ലേഖനം

മലയാള സിനിമയുടെ പരിണാമദശയില്‍ വിലപ്പെട്ട സംഭാവന നല്‍കിയ സംവിധായക പ്രതിഭ

ഡോ. സെബാസ്റ്റ്യന്‍ കെ. ആന്റണി 

ലയാള ചിത്രങ്ങളുടെ പോക്ക് കണ്ടാല്‍ തോന്നും കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളെല്ലാം ഏറ്റവും വഷളായ ചിത്രം പുറത്തിറക്കാനുള്ള കിടമത്സരത്തിലേര്‍പ്പെട്ട് അഹമഹമികയാ മുന്നേറുകയാണെന്ന്. ഓരോ പുതിയ മലയാളപടം പരസ്യം ചെയ്തു കാണുമ്പോഴും ഹൃദയത്തില്‍ ഓരോ പുതിയ പ്രതീക്ഷ മൊട്ടിടും; ചിത്രം കണ്ടുകഴിയുന്നതോടെ കരിഞ്ഞുവീഴാന്‍ മാത്രമായിട്ട്. അതേ, ജനോവ കണ്ടപ്പോള്‍ അനുഭവിച്ച യാതന സാരമില്ലെന്നു തോന്നി ലോകനീതി കണ്ടപ്പോള്‍. 

മറ്റു കലകളെയെന്നപോലെ ചലച്ചിത്രകലയേയും സംസ്‌കാരത്തിന്റെ കൈക്കണ്ണാടിയായി കരുതാമെങ്കില്‍ മരുമകള്‍ നിര്‍മ്മിച്ചവരുടെ സംസ്‌കാരശൂന്യത മൂലം കേരളീയരൊട്ടാകെ മറുനാട്ടുകാരുടെ മുന്‍പില്‍ ലജ്ജിക്കേണ്ടിവന്നിരിക്കുന്നു. 

കേരള കേസരിയിലെ പല രംഗങ്ങളുടേയും കലാമഹിമ കാണുമ്പോള്‍ നല്ല അച്ചടക്കബോധമുള്ളവര്‍പോലും അനിയന്ത്രിതമായി കൂകാനിടയുണ്ട്. 

അവന്‍ വരുന്നു എന്ന ചിത്രം കണ്ടു ക്ഷീണിച്ച് ഒരു ദുഃസ്വപ്നത്തില്‍ നിന്നുണര്‍ന്ന പടി മടങ്ങുമ്പോള്‍ ഇനി ഇത്തരത്തിലുള്ള അവന്മാര്‍ വരാതിരിക്കട്ടെ എന്നകമഴിഞ്ഞു പ്രാര്‍ത്ഥിച്ചു പോയി. 

അന്‍പതുകളില്‍ പുറത്തിറങ്ങിയ ലോകനീതി, മരുമകള്‍, കേരള കേസരി, അവന്‍ വരുന്നു എന്നീ സിനിമകളെക്കുറിച്ച് സിനിക്ക് എഴുതിയ നിരൂപണങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണിവ. അക്കാലത്തെ മലയാള സിനിമയുടെ ശോചനീയമായ അവസ്ഥയാണ് ഈ നിരൂപണങ്ങളില്‍നിന്ന് വെളിപ്പെടുന്നത്. അന്‍പതുകളില്‍ 65 സിനിമകള്‍ പുറത്തിറങ്ങുകയുണ്ടായി. ഇവയില്‍, പ്രേക്ഷകരുടെ അഭൂതപൂര്‍വ്വമായ ശ്രദ്ധ നേടിയെടുത്ത ജീവിതനൗക... കേരളീയ ഗ്രാമീണാന്തരീക്ഷം പ്രകടമാക്കിയ നീലക്കുയില്‍... യാഥാര്‍ത്ഥ്യബോധം നിറഞ്ഞ ആവിഷ്‌കരണ രീതിയിലേക്ക് കടന്ന ന്യൂസ് പേപ്പര്‍ ബോയ്... പ്രമേയത്തിലും ആവിഷ്‌കാരത്തിലും പുതുമകള്‍ നിഴലിച്ച രാരിച്ചന്‍ എന്ന പൗരന്‍ എന്നിവയൊക്കെ ഏറെ പ്രതീക്ഷകള്‍ പകരുകയുണ്ടായി. എന്നാല്‍, ബാക്കി സിനിമകളുടെ അവസ്ഥയോ? 

ജീവിതഗന്ധമേശാത്ത കഥ തട്ടിക്കൂട്ടി വിവിധ വിനോദ പരിപാടികളും യുക്തിക്കു നിരക്കാത്ത സംഭവപരമ്പരകളും കുത്തിനിറച്ച് തമിഴ് സംഗീതനാടകത്തിന്റെ രീതിയില്‍ അവതരിപ്പിച്ചവയായിരുന്നു ബഹുഭൂരിപക്ഷം സിനിമകളും. സാങ്കേതിക വശങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കാള്‍ അസഹ്യമായിരുന്നു അവയില്‍ നിറഞ്ഞുനിന്നിരുന്ന സംസ്‌കാര രാഹിത്യം. 

ഈ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നത് മലയാളസാഹിത്യവുമായി സിനിമ അടുത്ത ബന്ധം പുലര്‍ത്തിയപ്പോളാണ്. 

സാഹിത്യകൃതികളില്‍നിന്ന് സിനിമകള്‍ സൃഷ്ടിക്കുന്ന പ്രവണത അറുപതുകളില്‍ വ്യാപകമായി. പ്രശസ്തമായ ഒട്ടുമിക്ക മലയാളകൃതികളും സിനിമയിലേക്ക് കടന്നുവന്നു. ഈ സാഹിത്യബന്ധം ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്കു വഴി തെളിച്ചു:

ഒന്ന്, സാഹിത്യകൃതികള്‍ സിനിമയിലേക്ക് കടന്നുവന്നതോടെ കേരളീയ ജീവിതവും സംസ്‌കാരവും സിനിമയില്‍ പ്രതിഫലിച്ചു തുടങ്ങി.

രണ്ട്, ദുര്‍ബ്ബലമായ തട്ടിക്കൂട്ട് കഥകള്‍ക്കു പകരം ഉള്‍ക്കരുത്തുള്ള പ്രമേയങ്ങള്‍ മലയാള സിനിമയില്‍ ആവിഷ്‌കൃതമാകാന്‍ തുടങ്ങി. 

മൂന്ന്, സാഹിത്യകൃതികള്‍ സിനിമയാക്കിയപ്പോള്‍ നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് സിനിമ ചിത്രീകരിക്കാന്‍ സംവിധായകര്‍ നിര്‍ബ്ബന്ധിതരായി. സ്റ്റുഡിയോകളിലെ കൃത്രിമ സെറ്റുകളില്‍നിന്നു പുറത്തുകടക്കാന്‍ ഇത് വഴിയൊരുക്കി. 

നാല്, മലയാള സാഹിത്യത്തിലെ കരുത്തുറ്റ അനേകം കഥാപാത്രങ്ങള്‍ അനുരൂപണങ്ങളിലൂടെ (അഡാപ്‌റ്റേഷന്‍) സിനിമയിലേക്ക് കടന്നുവന്നു. നമ്മുടെ അഭിനേതാക്കള്‍ക്ക് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരവും ലഭിച്ചു. 

കെ.എസ്. സേതുമാധവന്‍, രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍, എ. വിന്‍സന്റ്, പി.എന്‍. മേനോന്‍ എന്നിവരൊക്കെ സാഹിത്യകൃതികളില്‍നിന്നു ശ്രദ്ധേയമായ സിനിമകള്‍ സൃഷ്ടിച്ചുകൊണ്ട് മലയാളസിനിമയ്ക്കു കരുത്തുപകര്‍ന്നു. മലയാളസിനിമയുടെ ഈ പരിണാമദശയില്‍ വിലപ്പെട്ട സംഭാവന നല്‍കിയ സംവിധായക പ്രതിഭയാണ് കെ.എസ്. സേതുമാധവന്‍. 
 
അനുരൂപണ വൈദഗ്ദ്ധ്യം 

സാഹിത്യകൃതികളെ ആധാരമാക്കി ഏറ്റവും അധികം സിനിമകള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകന്‍ സേതുമാധവനാണ്. എണ്ണത്തില്‍ മാത്രമല്ല, മികവിന്റെ കാര്യത്തിലും അവ മുന്നിട്ടു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ 56 മലയാള സിനിമകളില്‍ 33 എണ്ണം അനുരൂപണങ്ങളാണ്. 

1961ല്‍ പുറത്തുവന്ന 'ജ്ഞാനസുന്ദരി'യാണ് സേതുമാധവന്‍ സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം. തമിഴില്‍ പ്രശസ്തമായിരുന്ന 'ജ്ഞാനസൗന്ദരി' എന്ന സംഗീതനാടകത്തിന്റെ സ്വതന്ത്രാവിഷ്‌കാരമായി വി.എസ്. ആന്‍ഡ്രൂസ് മാസ്റ്റര്‍ രചിച്ച 'ജ്ഞാനസുന്ദരീ ചരിതം' എന്ന സംഗീതനാടകമായിരുന്നു ചിത്രത്തിന് ആധാരം. മുട്ടത്തുവര്‍ക്കിയായിരുന്നു തിരക്കഥ രചിച്ചത്. അനേക വേദികളില്‍ അരങ്ങേറിയിട്ടുള്ള നാടകത്തിന്റെ അനുരൂപണമായതുകൊണ്ടുതന്നെ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. 

തകഴിയുടെ 'അച്ഛനും മകനും' എന്ന കഥയില്‍നിന്നു സൃഷ്ടിച്ച 'ഓമനക്കുട്ടന്‍' (1964) നിരൂപകരുടെ പ്രശംസ നേടിയ ചിത്രമാണ്. കേശവദേവിന്റെ 'ഓടയില്‍നിന്ന്' സിനിമയാക്കിയതോടെ (1965) അദ്ദേഹം മലയാള സിനിമാരംഗത്ത് ഏറെ പ്രശസ്തനായി. ബിലഹരിയുടെ തമിഴ്‌നാടകം ആധാരമാക്കി അതേ വര്‍ഷം സംവിധാനം ചെയ്ത 'ദാഹം' എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. 1968നും '72-നും ഇടയില്‍ എം.ഒ. ജോസഫിന്റെ മഞ്ഞിലാസ് എന്ന നിര്‍മ്മാണക്കമ്പനിക്കുവേണ്ടി സംവിധാനം ചെയ്ത സിനിമകള്‍ അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാക്കി മാറ്റി. 'യക്ഷി' മുതല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' വരെയുള്ള ഈ ചിത്രങ്ങള്‍ സേതുമാധവന്റെ സുവര്‍ണ്ണകാലഘട്ടത്തെ കുറിക്കുന്ന സൃഷ്ടികളായി പരിഗണിക്കപ്പെടുന്നു. ഓപ്പോള്‍, പണിതീരാത്ത വീട്, കരകാണാക്കടല്‍, ചട്ടക്കാരി, കന്യാകുമാരി എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അനുരൂപണങ്ങളാണ്. 

മൂലകൃതിയോട് നീതി പുലര്‍ത്തുകയാണ് സിനിമയുടെ ധര്‍മ്മം എന്ന ചിന്ത നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തത്. അതുകൊണ്ടുതന്നെ കൃതിക്ക് അപ്പുറം കടന്നു പുതിയ മാനങ്ങള്‍ കണ്ടെത്താനോ തന്റേതായ രീതിയില്‍ വ്യാഖ്യാനിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. സാഹിത്യകൃതികളുടെ സത്ത ഉള്‍ക്കൊണ്ട് ശില്പചാതുരിയോടെ ആവിഷ്‌കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ചലച്ചിത്രാനുരൂപണത്തില്‍ മൂലകൃതിയുടെ നിലവാരത്തിലെത്താന്‍ സിനിമയ്ക്കാവില്ല എന്ന ധാരണ തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം തിരുത്തിക്കുറിച്ചു. അടിമകള്‍, വാഴ്‌വേമായം, പണിതീരാത്ത വീട്, കരകാണാക്കടല്‍, കടല്‍പ്പാലം എന്നിവയൊക്കെ കൃതിക്കപ്പുറം ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകളാണ്. 

ചില കൃതികള്‍ അനുരൂപണത്തിനു വഴങ്ങില്ല എന്ന ചിന്തയെ വെല്ലുവിളിച്ചുകൊണ്ട് ചലച്ചിത്രസൃഷ്ടി നടത്താന്‍ തന്റേടത്തോടെ അദ്ദേഹം മുന്നോട്ടു വന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ മനശ്ശാസ്ത്ര നോവലായ 'യക്ഷി'യും ലൈംഗിക മനശ്ശാസ്ത്രം ചര്‍ച്ച ചെയ്യുന്ന ഡോ. എ.റ്റി. കോവൂരിന്റെ 'കേസ് ഡയറി'യും (പുനര്‍ജ്ജന്മം എന്ന സിനിമയ്ക്ക് ആധാരം) ഭൂതവര്‍ത്തമാന കാലങ്ങളിലൂടെ സഞ്ചരിക്കുന്ന മനസ്സിനെ ആവിഷ്‌കരിക്കുന്ന പാറപ്പുറത്തിന്റെ അരനാഴികനേരവും പ്രേക്ഷക മനസ്സുകളെ സ്പര്‍ശിക്കുന്ന രീതിയില്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സിനിമയ്ക്കുവേണ്ടി വ്യത്യസ്ത വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. തകഴി, ഉറൂബ്, കേശവദേവ്, എം.ടി. വാസുദേവന്‍ നായര്‍, പാറപ്പുറത്ത്, കെ.റ്റി. മുഹമ്മദ്, കെ. സുരേന്ദ്രന്‍, പത്മരാജന്‍, തോപ്പില്‍ ഭാസി, വെട്ടൂര്‍ രാമന്‍ നായര്‍, സി. രാധാകൃഷ്ണന്‍, മുട്ടത്തുവര്‍ക്കി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ചെമ്പില്‍ ജോണ്‍, സി.എല്‍. ജോസ് എന്നിവരുടെയൊക്കെ രചനകളില്‍നിന്ന് അദ്ദേഹം പ്രമേയങ്ങള്‍ സ്വീകരിച്ചു.

കുടുംബ സംഘര്‍ഷങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, പ്രേമം, പ്രതികാരം, കുറ്റാന്വേഷണം, ആക്ഷേപഹാസ്യം, മനശ്ശാസ്ത്ര പ്രശ്‌നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കലര്‍ന്ന ഒരു ചലച്ചിത്രലോകം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

കഥാപാത്രങ്ങളും അഭിനേതാക്കളും 

കഥാപാത്രങ്ങള്‍ക്കു ചേര്‍ന്ന അഭിനേതാക്കളെ കണ്ടെത്താനും അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കാനുമുള്ള സേതുമാധവന്റെ സിദ്ധി അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികവ് പകര്‍ന്ന ഒരു ഘടകമാണ്. മലയാള സിനിമയില്‍ എക്കാലവും ഓര്‍മ്മിക്കുന്ന അനേക കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, വാഴ്‌വേമായത്തിലെ സുധീന്ദ്രന്‍, കടല്‍പ്പാലത്തിലെ നാരായണ കൈമള്‍, കരകാണാക്കടലിലെ തോമ, ഓടയില്‍ നിന്നിലെ പപ്പു, ഒരു പെണ്ണിന്റെ കഥയിലെ മാധവന്‍ തമ്പി ഇവയൊക്കെ സത്യന്‍ അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളാണ്. 
വാഴ്‌വേമായത്തിലെ സരള, അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി, ഒരു പെണ്ണിന്റെ കഥയിലെ ഗായത്രി ദേവി, അടിമകളിലെ സരസ്വതിയമ്മ ഇവയൊക്കെ ഷീലയുടെ മികച്ച കഥാപാത്രങ്ങളാണ്. അരനാഴികനേരത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച കുഞ്ഞേനാച്ചനും അടിമകളില്‍ പ്രേംനസീര്‍ അവതരിപ്പിച്ച പൊട്ടന്‍ രാഘവനും ഇന്നും പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്. 

കഥാപാത്രങ്ങള്‍ക്കു പറ്റിയ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം താരപരിവേഷ സങ്കല്പങ്ങളൊക്കെ തന്റെ ചിത്രങ്ങളില്‍ തള്ളിക്കളഞ്ഞു. 'യക്ഷി' എന്ന സിനിമയില്‍ നായകനായ സത്യനെ മുഖം പൊള്ളി വികൃതമായ നിലയില്‍ അവതരിപ്പിക്കാന്‍ സേതുമാധവന് ഒരു മടിയുമുണ്ടായില്ല. മലയാള സിനിമയില്‍ സത്യനും നസീറും തിളങ്ങി നിന്നിരുന്ന കാലത്താണ് പാറപ്പുറത്തിന്റെ അരനാഴികനേരം അദ്ദേഹം സിനിമയാക്കിയത്. അതില്‍ കേന്ദ്ര കഥാപാത്രമായ കുഞ്ഞേനാച്ചനെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് കൊട്ടാരക്കര ശ്രീധരന്‍ നായരെയാണ്. കുഞ്ഞേനാച്ചന്റെ നാലു മക്കളില്‍ ഒരാള്‍ മാത്രമായിരുന്നു സത്യന്‍. സത്യന്റെ മകനായി പ്രേംനസീര്‍ ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാള സിനിമയില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്തിരുന്ന ഗോവിന്ദന്‍കുട്ടിക്കും കെ.പി. ഉമ്മറിനും തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കി. 

ഹാസ്യകഥാപാത്രങ്ങളായി ഒതുങ്ങിയിരുന്ന അടൂര്‍ഭാസിയും ബഹദൂറും സേതുമാധവന്‍ ചിത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിന്‍സെന്റ് നായകനായ അഴകുള്ള സെലീനയില്‍ നിത്യഹരിത നായകന്‍ പ്രേംനസീറിനെ ദുഷ്ടകഥാപാത്രമാക്കി. കരകാണാക്കടലില്‍ വിന്‍സെന്റായിരുന്നു വില്ലന്‍. ജീസസ് സിനിമയില്‍ ക്രിസ്തുവായി അഭിനയിച്ച മുരളിയെ തൊട്ടുപിന്നാലെ കന്യാകുമാരി എന്ന സിനിമയില്‍ ക്രൂരനായ കഥാപാത്രമാക്കി മാറ്റി. 

ചലച്ചിത്ര ഭാഷയുടെ പ്രയോഗം 

മലയാള സിനിമ സ്റ്റേജ് നാടകങ്ങളെ അനുകരിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു സേതുമാധവന്റെ ചലച്ചിത്ര ജീവിതം. കഥാപാത്രങ്ങളെ സ്റ്റേജിലെന്നപോലെ അണിനിരത്തുകയും കഥാഖ്യാനം സംഭാഷണങ്ങളിലൂടെ നിര്‍വ്വഹിക്കുകയും ആയിരുന്നു അക്കാലത്തെ രീതി. ആ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ ദൃശ്യപ്രധാനമായ ഒരു ഭാഷ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കഥാഖ്യാനത്തിനു സംഭാഷണങ്ങളേക്കാളുപരി കഥാപാത്രങ്ങളുടെ മുഖഭാവദൃശ്യങ്ങള്‍ സമൃദ്ധമായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. അനുഭവങ്ങള്‍ പാളിച്ചകളില്‍ ചെല്ലപ്പന്റേയും വാഴ്‌വേമായത്തില്‍ സുധീന്ദ്രന്റേയും കടല്‍പ്പാലത്തില്‍ കൈമളിന്റേയും അരനാഴികനേരത്തില്‍ കുഞ്ഞേനാച്ചന്റേയും ഒരു പെണ്ണിന്റെ കഥയില്‍ ഗായത്രി ദേവിയുടേയും മുഖഭാവ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ സമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നതു കാണാം. 

ഒരു പെണ്ണിന്റെ കഥയുടെ തുടക്കത്തില്‍ സംഭാഷണങ്ങള്‍ ഒട്ടുംതന്നെ പ്രയോഗിക്കാതെ ദൃശ്യങ്ങളിലൂടെ കഥാവിഷ്‌കാരം നടത്തുന്നതു കാണാം. പ്രതീകങ്ങള്‍ സമര്‍ത്ഥമായി പ്രയോഗിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. കടല്‍പ്പാലത്തില്‍ നാരായണ കൈമളിനു കാഴ്ച കിട്ടുമ്പോള്‍ ആദ്യം കാണുന്ന മണ്ടപോയ തെങ്ങിന്റെ ദൃശ്യം മികച്ച ഉദാഹരണമാണ്. 

സ്വയം നവീകരിച്ച പ്രതിഭ 

കാലത്തിനനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടുതന്നെ ചലച്ചിത്ര സ്രഷ്ടാക്കള്‍ കാലഗതിക്കനുസരിച്ച് നവീകരിക്കപ്പെടേണ്ടവരാണ്. ഈ സിദ്ധി സേതുമാധവനില്‍ വേണ്ടുവോളമുണ്ടായിരുന്നു. അതുകൊണ്ടാണ് പഴയ തമിഴ് സിനിമാ പാരമ്പര്യത്തില്‍നിന്നു പരിശീലനം നേടിയ അദ്ദേഹത്തിന് മലയാള സിനിമയില്‍ തീര്‍ത്തും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞത്. കഥപറച്ചിലാണ് സിനിമയുടെ പ്രധാന ദൗത്യമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് 1974ല്‍ സാമ്പ്രദായിക കഥാഖ്യാനരീതി നിരസിച്ചുകൊണ്ട് 'കന്യാകുമാരി' എന്ന സിനിമ സൃഷ്ടിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്.  മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തുള്ള ജെ.സി. ദാനിയേല്‍ പുരസ്‌കാരവും അനേകം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും സേതുമാധവനു ലഭിക്കുകയുണ്ടായി. 1969ലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിത്തുടങ്ങിയത്. 1970'71-'72 എന്നീ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് സേതുമാധവനാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനയുടെ മഹത്ത്വം ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍ പുറത്തിറങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. മലയാള സിനിമയില്‍നിന്നു വിരമിച്ചിട്ട് തന്നെ 30 വര്‍ഷത്തിലേറെയായി അദ്ദേഹം അന്തരിച്ചിട്ട് ഒരു വര്‍ഷവും പൂര്‍ത്തിയാകുന്നു. ഇന്നും അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സുകളില്‍ സേതുമാധവന്‍ ജീവിക്കുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ