ലേഖനം

മലയാള സിനിമയുടെ തഴക്കവഴി ഉപേക്ഷിച്ച ചിത്രം; പിതൃഹത്യയുടെ കുടുംബ കഥ

പോള്‍ തേലക്കാട്ട്

റങ്ങുന്നവരും മരിച്ചവരും വെറും പടങ്ങളാണ്. പെയിന്റടിച്ച പടങ്ങളെ ഭയപ്പെടുന്നതു കുട്ടികളുടെ കണ്ണുകളാണ്.'' ലേഡി മാക്ബത്ത് പറയുന്നു. ഏതു സിനിമയും മരിച്ചവരുടെ പ്രേത ലോകമാണ്. ജീവിതത്തില്‍നിന്നു മാറി നിഴല്‍ക്കൂത്ത് കാണുകയാണ്. പക്ഷേ, നാം ഈ പടങ്ങളെ ഭയപ്പെടുന്നു. സിനിമയില്‍ സംഭവിക്കുന്നത് ഈ പ്രേതങ്ങളുടെ ആവാസവും അതിന്റെ ഭയവും വിറയലുമാണ്. ആ വിധത്തില്‍ നല്ലൊരു സിനിമ കണ്ടു. അതിന്റെ പ്രേതാവാസത്തിലാണ് ഇതെഴുതുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തു ഫഹദ് ഫാസില്‍ നന്നായി അഭിനയിച്ച 'ജോജി' എന്ന ചിത്രം. ഷേക്സ്പിയറിന്റെ മാക്ബത്ത് നാടകത്തെക്കുറിച്ച് എഴുതിയ ഒരു പ്രസ്താവന: ''ലോകത്തിലെ ഏറ്റവും പ്രബോധനപരമായ ദുരന്തനാടകം.'' ഇതുപോലെ കുടുംബത്തെക്കുറിച്ച് ശ്രദ്ധയോടേയും മൗലികതയിലും ഉണ്ടായിട്ടുള്ള ചിത്രമാണിത്. തഴക്കം വിട്ടുപേക്ഷിക്കാതെ മൗലികത ഉണ്ടാകില്ല. മലയാള സിനിമയുടെ തഴക്കവഴി ഉപേക്ഷിച്ച ചിത്രമാണിത്. 

സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ മണ്ണിനോടുള്ള ആര്‍ത്തിയും ജീവിതം വെട്ടിപ്പിടിക്കുന്ന ത്വരയും നിറഞ്ഞ ഒരു കുടുംബകഥയാണിത്. അങ്ങനെയുള്ള ആധിപത്യത്തിന്റെ അഹന്തയുടെ അപ്പനായ പനയ്ക്കല്‍ കുട്ടപ്പന്റേയും മൂന്നു ആണ്‍മക്കളുടേയും കഥ. ഈ സിനിമ സംഭവിക്കുന്ന ഇടമാണ് നാം ആദ്യം കാണുന്നത്. ഇടുക്കിയിലെ തേയിലത്തോട്ടങ്ങളുടെ  വശ്യസുന്ദരമായ മലയിടുക്കുകളിലൂടെ അതു നമ്മെ എത്തിക്കുന്നത് പൈനാപ്പിള്‍ കൃഷിയുടെ വിസ്തൃതമായ പറമ്പുകളുള്ള കുട്ടപ്പന്റെ വീട്ടിലേക്കാണ്. നഗരത്തില്‍നിന്നു പാഴ്‌സലുമായി അപകടകാരിയാകാവുന്ന കളിത്തോക്ക് മൂത്ത മകന്റെ മകന്‍ സ്വീകരിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ കഥ മാക്ബത്തിന്റെ പ്രേരണയിലാകാമെന്ന് എല്ലാ സമീക്ഷക്കാരും ചൂണ്ടിക്കാണിക്കുന്നു. അപ്പനെ കൊല്ലുന്ന ഇളയ മകന്‍ ജോജിയുടെ കുറ്റബോധമായിരിക്കും ഇവിടെ മാക്ബത്ത് നാടകവുമായി ഈ സിനിമയെ ബന്ധിപ്പിക്കാന്‍ കാരണം. എന്നാല്‍ അത്രവലിയ കുറ്റബോധത്തിന്റെ ആളാണോ ജോജി എന്നു ഞാന്‍ സംശയിക്കുന്നു. 

ഈ കഥയില്‍ ദൊസ്തേവ്സ്‌കിയുടെ കാരമസോവ് സഹോദരന്മാരുടെ കുടുംബത്തിന്റെ പ്രേതം ഞാന്‍ കാണുന്നു. ആ നോവലില്‍ ആരാണ് പിതാവിനെ കൊന്നത് എന്നതില്‍ സംശയങ്ങളുണ്ട്. അതില്‍ കൊലപാതകി വേറൊരു സ്ത്രീയില്‍ പിറന്ന മകനാണ്.  ജോജിയെക്കുറിച്ച് കുട്ടപ്പന്‍ പറയുന്ന ഒരു പരാമര്‍ശം ഇതുമായി ബന്ധപ്പെടുത്താം. നോവലില്‍ ശിക്ഷിക്കപ്പെടുന്നതു മൂത്ത മകനാണ്. അവന്‍ സന്തോഷത്തോടെ ജയിലിലേക്കു പോകുമ്പോള്‍ പറയുന്ന ഒരു വാചകം ഈ സിനിമയിലുമുണ്ട്: ''ഞാന്‍ കൊന്നില്ല, കൊല്ലാന്‍ ആഗ്രഹിച്ചു.'' സിനിമയില്‍ ഇതു പറയുന്നത് രണ്ടാമത്തെ മകന്റെ ഭാര്യ ബിന്‍സിയാണ്, ഭര്‍ത്താവിനോട്. 

സിനിമ സംഭവിക്കുന്ന ഇടമാണ് സംവിധായകന്‍ ശ്രദ്ധാപൂര്‍വ്വം സൃഷ്ടിക്കുന്നത്. ആ ഇടത്തിലാണ് ജീവിതം സംഭവിക്കുന്നത്; സിനിമ നടക്കുന്നത്. അവിടെ കാണുന്നതു മാത്രമല്ല പ്രധാനം, കാണാത്തതും അതിപ്രധാനമാണ്. കാമക്രോധമോഹങ്ങള്‍ വിലസിക്കുന്നതും അതിന്റെ ഫലങ്ങള്‍ കൊയ്യുന്നതുമായ ഇടം. അവിടെ എല്ലാം പേരിടണമെന്നില്ല. പേരു പറയുക പ്രയാസവുമാണ്. ഈ വീട്ടില്‍ ഓര്‍മ്മയുടെ പ്രേതങ്ങളില്ല. ഓര്‍മ്മയുടെ സത്ത മറവിയാണല്ലോ. സ്വന്തം അമ്മയെപ്പോലും മറന്ന വീട്. അവിടെ ആഹാരം ഉണ്ടാക്കുന്നുണ്ട്. ജോജി കഴിക്കുന്നുമുണ്ട്. ഒറ്റയ്ക്ക്.  കൂട്ടായി  ഒരിടത്തും സംഭവിക്കുന്നില്ല. പഴമയുടെ പ്രേതങ്ങളേയും ഭാവിയുടെ മാലാഖമാരേയും ഒഴിവാക്കിയ വീട്. ഒന്നിച്ച് അവിടെ സംഭാഷണങ്ങളുണ്ടോ? ഒന്നിച്ചു യാത്രയില്ല, ഒന്നിച്ച് ഒന്നുമില്ല. ഒന്നിച്ചു കരയുന്നുപോലുമില്ല.  എല്ലാം അധികാരിയും ഉടമസ്ഥനുമായ അപ്പന്റെ നിയന്ത്രണത്തിലും പൂട്ടിലുമാണ്. ആ നിയന്ത്രണം ശ്വാസംമുട്ടിക്കുന്നതാണ്. അതു ആധിപത്യമാണ്. അതു അടിമത്തമായി അനുഭവപ്പെടുന്നു.  മക്കളേയും മരുമകളേയും പേരക്കിടാവിനേയും ഒന്നിച്ചു കാണുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വീടല്ല. അവിടെ കാവ്യത്തിന്റെ  ലാഞ്ഛനയില്ല. ഭാവി ഇല്ലാതാക്കുന്നത് അവിടത്തെ ഈ അസാന്നിധ്യമാണ് - അതാണ് അപകടകരമാകുന്നത്. 

അപ്പന്റെ നേതൃത്വവും അധികാരവും പ്രകടമാകുന്നത് മോട്ടോറിന്റെ ഫുട്വാല്‍വ് ചെളിവെള്ളത്തില്‍ ആണ്ടുകിടക്കുന്നത്, മറ്റുള്ളവര്‍ വലിച്ചുകയറ്റാന്‍ സാധിക്കാത്തതു നിര്‍വ്വഹിക്കുന്നിടത്താണ്. പക്ഷേ, അത് അദ്ദേഹത്തിന്റെ പക്ഷാഘാതത്തിനു കാരണമായി. ചെലവേറിയ ശസ്ത്രക്രിയയ്ക്കു തയ്യാറാകുന്നത് മൂത്ത മകനാണ്. പക്ഷേ, എല്ലാവര്‍ക്കും തന്ത ചത്തു കിട്ടിയാല്‍ കൊള്ളാമെന്നാണ്. മക്കള്‍ക്കാര്‍ക്കും വീട്ടില്‍ പ്രത്യേക ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. ജോജി എന്ന ഇളയ മകന്‍ അപ്പന്റെ വസ്തുക്കളുടെ ആനുകൂല്യങ്ങള്‍ പറ്റി അപ്പന്റെ വെള്ളിക്കരണ്ടിയുമായി ഒന്നും ചെയ്യാനില്ലാതെ, ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതെ തന്റെ കുതിരയെ പോറ്റി കഴിയുന്നു. മരുമകളായ ബിന്‍സിക്കും അവിടെ ആഹാരം പാകം ചെയ്തു കൊടുക്കുകയല്ലാതെ പ്രത്യേക സ്ഥാനമാനങ്ങളില്ല. ശസ്ത്രക്രിയയ്ക്കു ശേഷം അപ്പന്‍ സുഖം പ്രാപിക്കുമ്പോള്‍ ഇളയവന്‍ അപ്പന്റെ മുമ്പില്‍ തന്റെ മോഹങ്ങള്‍ സാധിതമാക്കാന്‍ പോയി യാചിക്കുന്നുണ്ട്. അവന്റെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചപ്പോള്‍ ഒരുവിധത്തില്‍ അവിടെനിന്നു രക്ഷപ്പെടുന്നു. അപ്പന്‍ ആശുപത്രിയിലായപ്പോള്‍ മാത്രമാണ് മൂത്തമകന്‍ വീട്ടില്‍ വൈകുന്നേരം എട്ട് മണിക്ക് എല്ലാവരും പ്രാര്‍ത്ഥനയ്ക്കു വരണമെന്ന് ആവശ്യപ്പെടുന്നത്. പക്ഷേ, അവിടെ പ്രാര്‍ത്ഥന നടക്കുന്നില്ല. എന്തിനീ രംഗം? പ്രാര്‍ത്ഥന ദൈവത്തോടു ചോദിച്ചു വാങ്ങുന്ന കാര്യം മാത്രമല്ല. പരസ്പരം സ്തുതിക്കാനും പരസ്പരം പ്രാര്‍ത്ഥനാപൂര്‍വ്വം ചോദിക്കാനും വേണ്ടിയുള്ള പാരസ്പര്യത്തിന്റെ എളിയ സംസ്‌കാരം അവിടെ അന്യമായി. ഈ ശൂന്യതയിലാണ് ഇളയവന്‍ അപ്പനെ തട്ടാന്‍ മരുന്നില്‍ വിഷം ചേര്‍ത്തു കൊടുക്കുന്നത്. ഇതു ബിന്‍സി കാണുന്നുണ്ട്, മൗനാനുവാദം നല്‍കുന്നു. അപ്പന് അന്ത്യകൂദാശ കൊടുക്കുന്ന ഫാദര്‍ കെവിന്റെ രംഗങ്ങള്‍ മാന്ത്രികതലം വിടാത്തതുപോലെ തോന്നി. അവര്‍ എല്ലാവരും ഏതോ ഉറക്കത്തില്‍ നടക്കുന്നു. മതത്തിന്റെ മൗലികമായ ഉത്തരവാദിത്വത്തിലേക്ക് അവരാരും ഉണരുന്നില്ല. അന്ത്യകൂദാശ മുഴുവനാക്കാതെ തടയപ്പെടുന്നു. അതിനു കാരണം മൂത്തവനാണ്; അപ്പന് മാനസിക വിഷമതകള്‍ ഉണ്ടാക്കുന്നു എന്നതുകൊണ്ട്. മരണം എപ്പോഴും അന്യമാണ്. കാരണം അത് അന്യന്റെ മരണമാണ്. അതു തന്നിലേക്കു കടന്നു വരുന്നു എന്നത് തലകറക്കം ഉണ്ടാക്കുന്നു. ഫലമായി ദൈവം മരിച്ച ഒരു ഭവനമായി അതു മാറി. മരണത്തിനപ്പുറത്തേക്ക് നോക്കാന്‍ ശ്രമിക്കുന്നവനാണോ മൂത്തവന്‍? ശവസംസ്‌ക്കാര സമയത്ത് പടക്കം പൊട്ടിക്കുന്നത് അപ്പന്റെ വാക്കു പാലിച്ച് നാട്ടുകാരെ നടുക്കാനായിരുന്നു. ഫാ. കെവിന്റെ രംഗങ്ങള്‍ ഗൗരവമേറിയതായിരുന്നു. പക്ഷേ, അതു പ്രതിധ്വനിപ്പിക്കാന്‍ സാധിച്ചോ എന്നു സംശയിക്കുന്നു. നീഷേ എഴുതി: ''ദൈവം മരിച്ചു നാം അവനെ കൊന്നു.'' പിതാവിന്റെ മരണം ദൈവനിഷേധവുമായി അദ്ദേഹം ബന്ധിപ്പിക്കുന്നു. ഈ വീട്ടില്‍ പിതൃഹത്യയാണു നടന്നത്, അതു ദൈവഹത്യയുടെ ഫലമായി മാറിയെന്നു ചിത്രം സൂചിപ്പിക്കുന്നു. പിതൃഹത്യ സ്വാഭാവികമായി ഭ്രാതൃഹത്യയായി. ദൈവനിഷേധിയായിരുന്ന നീഷേ എഴുതി: ''വ്യാകരണത്തില്‍ വിശ്വാസമുള്ളിടത്തോളം നമുക്കു ദൈവത്തെ ഒഴിവാക്കാനാവില്ല.'' ഇതാണ് ഫാ. കെവിന്‍ പ്രതിനിധാനം ചെയ്യുന്നതും അന്ത്യകൂദാശയുടെ മുടക്കവും ശ്രാദ്ധ നടപടികളില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും സൂചിപ്പിക്കുന്നതും.

സ്നേഹത്തിന്റേയും പരിഗണനയുടേയും പാരസ്പര്യത്തിന്റേയും അന്തരീക്ഷവും സംസ്‌കാരവും കുടിയിറങ്ങിയ വീട്ടിലേക്കാണ് ആയുധം വന്നെത്തിയത്. ഇളയമകന്‍ ജോജിയോടാണ് അപ്പന്റെ ശവസംസ്‌ക്കാര വേദിയിലേക്ക് മാസ്‌ക്കും ധരിച്ചു വരാന്‍ ബിന്‍സി ആവശ്യപ്പെടുന്നത്. അവനും അവന്റെ കുതിരയും മെരുക്കപ്പെടാത്ത ആസക്തിയായി തുടരുന്നു. അവനൊരു മാലാഖയും ചെകുത്താനുമായി മല്‍പ്പിടുത്തം നടത്തുന്നില്ല. അവന്റെ പ്രകടമായ നിര്‍വ്വികാരത അവന്റെ മുഖംമൂടിയായിരുന്നു. അതു മാര്‍ബിള്‍പോലെ കഠിനമായി മാറി. വിദഗ്ദ്ധമായ ഇരട്ട ഭാഷണം അവന്‍ നടത്തി. കര്‍മ്മം ചെയ്യാന്‍ എളുപ്പമായിരുന്നു. പക്ഷേ, അത് ഒളിപ്പിക്കാന്‍ അവനായില്ല. അവന്‍ പരിചയിച്ച കുറ്റവാളിയല്ല. അതു വ്യക്തമാക്കുന്നതാണ് ജോജിയുടെ സ്വപ്നം. മീനില്ലാത്ത കുളത്തില്‍ ചൂണ്ടയിടുന്നു; അതില്‍ കൊത്തി പൊങ്ങിവരുന്നത് കൊന്ന അപ്പനായിരുന്നു. കൊല്ലപ്പെട്ടവന്റെ അധികാരം കൊന്നവനെ വേട്ടയാടുന്നു. ഒളിക്കാനുള്ള തന്റെ ശ്രമങ്ങളേയും എതിര്‍ക്കുന്നവരെ തട്ടിനീക്കുന്നതായിരുന്നു സഹോദരഹത്യ. പക്ഷേ, അവന്‍ പുറത്തേക്കു വഴിയില്ലാത്തവനായി. അപരന്‍ അവനു നരകമായി. മാക്ബത്തിനെപ്പോലെ കുറ്റബോധത്തില്‍ പിടിക്കപ്പെട്ടവനായിരുന്നു ജോജി എന്നു തോന്നുന്നില്ല. മറിച്ച് ഹന്ന ആറെന്റ് എഴുതിയതുപോലെ  ജോജി 'തിന്മയുടെ സാധാരണത്വ'ത്തിന്റെ മനുഷ്യനായിരുന്നു. ധാര്‍മ്മിക നിഷ്പക്ഷതയില്‍ കഴിഞ്ഞവന്‍. പരിധിയില്ലാത്ത ഉത്തരവാദിത്വത്തിന്റെ ഓര്‍മ്മപോലും നഷ്ടമായവന്‍. നന്മ വറ്റിയ ഹൃദയത്തിന്റെ സാധാരണത്വത്തിലാണ് കൊല നടക്കുന്നത്.  അത് എവിടെയും ഉണ്ടാകും. ''ചിന്തയുടെ ഏക പ്രശ്നം ആത്മഹത്യയാണ്'' എന്ന് കാമു പറഞ്ഞതുപോലെ അവന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അവിടെയും അവന്‍ തോറ്റു. ശവക്കുഴിയില്‍ ഒളിക്കാന്‍ കഴിഞ്ഞില്ല. അതോ അവന്‍ അവസാനം നെഞ്ചിനോടു ചേര്‍ത്തുപിടിച്ച ബൈബിളിന്റെ പ്രേതം അവനെ രക്ഷിച്ചോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും