ലേഖനം

ലക്ഷ്മിയുടെ ഇരുള്‍വീണ ജീവിതത്തിലേക്ക് അബ്ദുറഹീം നിസാമുദ്ദീന്‍ പ്രകാശം പരത്തി കടന്നുവന്നത് അക്കാലത്താണ്...

മുസാഫിര്‍

ജിഹാദ് എന്ന പദത്തിന്റെ ജീര്‍ണ്ണിച്ച ജാര്‍ഗണുകളില്‍ പ്രണയത്തെ കുരുക്കിയിട്ട് മതസ്പര്‍ധ വളര്‍ത്തുകയും കേരളീയ മനസ്സുകളിലേക്ക് വിഷക്കോപ്പ കമഴ്ത്തുകയും ചെയ്യുന്ന കെട്ടുനാറിയ കാലമേ, ഹിമസാന്ദ്രിമയുടെ തൂവല്‍ കൊഴിഞ്ഞ ഡെക്കാന്‍ പര്‍വ്വതപംക്തിയില്‍ ഹിന്ദുസ്ഥാനിയിലെ മധുവന്തി രാഗംകൊണ്ട് പ്രണയാര്‍ച്ചന നടത്തിയ മലയാളി വനിതയുടെ സ്‌നേഹേതിഹാസത്തിന്റെ പഴയൊരു കഥയിതാ നിനക്ക് മറുപടി പറയുന്നു. 

കാലുകള്‍ക്കു ശേഷിയില്ലാത്ത ഈ കഥാനായിക: പാലക്കാട് ശ്രീകൃഷ്ണപുരത്തെ പ്രസിദ്ധമായ മമ്പിള്ളിക്കളം തറവാട്ടിലെ ലക്ഷ്മി. കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറലായിരുന്ന അബ്ദുറഹീം നിസാമുദ്ദീന്‍ നായകന്‍. കടുത്ത എതിര്‍പ്പുകളുടെ നടുവില്‍ തളിരിട്ട ആ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് 'പ്രീതിസി നോടു.' ഈ പഴയകാല കന്നഡ സിനിമ ലക്ഷ്മിയുടേയും നിസാമുദ്ദീന്റേയും അപൂര്‍വ്വമായ പ്രണയകഥ പറയുന്നു. ഗീതാപ്രിയ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണുവര്‍ധന്‍, ആരതി എന്നിവരാണ് അഭിനയിക്കുന്നത്. പ്രണയവിശുദ്ധിയുടെ അഭ്രാവിഷ്‌കാരം. 

കര്‍ണാടകയിലെ ഡി.ജി.പിയായിരുന്ന എ.ആര്‍. നിസാമുദ്ദീന്റെ പത്‌നി ലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതവും നൃത്തവുമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ മധുവന്തിയായിരുന്നു അവര്‍ക്കു പ്രിയം. പ്രണയരാഗമാണല്ലോ അത്. ഇപ്പോള്‍ ഈ ലോകത്തില്ലാത്ത ലക്ഷ്മി, വള്ളുവനാടിന്റെ മകളാണ്. 2006-ല്‍ ലക്ഷ്മിയും 2015-ല്‍ നിസാമുദ്ദീനും അന്തരിച്ചു. കര്‍ണാടകയുടെ മരുമകളായി ബാംഗ്ലൂരിലേക്കു കുടിയേറിയ ഇവരുടെ ജീവിതം അംഗവൈകല്യം സൃഷ്ടിച്ച പരിമിതികളെ അപൂര്‍വ്വമായ ഇച്ഛാശക്തിയാല്‍ മറികടന്നതിന്റെ അതിസാഹസികമായ നേട്ടങ്ങളുടെ കൂടി കഥ പറയുന്നു. അന്യര്‍ക്കുവേണ്ടി നിറദീപമായി ജ്വലിച്ച നിസ്വാര്‍ത്ഥ സേവനത്തിന്റെ കഥയാണത്.

എഴുപതുകളുടെ പടി കയറുന്നതിനിടെ (ഇല്ല, പടി കയറാന്‍ അവരുടെ കാലുകള്‍ക്കു കരുത്തില്ല. വീല്‍ച്ചെയറിലായിരുന്നു ആ ജീവിതം അന്ത്യംവരെയും) ഉദ്യാനനഗരത്തിലെ ഇന്ദിരാനഗറില്‍ ജീവിതത്തിനു തിരശ്ശീല വീണ ലക്ഷ്മി നിസാമുദ്ദീനുമായി നേരത്തെ നടത്തിയ ഒരു കൂടിക്കാഴ്ചയിലേയ്ക്ക് ഓര്‍മ്മ ചിറകടിച്ചത് അവരുടെ ഭര്‍ത്താവിനെക്കുറിച്ച് പ്രാദേശിക പത്രത്തില്‍ കണ്ട അനുസ്മരണക്കുറിപ്പ് വായിച്ചപ്പോഴാണ്. (ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ പ്രിയസുഹൃത്ത് കെ. കുഞ്ഞിക്കഷ്ണനാണ് നിസാമുദ്ദീന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ സണ്ണിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതും അമേരിക്കയില്‍ ജീവിക്കുന്ന അദ്ദേഹത്തില്‍നിന്ന് അച്ഛനമ്മമാരുടെ പഴയ ചില ഫോട്ടോകള്‍ സംഘടിപ്പിച്ചു തന്നതും). 

റഹീം നിസാമുദ്ദീൻ

കാലുകള്‍ തളര്‍ത്തിയ പനിക്കാലം

പ്രമുഖ ശാസ്ത്രജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.ജി.കെ. മേനോന്റെ മരുമകളാണ് ലക്ഷ്മി. പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്ത പുഞ്ചപ്പാടത്താണ് കളിച്ചുവളര്‍ന്നത്. കുട്ടിക്കാലത്ത് തറവാട്ടു കുളത്തില്‍ കൂട്ടുകാരികളൊത്ത് നീന്തിക്കളിക്കുകയും മംഗലാംകുന്നിന്റെ താഴ്വരയില്‍നിന്ന് കോളാമ്പിപ്പൂക്കള്‍ പറിക്കുകയും നെല്ലിമരക്കൊമ്പുകളിലേക്ക് ചാടിക്കയറുകയും ചെയ്ത ലക്ഷ്മിക്ക് ആകസ്മികമായൊരു പനി വന്നു. അന്നു പ്രായം പന്ത്രണ്ട്. ആ പനി ഒരു ദുരന്തത്തിന്റെ ദുസ്സൂചനയായിരുന്നു. വിട്ടുമാറാത്ത പനിയുമായി, ഒരു സന്ധ്യയ്ക്ക് മാളികമുകളില്‍നിന്നു കോണിയിറങ്ങി വരുന്നതിനിടെ, ആ കുട്ടി കാലുകള്‍ കുഴഞ്ഞു തളര്‍ന്നുവീണു. ഇനിയൊരിക്കലും പരസഹായമില്ലാതെ നടക്കാന്‍ സാധിക്കുകയില്ലെന്ന സത്യം വൈകിയാണ് അവളറിഞ്ഞത്. ഏറെ പ്രശസ്തര്‍ക്ക് ജന്മം നല്‍കിയ മമ്പള്ളിക്കളം തറവാട്ടിലെ മസൃണമായ പുഞ്ചിരിയുടെ പകലിരവുകള്‍ വറ്റുകയായിരുന്നു. ലക്ഷ്മി കിഴക്കിനിയിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കായി.

എങ്കിലും അപ്രതീക്ഷിതമായി നേരിട്ട ഈ ദുരന്തത്തില്‍ ആത്മധൈര്യം ഒട്ടും ചോര്‍ന്നുപോകാതെ ജീവിതം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ലക്ഷ്മി തന്റെ പോരാട്ടം ആരംഭിച്ചു. കാലുകള്‍ രണ്ടും തളര്‍ന്ന അവള്‍ ശയ്യാവലംബിയായിട്ടും പഠനം തുടര്‍ന്നു. യൗവ്വനത്തിലേക്ക് പാദമൂന്നിക്കഴിഞ്ഞപ്പോഴേക്കും നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചു തള്ളിയ അവര്‍ ശ്രുതിമധുരമായി സംഗീതം ആലപിക്കുകയും നന്നായി ചിത്രം വരയ്ക്കുകയും ചെയ്തു. മകരത്തിലെ ശൈത്യരാത്രികളില്‍ ലക്ഷ്മി, ചെമ്പൈയുടെ വെങ്കല നാദത്തിലുള്ള കീര്‍ത്തനങ്ങള്‍ കേട്ട് ഒരു രഹസ്യാഭിനിവേശം കണക്കെ, കര്‍ണാട്ടിക് രാഗങ്ങളില്‍ അനുരക്തയായി, വള്ളുവനാടന്‍ സന്ധ്യകള്‍ സമ്മാനിച്ച കലയുടെ കച്ചമണിക്കിലുക്കം മനസ്സിന്റെ ചിമിഴിലടച്ച് അവര്‍, മാതാപിതാക്കളോടൊത്ത് ബാംഗ്ലൂരിലേക്കു താമസം മാറ്റി. പില്‍ക്കാലത്ത് കര്‍ണാടക പൊലീസ് ഡയറക്ടര്‍ ജനറലായ അബ്ദുറഹീം നിസാമുദ്ദീന്‍ ലക്ഷ്മിയുടെ ഇരുള്‍വീണ ജീവിതത്തിലേക്ക് പ്രകാശം പരത്തി കടന്നുവന്നത് അക്കാലത്താണ്. എതിര്‍പ്പുകള്‍ക്ക് മധ്യേ, അവരുടെ അനുരാഗം പൂവണിഞ്ഞു. പ്രതിഭാശാലിയും കര്‍മ്മോത്സുകനുമായ നിസാമുദ്ദീന്റെ ധര്‍മ്മപത്‌നിയായിത്തീര്‍ന്നതോടെ പ്രസാദഭരിതമായ ബാഹ്യജീവിതത്തിലേക്ക് സുധീരം പിച്ചവെയ്ക്കാന്‍ ഒരു ജോഡി ഊന്നുവടി ലഭിക്കുകയായിരുന്നു ലക്ഷ്മിക്ക്. ലക്ഷ്മിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കാന്‍ നിസാമുദ്ദീന്‍ സദാ സന്നദ്ധനായി.

കുടുംബ ഫോട്ടോ

തളര്‍ച്ചയിലും തളരാത്ത ലക്ഷ്മി

കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ലക്ഷ്മി, അംഗവൈകല്യം ബാധിച്ച കുട്ടികളുടെ ലോകത്തേക്ക് ഒരു സ്‌നേഹദൂതികയായി വന്നെത്തി. വികലാംഗരായ കുട്ടികളെ സ്വീകരിക്കാന്‍ മടിക്കുന്ന പല ഉന്നത വിദ്യാലയങ്ങളുടേയും മേലാളന്മാരുടേയും വിവേചനത്തിനെതിരെ ചില കൂട്ടുകാരികളുടെ സഹായത്തോടെ, ലക്ഷ്മി 'ഹംസധ്വനി' എന്ന പേരില്‍ ഒരു സേവന പ്രസ്ഥാനത്തിനു തുടക്കമിട്ടു. മൂകരും ബധിരരുമായ രണ്ടു ഡസന്‍ കുട്ടികളുള്ള ഒരു ഹൈസ്‌കൂളായിരുന്നു ആദ്യ സംരംഭം. വികലാംഗരായ കുട്ടികളുടെ അപകര്‍ഷതാബോധം മാറ്റാനും സമൂഹത്തിന്റെ പൊതുധാരയിലേക്ക് അവരെ കൊണ്ടുവരാനും ലക്ഷ്മിക്കു സാധിച്ചു. റോട്ടറി ഇന്റര്‍നാഷണലുമായി സഹകരിച്ച് വികലാംഗരെ പുനരധിവസിപ്പിക്കുന്നതിനും പോളിയോ ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും ബാംഗ്ലൂരില്‍ അവര്‍ അര്‍ച്ചന എന്ന പേരില്‍ മറ്റൊരു സ്ഥാപനവും ആരംഭിച്ചു.

കര്‍ണാടകയിലെ വികലാംഗരുടെ സംഘടനയായ എ.പി.എച്ചിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ലക്ഷ്മി. വികലാംഗകര്‍ക്ക് തുല്യാവസരം നല്‍കുന്നതിനുവേണ്ടിയുള്ള ദേശീയ സംഘടനയായ 'നാസിയോ'യുടെ (നാഷണല്‍ സൊസൈറ്റി ഫോര്‍ ഈക്വല്‍ ഓപര്‍ച്ച്യൂണിറ്റീസ് ഫോര്‍ ദ ഹാന്‍ഡികാപ്ഡ്) അഖിലേന്ത്യാ ഭാരവാഹിയുമായിരുന്നു അവര്‍. കര്‍ണാടക റോട്ടറി ഇന്റര്‍നാഷണല്‍, പോള്‍ ഹാരിസ് ഫെലോഷിപ്പ് നല്‍കി അവരെ ആദരിച്ചു. ലഹരിമരുന്നുകളുടെ വിപണനത്തിനും ഉപയോഗത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ലക്ഷ്മിയെ 1989-ലെ സേവനത്തിനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. ആ വര്‍ഷം കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ, ദസറ അവാര്‍ഡുകളും അവര്‍ക്കായിരുന്നു.

പ്രമുഖ ക്രിക്കറ്റ് താരം വിജയ് മര്‍ച്ചന്റിനോടൊപ്പം നാസിയോയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും ലക്ഷ്മി നിസാമുദ്ദീന്‍ അക്ഷീണം യത്‌നിച്ചു. അന്ധര്‍, ബധിരമൂകര്‍, മന്ദബുദ്ധികള്‍, അംഗവൈകല്യം ബാധിച്ചവര്‍ തുടങ്ങിയവരുടെ അഭയകേന്ദ്രമായി 'നാസിയോ' വളര്‍ന്നു.

പ്രീതിസി നോടുവിന്റെ പോസ്റ്റർ

ശാരീരികമായ അവശതയിലും വിധിയോട് തെല്ലും വിദ്വേഷമില്ലാതെ ജീവിച്ച ലക്ഷ്മി, വേഷപ്പകര്‍ച്ചയോടെ തന്നെ തഴുകിയെത്തിയ ഒരനുഗ്രഹമാണ് കാലുകളുടെ തളര്‍ച്ചയെന്നാണ് പറയാറുണ്ടായിരുന്നതത്രേ. ഇവരുടെ ഏക മകന്‍ മഹേഷ് രാഗിന്‍ (സണ്ണി) അമേരിക്കയിലാണ്. തളര്‍ച്ചയിലും സ്വജീവിതം അവശതയനുഭവിക്കുന്നവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ച മാതൃകാ വനിതയായിരുന്നു, ലക്ഷ്മി നിസാമുദ്ദീന്‍.

വൈകല്യങ്ങള്‍ മറികടന്നു ജീവിതത്തെ പൊരുതി നേരിട്ട ലക്ഷ്മിയുടെ ഓര്‍മ്മ, ബാംഗ്ലൂര്‍ ഇന്‍ഫന്‍ട്രി റോഡിലേയും ഫ്രേസര്‍ റോഡിലേയും വീടുകളിലെ ശാരീരിക വൈകല്യം ബാധിച്ച നൂറു കണക്കിനാളുകളുടെ മനസ്സില്‍ ഇന്നും കുളിരലയായി പെയ്തുകൊണ്ടേയിരിക്കുന്നുണ്ടാകും. 'പ്രീതിസി നോടു' എന്നാല്‍, സ്‌നേഹത്തോടെ കാണുക എന്നര്‍ത്ഥം. കന്മഷമല്ല, കാതരമാണ് സ്‌നേഹമെന്ന് ലക്ഷ്മിയും നിസാമുദ്ദീനും ജീവിതംകൊണ്ട് തെളിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍