ലിമിനെതിരെ എന്നു തോന്നിപ്പിക്കുന്ന ഈ ദിവ്യാസ്ത്രം പ്രയോഗിക്കപ്പെടാന്‍ പോകുന്നത് ബഹുജന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുമാണ്. ഒരു തുണ്ടു ഭൂമിക്കും കിടപ്പാടത്തിനും വേണ്ടി സമരം ചെയ്യേണ്ടി വന്നവര്‍ നാളെ ഈ മണ്ണില്‍ ജീവിക്കാനും ഇന്ത്യക്കാരനെന്ന അംഗീകാരത്തിനും വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണ്. ദേശീയതയുടെ മൊത്തക്കച്ചവടക്കാരായി ഫ്യുഡല്‍ ജന്മിയുടെ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് അവരെ പുറംതള്ളുന്നത്.

ഒരു ദളിതന്‍ രൂപകല്പന ചെയ്ത ഭരണഘടനയെ കൂടെയാണ് ബ്രാഹ്മണ്യ വാദികള്‍ ലക്ഷ്യം വെയ്ക്കുന്നത്. അംബേദ്കറുടെ ഭരണഘടനയുടെ അന്ത:സത്തയ്ക്ക് തുരങ്കം വെക്കുക എന്നത് ദീര്‍ഘകാലമായി അവര്‍ സ്വപ്നം കാണുന്ന കാര്യമാണ്. ദളിതനിടമില്ലാത്ത മനുവിന്റെ ഭരണഘടനയാണ് അവര്‍ക്കു പഥ്യം.  അംബേദ്കര്‍ കത്തിച്ചെറിഞ്ഞ മനുസ്മൃതിയിലേയ്ക്കുള്ള പ്രത്യക്ഷമായ കാല്‍വെയ്പാണ് അവരുടെ മാര്‍ഗ്ഗം. ഭരണഘടനയ്ക്കു പകരം മനുസ്മൃതി പിന്‍പറ്റുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍, ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കപ്പെടുമ്പോള്‍ ദളിതരും ആദിവാസികളും അനുഭവിക്കാന്‍ പോകുന്ന വിവേചനവും അരക്ഷിതാവസ്ഥയും ഊഹിക്കാവുന്നതേയുള്ളൂ.

ഉത്തരേന്ത്യന്‍ സവര്‍ണ ബ്രാഹ്മണ്യത്തിന്റെ, മനുസ്മൃതിയുടെ അധീശത്വം ഉറപ്പിക്കുന്ന ഹിന്ദു അണിയില്‍നിന്നും എക്കാലവും വ്യതിരിക്തമായ സ്വത്വം സൂക്ഷിച്ചവരാണ് ദളിതരും ഗോത്രവര്‍ഗ്ഗക്കാരും. കാലങ്ങളായുള്ള ദുരിതങ്ങളില്‍നിന്ന്, അടിമത്തത്തില്‍നിന്നു വളരെ പതുക്കെ നിരന്തര പോരാട്ടങ്ങളിലൂടെ മോചനം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന ജനത. അവരെ പഴയ ഉച്ചനീചത്വങ്ങളുടെ കാലത്തേയ്ക്കു വലിച്ചെറിയുക കൂടിയാണ് സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ അടിത്തറയില്‍ പണിയാനുദ്ദേശിക്കുന്ന മതരാഷ്ട്രത്തിന്റെ ഉള്ളിലിരിപ്പ്.

അംബേദ്ക്കറിനോടുള്ള സംഘപരിവാര്‍ നിലപാടും ബ്രാഹ്മണ ദാസ്യവും അറിയാന്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ പറഞ്ഞ ഒരു കാര്യം അറിഞ്ഞാല്‍ മതി. ഭരണഘടനയുടെ കരട് തയ്യാറാക്കിയതിന്റെ ബഹുമതി ഡോ. ബി.ആര്‍. അംബേദ്കര്‍ ബ്രാഹ്മണനായിരുന്ന ബി.എന്‍. റാവുവിനു നല്‍കിയിരുന്നതായാണ് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞത്. 'മെഗാ ബ്രാഹ്മണ്‍ ബിസിനസ് സമ്മിറ്റ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ത്രിവേദി ഇപ്രകാരം പറഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ നൊബേല്‍ ജേതാക്കളില്‍ എട്ട് പേരും ബ്രാഹ്മണരാണെന്നായിരുന്നു  ത്രിവേദിയുടെ അവകാശ വാദം.

മനു സ്മൃതിയും ദളിതരും തമ്മിലെന്താണ്?

അടിസ്ഥാനപരമായി വര്‍ണ്ണവ്യവസ്ഥയിലും ബ്രാഹ്മണാധിപത്യത്തിലും വിശ്വസിക്കുന്നവരാണ് ബി.ജെ.പി, ആര്‍.എസ്.എസ്, സംഘ് പരിവാരങ്ങള്‍. അവരുടെ ഗുരുവായിരുന്ന ഗോള്‍വാള്‍ക്കര്‍ ഈ ജാതിവ്യവസ്ഥയെ ഒരു ദൈവദത്തമായ ജീവിത രീതിയായി കാണുന്നതിനു പുറമെ ജാതി വിവേചനം എന്ന ആശയത്തെ ഇന്ത്യക്കാരില്‍ കുത്തിവെച്ചതിനു ബ്രിട്ടീഷുകാരെ പഴിക്കുകയും ചെയ്യുന്നു.

മനുവിനെ ഭഗവാന്‍ എന്നും ഏറ്റവും വലിയ നിയമദാതാവ് വിശേഷിപ്പിച്ചയാളാണ് ഗോള്‍വാള്‍ക്കര്‍. മനുവിനെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണാധീശ്വത്വം ഊന്നിപ്പറയാന്‍ ശ്രമിച്ചിരുന്ന ആര്‍.എസ്.എസ് ആചാര്യന്‍: ''ഈ ഭൂമിയിലെ മുതിര്‍ന്ന ബ്രാഹ്മണന്റെ പവിത്രപാദങ്ങളില്‍ വന്നു അവരവരുടെ കടമകള്‍ പഠിക്കാന്‍ ലോകജനതയ്ക്കു നിര്‍ദ്ദേശം നല്‍കാന്‍, ആദ്യത്തെ നിയമ ദാതാവായ മനുവിനെ, പ്രേരിപ്പിക്കുന്നത് ഈ ഘടകമാണ്.'' (We,our nationhood defined, pp 117)

ദളിത് വോട്ട് ബാങ്ക് കണക്കാക്കി അംബേദ്കറെ ഹൈജാക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും ദളിതര്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ അപലപിക്കുമ്പോഴും ആര്‍.എസ്.എസ് മനുസ്മൃതിയെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നവരാണ്. അതിന്റെ തെളിവാണ് ഇന്ത്യന്‍ ഭരണഘടനയ്ക്കു ഏകദേശ രൂപമായപ്പോള്‍ 1949 നവംബര്‍ 30-ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ പ്രകടമായ നിരാശ. അതു വായിക്കുക: ''എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ പുരാതന ഭാരതത്തിലെ സവിശേഷമായ ഭരണഘടനാ വികാസത്തെക്കുറിച്ചു പരാമര്‍ശമില്ല. സ്പാര്‍ട്ടയിലെ ലൈകാര്‍ഗ്ഗസിനെക്കാളും പേര്‍ഷ്യയിലെ സൊളനേക്കാളും വളരെ മുന്നേ എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. ഈ ദിവസം വരെയും മനുസ്മൃതിയില്‍ രേഖപെടുത്തപ്പെട്ടതുപോലെയുള്ള മനുവിന്റെ നിയമങ്ങള്‍ ലോകത്തിന്റെ തന്റെ ആരാധനാഭാവത്തെ ഉണര്‍ത്തുകയും സ്വതസിദ്ധമായ വിധേയത്വവും അനുരൂപതയും ഏറ്റുവാങ്ങുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ ഭരണഘടനാ പണ്ഡിതന്മാര്‍ക്ക് അതൊരു വിഷയമേ അല്ല.''

ഇവര്‍ രാജ്യത്തിന്റെ ഭരണഘടനയാക്കാന്‍ ആഗ്രഹിച്ച മനുസ്മൃതി ദളിതനെ വീക്ഷിക്കുന്ന വിധം കൂടി ഒന്നു നോക്കാം:
''ഭരണാധികാരികള്‍ ശൂദ്രന്മാരായ ഒരു രാജ്യത്ത് അവന്‍ താമസിക്കരുത്.'' (മനു iv. 61)
'ഒരു ശൂദ്രന്‍ അഹങ്കാരത്തോടെ ബ്രാഹ്മണരോട് മതം പ്രസംഗിക്കുന്നുവെങ്കില്‍, രാജാവ് വായിലും ചെവിയിലും കത്തുന്ന എണ്ണ ഒഴിച്ചു കൊടുക്കേണ്ടതുണ്ട്.'' (മനു viii. 272.).
'സംരക്ഷിക്കപ്പെടാത്ത ഉയര്‍ന്ന ജാതിയിലുള്ള ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ശൂദ്രന് ഇനിപ്പറയുന്ന രീതിയില്‍ ശിക്ഷിക്കപ്പെടും; അവള്‍ സംരക്ഷിക്കപ്പെട്ടിരുന്നില്ലെങ്കില്‍, അയാള്‍ക്കു കുറ്റകരമായ ഭാഗം നഷ്ടപ്പെടും; അവള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അയാളെ വധിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും വേണം.'' (മനു viii. 374.)
'ഒരു ശൂദ്രനും സ്വന്തമായി സ്വത്ത് ഉണ്ടായിരിക്കരുത്, അവനു സ്വന്തമായി ഒന്നുമുണ്ടാകരുത്. സമ്പന്നനായ ഒരു ശൂദ്രന്റെ നിലനില്‍പ്പ് ബ്രാഹ്മണര്‍ക്കു ദോഷകരമാണ്. ഒരു ബ്രാഹ്മണന് ഒരു ശൂദ്രന്റെ സാധനങ്ങള്‍ കൈവശപ്പെടുത്താം.'' (manu viii 417 & 129
'ഒരു ശൂദ്രന്‍ നിയമവാഴ്ച നടപ്പിലാക്കുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഒരു രാജാവിന്റെ രാജ്യം പശു ചതുപ്പുനിലത്തില്‍ എന്നപോലെ താഴ്ന്നുപോകും.'' (ap viii. 21.)
'തന്റെ ഉപജീവനം ദുരിതത്തിലാണെങ്കില്‍, തന്റെ ശൂദ്രന്റെ സാധനങ്ങള്‍ ഒരു ബ്രാഹ്മണനു യാതൊരു മടിയും കൂടാതെ പിടിച്ചെടുക്കാം, ശൂദ്രന് ഒരു തൊഴില്‍ മാത്രമേ ഉണ്ടാകാവൂ. മനുവിന്റെ ഒഴിച്ചുകൂടാനാവാത്ത നിയമങ്ങളില്‍ ഒന്നാണിത്. മനു പറയുന്നു.'' (ap viii. 417)

സംഘ പരിവാരത്തിന്റെ മറ്റൊരു ആചാര്യനായ സവര്‍ക്കറും മനുസ്മൃതിയെ പിന്തുടരാന്‍ ആഹ്വാനം ചെയ്തയാളായിരുന്നു:
''നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ ആരാധിക്കാവുന്നതും പുരാതന കാലം മുതല്‍ നമ്മുടെ സംസ്‌കാര-ആചാരങ്ങളുടേയും ചിന്തയുടേയും പ്രയോഗത്തിന്റേയും അടിസ്ഥാനവുമായി മാറിയ തിരുവെഴുത്താണ് മനുസ്മൃതി. നമ്മുടെ രാജ്യത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തെ കാലങ്ങളായി ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇന്നും കോടിക്കണക്കിനു ഹിന്ദുക്കള്‍ അവരുടെ ജീവിതത്തിലും പ്രയോഗത്തിലും പിന്തുടരുന്ന നിയമങ്ങള്‍ മനുസ്മൃതി അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നു മനുസ്മൃതി ഹിന്ദു നിയമമാണ്. അത് അടിസ്ഥാനപരമാണ്.''
(VD Savarkar, 'Women in Manusmriti' in Savarkar Samagarf vol. 4, p. 415.]
സവര്‍ക്കര്‍ ദളിത് പ്രേമി ആയിരുന്നു എന്ന ആഖ്യാനങ്ങള്‍ പുറത്തു വരുമ്പോള്‍ തന്നെ ദളിതരെ എക്കാലവും അടിമകളാക്കി വെക്കാന്‍ കാരണമായ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ സവര്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകമായ 'ഹിന്ദുത്വ'യില്‍ നോക്കിക്കാണുന്ന രീതി നോക്കാം: ''വര്‍ണ്ണ സമ്പ്രദായം നമ്മുടെ ദേശീയതയുടെ പ്രധാന സ്വത്വമായി മാറിയിരിക്കുന്നു.''
മറ്റൊരിടത്ത് സവര്‍ക്കര്‍ പറയുന്നു: ''ചതുര്‍വര്‍ണ്യമില്ലാത്ത ഒരു രാജ്യം മ്ലേച്ഛ (അന്യഗ്രഹ) രാജ്യമാണ്. ആര്യാവര്‍ത്തം വേറിട്ടതാണ്.'' (ഹിന്ദുത്വ, 1923)

ബ്രാഹ്മണനാല്‍ നിശ്ചയിക്കപ്പെട്ട, മനുസ്മൃതിയില്‍ കല്പിക്കപ്പെട്ട ശിക്ഷയാണ് വര്‍ത്തമാന ഇന്ത്യയിലും ദളിതനു നല്‍കപ്പെടുന്നത്. ഇന്ത്യയിലെ ഗോ സംരക്ഷകരും പിന്തുടരാന്‍ നോക്കുന്നത് ഈ ബ്രാഹ്മണിക്കല്‍ നിയമസംഹിതയാണ്. അതിന്റെ പരിണിതഫലമാണ് ഉനയിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കണ്ടത്.

ബ്രാഹ്മണരുടെ പശുക്കളെ മോഷ്ടിക്കുന്നതിന്, പശുവിന്റെ മൂക്ക് തുളച്ചുകയറുന്നതിന്, ബ്രാഹ്മണന്റെ കന്നുകാലികളെ മോഷ്ടിക്കുന്നതിനു താമസിയാതെ തന്നെ കുറ്റവാളിയുടെ പകുതി കാല്‍ നഷ്ടപ്പെടേണ്ടതുണ്ട് എന്നു എഴുതിവെച്ച മനുവിന്റെ നിയമം തന്നെയാണ് ബി.ജെ.പി ഭരണത്തിനു കീഴില്‍ നടപ്പാക്കപ്പെടുന്നത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോൾ

ദളിത്, ആദിവാസി ശാക്തീകരണം ആര്‍ക്കാണ് ഭീഷണി?

കാലങ്ങളായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെതിരെയും അനീതിക്കെതിരെയും ദളിതര്‍ ഇന്നു സംഘടിക്കുന്നുണ്ട്, ശബ്ദിക്കുന്നുണ്ട്. ഭീം എന്ന മുദ്രാവാക്യത്തിന്റെ കരുത്തില്‍ ബ്രാഹ്മണ്യ അധീശത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. അംബേദ്ക്കറുടെ രാഷ്ട്രീയ ദര്‍ശനത്തെ മുറുകെപ്പിടിക്കുന്ന സംഘടിത മുന്നേറ്റങ്ങളെ നേരിടാന്‍ ജാതിവ്യവസ്ഥ ഭരിക്കുന്ന ഹിന്ദു മതത്തില്‍ ദളിതരെ ഉറപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും അവര്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്കു തടയിടേണ്ടതുണ്ട്. മനുരാഷ്ട്രത്തിന്റെ അധികാര ശ്രേണിയില്‍ പഞ്ചമ വര്‍ഗ്ഗം എന്ന അധമ വര്‍ഗ്ഗമായി അവരെ നിലനിര്‍ത്തേണ്ടത് മനുവാദികളുടെ ആവശ്യമാണ്. അതിന് അവരെ മേല്‍വിലാസമില്ലാത്തവരും വോട്ടവകാശമില്ലാത്തവരുമാക്കി മാറ്റണം. ദളിത് വോട്ട് ബാങ്ക് നിര്‍ണ്ണായമാകുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ചൂണ്ടുവിരലുകളെ ബി.ജെ.പി ഭയക്കുന്നുണ്ട്. യു.പിയിലേയും ബിഹാറിലേയും മുസ്ലിം-യാദവ്-ദളിത് കൈകോര്‍ക്കലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ബി.ജെ.പി തിരിച്ചറിയുന്നുണ്ട്.

ദളിത്-ബഹുജന്‍-മുസ്ലിം പ്രസ്ഥാനങ്ങളുടെ യോജിച്ച പ്രക്ഷോഭങ്ങള്‍, വോട്ട് ഏകീകരണം തുടങ്ങിയ ബി.ജെ.പി വിരുദ്ധനീക്കങ്ങളെ ഭിന്നിപ്പിക്കുക എന്നത് ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്. അതിനാല്‍ ദളിതരുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും രാഷ്ട്രീയ സാമൂഹിക ശക്തി ക്ഷയിപ്പിക്കാനുള്ള ആസൂത്രിത നീക്കവും കൂടിയാണ് പൗരത്വത്തിന്റെ പേരില്‍ നടക്കാന്‍ പോവുന്ന ക്രൂരതകള്‍.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത് ആന്‍ഡ് ആദിവാസി ഓര്‍ഗനൈസഷന്‍സ് ചെയര്‍മാന്‍ അശോക് ഭാരതി അഭിപ്രായപ്പെടുന്നതുപോലെ, ഈ രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചുകൊണ്ട് ദളിത്, ഗോത്ര, ആദിവാസി വിഭാഗങ്ങളെ ഹിന്ദുവല്‍ക്കരിക്കലാണ് ഈ പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ലക്ഷ്യമിടുന്നത്.

അതെ, ഹിന്ദു ഏകീകരണ ശ്രമത്തിനപ്പുറം മറ്റൊന്നുമല്ല, സംഘപരിവാറിനും ബി.ജെ.പി സര്‍ക്കാറിനും പൊടുന്നനെ ഉദിച്ച ദളിത് സ്‌നേഹത്തിനുപുറകില്‍. രണ്ട് ലക്ഷ്യങ്ങള്‍ അതിനു പുറകിലുണ്ട്. ഒന്ന്, ദീര്‍ഘകാല ലക്ഷ്യം. മറ്റൊന്ന് അടിയന്തിര, താല്‍ക്കാലിക ലക്ഷ്യം. മറ്റെല്ലാ സ്വത്വങ്ങളും മറന്ന് ഹിന്ദു എന്ന ഒരൊറ്റ സ്വത്വത്തിലേയ്ക്കു ദളിതരേയും ഗോത്രവര്‍ഗ്ഗക്കാരേയും അണിനിരത്തുകയാണ് ദീര്‍ഘകാല ലക്ഷ്യം. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതിന്, അധമമായ ഒരിടത്തെങ്കിലും ദളിതരേയും ഗോത്രവര്‍ഗ്ഗക്കാരേയും അവര്‍ക്കാവശ്യമുണ്ട്. ഹ്രസ്വ ലക്ഷ്യം വളരെ ലളിതമാണ്. രാജ്യവ്യാപക പ്രക്ഷോഭത്തെ തളര്‍ത്തുക. ഇന്ത്യയുടെ നിലനില്‍പ്പിനുവേണ്ടി, ഇന്ത്യക്കാര്‍ എന്ന ഒരൊറ്റ സ്വത്വബോധത്തിനു കീഴില്‍ തെരുവുകളില്‍ കത്തിപ്പടരുന്ന സംഘശക്തിയെ പല കഷണങ്ങളായി അഴിച്ചെടുക്കുക. പൗരത്വ പ്രശ്‌നം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ പാളിയതിന്റെ ക്ഷീണം മാറ്റാന്‍ സംഘപരിവാറിനു മുന്നില്‍ ഇപ്പോഴീ ദളിത് ആംഗിള്‍ മാത്രമേയുള്ളൂ.

മുന്‍പു പറഞ്ഞതെല്ലാം വിഴുങ്ങി, പൗരത്വ നിയമം ദളിതര്‍ക്കു വേണ്ടിയുള്ളതാണ് എന്നു നിരന്തരം ആവര്‍ത്തിക്കാന്‍ മോദിയേയും അമിത് ഷായേയും സംഘപരിവാറിനേയും പ്രേരിപ്പിക്കുന്നത് ഇപ്പറഞ്ഞ രണ്ട് ലക്ഷ്യങ്ങള്‍ മാത്രമാണ്. ഒരു കാര്യം തീര്‍ച്ചയാണ്. രാജ്യത്തിന്റെ പലഭാഗത്തായി പണികഴിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങളിലേയ്ക്കു തള്ളിവിടപ്പെടുന്നവരില്‍ ഒരു മനുവാദിയും സവര്‍ണ്ണ ഹിന്ദുവും ഉണ്ടായിരിക്കില്ല. എന്നാല്‍, ഇതുപോലെ ദളിതരുടേയും ആദിവാസികളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും കാര്യത്തില്‍ ഉറപ്പുപറയാന്‍ ആര്‍ക്കുമാവില്ല. കാരണം, അടിസ്ഥാനപരമായി ഇതു രേഖകളുടെ ഒരു കളി മാത്രമാണ്.

(പൊന്നാനി എം.ഇ.എസ് കോളേജിലെ അധ്യാപികയാണ് ലേഖിക)

റഫറന്‍സ്:
1. MS Golwalkar, 'We, our nationhood defined.'
2. VD Savarkar, 'Women in Manusmriti' in Savarkar Samagar (collection of Savarkar's writings in Hindi), Prabhat, Delhi, vol. 4

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത