ലേഖനം

കഥകളിയെ 'കടല്‍ കടത്തിയ' കലാകാരി

കെ.ജി. പൗലോസ് 

നുവരി 25-ന് മിലേന സാല്‍വിനി 84-ാമ ത്തെ വയസ്സില്‍ പാരീസില്‍ അന്തരിച്ചു. കലാഹൃദയമുള്ള ഏതൊരു കേരളീയനേയും വേദനിപ്പിക്കുന്നതാണ് ഈ വേര്‍പാട്; അത്രയധികം കേരളത്തെ അവര്‍ സ്‌നേഹിച്ചിരുന്നു. 

ആദ്യത്തെ വിദ്യാര്‍ത്ഥിനി 

1938-ല്‍ ഇറ്റലിയിലെ മിലാനിലാണ് സാല്‍വിനി ജനിച്ചത്. നാല് വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. അതോടെ ഒറ്റപ്പെട്ട മാതാവ് കുഞ്ഞുമായി പാരീസിലേയ്ക്ക് പോയി. അവിടെ നൃത്തം പഠിപ്പിച്ചു. ക്രമേണ നല്ലൊരു ബാലേ നല്‍ത്തകിയായി പേരെടുത്തു. അങ്ങനെയിരിക്കെ 1964-ല്‍ ഭരതയ്യരുടെ കഥകളിഗ്രന്ഥത്തില്‍നിന്നാണ് മിലേന ആദ്യമായി കഥകളിയെപ്പറ്റി അറിയുന്നത്. അതില്‍നിന്ന് ആവേശംകൊണ്ട് '64-ല്‍ കഥകളി പഠിക്കാന്‍ അവര്‍ ശാന്തിനികേതനത്തിലെത്തി. അവിടെ അവര്‍ക്ക് തൃപ്തി വന്നില്ല, അഞ്ചു മാസത്തിനുശേഷം അവര്‍ കലാമണ്ഡലത്തിലെത്തി. 1966 വരെ പദ്മനാഭന്‍ നായരാശാന്റെ കീഴില്‍ കഥകളി അഭ്യസിച്ചു. കഥകളിയെ കണ്ടെത്തിയതിന്റെ ആഹ്ലാദമായിരുന്നു അവര്‍ക്കപ്പോള്‍. നെല്ലിയോട്, വാഴേങ്കട വിജയന്‍, എം.പി.എസ്. നമ്പൂതിരി എന്നിവര്‍ സഹപാഠികളായിരുന്നു. കലാമണ്ഡലം കഥകളി ക്ലാസ്സിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനിയാണ് താനെന്ന് അഭിമാനത്തോടെ അവര്‍ പറയാറുണ്ട്. ദുരിതം നിറഞ്ഞതായിരുന്നു ചുറ്റുപാടുകള്‍. ഇലക്ട്രിസിറ്റി ഇല്ല, മണ്ണെണ്ണ വിളക്കും മെഴുകുതിരിയുടെ വെളിച്ചവുമായിരുന്നു ആകെയുള്ളത്. എങ്കിലും പഠനം അവര്‍ ആസ്വദിച്ചു. ഈ ആവേശത്തിലാണ് കഥകളിയെ പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തണമെന്ന് അവര്‍ക്ക് ആഗ്രഹമുദിച്ചത്. നാട്ടില്‍ പോയി തയ്യാറെടുപ്പുമായി അവര്‍ തിരിച്ചുവന്നു. അവരുടെ ഉത്സാഹത്തിലാണ് 1967-ല്‍ കഥകളി സംഘം പാശ്ചാത്യപര്യടനം ആരംഭിച്ചത്. 

കഥകളിയുടെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം രചിച്ച ജൈത്രയാത്ര ആരംഭിക്കുന്നതിവിടെ നിന്നാണ്. രാമന്‍കുട്ടി നായരാശാന്റെ നേതൃത്വത്തില്‍ 17 അംഗങ്ങളുള്ള കലാമണ്ഡലം കഥകളി സംഘം നാലര മാസത്തോളം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച് കഥകളിയെ ലോകത്തിനു പരിചയപ്പെടുത്തി. ഇതിനു മുന്‍പ് വിദേശയാത്രകള്‍ ഉണ്ടായിട്ടില്ലെന്നല്ല, അവയൊന്നും ഇത്രത്തോളം ദീര്‍ഘവും സംഘടിതവും ആയിരുന്നില്ല.

മിലേന സാൽവിനി കലാമണ്ഡലത്തിൽ വിദ്യാർത്ഥിനിയായിരുന്ന കാലം. പ്രശസ്തരായ ​ഗുരുക്കൻമാരും സഹപാഠികളും ഒപ്പം

കഥകളിക്ക് സംവിധായികയോ? 

വളരെയേറെ തയ്യാറെടുപ്പുകള്‍ എല്ലാ കാര്യത്തിലും വേണ്ടിവന്നു. റിഹേഴ്സലുകള്‍ ആയിരുന്നു ആദ്യത്തെ കാര്യം. നാടകത്തെപ്പോലെ കഥകളിക്ക് സംവിധായകനും റിഹേഴ്സലുമൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. എന്നാല്‍, അതു വേണമെന്ന് മിലേന ശഠിച്ചു. കലാമണ്ഡലം ചെയര്‍മാനായിരുന്ന എം.കെ.കെ. നായരാണ് അതിനുവേണ്ട പ്രോത്സാഹനം നല്‍കിയത്. മഹാഭാരതത്തിലേയും രാമായണത്തിലേയും കഥകളെ രണ്ടര മണിക്കൂറില്‍ ഒതുക്കത്തക്കവണ്ണം എഡിറ്റു ചെയ്തു. പല ഭാഗങ്ങളും ഉപേക്ഷിച്ചു. ചൂതുകളിയില്‍ തുടങ്ങി ദുശ്ശാസന വധത്തിലവസാനിക്കുന്നവിധം മഹാഭാരതം സംഗ്രഹിച്ചു. ചൂതു മുതല്‍ വനവാസം വരെ ആദ്യഭാഗം. തുടര്‍ന്ന് ഇടവേള. കീചകവധം ചെറിയ ഭാഗം പരിപാഹിയില്‍ തുടങ്ങി ദുശ്ശാസന വധത്തില്‍ അവസാനിക്കുന്നു. രാമായണത്തില്‍ പഞ്ചവടി മുതല്‍ ബാലിവധം കഴിയും വരെയുള്ള കഥ രണ്ടര മണിക്കൂറില്‍ ഒതുക്കി അവതരിപ്പിച്ചപ്പോള്‍ പലരും ചോദിച്ചു:  ഹനുമാനില്ലാത്ത രാമായണമോ? അടുത്ത പ്രാവശ്യം മുതല്‍ പട്ടാഭിഷേകം വരെ നീട്ടി ഹനുമാനെകൂടി ഉള്‍ക്കൊള്ളിച്ചു. 

കഥകളിയെ നിരന്തരമായ റിഹേഴ്സല്‍കൊണ്ട് മിലേന തേച്ചുമിനുക്കിയെടുത്തു. ഓരോ നടനും വന്നാല്‍ നില്‍ക്കുന്ന സ്ഥാനം, ഇരിക്കുന്ന സ്ഥലം, വിളക്ക്, വാദ്യങ്ങള്‍ ഇവയുടെ സ്ഥാനം ഇതെല്ലാം പ്രത്യേകം പ്രത്യേകം സ്റ്റേജില്‍ മാര്‍ക്ക് ചെയ്തിട്ടാണ് റിഹേഴ്സല്‍. കടുകിട മാറാന്‍ പറ്റില്ല. ആവശ്യമില്ലാതെ ഒരാളെ കടക്കാനും സമ്മതിക്കില്ല. റിഹേഴ്സല്‍ ആഴ്ചകളോളം നീണ്ടു. വലിയ ആശാന്മാര്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, ചെയര്‍മാനെ ഭയന്ന് അപ്രിയമവര്‍ പുറത്തു കാണിച്ചില്ല. 

കുഞ്ചുനായരാശാന്‍ ആയിരുന്നു അന്ന് പ്രിന്‍സിപ്പല്‍. ട്രൂപ്പില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. നേതൃത്വം രാമന്‍കുട്ടി നായരാശാനായിരുന്നു. ഗോപിയാശാന്‍, വൈക്കം കരുണാകരന്‍, എം.പി.എസ്., നെല്ലിയോട്, പത്മനാഭന്‍ നായരാശാന്‍, കെ.ജി. വാസുദേവന്‍, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, കോട്ടയ്ക്കല്‍ ശിവരാമന്‍ എന്നിവരായിരുന്നു വേഷക്കാര്‍. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ഇവിടുന്നു പോകുമ്പോള്‍ സംഘത്തിലുണ്ടായിരുന്നില്ല; ഇടയ്ക്കു ചേര്‍ന്നു; പാട്ടിന് നമ്പീശനും നെടുങ്ങാടിയും ചെണ്ട കേശവന്‍, മദ്ദളം അപ്പുക്കുട്ടിപ്പൊതുവാള്‍, ഗോവിന്ദവാരിയരും കങ്ങഴ മാധവനും ചുട്ടി, കലാമണ്ഡലം സെക്രട്ടറി ആയിരുന്ന സുബ്രഹ്മണ്യയ്യര്‍ ആയിരുന്നു മാനേജര്‍. 

മിലേന സാൽവിനി ബാല്യകാല ചിത്രം

നിലവിളക്ക് മൂന്നുമാസം മുന്‍പേ കപ്പലില്‍ ഫ്രാന്‍സിലേക്കയച്ചിരുന്നു. ഒരോ ദിവസവും അതത് സ്റ്റേജില്‍ ഉച്ചവരെ റിഹേഴ്സല്‍, വൈകുന്നേരം രംഗാവതരണം എന്നതായിരുന്നു രീതി. മഹാഭാരതത്തിന് എട്ട് സ്റ്റൂള്‍ വേണം. അവ ചതുരപ്പെട്ടികളാണ്. പാണ്ഡവന്മാര്‍ക്ക് പച്ച, കൗരവര്‍ക്ക് ചുവപ്പ്. 

പാരീസിലായിരുന്നു ആദ്യത്തെ അവതരണം. 1500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നു. കലാകാരന്മാര്‍ക്ക് വലിയ ആശങ്കയായിരുന്നു. പുതിയ കാഴ്ചക്കാര്‍. വിജയിക്കുമോ? ആദ്യാവതരണം കഴിഞ്ഞപ്പഴേ നീണ്ടുനിന്ന കരഘോഷം. പിറ്റേന്ന് പത്രക്കാരുടെ ഘോഷം. ഒരു രസമുണ്ടായി, പാഞ്ചാലിയുടെ വേഷം കെട്ടിയ നടിയെ അവര്‍ക്കു കാണണം. കോട്ടയ്ക്കല്‍ ശിവരാമന്‍ കൂടെയിരിപ്പുണ്ട്. പത്രക്കാര്‍ക്ക് കാണേണ്ടത് മിസിസ് ശിവരാമനെയാണ്. പുരുഷനാണ് പാഞ്ചാലിയുടെ വേഷം കെട്ടിയതെന്ന് എത്ര പറഞ്ഞിട്ടും അവര്‍ക്കു സമ്മതമാവുന്നില്ല. നെല്ലിയോടിന്റെ ദുശ്ശാസനന്‍, ഗോപിയുടെ രൗദ്രഭീമന്‍. ദുശ്ശാസനന്റെ അലര്‍ച്ച കേട്ട് മുന്‍പിലിരുന്ന ഒരു സ്ത്രീ മോഹാലസ്യപ്പെട്ടുപോയി. പത്രത്തില്‍ വാര്‍ത്തകള്‍ വന്നതോടെ കഥകളി കാണാന്‍ ജനം ഇരമ്പി. മിക്ക സ്ഥലങ്ങളിലും വളരെ നേരത്തെ ടിക്കറ്റ് ക്ലോസ് ചെയ്തുപോയി. പാരീസില്‍ പല സ്ഥലങ്ങളിലും പ്രദര്‍ശനം നടത്തിയ ശേഷം സംഘം കാനഡയിലേക്കുപോയി. അവിടെ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ കഥകളി അവതരിപ്പിച്ചു. ബര്‍ലിന്‍, ലബനന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ കളി അവതരിപ്പിച്ചശേഷം ലണ്ടനിലെത്തി. മൂന്നാഴ്ച നീണ്ടുനിന്നു ലണ്ടനിലെ പ്രദര്‍ശനം. ന്യൂയോര്‍ക്ക്, ഹോളണ്ട്, ജനീവ തുടങ്ങിയ മിക്ക പാശ്ചാത്യനഗരങ്ങളിലും നാലരമാസം തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചശേഷം രാജകീയ പ്രൗഢിയോടെ സംഘം ബോംബെയില്‍ വിമാനമിറങ്ങിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ എം.കെ.കെ. നായര്‍ വിമാനത്താവളത്തിലെത്തിയിരുന്നു!

കലാമണ്ഡലം പിന്നീടും അനേകം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. അവയെല്ലാം '67-ലെ യാത്രയുടെ തുടര്‍ച്ചയായിരുന്നു. 1978-ല്‍ നാലരമാസം നീണ്ടുനിന്ന മറ്റൊരു വലിയ പരിപാടി ഉണ്ടായി. എഫ്.എ.സി.റ്റിയും കലാമണ്ഡലവും സംയുക്തമായിട്ടായിരുന്നു ഇത്. വെനിസുല, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ജര്‍മനി, ഇറ്റലി, ആസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു മിലേനയുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനം. 

മിലേന സാൽവിനി.
അവസാന നാളുകളിലെ
ചിത്രം

കഥകളി മാത്രമല്ല, കൂടിയാട്ടവും പടിഞ്ഞാറന്‍ നാടുകളിലെത്തിയത് പാരീസിലൂടെയായിരുന്നു. അതിനും നേതൃത്വം നല്‍കിയത് മിലേന തന്നെ. 1980-ല്‍ പാരീസിലാണ് ഇന്ത്യയ്ക്കു പുറത്ത് കൂടിയാട്ടം പൈങ്കുളം രാമച്ചാക്യാരും ശിഷ്യരും ചേര്‍ന്ന് അവതരിപ്പിച്ചത്. 

1980-ല്‍ ആദ്യമായി കൂടിയാട്ടം കണ്ടപ്പോള്‍ പാരീസുകാരുടെ പ്രതികരണം വളരെ അനുകൂലമായിരുന്നു. കഥകളി കാണുമ്പോഴുള്ള ആവേശമല്ല കൂടിയാട്ടം കണ്ടപ്പോള്‍ ഉണ്ടായത്. അത് ഗൗരവമായ ഒരു ഉള്ളൊതുക്കം ആയിരുന്നു. അഭിനയത്തിന്റെ ഘനസാന്ദ്രതയാണ് ആഴത്തിലവരെ സ്പര്‍ശിച്ചത്. ഈ കന്നിയാത്രയില്‍ പൈങ്കുളം വല്ലാതെ കഷ്ടപ്പെട്ടു. ഒരാഴ്ച പാരീസ്, പിന്നീട് പോളണ്ട് എന്നിങ്ങനെയായിരുന്നു പരിപാടി. ആദ്യം പോളണ്ടില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ ക്രിസ്റ്റഫര്‍ ബിര്‍സ്‌കിക്ക് നിരാശയുണ്ടായിരുന്നു. ജര്‍മനിയിലേക്കു പോയപ്പോഴാണ് കഷ്ടപ്പാട് ഏറിയത്. ഡ്രൈവര്‍ക്ക് വഴിതെറ്റി. 18 മണിക്കൂറോളം കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ യാത്ര ചെയ്യേണ്ടിവന്നു. സ്ഥലത്തെത്തിയപ്പോള്‍ എല്ലാവരും തളര്‍ന്നിരുന്നു. വിശ്രമമെടുക്കാന്‍ പറഞ്ഞെങ്കിലും പൈങ്കുളം കേട്ടില്ല. നേരെ പോയി സ്റ്റേജും ചുറ്റുപാടും പരിശോധിച്ച് തൃപ്തിയായ ശേഷമാണ് അദ്ദേഹമൊന്നിരുന്നത്. അപ്പോള്‍ ആ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു. കൂടിയാട്ടം ലോകം കീഴടക്കുന്നതിലുള്ള അഭിമാനത്തിളക്കം! കൂടിയാട്ടത്തെ വിശ്വപ്രസിദ്ധമാക്കാന്‍ വല്ലാത്ത വാശിയായിരുന്നു ആശാന്. 

കഥകളിയുമായി പാരിസിൽ

മണ്ഡപ 

2017-ലെ എന്റെ ഹെല്‍സിങ്കി യാത്ര കഴിഞ്ഞുള്ള മടക്കം പാരീസിലൂടെ ആയിരുന്നു. കലാമണ്ഡലത്തില്‍നിന്നു പുറപ്പെടുന്നതിനു മുന്‍പു തന്നെ ലഞ്ചിനും മണ്ഡപം സന്ദര്‍ശിക്കുന്നതിനും ക്ഷണിച്ചുകൊണ്ടുള്ള മിലേനയുടെ ഇ-മെയില്‍ കിട്ടിയിരുന്നു, ക്ഷണം സ്വീകരിച്ച് അപ്പോള്‍ത്തന്നെ മറുപടിയും നല്‍കി.
ഇന്ത്യന്‍ വിഭവങ്ങള്‍ കിട്ടുന്ന ഒരു റസ്റ്റോറന്റിലായിരുന്നു ലഞ്ച്. മിലേന, ഭര്‍ത്താവ് റോജര്‍, എലീന ബരാങ്കല്‍ എന്നിവരായിരുന്നു മണ്ഡപയില്‍നിന്നുണ്ടായിരുന്നത്. ഐവ സിസിലി ആയിരുന്നു മറ്റൊരാള്‍. കേരളത്തില്‍ വന്ന് മലയാളം പഠിച്ച ഐവയ്ക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളെപ്പറ്റി പഠിച്ച് ഒരു ഗ്രന്ഥം അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ ഞങ്ങളുടെ വീട്ടില്‍ അവര്‍ വന്നിട്ടുണ്ട്. കേരളീയ വേഷം ധരിച്ച് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി നാട്യസംഘത്തിന്റെ കഥകളി കാണാന്‍ അവര്‍ പോന്നിട്ടുണ്ട്. പാരീസില്‍വച്ച് വീണ്ടും ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ക്കു സന്തോഷം അടക്കാനായില്ല. കലാമണ്ഡലം കരുണാകരനും പത്‌നിയുമായിരുന്നു വേറെ രണ്ടുപേര്‍. കലാമണ്ഡലത്തില്‍ വേഷം പഠിച്ച് പാരീസില്‍ എത്തിയ അനുഗ്രഹീത കഥകളി നടനാണ് കരുണാകരന്‍. 

ഹൃദ്യമായ ഒരനുഭവമായിരുന്നു ഈ വിരുന്ന് 

ലഞ്ച് കഴിഞ്ഞ് ഞങ്ങള്‍ മണ്ഡപയിലേക്ക് പോന്നു. 1975 മുതല്‍ ഈ കലാകേന്ദ്രം മിലേന നടത്തുന്നു. ഭരതനാട്യം, കഥക് തുടങ്ങിയ ഭാരതീയ കലകളില്‍ ക്ലാസ്സുകളും വര്‍ക്ക്ഷോപ്പുകളും മണ്ഡപയില്‍ നടക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രാജ്യങ്ങളിലും അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. മിക്ക രാജ്യങ്ങള്‍ക്കും പാരീസില്‍ സാംസ്‌കാരിക കേന്ദ്രങ്ങളുണ്ട്. എംബസിയുമായി ബന്ധപ്പെട്ട് രണ്ടു കേന്ദ്രങ്ങള്‍ ചൈനയ്ക്കുണ്ട്. ജപ്പാന് ഒരെണ്ണമുണ്ട്. കൂടാതെ കബൂക്കി അവതരിപ്പിക്കാന്‍ മൂന്നു സ്വകാര്യ സ്ഥാപനങ്ങളും രണ്ടു പ്രദര്‍ശന ഹാളുകളും ജപ്പാനുണ്ട്. കൊറിയയ്ക്കും മറ്റു പല രാജ്യങ്ങള്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ പാരീസിലുണ്ട്. ഇന്ത്യയ്ക്ക് പക്ഷേ, പാരീസില്‍ യാതൊന്നുമില്ല. ഇതു ഭാരതീയ കലകളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിന് പാരീസിലുള്ള ഏക ആശ്രയം മണ്ഡപയാണ്. നമ്മുടെ സാംസ്‌കാരിക എംബസിയായി മണ്ഡപ പ്രവര്‍ത്തിക്കുന്നു; മിലേന അതിന്റെ അംബാസിഡറും. മിലേനയുടെ പുത്രി പ്രശസ്ത നര്‍ത്തകി ഇസബല്ല അന്നയ്ക്കാണ് ഇപ്പോള്‍ മണ്ഡപയുടെ ചുമതല.

2007-ല്‍ കലാമണ്ഡലത്തിന്റെ കഥകളി ട്രൂപ്പ് മിലേനയുടെ തന്നെ നേതൃത്വത്തില്‍ അവര്‍ കൊണ്ടുപോയിരുന്നു. അതിലെ ഓരോ അംഗങ്ങളുടേയും പെരുമാറ്റത്തേയും അവതരണശേഷിയേയും അവര്‍ സൂക്ഷ്മമായി വിലയിരുത്തി. ആ നിരീക്ഷണപാടവത്തില്‍ എനിക്ക് അസൂയ തോന്നി. അവര്‍ സംസാരിച്ച പ്രധാനപ്പെട്ട ഒരു കാര്യം നടന്മാരുടെ ഉടുത്തുകെട്ടിനെക്കുറിച്ചാണ്. 1978, '81, '82 വര്‍ഷങ്ങളില്‍ ഇപ്പോഴത്തേതിന്റെ പകുതി വലിപ്പമേ ഉടുത്തുകെട്ടിനുണ്ടായിരുന്നുള്ളൂ. ഇപ്പോഴിങ്ങനെ ഇരട്ടി ആക്കിയതെന്തിനെന്നാണ് അവര്‍ ചോദിക്കുന്നത്. പാശ്ചാത്യവേദികളില്‍ ഇതു വലിയ പ്രശ്‌നമുണ്ടാക്കുന്നു. അവിടെ സ്റ്റേജ് ഉയര്‍ന്നതാണ്. പ്രേക്ഷകര്‍ കാണുന്നത് നടന്മാരുടെ അടിവസ്ത്രങ്ങളാണ്. ഈ രീതിയെപ്പറ്റി പലരും പരാതിപ്പെടുന്നുണ്ട്. മറ്റൊന്ന്, ഒരു കലാസംഘം വിമാനത്തില്‍നിന്നിറങ്ങുന്നതും ഒരു ഹാളിലേക്ക് വരുന്നതുമൊക്കെ മാദ്ധ്യമങ്ങളില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റാവുന്ന രംഗങ്ങളാണ്. ഒരു സ്പോര്‍ട്സ് ടീം വന്നിറങ്ങുന്നതിനെ ടി.വിയും മറ്റും ആഘോഷിക്കും. എന്നാല്‍, കഥകളികലാകാരന്മാര്‍ ഇറങ്ങുന്നതും യാത്ര ചെയ്യുന്നതും അശ്രദ്ധമായ വേഷവിധാനത്തോടെയാണ്. ഇതു മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാനുള്ള വലിയൊരു സാദ്ധ്യതയെ നഷ്ടപ്പെടുത്തുന്നു. നിലവിളക്കാണ് മറ്റൊരു പ്രശ്‌നം. സെക്യൂരിറ്റി നടപടികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. വിളക്കുപയോഗിക്കാന്‍ ആരും അനുവദിക്കുന്നില്ല. ഉപയോഗിച്ചാല്‍ പരിപാടി ക്യാന്‍സല്‍ ചെയ്യുമെന്ന് ആംസ്റ്റര്‍ഡാമില്‍ വച്ച് സെക്യൂരിറ്റിക്കാര്‍ വാശിപിടിച്ചത്രേ. ലങ്കാദഹനമൊന്നും ഇനി പാശ്ചാത്യവേദികളില്‍ അരങ്ങേറാനേ പറ്റുകയില്ല!

നടന്മാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് മറ്റൊരു പരാതി. അവര്‍ നേരത്തെ ഉണരും. ബെഡ്കോഫി കിട്ടണം. പാരീസുകാര്‍ വൈകിക്കിടക്കുന്നവരാണ്. ഹോട്ടലിലെ മറ്റു മുറികളിലുള്ളവര്‍ അപ്പോള്‍ നല്ല ഉറക്കമായിരിക്കും. നടന്മാരുടെ നടത്തവും ഉറക്കെയുള്ള സംസാരവും അവര്‍ക്കു ശല്യമാകും. അവര്‍ ഹോട്ടല്‍ അധികൃതരോട് പരാതിപ്പെടും. ഇതു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

കൂടിയാട്ടം പരിശീലനത്തിൽ

കലാമണ്ഡലത്തിന്റെ വളര്‍ച്ചയില്‍ അവര്‍ക്ക് അഭിമാനമുണ്ട്. ഒരു സ്വകാര്യദുഃഖവുമുണ്ട്. അതവര്‍ ഒളിച്ചുവെച്ചില്ല. 1967-ല്‍ നിന്ന് കലാമണ്ഡലം ഏറെ മാറിയിരിക്കുന്നു. കര്‍ശനമായ ഗുരുകുല ശിക്ഷണം നല്‍കുന്ന കലാപഠനത്തിനു മാതൃകയായിരുന്നു അന്നത്. അക്കാര്യത്തില്‍ ലോകത്തില്‍ എവിടെയുമുള്ള സമാന സ്ഥാപനങ്ങളോട് കിടപിടിക്കാന്‍ അതിനു കഴിയുമായിരുന്നു. പുലര്‍ച്ചെ നേരത്തെ ക്ലാസ്സുകള്‍ തുടങ്ങിയിരുന്നു. ഉച്ചവരെ അഭ്യാസം, ഉച്ചകഴിഞ്ഞ് സിദ്ധാന്തപഠനം, വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ രാച്ചൊല്ലിയാട്ടം. വളരും തോറും 'ഗുരുകുലം സ്പിരിറ്റ്' കലാമണ്ഡലത്തിനു നഷ്ടപ്പെടുന്നു. അതവരെ ദുഃഖിപ്പിക്കുന്നു. 

ഗുരുകുലരീതി കലാമണ്ഡലത്തിനു നഷ്ടപ്പെടുകയില്ലെന്ന് ഞാനവര്‍ക്ക് ഉറപ്പുകൊടുത്തു. എങ്കിലും അവര്‍ക്കു പൂര്‍ണ്ണതൃപ്തിയായില്ല. മിലേനയുമായി സംസാരിക്കുമ്പോള്‍ ചെറുതുരുത്തിയിലെവിടെയോ ഇരുന്നു സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. കലാമണ്ഡലം അവര്‍ക്കൊരു സ്ഥാപനമല്ല; ഉള്ളില്‍ തിങ്ങിനില്‍ക്കുന്ന വികാരമാണ്. 2004-ല്‍ മുകുന്ദരാജാ പുരസ്‌കാരം നല്‍കി കലാമണ്ഡലം മിലേനയെ ആദരിച്ചു, 2019-ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി. 

മിലേന കൂടിയാട്ടം അരങ്ങിൽ. ഭർത്താവ് റോജർ എടുത്ത ചിത്രം

കഥകളി സിനിമ 

കഥകളിയെ പുതിയ ലോകത്തിനു പരിചയപ്പെടുത്തുന്നതിനും നവീനമായ ആസ്വാദനശീലങ്ങളോട് സംയോജിപ്പിക്കുന്നതിനും ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. അതൊക്കെ ഞങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മിലേനയും ഭര്‍ത്താവ് റോജര്‍ ഫിലിപ്പും ചേര്‍ന്നു നിര്‍മ്മിച്ച രണ്ട് മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള, ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ കൂടി ചേര്‍ത്ത ഫിലിം. 1981-ല്‍ ആരംഭിച്ച പ്രവര്‍ത്തനം 2015-ല്‍ ആണ് പൂര്‍ത്തിയായത്. അവരുടെ സ്വപ്ന മായിരുന്നു ഈ ഫിലിം. അതിന്റെ ആദ്യകോപ്പികളിലൊന്ന് ഏറെ ആഹ്ലാദത്തോടെ അവര്‍ എനിക്കയച്ചുതന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ ശാശ്വത സ്മാരകമായി ഞാനത് സൂക്ഷിക്കുന്നു. 

കഥകളിയേയും കൂടിയാട്ടത്തേയുംപറ്റി അവര്‍ക്കുള്ള കരുതല്‍ ആരെയും അദ്ഭുതപ്പെടുത്തും. കൂടിയാട്ടത്തിന് യുനെസ്‌കോ അംഗീകാരം കിട്ടുന്നതിനുള്ള ശ്രമങ്ങളില്‍ വലിയൊരു പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. കെ.ആര്‍. നാരായണന്‍ പ്രസിഡണ്ട് ആയെന്നറിഞ്ഞ ഉടനെ അവര്‍ എനിക്കയച്ച മെയില്‍, ''മലയാളിയല്ലേ പ്രസിഡണ്ട്, ഇനി നമുക്കെളുപ്പമാണ്'' എന്നായിരുന്നു. അടുത്തപ്രാവശ്യം വന്നപ്പോള്‍ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് ഔദ്യോഗികമായ അപേക്ഷ അവര്‍ വാങ്ങിക്കൊണ്ടുപോകുകയും ചെയ്തു. അത്രയ്ക്ക് അധികമായിരുന്നു അവരുടെ ആവേശം. 
     
പാരീസ്, കലാമണ്ഡലത്തിന്, പടിഞ്ഞാറന്‍ നാടുകളിലേക്കു തുറന്ന കിളിവാതിലാണ്. സ്വന്തം നാടകങ്ങള്‍ക്കും ബാലേകള്‍ക്കും ഓപ്പറകള്‍ക്കുമൊപ്പം കിഴക്കിന്റെ കഥകളിയും കൂടിയാട്ടവും പാരീസ് ഹൃദയത്തില്‍ സൂക്ഷിക്കുന്നു. 

ആ വിശ്വസാംസ്‌കാരിക നഗരിയില്‍ കേരളത്തിന്റെ സ്പന്ദനമായിരുന്നു മിലേന; അതിപ്പോള്‍ നിലച്ചിരിക്കുന്നു. പ്രണാമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി